കാത്തിരിപ്പൂ ഞാൻ

waiting-for-someone
Photo Credit : maybeiii / Shutterstock.com
SHARE

  കാത്തിരിപ്പിനെക്കുറിച്ച് എത്ര സങ്കല്പങ്ങളാണ്. സൂര്യനെ കാത്തിരിക്കുന്ന പകലും താമരയും. ചന്ദ്രനെ കാത്തിരിക്കുന്ന രജനിയും ആമ്പലും. പ്രിയപ്പെട്ടവന്റെ (പ്രിയപ്പെട്ടവളുടെ) കാലൊച്ച കേൾക്കാൻ കാത്തിരിക്കുന്ന പ്രണയിനി (പ്രാണനായകൻ ).കവിതകളും കഥകളും മാത്രമല്ല, മനുഷ്യ ജന്മങ്ങളും കാത്തിരിപ്പുകളുടെ കഥ പറയുന്നു.

     കാത്തിരിക്കുന്നത് ഒരു സുഖം തന്നെയാണ് ,അത് ആരെ  ആയാലും. 'വരും വരാതിരിക്കില്ല '(കടപ്പാട് ) എന്ന പ്രതീക്ഷയാണ് ഓരോ കാത്തിരിപ്പിനു പിന്നിലും. ജനിച്ചനാൾ മുതൽ നമ്മളാരെയെങ്കിലും കാത്തിരിക്കാൻ തുടങ്ങുന്നു. അച്ഛനെ ,അമ്മയെ ,സഹോദരങ്ങളെ ,കളിക്കൂട്ടുകാരെ, സഹപാഠികളെ ,പ്രേമിക്കുന്നവരെ ,വിവാഹം കഴിച്ചവരെ മക്കളെ ,അങ്ങനെ നീളുന്നു ആ കാത്തിരിപ്പ്, ജീവിതാവസാനം വരെ.   ആരും വരാനില്ലെങ്കിൽ കൂടി ആരെങ്കിലും വരുമെന്ന് നമ്മൾ  വെറുതെ  ആശിക്കാറില്ലേ ?

     ഇന്നലെ മനോജ് വരുന്നു എന്ന് ഫോണിൽ വിളിച്ചു പറഞ്ഞു. 'പലകാലങ്ങളിൽ ചില മനുഷ്യർ' എന്ന മനോഹരമായ ഓർമ്മപ്പുസ്തകം രചിച്ച മനോജ് രാധാകൃഷ്ണൻ! വൈകുന്നേരം നാലു മണി മുതൽ മിലിയും ഞാനും കാത്തിരിക്കാൻ തുടങ്ങി. അഞ്ചു മണി കഴിഞ്ഞപ്പോൾ മിലി എന്നെ കളിയാക്കാൻ തുടങ്ങി."എവിടെ അമ്മുമ്മയുടെ കൂട്ടുകാരൻ ?വരുമെന്നു പറഞ്ഞിട്ട് കാണുന്നില്ലല്ലോ."  

     ഘോര മഴയായതു കൊണ്ട് കാറിറക്കുന്നില്ലെന്നും മെട്രോയിലാണ് വരുന്നതെന്നും മനോജ് പറഞ്ഞിരുന്നു. അതാവും വൈകുന്നത് എന്ന് ഞാനോർത്തു. മെട്രോ കാറിനേക്കാൾ വേഗമെത്തും. ട്രാഫിക് ബ്ലോക്ക് ഇല്ലല്ലോ. പിന്നെ മനോജ്  വീട്ടിൽ നിന്ന്  ആലുവ മെട്രോ സ്റ്റേഷനിൽ എത്തി ,ട്രെയിനിൽ കയറി ഇളംകുളം സ്റ്റേഷനിൽ  ഇറങ്ങി ആട്ടോ പിടിച്ച് വരണ്ടേ ?  "വരും " ഞാൻ ഉറപ്പിച്ചു പറഞ്ഞു.  ഏതായാലും ഏറെ താമസിയാതെ ആളെത്തി . ഞങ്ങൾ തമ്മിൽ ആദ്യമായി കാണുകയാണ്. മനോജിന്റെ  പുസ്തകം  ഞാനും എന്റെ 'തെരഞ്ഞെടുത്ത കഥകൾ '  മനോജു൦  വായിച്ചതിൽ നിന്നുണ്ടായ പരിചയമാണ്. ഫേസ് ബുക്ക്, വാട് സാപ്പ് , ഫോൺ വിളികൾ , അങ്ങനെ ഞങ്ങൾ  അടുത്ത  സുഹൃത്തുക്കളായി എന്ന് പറഞ്ഞാൽ പോരാ, സ്വന്തക്കാരായി മാറി. അങ്ങ് ദുബായിൽ ഇരുന്നു മനോജു൦   ഇങ്ങു കൊച്ചിയിൽ ഇരുന്നു ഞാനും.

     അങ്ങനെ എന്റെ ഒരു സായം സന്ധ്യ ഒരു സുഹൃത് സന്ദർശനം കൊണ്ട് ധന്യമായി. മനോജ് കുറച്ചു ചോക്ലേറ്റ്സ് , ബദാം, ഈന്തപഴം ഒക്കെ കൊണ്ട് വന്നിരുന്നു. എനിക്ക് സന്തോഷം തോന്നി . ഈ സാധനങ്ങൾ ഒക്കെ ഇപ്പോൾ ഇവിടെ സുലഭം. പക്ഷെ ഒരു സ്നേഹിതൻ കൊണ്ടു  തന്നപ്പോൾ അതൊരു ഗിഫ്റ്റായി  മാറി . അടുത്ത തവണ വീണ്ടും വരാമെന്ന് പറഞ്ഞാണ് മനോജ് പോയത്. കാത്തിരിക്കാൻ ഒരു കാര്യമായല്ലോ എന്ന് ഞാൻ ചിന്തിച്ചുപോയി  

     ഇങ്ങനെ ഒരിക്കലും തമ്മിൽ കണ്ടിട്ടില്ലാത്ത ഒരുപാടു സുഹൃത്തുക്കളെ ഞാൻ കാത്തിരുന്നിട്ടുണ്ട്. മിക്കവാറും പതിനേഴു വർഷങ്ങളായി ഞാൻ എഴുതുന്ന  'കഥയില്ലായ്മകൾ ' എന്ന ഈ പംക്തി വായിച്ച്, അതിഷ്ടമായി പരിചയപ്പെട്ടവരാണ്. ഒരു എഴുത്തുകാരിക്ക് ഇതിലും വലിയ സന്തോഷം ഉണ്ടാവാനുണ്ടോ? അധികം പേരും പ്രവാസി മലയാളികളാണ്. അവരിൽ ചിലർ നേരിട്ട് വന്നു കണ്ട്,  'തമ്മിൽ കണ്ടിട്ടില്ല ' എന്ന പരാതി മാറ്റി. അന്നു  മുതൽ അടുത്ത കൂട്ടുകാരായി, ചിലർ സഹോദരങ്ങളും പുത്ര-പുത്രീ  തുല്യരുമായി. ചിലർ ഇപ്പോഴും കണ്ണെത്താ ദൂരത്തു തന്നെ. എന്നാലും എന്റെ ലേഖനങ്ങൾ മുടങ്ങാതെ വായിക്കുന്നു. മെയിലുകൾ അയയ്ക്കുന്നു.അഭിനന്ദിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു.

     വന്നു പോയവരിൽ ചിലർ  പിന്നെ വന്നിട്ടേയില്ല. ചിലർ അപൂർവമായി കോൺടാക്ട് ചെയ്യാറുണ്ട്. മറ്റു ചിലർ പരിപൂർണ്ണമായങ്ങ് ഒഴിവാക്കുകയും ചെയ്തു. ഒരു മെയിൽ അയച്ചാലോ മെസ്സേജ് അയച്ചാലോ മറുപടിയില്ല. വിഷമം തോന്നിയിട്ടുണ്ട്. കാരണം അത്രയ്ക്ക് ഇഷ്ടമാണ് അവർ കാണിച്ചിരുന്നത്.  അകലാൻ കാരണങ്ങൾ പലതുമുണ്ടാവാം. എന്നാലും എന്റെ ജീവിതത്തിൽ സംഭവിച്ചു പോയ ദുരന്തങ്ങളാണ് പ്രധാന കാരണം എന്ന് ഞാൻ വിശ്വസിക്കുന്നു. ദുഃഖങ്ങളിലും ദുരിതങ്ങളിലും പെട്ട് നട്ടം  തിരിയുന്നവരെ കാണാൻ ചിലയാളുകൾക്ക് താത്പര്യമില്ല. സുഖത്തിലും സന്തോഷത്തിലും സൗഭാഗ്യങ്ങളിലും അഭിരമിക്കുന്നവർ എന്തിനാണ്   മറ്റുള്ളരുടെ ദയനീയാവസ്ഥ കണ്ടു വെറുതെ മനസ്സ് വ്യസനിപ്പിക്കുന്നത്? പിന്നെ ചിലപ്പോൾ സഹായിക്കേണ്ടി വന്നാലോ എന്ന പേടിയുമുണ്ടാവും. രണ്ടും വേണ്ട .വരാതിരുന്നാൽ കഴിഞ്ഞില്ലേ ?

     വന്നു കണ്ടു കീഴടക്കി (കീഴടങ്ങി) യവരിൽ   പലരും  പിന്നെ  എന്നെ ഉപേക്ഷിച്ചിട്ടേയില്ല. ഇക്കൂട്ടത്തിൽ എന്റെ സുഹൃത്തുക്കളും മകന്റെ കൂട്ടുകാരും മകളുടെ കൂട്ടുകാരും  ഞങ്ങളുടെ ചില ബന്ധുക്കളും ഉൾപ്പെടുന്നു. സാധിക്കുമ്പോഴൊക്കെ വന്ന് അവരുടെ സ്‌നേഹവചനങ്ങൾ കൊണ്ടും സാന്നിധ്യംകൊണ്ടും സഹായങ്ങൾ കൊണ്ടും ഞങ്ങൾക്ക് ആശ്വാസം പകരുന്നു. ആരെങ്കിലുമൊക്കെ വരുന്നത് വലിയ സന്തോഷമാണ്. കാരണം നമുക്ക്  ആരൊക്കെയൊ ഉണ്ട് എന്നൊരു തോന്നലാണവർ ഉളവാക്കുന്നത്.  അതോടൊപ്പം സന്ദർശകരുടെ  സംസാരവും ചിരിയും  സൃഷ്ടിക്കുന്ന പ്രസന്നമായ  അന്തരീക്ഷം ആശ്വാസദായകമാണ്. 

      കാത്തിരുപ്പ് ഒരു തീരാ ദുഃഖമായി മാറാറുമുണ്ട്. കാത്തിരിക്കുന്നയാൾ ഒരിക്കലൂം വരില്ല എന്നുറപ്പില്ല .പക്ഷെ വരികയില്ല.   നാടും വീടും വിട്ടുപോയി. എവിടെയാണെന്നറിയില്ല.എന്നാലും  പ്രിയപ്പെട്ടവർ വരുമെന്ന് കരുതി കാത്തിരിക്കുന്ന ഒരുപാടു പേരുണ്ട് ഈ ലോകത്തിൽ.  സങ്കടകരമായ  ഒരവസ്ഥയാണത്.

     ഏതായാലും ഇതുവരെ വന്നവരെയും ഇനിയും വരാനിരിക്കുന്നവരെയും ഒരിക്കലും വരാനിടയില്ലാത്തവരെയും ഞാൻ കാത്തിരിക്കുന്നു. ഒരിക്കലും വരില്ലെന്ന് അവരാരും പറഞ്ഞിട്ടില്ലല്ലോ. അതു  കൊണ്ട്   പ്രതീക്ഷയോടെ കാത്തിരിക്കുകയല്ലാതെ മറ്റെന്താണൊരു വഴി ?

     ഒന്നു  കൂടി പറയട്ടെ ....പ്രിയപ്പെട്ടവരേ വരൂ. ഇവിടെ ദേവി നിങ്ങളുടെ വരവും  കാത്തിരിക്കുന്നു.    

                                           .                  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA