‘ഇതാരാണ്?’ എന്ന് ചോദിക്കും മുൻപേ

woman-holding-smartphone
Representative Image. Photo Credit : TimeImage Production / Shutterstock.com
SHARE

ഇതൊരു പതിവ് ചോദ്യമാണ്. പരിചയമുള്ള ഒരാളോടൊപ്പം പരിചയമില്ലാത്ത ഒരാളെ കണ്ടാൽ, അത് ആണോ പെണ്ണോ ആയിക്കോട്ടെ, ആരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. അതിൽ തെറ്റെന്താണ്? ഒന്നുമില്ല പക്ഷേ ചോദിക്കും മുൻപ് ഒരു നിമിഷം ഒന്നാലോചിക്കൂ. ചോദിക്കണോ എന്ന്.. കാരണം ഈ ചോദ്യം ചിലപ്പോൾ കേൾക്കുന്നയാളെ ചൊടിപ്പിച്ചേക്കും. അതും കൂടെയുള്ളയാൾ ആരാണെന്ന് വെളിപ്പെടുത്താൻ വയ്യാത്ത അവസ്ഥയിൽ. ഈയിടെ എനിക്കുണ്ടായ വിചിത്രമായ ഒരനുഭവമാണ് ഇങ്ങനെ പറയാൻ എന്നെ പ്രേരിപ്പിച്ചത്. അതോടെ ഈ ചോദ്യം ഒഴിവാക്കുന്നതാണ് നല്ലതെന്ന് എനിക്ക് ബോധ്യപ്പെട്ടു.

എന്റെയൊരു സുഹൃത്ത് അദ്ദേഹത്തിന്റെ മകന്റെ ബർത്ഡേ പാർട്ടിയുടെ കുറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അദ്ദേഹം എന്ത് പോസ്റ്റ് ചെയ്താലും കാണുകയും അഭിപ്രായം പറയുകയും ലൈക് ഇടുകയും കമന്റ് ഇടുകയും ഒക്കെ ചെയ്യാറുണ്ട് ഞാൻ. ഈ ചിത്രങ്ങളിൽ ബർത്ത് ഡേ ബോയിക്കു പുറമെ സ്മാർട്ട് ആയ മറ്റൊരു ആൺകുട്ടിയെ കൂടി കണ്ടു. എന്റെ കഷ്ടകാലത്തിന്, ‘ആരാണാ നീല ഷർട്ടിട്ട കുട്ടി’ എന്ന് ഞാൻ കമന്റിൽ ചോദ്യമിട്ടു. വളരെ നിഷ്ക്കളങ്കമായാണ് ഞാൻ ചോദിച്ചത്. പക്ഷേ അടുത്ത നിമിഷം എന്റെ സുഹൃത്ത് എന്നെ ഫോണിൽ വിളിച്ചു. ഇനി പറയാനൊന്നും ബാക്കിയില്ല. (നേരിൽ കണ്ടെങ്കിൽ തല്ലിയേനെ.) അങ്ങനെ ഞാൻ ചോദിച്ചത് വലിയ തെറ്റായിപ്പോയെന്നും അതവർക്ക് വലിയ വിഷമമായെന്നും പറഞ്ഞു. കടുത്ത ഭാഷയിൽ ഒരുപാട് ശകാരിച്ചു. പാവം ഞാൻ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു.

‘‘സുഹൃത്താണോ ബന്ധുവാണോ എന്നറിയാൻ ചോദിച്ചതാണേ’’

‘‘ശത്രുക്കളെ ആരെങ്കിലും പാർട്ടിക്ക് വിളിക്കുമോ? ഇത്ര വിവരമില്ലേ നിങ്ങൾക്ക്?’’

‘‘അയ്യോ, ഞാൻ അങ്ങനെയൊന്നും ഓർത്തില്ല.’’

‘‘എന്റെ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ ചോദ്യം ചെയ്യാൻ നിങ്ങൾക്കെന്തു കാര്യം? ഇതിനു മുൻപും നിങ്ങൾ ഇതുപോലെ ഇടപെട്ടിട്ടുണ്ട്. അത് ഞാനങ്ങു ക്ഷമിച്ചു. ഇതിപ്പോൾ പറയാതെ വയ്യ. നിങ്ങൾ ഒരു എഴുത്തുകാരിയല്ലെ, ഇത്രയും പ്രായമായില്ലേ, വിവരമില്ലേ, ഇനി മേലാൽ ഇത് ആവർത്തിക്കരുത്.’’

ഞാൻ നടുങ്ങിപ്പോയി. ആ ചിത്രം പരസ്യമായി പോസ്റ്റ് ചെയ്തതല്ലേ. ഞാൻ ഒളിച്ചു നോക്കി കണ്ടതല്ലല്ലോ. ആരും ചോദിക്കാവുന്ന ഒരു ചോദ്യമല്ലേ ? ഇതിൽ തെറ്റെന്താണെന്ന് എനിക്ക് മനസ്സിലായില്ല. എങ്കിലും ക്ഷമ  ചോദിച്ചു. ഇനി ആവർത്തിക്കില്ല എന്ന് പറയുകയും ചെയ്തു. സത്യത്തിൽ കരച്ചിൽ വന്നു. ഇതിനു മുൻപ് എത്രയോ പേരോട് ഞാൻ ഇതേപോലെ ചോദിച്ചിട്ടുണ്ട്. എത്രയോ പേര് എന്നോട് ചോദിച്ചിട്ടുണ്ട്. അറിയാനല്ലേ ചോദിക്കുന്നത്? അതിൽ ദേഷ്യപ്പെടാൻ എന്താണുള്ളത് ?  

പക്ഷേ ഏതാനും ദിവസങ്ങൾക്കു ശേഷം ഇതേ സുഹൃത്ത് തന്നെ, ഒരു മാധ്യമ പ്രവർത്തകൻ പ്രസിദ്ധനായൊരു വ്യക്തിയുടെ പേര് ചോദിച്ചത് വിവാദമായപ്പോൾ ആ മാധ്യമപ്പയ്യനെ ന്യായീകരിച്ചു കൊണ്ടു പോസ്റ്റ് ഇട്ടു. ‘‘കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരാളോട് പേര് ചോദിച്ചത് വലിയ പാതകമൊന്നുമല്ലെന്നും, അറിയാത്തത് ചോദിച്ചതിൽ ഒരു തെറ്റുമില്ല’’ എന്നും എഴുതിക്കണ്ടു. സത്യത്തിൽ ഞാൻ അമ്പരന്നു. എന്തൊരു കാപട്യം! ചിലർക്ക് ചിലരോട് ചോദിക്കാം ചിലർക്ക് പാടില്ല. ഇതെന്തു ന്യായം ? പൊതു സ്ഥലത്തു ചോദിക്കാമെന്നും സ്വകാര്യ സ്ഥലത്ത് ചോദിക്കാൻ പാടില്ല എന്നും ഞാൻ മനസ്സിലാക്കി.

ഒരാൾക്ക് ഒരു പ്രശ്നമുണ്ടെന്നറിഞ്ഞാൽ നമ്മൾ പിന്നെ ചോദിക്കുകയില്ല. അറിയില്ലെങ്കിൽ ചിലപ്പോൾ ചോദിക്കും. എന്റെ മക്കൾക്ക് അച്ഛൻ നഷ്ടപ്പെട്ടുപോയതാണ് എന്നറിയാത്തവർ പലരും അവരോടു ചോദിച്ചിട്ടുണ്ട്. അച്ഛനെവിടെയാണ്? എന്ത് ചെയ്യുന്നു എന്നൊക്കെ. പക്ഷേ  അറിയാവുന്നവർ അച്ഛനെപ്പറ്റി ഒന്നും അവരോടു ചോദിക്കുകയില്ല. ആരെങ്കിലും ചോദിച്ചാലും അവർ ദേഷ്യപ്പെടുകയില്ല. അതുപോലെ എന്നോട് ഹസ്ബൻഡ് എന്ത് ചെയ്യുന്നു എന്നു പലരും ചോദിച്ചിട്ടുണ്ട്. ഒരു സ്ത്രീയെ പരിചയപ്പെടുമ്പോൾ സ്വാഭാവികമായ ചോദ്യം. ഞാനവരെ ചീത്ത പറയേണ്ട കാര്യമുണ്ടോ? ഇല്ല. സിംഗിൾ ആണെന്നറിയാമെങ്കിൽ അവർ ചോദിക്കുകയില്ലല്ലോ.

ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽ വച്ച് വളരെ അടുത്തറിയുന്ന ഒരാളെ ഞാൻ കണ്ടു. കൂടെ സുന്ദരിയായ ഒരു സ്ത്രീയുമുണ്ട്. അത് അദ്ദേഹത്തിന്റെ ഭാര്യയല്ല, സഹോദരിയുമല്ല. അവരെയൊക്കെ ഞാൻ അറിയുന്നതാണ്. ഞാൻ ഒന്നും ചോദിച്ചില്ല. കാരണം വല്ലാത്ത ഒരവസ്ഥയിൽ അദ്ദേഹത്തെ എത്തിക്കരുതല്ലോ. 

ഈയിടെ ഒരു പരിചയക്കാരൻ പുനർ വിവാഹം കഴിച്ചു. വിഭാര്യനായ അവന് ഒരു മകനേയുള്ളു. പിന്നെ കണ്ട ഒരു ഫാമിലി ഫോട്ടോയിൽ, അവൻ, ഭാര്യ, അവന്റെ മകൻ, പിന്നെ ഒരു ആൺകുട്ടി കൂടെയുണ്ട്. അതാരാണെന്ന് ഞാൻ ചോദിച്ചില്ല. അത് അവന്റെ രണ്ടാം ഭാര്യയുടെ കുട്ടിയാവാം. അത് പറയാൻ മടിക്കേണ്ട കാര്യമില്ല. മറച്ചു വയ്‌ക്കേണ്ട ആവശ്യവുമില്ല. എന്നാലും ഞാൻ ചോദിച്ചില്ല. അവന് ഇഷ്ടക്കേടായാലോ? ആ പെൺകുട്ടിക്ക് വിഷമമായാലോ ?

അതാണ് ഞാൻ പറഞ്ഞത്. അറിയാമെങ്കിൽ നമ്മൾ ചോദിക്കില്ല. അറിയാനുള്ള കൗതുകം കൊണ്ട്  ചോദിക്കുന്നത് തെറ്റാണോ ?

ആരെങ്കിലും ആരുടെകൂടെയെങ്കിലും ഒക്കെ ഉണ്ടാവട്ടെ. അറിഞ്ഞിട്ടു നമുക്കെന്താ എന്നൊരു മനോഭാവമാണ് നല്ലതെന്ന് എനിക്കിപ്പോൾ തോന്നുന്നു. എന്തിനാണ് മറ്റുള്ളവരുടെ വായിൽ നിന്ന് വല്ലതും കേൾക്കുന്നത്? ഇപ്പോൾ കൂട്ടുകാരികളും കൂട്ടുകാരന്മാരും എല്ലാം ഗ്രൂപ് ഫോട്ടോകൾ ഇടാറുണ്ട്. കൂടെയുള്ളത് ആരാണെന്നു ഞാൻ ചോദിക്കാറില്ല. ആരോ ആവട്ടെ. ജിജ്ഞാസ ചിലപ്പോൾ ചീത്ത കേൾപ്പിക്കും അല്ലെങ്കിൽ തല്ലു കൊള്ളിക്കും എന്നൊരു പാഠം പഠിച്ചില്ലേ ?  

ആരെയും കുറ്റപ്പെടുത്തിയതല്ല. വ്യക്തിഹത്യയുമല്ല. ചില അനുഭവങ്ങൾ പറഞ്ഞു എന്നേയുള്ളു.             

                   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS