വേഷങ്ങൾ... പല പല വേഷങ്ങൾ

women-dress
Representative Image. Photo Credit :SN040288 / Shutterstock.com
SHARE

ദേശീയ പക്ഷി, ദേശീയ മൃഗം, ദേശീയപുഷ്പം, ഇതെല്ലാം ഓരോ രാജ്യത്തിനുമുണ്ടെന്ന് നമുക്കറിയാം. അതുപോലെ ദേശീയ വസ്ത്രവുമുണ്ടാവണമല്ലോ. പരമ്പരാഗത വേഷങ്ങൾ എല്ലാ നാട്ടിലുമുണ്ട്. ഇന്ത്യയിൽ അങ്ങനെ ദേശീയ വസ്ത്രം പുരുഷന് ദോത്തിയും സ്ത്രീക്ക് സാരിയുമാണെന്ന് കേട്ടിട്ടുണ്ട്. പക്ഷേ നമ്മുടെ നാടിന് ഒരു പ്രത്യേകതയുണ്ട്. ഓരോ സംസ്ഥാനവും ഓരോ രാജ്യമാകാൻ തക്കവണ്ണം വിഭിന്നമാണ്‌ അവിടങ്ങളിലെ ഭാഷയും വേഷവും ആചാരങ്ങളും. എന്നാലും നാനാത്വത്തിൽ ഏകത്വം എന്നതാണല്ലോ നമ്മുടെ നാടിന്റെ ആദർശം. അതവിടെ നിൽക്കട്ടെ. നമുക്ക് തത്ക്കാലം കേരളത്തിലെ വേഷങ്ങളെ പറ്റി ചിന്തിക്കാം.

പണ്ട് പണ്ട് എന്തായിരുന്നു കേരളത്തിലെ ജനങ്ങളുടെ ഉടയാടകൾ? ആണുങ്ങൾ മുണ്ടുടുക്കും. ചുമലിൽ ഒരു മേൽമുണ്ട് ഇട്ടാലായി. നിർബന്ധമില്ല. ഷർട്ടും ജുബ്ബയുമൊക്കെ നിലവിൽ വന്നത് പിന്നീടാവാം. എനിക്ക് ഓർമ്മ വച്ച കാലം തൊട്ടുള്ളതേ എനിക്ക് പറയാനാവൂ. അതിനും പിന്നിലേയ്ക്ക് പോയി ചരിത്രത്തിൽ ചികയാനൊന്നും ഞാനിവിടെ മുതിരുന്നില്ല.

അധ്യാപകനായിരുന്ന എന്റെ അപ്പൂപ്പൻ നല്ല വെളുത്ത മൽമൽ മുണ്ടും, വെള്ള ജുബ്ബയും കഴുത്തിലൂടെ ഇരുവശത്തും മുന്നോട്ടിട്ട ഒരു നേര്യതുമായിരുന്നു, സ്കൂളിലേയ്ക്ക് പോകുമ്പോൾ ധരിച്ചിരുന്നത്. വീട്ടിൽ അപ്പൂപ്പൻ മുണ്ടു മാത്രമാണ് ഉടുത്തിരുന്നത്. എന്റെ അച്ഛനും അമ്മാവന്മാരും മുണ്ടും അരക്കയ്യൻ ഷർട്ടും ഇട്ടിരുന്നു. അവരെല്ലാം തന്നെ വീട്ടിൽ നിൽക്കുമ്പോൾ പോലും ഷർട്ട് ഇട്ടിരുന്നു. ഫുൾ കൈ ഷർട്ടും പാന്റും ടീ ഷർട്ടുമൊന്നും അന്നവർക്ക് ഉണ്ടായിരുന്നില്ല. ജോലിയിൽ ചേർന്ന ശേഷമാണ് അച്ഛൻ പാന്റിട്ടു തുടങ്ങിയത് .

അധ്യാപികയായിരുന്ന എന്റെ അമ്മുമ്മ മുണ്ടും നേര്യതുമാണ് ധരിച്ചിരുന്നത്. അന്ന് മിക്ക സ്ത്രീകളും വീട്ടിൽ നിൽക്കുമ്പോൾ മുണ്ടും ബ്ലൗസും മാത്രമായിരുന്നു വേഷം. പെൺകുട്ടികളെല്ലാം നീണ്ട പാവാടയും നല്ല ഇറക്കമുള്ള ബ്ലൗസും ധരിച്ചിരുന്നു. പിന്നീട് ഹാഫ് സാരി കൂടി ഇടും. ലോകത്തിലേയ്ക്ക് ഏറ്റവും മനോഹരമായ വേഷമാണ് പാവാടയും ചോളി ബ്ലൗസും ഹാഫ് സാരിയുമെന്ന് അന്ന് മാത്രമല്ല ഇന്നും എനിക്ക് അഭിപ്രായമുണ്ട്.

എന്റെ അമ്മയുടെ പ്രിയ വേഷം സാരി തന്നെയായിരുന്നു. അമ്മ കോളജിൽ പഠിക്കുന്ന കാലത്ത് (1940 -45 ) സാരി പോലും ഒരു ലക്ഷ്വറിയായിരുന്നു എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അന്നത്തെ ഗ്രൂപ്പ് ഫോട്ടോകളിൽ അമ്മയുടെ സഹപാഠികൾ പലരും മുണ്ടും നേര്യതുമാണ് ധരിച്ചിട്ടുള്ളത്. അവരിൽ പലരും ജോലിയൊക്കെ കിട്ടികഴിഞ്ഞാണ് സാരി പതിവാക്കിയത്.

‘‘എത്ര ആർഭാടരഹിതമായിരുന്നു അന്നത്തെ വേഷങ്ങൾ’’ എന്റെ  അമ്മ പറഞ്ഞിട്ടുണ്ട്. ‘‘നാലോ അഞ്ചോ സാരികളെ ഉണ്ടാവാറുള്ളു. അതും വെറും കോട്ടൺ സാരികൾ. ഒരു പട്ടു സാരി ആദ്യമായി ഉടുക്കുന്നത് സ്വന്തം കല്യാണത്തിനാവും.’’

രണ്ടും മൂന്നും അലമാരകൾ നിറയെ വിലപിടിച്ച സാരികൾ അടുക്കി വയ്ക്കുന്ന ഇന്നത്തെ സ്ത്രീകൾക്ക് വിശ്വസിക്കാനാവുമോ ഇത് ?

ആ ലാളിത്യം എന്റെ അമ്മ ഏറ്റവും ഉയർന്ന ഔദ്യോഗിക പദവിയിലെത്തിയിട്ടും (ലോ സെക്രട്ടറി ) കൈ വിട്ടില്ല. വളരെക്കുറച്ചു വസ്ത്രങ്ങളെ അമ്മയ്ക്കുണ്ടായിരുന്നുള്ളു. ഞങ്ങൾ വളർന്നപ്പോൾ അമ്മയ്ക്ക് ഇടയ്ക്ക് ഒരു ഖദർ സിൽക്ക് സാരിയൊക്കെ സമ്മാനിച്ചിരുന്നു. അപ്പോൾ നേരത്തെ ഉണ്ടായിരുന്നതിൽ നിന്ന് ഒന്നോ രണ്ടോ ദാനം കൊടുത്ത് അമ്മ അലമാരിയിൽ സാരികളുടെ എണ്ണം ക്രമീകരിക്കും.

കോളജിൽ ആയപ്പോൾ ഹാഫ് സാരിയിൽ നിന്ന് സാരിയിലേയ്ക്ക് കയറുക എന്നതായിരുന്നു ഞാൻ ഉൾപ്പെടെയുള്ള അന്നത്തെ പെൺകുട്ടികളുടെ രീതി. വിവാഹം കഴിഞ്ഞാലും ജോലി കിട്ടിയാലും വേഷം സാരി തന്നെ വീട്ടിലും പുറത്തും. ഹൗസ് കോട്ട്, നൈറ്റി എന്നൊന്നും ഞങ്ങളെപ്പോലെയുള്ള സാധാരണ പെൺകുട്ടികൾ കേട്ടിട്ടു പോലുമില്ല. സാരി തന്നെ എപ്പോഴും. എന്റെ തലമുറയിൽ പെട്ട ചില പെണ്ണുങ്ങളിൽ ഇപ്പോഴും ആ രീതി തുടരുന്നവരുണ്ട്.

എഴുപതുകളുടെ ആദ്യകാലത്ത് എന്റെ ജീവിതത്തിൽ ഒരു ബോംബെ (അന്ന് മുംബൈ അല്ല) ക്കാലമുണ്ടായിരുന്നു. അന്നാണ് ഞാൻ ഈ ഹൗസ് കോട്ട് കം നൈറ്റി എന്ന കുപ്പായം കാണുന്നതും അന്നവിടെ കൂടെ ഉണ്ടായിരുന്ന ഒരു കസിൻ ചേച്ചിയോടൊപ്പം അത് ഇട്ടു തുടങ്ങുന്നതും. സൗകര്യപ്രദമെങ്കിലും ‘പ്ലക്കോം’ എന്നങ്ങു തലവഴി ഇടുന്ന ഈ ഉടുപ്പിന് യാതൊരു ഷേപ്പുമില്ല. ഇന്നും എന്റെ അഭിപ്രായം അതുതന്നെ. അത് കൊണ്ട് രാത്രി ഉറങ്ങാൻ നേരത്ത് മാത്രമേ ഞാൻ നൈറ്റിക്കുള്ളിൽ കയറാറുള്ളൂ. രാവിലെ അതിൽ നിന്ന് ഇറങ്ങുകയും ചെയ്യും. പകൽ പണ്ട് ഓഫീസിൽ പോയിരുന്നതു പോലെ സാരിയോ, മുണ്ടും നേര്യതുമോ ധരിക്കും. ‘എങ്ങനെയാണിങ്ങനെ ഉടുത്തൊരുങ്ങിയത് പോലെ നിൽക്കുന്നത്?’ എന്ന് പലരും ചോദിക്കാറുണ്ട്. ‘എനിക്കിതു ശീലമാണ്’ എന്ന് എന്റെ മറുപടി.

ഇപ്പോൾ ഏതെല്ലാം ഫാഷനിലുള്ള നൈറ്റികളാണുള്ളത് ! വളരെ പരിഷ്കൃതമായ ഒരു വീട്ടു വസ്ത്രമായി മാറിയിരിക്കുന്നു ഈ ഉടുപ്പ്.

പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന ഒരു കുസൃതിയോട് ഞാൻ ചോദിച്ചു.

‘‘പറയൂ എന്താണ് കേരളത്തിന്റെ ദേശീയ വസ്ത്രം ?’’ (പക്ഷി, മൃഗം, പുഷ്പം ഒക്കെ അവൻ ശരിയായി പറഞ്ഞു കഴിഞ്ഞു.) 

ഒരു സംശയവുമില്ലാതെ അവൻ ഉത്തരം പറഞ്ഞു. ‘‘നൈറ്റി.’’ കേട്ട് നിന്നവർ പൊട്ടിചിരിച്ചു പോയി. 

സാരി അസൗകര്യപ്രദവും അപരിഷ്‌കൃതവുമാണെന്ന അഭിപ്രായം എന്റെ ചില കൂട്ടുകാരികൾക്കുണ്ട്. മിക്കവരും ചുരിദാറിലേയ്ക്ക് മാറി. യുവതിയായശേഷം ഈ വേഷവും പഴയ ബോംബെയിൽ വച്ചാണ് ഞാൻ പരിചയപ്പെട്ടത്. (തീരെ കുട്ടിയായിരിക്കുമ്പോൾ പൈജാമയും ജുബ്ബയും എന്നപേരിൽ ഈ ഉടുപ്പ് തയ്പ്പിച്ച് എന്നെ ഇടുവിച്ചിട്ടുണ്ട് എന്റെ അമ്മ. അതിന്റെ ഫോട്ടോകൾ ഇപ്പോഴുമുണ്ട്.) അന്ന് ഒരു ബോംബെക്കാരിയായി തിരിച്ചു നാട്ടിലെത്തിയപ്പോൾ ഇവിടെ വലിയ പെണ്ണുങ്ങളുടെയിടയിൽ ചുരിദാർ തരംഗം വ്യാപിച്ചിട്ടില്ല. സൽവാർ കമ്മീസിട്ട എന്നെ നോക്കി ‘‘രണ്ടു കുട്ടികളുടെ അമ്മയാണ്. വേഷം കണ്ടില്ലേ?’’ എന്ന് കളിയാക്കിയവർ പോലുമുണ്ട്. അവരൊക്കെ ഇപ്പോൾ ചുരിദാറിൽ നിന്നിറങ്ങുകയില്ല.

‘‘സൽവാറും ചുരിദാറുമൊക്കെ ഇപ്പോൾ വയസ്സായവരുടെ വേഷമാണ്. ജീൻസും കുർത്തയും, സ്കർട്ടും ടോപ്പും, ഫ്രോക്ക് ഒക്കെയാണ് ചെറുപ്പക്കാരുടെ ഡ്രസ്സ്.’’  ഒരു കൗമാരക്കാരി എന്നോട് പറഞ്ഞു. ‘‘കുട്ടികൾക്ക് ഫാഷൻ ഡ്രസ്സുകൾ തന്നെയാണ് നല്ലത്. അത് വേണ്ടത്ര കിട്ടാനുമുണ്ട് മാർക്കറ്റിൽ. പുതിയ പുതിയ ട്രെൻഡുകൾ.’’ പലാസോയും കുട്ടിടോപ്പുമിട്ട അവളുടെ അമ്മയും അതിനോട് യോജിച്ചു.

ശരീരം പ്രദർശിപ്പിക്കുന്ന വസ്ത്രങ്ങൾ നല്ലതല്ല എന്ന് പറഞ്ഞാൽ ന്യൂ ജെനറേഷൻ കുട്ടികൾ എതിർക്കും.

‘‘ഇഷ്ടമുള്ള വേഷം ധരിക്കാൻ നമുക്ക് സ്വാതന്ത്ര്യമില്ലേ? പിന്നെ ശരീരം കാണിക്കുന്നത് മോശമാണ് എന്നത് ഒരു പഴയ ചിന്തയാണ്.’’  ഒരു ന്യൂജെൻ പറഞ്ഞു. 

‘‘ഏയ് അങ്ങനെയൊന്നുമല്ല. നമുക്കൊരു സംസ്കാരമുണ്ട്. മോഡസ്റ്റി അതിൽ പെട്ടതാണ്.’’ പ്രായമായ ഒരു വനിത അതിൽ കയറിപ്പിടിച്ചു.

ആ തർക്കത്തിൽ ഞാൻ ഇടപെട്ടില്ല. അവർ തമ്മിൽ പൊരിഞ്ഞ സംവാദം ആരും ജയിച്ചില്ല ആരും തോറ്റുമില്ല. രണ്ടാളും അവരവരുടെ അഭിപ്രായങ്ങളിൽ ഉറച്ചു നിന്നു.

‘‘നമ്മുടെ പരിധികളും പരിമിതികളും അത് വേഷത്തിലായാലും, മറ്റെന്തു കാര്യത്തിലായാലും, തീരുമാനിക്കേണ്ടത് നമ്മളാണ്. അതിന്റെ ഗുണവും ദോഷവും അനുഭവിക്കുന്നതും നമ്മൾ തന്നെ.’’ എന്നു  പറയാതിരിക്കാൻ എനിക്കായില്ല. .

മെട്രോയിലൊക്കെ സഞ്ചരിക്കുമ്പോൾ കാണാറുണ്ട്, അല്പവസ്ത്ര ധാരികളായ പെൺകുട്ടികളെ. ഉടുപ്പിന് ചുമലിൽ നേരിയ രണ്ടു വള്ളികൾ  മാത്രം. ഇറക്കമോ മുട്ടിനു മുകളിലാണ്. എങ്ങനെയാണു പൊതുസ്ഥലത്ത് ആളുകൾ നിറയുന്ന ഇടങ്ങളിൽ ഇങ്ങനെ നിൽക്കാൻ കഴിയുന്നത് എന്ന് പഴമക്കാർ അതിശയിച്ചേക്കും. പക്ഷേ പുതുമക്കാർക്ക് കൂസലേയില്ല. വസ്ത്രം പേരിനേയുള്ളു എന്ന ഭാവമവർക്കില്ല. അവരെ അടിമുടി തഴുകുന്ന കണ്ണുകളെയും നമ്മൾ കാണാറുണ്ട്. പക്ഷേ അവർ മറ്റുള്ളവരുടെ നോട്ടങ്ങൾ കാണുന്നതേയില്ല. (അതോ കണ്ടില്ലെന്നു നടിക്കുകയാണോ ?)

‘‘അങ്ങനെ വസ്ത്രം ധരിച്ചു വരുന്നവരെയല്ല അവരെ ആർത്തിയോടെ നോക്കുന്നവരെയാണ് തിരുത്തേണ്ടത്. അതവരുടെ തെറ്റാണ്’’ എന്ന് പറയുന്നു  ന്യൂ ജനുകൾ. .

‘‘ഞങ്ങളെ മാന്യത പഠിപ്പിക്കുന്നതിനു പകരം വൃത്തികെട്ട ചിന്തകളുള്ള അവരെ ഉപദേശിക്കൂ.’’ എന്നു കൂടി അവർ കൂട്ടിച്ചേർക്കും. പിന്നെ എന്ത് പറയാൻ ?

തലമുറകൾക്കിടയിലുള്ള വിടവ് പൂർണമായങ്ങു മാറ്റാൻ നമുക്കാവില്ലല്ലോ.      .                              

Content Summary: Kadhayillaimakal column by Devi JS

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS