തീവണ്ടി അനുഭവങ്ങൾ

train-photo-credit-iamapoorv
Photo Credit : iamapoorv / Shutterstock.com
SHARE

‘‘കൂകൂ കൂകു തീവണ്ടി 

കൂകിപ്പായും തീവണ്ടി 

കൽക്കരി തിന്നും തീവണ്ടി 

വെള്ളം മോന്തും തീവണ്ടി.’’

നമ്മളിൽ പലരും കുട്ടിക്കാലത്ത് കേൾക്കുകയും പഠിക്കുകയും പാടുകയും ചെയ്തിട്ടുള്ളതാണ് ഈ തീവണ്ടി കവിത.

‘‘വണ്ടീ പുക വണ്ടീ ...

വണ്ടീ വണ്ടീ നിന്നെപ്പോലെ

വയറിലെനിക്കും തീയാണ്.’’

പഴയ ഒരു സിനിമ (ഡോക്ടർ) യിലെ ഈ പാട്ടും, പാട്ടു രംഗവും നമ്മളിൽ ചിലരുടെ ഓർമകളിൽ ഉണ്ടാവും.

ദാരിദ്ര്യം കൊണ്ട് മെലിഞ്ഞുണങ്ങിയ രണ്ടു കുട്ടികൾ, നീണ്ടു വളർന്ന പുല്ലുകൾക്കിടയിലൂടെ ഓടി ചെന്നു നിന്ന് അകലെ കൂടി പോകുന്ന തീവണ്ടി കാണുന്ന, ‘പഥേർ പാഞ്ചാലി’ എന്ന സത്യജിത്‌റേ ചിത്രത്തിലെ ആ രംഗവും നമ്മൾ മറന്നിട്ടില്ല.

തീവണ്ടി ഒരു ഹരം തന്നെയാണ്. വക്കത്തുള്ള എന്റെ അമ്മ വീടിനടുത്തുള്ള കായൽത്തീരത്തു നിന്നാൽ കുറച്ചകലെയായി ‘അകത്തുമുറി’ പാലത്തിലൂടെ ട്രെയിൻ പോകുന്നത് കാണാമായിരുന്നു. വീട്ടിലെ കുട്ടിക്കൂട്ടം മുഴുവനും കായൽ വരമ്പിൽ ചെന്ന് നിന്ന് തീവണ്ടി കാണുന്നത് അന്ന് ഞങ്ങളുടെ ഏറ്റവും വലിയ വിനോദമായിരുന്നു. അന്ന് ഇന്നത്തെ പോലെ ‘നാഴികയ്ക്ക് നാൽപത്’ വണ്ടികളൊന്നുമില്ല. തീവണ്ടികൾ വളരെക്കുറവ്. വീട്ടിലെ മുതിർന്ന സ്ത്രീകളും, തീവണ്ടിയൊച്ച കേട്ടിട്ട്, ‘‘ഓ മണി പത്തായി. പാസഞ്ചർ പോയല്ലോ’’, അല്ലെങ്കിൽ ‘‘മെയിൽ അല്ലേ പോയത്, മണി രണ്ടായി അല്ലേ?’’ എന്നൊക്കെ സമയം നിർണയിക്കുന്നത് കേട്ടിട്ടുണ്ട്.

അന്ന് ഞങ്ങൾ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് വക്കത്തുള്ള അമ്മയുടെ വീട്ടിലേക്ക് പോകുന്നത് - തമ്പാനൂർ മുതൽ കടക്കാവൂർ വരെ ട്രെയിനിൽ ആയിരുന്നു. ആ കാലത്ത് ഓട്ടോ ഇല്ല, ടാക്സികൾ വളരെ കുറവ്. മാത്രമല്ല അത് വലിയ ഒരു ആർഭാടമായിട്ടാണ് അന്ന് കരുതിയിരുന്നത്. വീട്ടിൽ അന്ന് കാറുമില്ല. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വരെ നടക്കണം. രണ്ടോ മൂന്നോ കിലോമീറ്റർ ഉണ്ടാവണം. അമ്മയും ഞങ്ങൾ കുട്ടികളും വീട്ടിൽ ഞങ്ങളെ നോക്കാനും വീട്ടു പണികൾക്കുമായി നിന്നിരുന്ന പരിചാരകരും (അമ്മ ഉദ്യോഗസ്ഥയും സമ്പന്നയും ആയിരുന്നത് കൊണ്ട് സഹായത്തിനായി എപ്പോഴും രണ്ടുപേർ ഉണ്ടാവും) ബാഗുകളുമൊക്കെയായി ഒരു ഘോഷയാത്രയാണ്. നടന്നു കാലുകഴയ്ക്കും. എന്നാലും വലിയ ഉത്സാഹമായിരുന്നു. കാരണം അപ്പൂപ്പന്റെയും അമ്മുമ്മയുടെയും വീട് ഞങ്ങൾക്കൊരു സ്വർഗ്ഗമായിരുന്നു. അവിടേക്കുള്ള യാത്രയല്ലേ?

വെളുപ്പിനെയാവും മിക്കവാറും യാത്ര. ആ സമയത്തൊരു വണ്ടിയുണ്ട്. ഇന്നത്തെപ്പോലെ തിരക്കൊന്നുമില്ല. വണ്ടിയിൽ ഇരിക്കാനൊക്കെ ഇടം കിട്ടും. കൽക്കരി വണ്ടിയല്ലേ? കരിയും പുകയും പൊടിയും. എല്ലാ സ്റ്റേഷനിലും നിറുത്തി പയ്യെ പയ്യെ കടക്കാവൂരെത്തും. വണ്ടിയിൽ നിന്നിറങ്ങി പിന്നെയും നടക്കണം, കെട്ടും കെടയും, ഞങ്ങൾ കുട്ടികളും ഒക്കെയായി. ഒന്നൊന്നര മൈൽ എന്നാണ് അന്ന് പറയുക. വിശന്നു തളർന്നു വീട്ടിലെത്തിയാൽ പ്രഭാതഭക്ഷണവുമായി അമ്മൂമ്മ കാത്തിരിപ്പുണ്ടാവും. കളിച്ചു തിമിർക്കാനായി മാമന്മാരും ചേച്ചിമാരും അനുജന്മാരും അനുജത്തിമാരും (കസിൻസ്) രണ്ടോ മൂന്നോ ദിവസത്തെ രസകരമായ  താമസത്തിനു ശേഷം മടക്കവും അതു പോലെത്തന്നെ. കടയ്ക്കാവൂർ വരെ നടപ്പ്. ലഗേജ് നന്നേ കൂടിയിട്ടുണ്ടാവും. പക്ഷേ മിക്കവാറും വൈകുന്നേരത്തെ വണ്ടിയായതിനാൽ തമ്പാനൂരെത്തുമ്പോൾ നേരമിരുട്ടും. വീടുവരെ നടക്കേണ്ട. ടാക്സി അല്ലെങ്കിൽ ‘ജഡ്ക്ക’ എന്ന് വിളിച്ചിരുന്ന കുതിരവണ്ടി വിളിക്കും. ഞങ്ങൾ കുട്ടികൾക്ക് പരമ സന്തോഷം. കുതിരവണ്ടി ഞങ്ങൾക്ക് വളരെ ഇഷ്ടമായിരുന്നു. വണ്ടിക്കാരൻ അയാളുടെ മനോധർമ്മം പോലെ അലങ്കരിച്ച പെട്ടിപോലൊരു വണ്ടിയിൽ കുലുങ്ങി കുലുങ്ങി മണി കിലുക്കി ഒരു യാത്ര! കുതിരവണ്ടിയോർമകൾ ഒരുപാടുണ്ട്. ഒരിക്കൽ അമ്മയും അനുജത്തിയും ഞാനും മാത്രമായിരുന്നു യാത്രക്കാർ. എന്തോ അത്യാവശ്യത്തിനു പോയതാണ്. പിറ്റേന്ന് ഉച്ചയ്ക്കാണ് തമ്പാനൂരിൽ വണ്ടിയിറങ്ങിയത്. കുതിരവണ്ടി തന്നെ ശരണം. വണ്ടിയ്ക്കകത്ത്  മുഖാമുഖം രണ്ടു സീറ്റുകളാണുള്ളത്. ഒന്നിൽ അമ്മ. മറ്റേതിൽ ഞാനും അനുജത്തിയും. വണ്ടി ഓടിത്തുടങ്ങിയപ്പോൾ അനുജത്തി ആ യാത്രയുടെ ത്രില്ലിൽ പാടാൻ തുടങ്ങി. ‘‘പോ കുതിരേ, പടക്കുതിരേ, ടക്ക് ടക്ക് ടക്ക് ടക്ക്  ടക്ക് നടക്കുതിരേ ’’ (ഉണ്ണിയാർച്ച എന്ന പഴയ സിനിമയിലെ ഒരു ഗാനമായിരുന്നു അത്) ഇന്നും ഞാൻ അതോർക്കുന്നുണ്ട്. ഇന്നത്തെ കുട്ടികൾ കുതിരവണ്ടി കണ്ടിട്ടുണ്ടോ? തമിഴ്നാട്ടിലെ ഏതോ ചെറിയ പട്ടണത്തിൽ ഇപ്പോഴും കുതിരവണ്ടിയുണ്ട് എന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോൾ ഞാൻ അതിശയിച്ചു. പലസ്ഥലങ്ങളിലും ഉണ്ടാവും നമുക്ക് അറിയില്ലല്ലോ. ഏതായാലും തിരുവനന്തപുരത്തില്ല.

ചിലപ്പോഴൊക്കെ മദ്രാസ് മെയിലിൽ ആയിരുന്നു യാത്ര. രാവിലെ ഏഴിനോ ഏഴരയ്‌ക്കോ മറ്റോ ആയിരുന്നു അന്ന് സമയം. അര-മുക്കാൽ മണിക്കൂർ യാത്രയേ ഉള്ളൂ കടയ്ക്കാവൂരെത്താൻ. ദൂരെ യാത്രക്കാരെ അത്ഭുതത്തോടെയാണ് ഞങ്ങൾ നോക്കി കണ്ടിരുന്നത്. അന്ന് മദ്രാസിൽ ചെന്നിട്ടു വേണം ട്രെയിൻ മാറിക്കേറി ബോംബെയ്ക്കോ ഹൈദരാബാദിനോ ഡൽഹിക്കൊ ഒക്കെ പോകാൻ (ആയിരത്തി തൊള്ളായിരത്തി അറുപതുകളിലെ കാര്യമാണ് പറയുന്നത്. അല്ലാതെ ജാംബവാന്റെ കാലത്തെയൊന്നുമല്ല.) ദൂര യാത്രക്കാർക്ക് ഒരുപാട് ലഗേജുണ്ടാവും. അവർ കയറിയ ഉടനെ ഭക്ഷണവും തുടങ്ങും. അന്ന് അനുജത്തിയും ഞാനും കൊച്ചു കുട്ടികളാണ്. ചല പിലെ ചിലച്ചു കൊണ്ടു കയറിയ ഒരു കുടുംബം ഇരുന്ന ഉടനെ പൊതിയഴിച്ചു ബ്രേക്‌ഫാസ്റ്റ് കഴിക്കാൻ ഒരുങ്ങി. അവർ എനിക്കും അനുജത്തിക്കും ഇലക്കീറുകളിൽ ഓരോ പൂരി തന്നു. വാങ്ങിക്കൊള്ളാൻ അമ്മയുടെ അനുവാദം കിട്ടി. അന്നിതു പോലെ ചതിയും കൊള്ളയും ഒന്നുമില്ലല്ലോ. പഞ്ചസാരയാണ് കൂട്ടാൻ. നല്ല രുചി. ഞങ്ങളുടെ വീട്ടിൽ ഇഡലി, ദോശ ഒക്കെയല്ലേ. പൂരി പതിവില്ല. തിന്നു കഴിഞ്ഞതും അനുജത്തി പതുക്കെ ‘‘എനിക്കിനിയും വേണം’’ എന്ന് പറഞ്ഞു. അമ്മ കണ്ണ് കാണിച്ചെങ്കിലും ആ വീട്ടമ്മ അത് കേട്ടു. അവർ അവൾക്ക് ഒരു പൂരി കൂടി കൊടുത്തു. അമ്മ എന്നെ നോക്കി കണ്ണുരുട്ടി. ചോദിക്കരുത് എന്ന്. ഞാൻ കുറച്ചു കൂടി വലുതല്ലേ? മാത്രമല്ല അവരുടെ കുട്ടികൾക്ക് വേണമല്ലോ. എനിക്ക് നിരാശയായി.

പിന്നീടൊരിക്കൽ ഒരു യാത്രയിൽ ഒരു പയ്യൻ ഒരു ചക്ക ലഗേജിനൊപ്പം മുകളിൽ കയറ്റി വച്ചു. ചക്ക ഉരുണ്ടു താഴെ വീണു. തൊട്ടു താഴെയാണ് ഞാൻ ഇരുന്നിരുന്നത്. എന്നെ ചക്ക ഒന്ന് ഉരസിയതെ ഉള്ളൂ. പക്ഷേ  അമ്മ ചാടി എഴുന്നേറ്റ് ആ പയ്യന് ഒറ്റയടി കൊടുത്തു. ‘‘എന്റെ കുട്ടിയുടെ തലയിൽ വീണെങ്കിൽ ചത്തു പോയേനെയല്ലോ. അവന്റെയൊരു ചക്ക.’’ എന്ന് ശകാരിക്കുകയും ചെയ്തു. പാവം ആ പയ്യന്റെ വിഷണ്ണമായ മുഖം ഇന്നും ഓർമയുണ്ട്. ഇങ്ങനെ എത്രയോ തമാശകൾ !

കൗമാരമെത്തിയപ്പോഴാണ് എതിരെ ഇരിക്കുന്ന ചില സഹയാത്രികരുടെ നോട്ടം അസഹ്യമായി തുടങ്ങിയത്. അക്കാലത്ത് പേടി കൊണ്ട് അത് അവഗണിക്കാൻ ശീലിച്ചു. പിന്നീട് രണ്ടു കുട്ടികളുടെ അമ്മയായി കഴിഞ്ഞിട്ടും ഈ കാകദൃഷ്ടി സഹിക്കവയ്യാതായപ്പോൾ നർമബോധമുള്ള ഒരു ചേച്ചി പറഞ്ഞു തന്നു, ‘വായിൽ നോക്കികളെ പിന്തിരിപ്പിക്കാൻ ഒരു പണിയുണ്ട്.’ ‘‘എന്താ അത്? ’’ ഞാൻ ചോദിച്ചു. ‘ഒരാൾ നിന്നെത്തന്നെ നോക്കിയിരിക്കുന്നു. നിനക്കത് അരോചകമാകുന്നു. അപ്പോൾ നീ കോങ്കണ്ണിട്ട് അയാളെ നോക്കണം..’ ഞാൻ പൊട്ടിച്ചിരിച്ചു പോയി. പിന്നീടൊരിക്കൽ ഞാനും എന്റെ മക്കളും കൂടി യാത്ര ചെയ്യുമ്പോൾ ഒരാൾ എതിരെ ഇരുന്നു ഭയങ്കര നോട്ടം. ഒരു വളിച്ച പുഞ്ചിരിയുമുണ്ട്. ‘അമ്മേ, അമ്മേ’ എന്ന് മകൻ പലവട്ടം വിളിച്ചു. ഇത് ഈ കുട്ടികളുടെ അമ്മയാണെന്ന് അറിഞ്ഞോട്ടെ എന്ന് കരുതി.രക്ഷയില്ല . ഒടുവിൽ ഞാൻ എന്റെ മൂക്കിൽ തുമ്പിലേയ്ക്ക് നോക്കിയിരുന്നു. അസ്സൽ കോങ്കണ്ണ്.. പിന്നെ അയാളെ കണ്ടതേയില്ല. 

കോട്ടയത്ത് ജോലിയായി, മക്കളുമായി താമസിക്കുന്ന കാലത്ത് എല്ലാ അവധിക്കാലത്തും – ഓണം, ക്രിസ്തുമസ്, മധ്യവേനൽ– തിരുവനന്തപുരത്തേയ്ക്ക് ഞങ്ങൾ പോയിരുന്നു. അതിനിടയ്ക്കും എന്തെങ്കിലുമൊക്കെ കാര്യങ്ങൾ ഉണ്ടായി പോകേണ്ടിവരും. ചിലപ്പോഴൊക്കെ രാവിലെ പോയി രാത്രി മടങ്ങേണ്ടിയും വന്നിട്ടുണ്ട്. എല്ലാം ട്രെയിനിൽ തന്നെ.

‘‘എന്ത് മാത്രം യാത്രകളാണ് നമുക്ക്. എന്ത് പൈസയാണ് ട്രെയിൻ ടിക്കറ്റിനു കൊടുക്കുന്നത് !’’ മക്കൾ ഇടയ്ക്കു പറഞ്ഞിട്ടുണ്ട്.

അപ്പോൾ ഞാൻ പറയും.

‘‘പോയ ഏതോ ജന്മത്തിൽ നമ്മൾ കള്ളവണ്ടി കയറിയിട്ടുണ്ട് - അതായത് ടിക്കറ്റ് എടുക്കാതെയുള്ള യാത്ര. അങ്ങനെ റെയിൽവേയോട് ഉണ്ടായ കടം വീട്ടുകയാണ് നമ്മൾ.’’

‘‘ഈ അമ്മേടെ ഒരു തമാശ’’ എന്നാവും മക്കളുടെ പ്രതികരണം.

എന്റെ അച്ഛനും അമ്മയും വയസ്സായപ്പോൾ എല്ലാ മാസവും അവരെ പോയി കാണുന്നത് ഞാൻ പതിവാക്കി. മാത്രമല്ല,എന്റെ മകൾ തിരുവനന്തപുരത്ത് കാർഷിക കോളജിൽ പഠിക്കാൻ തുടങ്ങി. അവളെയും കാണാമല്ലോ. അങ്ങനെ തീവണ്ടിയുമായി വലിയ ചങ്ങാത്തത്തിലായി ഞാൻ. തീവണ്ടി വല്ലാത്തൊരു ഹരമായി മാറിയപ്പോൾ ഞാൻ ചില തീവണ്ടിക്കഥകളും, തീവണ്ടി അനുഭവങ്ങളും എഴുതുകയും ചെയ്തു.

അച്ഛനും അമ്മയും എന്നെ വിട്ടുപോയി. മക്കൾ രണ്ടാളും കൊച്ചിയിൽ താമസമായി. യാത്രകൾ കുറഞ്ഞു. വല്ലപ്പോഴും അവരുടെ കൂടെ കാറിലായി സഞ്ചാരം. തീവണ്ടി യാത്രകൾ ഞാൻ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഇപ്പോൾ യാത്രകൾ തീരെ ഇല്ലെന്നു തന്നെ പറയാം.

എന്നാലും തീവണ്ടി ഭ്രമം അങ്ങനെ അങ്ങു വിട്ടു പോകുമോ? ഇപ്പോഴിതാ ഫ്ളാറ്റിലെ എന്റെ മുറിയുടെ ജനാലയിലൂടെ ‘മെട്രോ ട്രെയിൻ’ പോകുന്നത് കാണാം. അധികം അകലെയല്ല ഉയരത്തിലുള്ള മെട്രോ പാളം.. അങ്ങോട്ടു മിങ്ങോട്ടും ഇടയ്ക്കിടെ ആ ‘കുഞ്ഞു തീയില്ലാത്ത തീവണ്ടികൾ’ പോകുന്നത് നോക്കി നിൽക്കാറുണ്ട് ഞാൻ. എന്ത് രാസമാണെന്നോ!  

Content Summary: Kadhayillaimakal column by Devi J.S. on Train Travel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS