‘വലിയ പ്രാർഥനക്കാരാണ് മറ്റുള്ളവരുമായി ഒട്ടും യോജിച്ചു പോകാതെ സ്വാർഥരായി പെരുമാറുന്നത്. ഭയങ്കര പ്രാർഥനക്കാർക്ക് ഒരു നന്മയുണ്ടാവും എന്ന് നമ്മൾ പ്രതീക്ഷിക്കും. പക്ഷേ ഉണ്ടാവില്ല. പ്രാർഥന അവരുടെ ഒരു രീതി മാത്രമാണ്. ദിനചര്യയുടെ ഒരു ഭാഗം. അത്രേയുള്ളു. അവരുടെ വാക്കുകളും പ്രവൃത്തികളുമായി അതിന് ഒരു ബന്ധവുമില്ല.’
ഇത് എന്റെ ഒരു സുഹൃത്തിന്റെ വാക്കുകളാണ്.
അതീവ ഭക്തരായ കൊടും പ്രാർഥനക്കാരായ സുഹൃത്തുക്കൾ പരിഭവിക്കരുത്. ഇതൊന്നും സാർവ്വലൗകീകമായ പ്രസ്താവനകളല്ല. അനുഭവത്തിൽ നിന്ന് ഓരോരുത്തർ ഓരോന്ന് പറഞ്ഞു പോകുന്നതാണ്.
ഇവിടെ അടുത്തൊരു മാന്യ വനിതയുണ്ട്. പ്രായമേറെയുണ്ട്. പക്ഷേ നല്ല ആരോഗ്യവതി. എന്നും വൈകുന്നേരം അടുത്തുള്ള അമ്പലത്തിൽ പോകും. മുണ്ടും നേരിയതും അല്ലെങ്കിൽ നേരിയത് സാരി ധരിച്ച് , നീണ്ട മുടി വിതൃത്തിട്ട് നടന്നു പോകുന്നത് കാണാൻ നല്ല രസമാണ്. എല്ലാദിവസവും വൈകുന്നേരം ഒരു നടപ്പ്. അമ്പലത്തിൽ വരുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ടു സംസാരിക്കാം. പിന്നെ കൂട്ടത്തിൽ ഭഗവാനെ (ഭഗവതിയെ) തൊഴുകയുമാവാം. ഭക്തിയുടെ പേരിൽ അൽപ്പം വിനോദം.
എന്നിട്ടോ വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടിൽ ചെന്ന് വാടകക്കാരെ ഭയങ്കര ഭരണം. തൊട്ടതിനും പിടിച്ചതിനുമൊക്കെ വീട്ടിലും ശണ്ഠ. ഭക്തി കൊണ്ടെന്തു കാര്യം?
വളരെക്കാലം മുൻപ് അഞ്ചു സെന്റിൽ മനോഹരമായ ഒരു കൊച്ചു വീട്ടിൽ ചുറ്റും ചെടികളും മരങ്ങളുമായി സ്വപ്നതുല്യമായ ഒരു സുഖവാസം എനിക്കുണ്ടായിരുന്നു. അക്കാലത്ത് എന്റെ വീടിനു പിന്നിലെ വീട്ടിലെ ഗൃഹനാഥ. വളരെ നല്ലവർ. സൗമ്യ പ്രകൃതി. വലിയ പ്രാർഥനക്കാരിയും. അവരുടെ പ്രാർഥനയും പാട്ടും കേട്ടാണ് രാവിലെ ഞാൻ ഉണരുക. പകൽ പതിനൊന്നു മണിക്കും ഉച്ചയ്ക്കും വൈകുന്നേരവും രാത്രിയും പാട്ടും പ്രാർഥനയും കേൾക്കാം. നല്ല പാട്ട്. കേൾക്കുമ്പോൾ നമ്മുടെ മനസ്സും ഭക്തിനിർഭരമാകും. അതി വിശാലമായ ഒരു പറമ്പും കൊട്ടാരം പോലെ ഒരു വീടും അവർക്കുണ്ട്. പക്ഷേ സമയം കിട്ടുമ്പോഴൊക്കെ എന്റെ പറമ്പിലോട്ടാണ് ശ്രദ്ധ. എന്റെ മഞ്ഞ മന്ദാരത്തിന്റെ ഇലകൾ അവരുടെ വഴിയിൽ വീഴുന്നു. എന്റെ മാവിന്റെ ഇലകൾ അവരുടെ മുറ്റത്തു വീഴുന്നു. തൂത്തു തൂത്തവർ മടുത്തു. തൂത്തുവാരി കരിയില മുഴുവൻ എന്റെ പറമ്പിലേയ്ക്കിടും. പിന്നെ എപ്പോഴും പരാതിയും. ഒടുവിൽ ഞാൻ ആ മരങ്ങൾ മുറിച്ചു കൊടുത്തു. അപ്പോഴതാ അവരുടെ മതിലിനോട് ചേർന്ന് ഒരു മാവു വളർന്നു വരുന്നു. അതിന്റെ ഇലകൾ മുഴുവൻ എന്റെ പിന്നാമ്പുറത്തെ മുറ്റത്താണ് വീഴുക. എന്റെ ഒരു തൈ തെങ്ങ്, ഒരു ഓല പോലും നീണ്ട് അവരുടെ മതിലിനപ്പുറത്തെത്തില്ല. എന്നിട്ടും അത് പറിച്ചു കളയണം എന്നവർ ആവശ്യപ്പെട്ടു. ആ തെങ്ങു വളർന്നാൽ അവരുടെ മുൻവശം ഇരുണ്ടു പോകുമത്രേ. ആ തൈ തെങ്ങ് കരിയുന്നതുവരെ അവർക്കു സമാധാനമുണ്ടായില്ല. ഞാൻ ഒന്നും പറഞ്ഞില്ല. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണമെന്നല്ലേ?
പണ്ട് ജോലി ചെയ്തിരുന്ന നഗരത്തിൽ എനിക്കൊരു വീടുണ്ട്. പെൻഷൻ പറ്റി അവിടെ നിന്ന് പോന്ന അന്നു മുതൽ ഞാൻ ആ വീട് വിൽക്കാൻ ശ്രമിക്കുന്നു. അടുത്ത് തന്നെയുള്ള വലിയ ഈശ്വര വിശ്വാസികളായ ഒരു കൂട്ടർ വിൽക്കാൻ സമ്മതിക്കില്ല. വീട് കാണാനും വാങ്ങാനും ആരെങ്കിലും വന്നാൽ ഓരോ കാരണങ്ങൾ പറഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തും. ‘വീട് നന്നല്ല. വഴിക്ക് രണ്ടു കാർ പോകാനുള്ള വീതി ഇല്ല; പിന്നെ ഭയങ്കര വിലയാ പറയുന്നത്. എടുത്തു ചാടി വാങ്ങരുത് കേട്ടോ. അവരുടെ മകൻ കിടപ്പിലാണ്. പൈസയ്ക്ക് അത്യാവശ്യമാണ്. വില കുറച്ചു കൊടുക്കും.’ ഇത് കേട്ട് വാങ്ങാൻ വരുന്നവർ പോകും. പത്തു പന്ത്രണ്ടു വർഷമായി ഈ കളി തുടരുന്നു. എന്നാൽ അവരതു വാങ്ങുമോ ? അതുമില്ല ..
പ്രാർഥിക്കും തോറും സ്വഭാവം ചീത്തയാകും, സ്വഭാവം മോശമാകും തോറും പ്രാർത്ഥനകൂടും. ഇതൊരു വിഷമ വൃത്തമായി തുടരുന്ന ഒരു പരിചയക്കാരി ഉണ്ടെനിക്ക്. ആദ്യം പരിചയപ്പെട്ടപ്പോൾ എത്ര നല്ല പെരുമാറ്റം, എന്തൊരു ബഹുമാനം, എത്ര പാവം എന്നൊക്കെ തോന്നി. ശ്ശെടാ ..കുറച്ചു നാൾ കഴിഞ്ഞതും അഹങ്കാരവും ധിക്കാരവും പ്രതിഷേധവുമൊക്കെ അവരിൽ കണ്ടു ഞാൻ അമ്പരന്നു. ഭക്തി കൂടി കൂടി വെറുമൊരു പ്രഹസനമായി മാറിയിട്ടുണ്ട്.
പുരാണ കഥകൾ കേട്ടിട്ടില്ലേ? തപസ്സു ചെയ്തു ദൈവത്തെ പ്രത്യക്ഷപ്പെടുത്തിയിട്ടുള്ള അസുരന്മാരും രാക്ഷസന്മാരും ചോദിക്കുന്നത് ഏറ്റവും ക്രൂരമായ വരങ്ങളാണ്. ഇപ്പോൾ മനുഷ്യർക്കും കാര്യ സാധ്യത്തിനായാണ് ഭക്തി .. ആഗ്രഹിക്കുന്ന കാര്യം സാധിച്ചു കിട്ടുമോ അതും ഉറപ്പില്ല.
ഭക്തികൊണ്ടു ക്ഷമയും പാകതയും മനസ്സിൽ നന്മയും ഉണ്ടാവുമെന്ന് പറയുന്നത് വെറുതെ .
ഒരുപാട് പ്രാർഥിക്കുന്നയാളാണ് ഞാനും . അത് കൊണ്ട് ഭക്തിയെയും പ്രാർഥനയെയും അങ്ങേയറ്റം ശ്രേഷ്ഠമായ അനുഷ്ഠാനങ്ങളായാണ് ഞാൻ കരുതുന്നത്.
എന്ത് ജാതിയായാലും മതമായാലും പ്രാർഥനയിലൂടെ ആർജ്ജിക്കേണ്ടത് നിസ്വാർഥമായ നന്മയാണ്. സ്നേഹിക്കണം , സഹായിക്കണം, സഹാനുഭൂതി ഉണ്ടാവണം അന്യദുഃഖത്തിൽ കരുണവേണം എന്നൊക്കെ തന്നെയാണ് എല്ലാ മതങ്ങളും അനുശാസിക്കുന്നത്.
‘കർമം ചെയ്യുക നമ്മുടെ ലക്‌ഷ്യം കർമഫലം തരും ഈശ്വരാനല്ലോ’ എന്നല്ലേ ആ പഴയ ഭക്തിഗാനം .
ആരെയും ആക്ഷേപിച്ചതല്ല. ഒരു മതത്തെയും പരിഹസിച്ചതല്ല. ഭക്തിയെ അനാദരിച്ചതുമല്ല ചില അനുഭവങ്ങൾ അതിൽ നിന്നുണ്ടായ ചിന്തകൾ പങ്കു വച്ചു എന്നേയുള്ളു .