ഒരു പെൺകുട്ടിയുടെ ഗർഭകാല സ്മരണകൾ

happy-mother-looking
Representative image. Photo Credit : JU.STOCKER/ Shutterstock.com
SHARE

പതിനെട്ടു വയസ്സു തികഞ്ഞാലുടൻ വിവാഹം. അടുത്ത വർഷം അതായത് പത്തൊൻപതിൽ അമ്മയാവുക എന്നത് ഇന്നത്ര സാധാരണമല്ല. കുറേ വർഷങ്ങൾക്ക് മുൻപ് അത് സർവ്വസാധാരണമായിരുന്നു. ആ കൂട്ടത്തിൽ ഞാനും പെട്ടു. പത്തൊൻപതാം വയസ്സിൽ ഒരബദ്ധം പറ്റി. ഒരു കല്യാണം കഴിച്ചു. അന്നങ്ങനെ തോന്നിയില്ല. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ വേണ്ടായിരുന്നു എന്ന് തോന്നുന്നു.

ഡിഗ്രി കഴിഞ്ഞ് ഞാൻ പിജി ക്കു ചേർന്നിട്ടേ ഉണ്ടായിരുന്നുള്ളു. വിവാഹം കഴിച്ചയാളോ, എം ബി ബി എസ് കഴിഞ്ഞതേയുള്ളു. എന്റെ എംഎ പഠിത്തം മുടങ്ങേണ്ട. അയാൾക്കൊരു നല്ല ജോലിയാവട്ടെ. അത് കഴിഞ്ഞു മതി കുട്ടികൾ  എന്ന് ഞങ്ങൾ തീരുമാനിച്ചു. അയാൾക്ക്‌ ജോലിയായി. എന്റെ പഠിത്തം കഴിഞ്ഞു. ഞാൻ പോയി കണവനോടൊപ്പം താമസമായി. എട്ടും പൊട്ടും തിരിയാത്ത എന്നെ സഹായിക്കാനായി കമലാക്ഷിയക്കൻ എന്ന പ്രായമായ സ്ത്രീയെ അമ്മ അയച്ചു തന്നു. അവർ എല്ലാം നന്നായി ചെയ്യും. എനിക്ക് വെറുതേ ഇരിക്കാം, വായിക്കാം, കിടന്നുറങ്ങാം. അന്ന് ഞാൻ കഥകള്‍ എഴുതുന്നത് നിറുത്തിയിരുന്നു.

പെട്ടെന്നൊരു ദിവസം എനിക്ക് വയറിനകത്ത് ഒരു അസ്വസ്ഥത തുടങ്ങി. ഡ് ർ എന്ന് ശബ്ദം കേൾക്കുന്നു. നെഞ്ചെരിച്ചിൽ. ഗ്യാസ് കേറുന്നു. ആകെ എരിപൊരി സഞ്ചാരം. ദഹനക്കേടാവും. ഞാൻ തീരുമാനിച്ചു. വയറ്റിനസുഖത്തിനുള്ള മരുന്നും കഴിച്ചു. താമസിയാതെ ഛർദ്ദിക്കാനും തുടങ്ങി. ഈശ്വരാ അസുഖം കൂടിയത് തന്നെ, ആശുപത്രിയിൽ പോകേണ്ടി വരും.  ഞാൻ ഉറപ്പിച്ചു. ഇതെല്ലാം കണ്ടതും വീട്ടിലെ ഡോക്ടർ ചോദിച്ചു. ‘‘നീ പ്രഗ്നന്റാണോ?.’’ ഞാൻ ചെറുതായൊന്ന് അമ്പരന്നു. 

‘‘അറിയില്ല.’’ ഞാൻ പറഞ്ഞു.  

ഞാൻ അതിനു മുൻപ് ഗർഭം ധരിച്ചിട്ടില്ലല്ലോ. പീരിയഡ്സ് വരേണ്ട സമയത്തിനു മുന്നേ വയറിനകത്ത് കോലാഹലം തുടങ്ങിയതു കൊണ്ട് ഞാൻ സംശയിച്ചില്ല. വീണ്ടും ഒരാഴ്ച വയറിനസുഖവുമായി കഴിച്ചു കൂട്ടിയിട്ടും പീരിയഡ്‌സ് വന്നില്ല. അതോടെ സംഗതി ഉറപ്പായി. പിന്നെ ഛർദ്ദിയുടെ ആഘോഷം തുടങ്ങി. രാവിലെ മുതൽ രാത്രി വരെ അത് തുടര്‍ന്നു.  ഞാൻ വിട്ടു കൊടുത്തില്ല. കഴിക്കാൻ തോന്നുന്നതൊക്കെ കഴിച്ചു. കഴിച്ചു തീരും മുൻപേ ഛർദ്ദിച്ചു. കമലാക്ഷിയക്കന്റെ ശുശ്രൂഷയിൽ നാലഞ്ച് മാസം ഈ യജ്ഞം ഞാൻ തുടർന്നു.  

അപ്പോൾ ഗർഭിണികളെ പ്രസവത്തിനു വിളിച്ചു കൊണ്ടു പോകുന്ന ചടങ്ങുകളൊന്നുമില്ലാതെ എന്റെ അച്ഛനും അമ്മയും എന്നെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോന്നു. ഏറ്റവും സുഖകരമായ ഒരു കാലമായിരുന്നു അത്. അച്ഛനമ്മമാരുടെ ശ്രദ്ധ, അമ്മയുടെ  സഹായികളുടെ പരിചരണം. കൂട്ടിന്  അനുജത്തിമാരും അനുജനും. അവരോടൊപ്പം കുസൃതികള്‍ കാട്ടാൻ എനിക്ക് വയറിനുള്ളിൽ വളരുന്ന കുസൃതി തടസ്സമായില്ല. വരാൻ പോകുന്ന അതിഥി  ആണായാലും  പെണ്ണായാലും അടക്കാനാവാത്ത ആഹ്ളാദത്തോടെയാണ് അവരെല്ലാവരും ആ വരവ് കാത്തിരുന്നത്. മാസങ്ങൾ കടന്നു പോയി. ആ വിരുന്നുകാരൻ വരാനുള്ള സമയമായി. തിരുവനന്തപുരത്തെ എസ്‌. ഏ. റ്റി ആശുപത്രിയിൽ ഡോക്ടർ കല്യാണിക്കുട്ടിയമ്മയാണ് അന്ന് ഏറ്റവും സീനിയർ ആയ ഗൈനക്കോളജിസ്റ്റ്. അവരുടെ അസിസ്റ്റന്റ് ആണ് ഞാൻ ചേച്ചി എന്നു വിളിക്കുന്ന, അടുത്ത ബന്ധുവായ ഡോക്ടർ രാധാഹരിലാൽ. അതു കൊണ്ട് ഞാൻ അവരെ തന്നെ കണ്ടു.

എസ് ഏ റ്റി യിൽ അക്കാലത്ത് പേ വാർഡ് കിട്ടാൻ വലിയ പാടാണ്. നേരത്തെ ബുക്ക് ചെയ്യണം.  പ്രസവം പ്രതീക്ഷിക്കുന്ന തീയതിക്ക് ഒരു മാസം മുൻപേ അച്ഛൻ പേ വാർഡ് ബുക്ക് ചെയ്തു. പെട്ടന്ന് പേ വാർഡ് കിട്ടി. വിട്ടിട്ട് വീണ്ടും ബുക്ക് ചെയ്താൽ സമയത്ത് കിട്ടിയില്ലെങ്കിലോ? ജനറൽ വാർഡിൽ കിടക്കേണ്ടി വരും. അഡ്മിറ്റ് ആവാൻ ചേച്ചിയും പറഞ്ഞു. പരിശോധനകളിൽ എനിക്ക് ബി പിയും അല്പം കൂടിക്കണ്ടു.

അന്ന് എസ് ഏ റ്റി യിലെ  പേ വാർഡിൽ താമസം രാജകീയമാണ്. (ഇപ്പോൾ എങ്ങനെയാണോ ). വളരെ പഴയതെങ്കിലും വൃത്തിയുള്ള മുറിയും ബാത്ത് റൂമും. നാലു നേരവും പേ വാർഡിനുള്ള സ്പെഷ്യൽ ഭക്ഷണം കിട്ടും.  ബൈസ്റ്റാൻഡർക്ക് കൂടി ബെഡ് ഉണ്ട്. മേശ കസേര, ഷെൽഫ്. എല്ലാമുണ്ട്. എനിക്ക് കൂട്ടിനായി അമ്മുമ്മയും മറ്റൊരു പരിചാരികയുമുണ്ട്. അച്ഛനും അമ്മയും രാവിലെ വരും. ഉച്ചയ്ക്ക് വരും. വൈകുന്നേരം വരും. അവർക്ക് ഓഫീസിൽ പോകണം. സമയത്ത്  ലീവെടുത്താൽ മതിയല്ലോ. രാത്രി അമ്മയും അമ്മുമ്മയുമാണ് കൂട്ടിന്. ബി പി കാരണം എനിക്ക് വീട്ടിൽ നിന്ന് കൊണ്ടു വരുന്ന ഉപ്പിടാത്ത ഭക്ഷണം കഴിക്കേണ്ടി വന്നു. ആശുപത്രി ഭക്ഷണം ബൈ സ്റ്റാൻഡർമാർ കഴിച്ചു.

പകൽ സമയം കുറെ കിടന്നു കഴിയുമ്പോൾ എനിക്ക് ബോറാവും. പതുക്കെ എഴുന്നേൽക്കും. കോറിഡോറിൽ അൽപ്പം നടക്കട്ടെ എന്ന് കൂട്ടിരുപ്പുകാരോട് പറഞ്ഞിട്ട് മുറിക്കു പുറത്തിറങ്ങും. അടുത്ത മുറികളിലെ ഗർഭിണികളെയൊക്കെ സന്ദർശിക്കും. പരിചയപ്പെടും. സംസാരവും തമാശകളും ചിരിയുമായി അവരുമായി ചങ്ങാത്തം കൂടും. ‘‘ഡോക്ടർ റൗണ്ട്സിനു വരാറായി ബൈ സ്റ്റാൻഡർമാർ പുറത്തിറങ്ങൂ’’ എന്ന അനൗൺസ് മെന്റ് മായി നഴ്​സ്  വരുമ്പോൾ ഞാൻ വേഗം മുറിയിലേയ്ക്കു പോകും. നല്ലകുട്ടിയായി കിടക്കയിൽ കിടക്കും. എന്റെയീ തോന്ന്യാസം എന്നെ വളർത്തിയ അമ്മുമ്മയ്ക്ക് പിടികിട്ടും. ഒന്നും പറയുകയില്ല, ഒരു കള്ളചിരിയിൽ ഒതുക്കും. ഡോക്ടർ പരിവാര സമേതം ( ജൂനിയർ ഡോക്ടർമാർ, ഹൗസർജൻസ്, നഴ്‌സുമാർ ,സ്റ്റുഡന്റസ് ) വന്ന് വിശേഷങ്ങൾ തിരക്കും. അസ്സിസ്റ്റന്റിനു നിർദ്ദേശങ്ങൾ നൽകും. ചിലപ്പോള്‍ എന്‍റെ കവിളിൽ ഒന്നു തലോടും. പിന്നെ പോകും.

ഒരു ദിവസം ഡോക്ടർ റൗണ്ട്സിനു വരുമ്പോൾ എന്റെ റൗണ്ട്സ് കഴിഞ്ഞിരുന്നില്ല . ഡോക്ടർ എന്നെ പിടികൂടി.

‘‘എന്താ കുട്ടീയിത്.? എന്തിനാ ഇങ്ങനെ ഇറങ്ങി നടക്കുന്നത് ? ചെന്ന് കിടക്കൂ.’’

കിടന്നു കഴിഞ്ഞപ്പോൾ ഡോക്ടറും കൂട്ടരും എന്റെ സമീപം വന്നു. ബി പി നോക്കി, പൾസ് നോക്കി , എന്റെ ഹൃദയമിടിപ്പു നോക്കി. വയറിനുള്ളിലെ  കുഞ്ഞിന്റെ ഹൃദയമിടിപ്പ് നോക്കി. സ്റ്റെതസ്കോപ്പ്  വച്ച് എനിക്കത് കേൾപ്പിച്ചു തന്നു ..ഒരു കുഞ്ഞു ഹൃദയത്തിന്റെ മിടിപ്പ്. അതിന്നും എനിക്കോർമ്മയുണ്ട്. (അമ്പതു കൊല്ലം മുൻപല്ലേ അന്നവിടെ സ്കാൻ ഒന്നുമില്ല )

‘‘ഇത്രയും ചെറിയ പെൺകുട്ടികളെ കല്യാണം കഴിപ്പിക്കുന്നതിന്റെ കുഴപ്പമാണിത്.’’ എന്റെ ചുറ്റിയടിയെപ്പറ്റിയാണ് ഡോക്ടർ സൂചിപ്പിച്ചത്.

‘‘ഏയ് അല്ല. ഞാനത്ര ചെറിയ കുട്ടിയല്ല ഡോക്ടർ. ഇരുപതു വയസ്സായി.’’ ഞാൻ ചാടി വീണു.

ഡോക്ടറും പരിവാരങ്ങളും പൊട്ടിച്ചിരിച്ചു.   

‘‘കണ്ടാൽ പതിനഞ്ച്. പാകത അതിലും കുറവ്.’’ ഡോക്ടർ കളിയാക്കി.

അവർ പോയിക്കഴിഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു മുറിയിലെ വലിയ കണ്ണാടിയിൽ നോക്കി. ശരിയാണ്. പൊക്കമുണ്ടെങ്കിലും വണ്ണം തീരെയില്ല. നീണ്ടു മെലിഞ്ഞ്, വിളറി വെളുത്ത് കറുത്ത സാരിയിൽ പൊതിഞ്ഞ ഒരു ബൊമ്മക്കുട്ടി. (അന്നത്തെ വേഷം സാരിയാണ്. നൈറ്റി ഒന്നുമില്ല. ഗർഭിണികൾ മയമുള്ള വോയിൽ സാരികൾ ധരിക്കും .)

പിറ്റേന്നത്തെ സന്ദർശനവേളയിൽ അടുത്ത മുറിയിലെ ചേച്ചി ചോദിച്ചു.

‘‘വയർ തീരെയില്ലല്ലോ കുട്ടിക്ക്. മാസം തികഞ്ഞില്ലേ? എന്തെങ്കിലും കോംപ്ലിക്കേഷൻ ഉള്ളത് കൊണ്ട് നേരത്തെ അഡ്മിറ്റ് ചെയ്തതാണോ?’’

‘‘ഏയ് അല്ല. മാസമൊക്കെ തികഞ്ഞു. ഉടനെ പ്രസവിക്കും. വേറെ പ്രശ്നമൊന്നുമില്ല.’’ ഞാൻ ഉത്സാഹത്തോടെ പറഞ്ഞു.

എന്റെ വാക്കുകള്‍ തന്നെ അറം പറ്റിയോ? അന്ന് വൈകുന്നേരം എനിക്ക് വല്ലാത്ത ഒരു വയറുവേദന അനുഭവപ്പെട്ടു തുടങ്ങി . വിട്ടുവിട്ട്‌ ഒരു വേദന. ഞാൻ അമ്മയോട് പറഞ്ഞു .

നാലു മക്കളെ പ്രസവിച്ച അമ്മ ഇത് കേട്ടതും പറഞ്ഞു.

‘‘ഇത് പ്രസവ വേദന തന്നെ.’’

‘‘ഡോക്ടർ പറഞ്ഞ ഡേറ്റിന് ഇനിയും ഒരാഴ്ചയുണ്ടല്ലോ’’ അച്ഛന്  സംശയം.

‘‘ഡേറ്റ് അല്പം മുൻപോട്ടോ പിറകോട്ടോ ഒക്കെയാകാം.’’ അമ്മ പറഞ്ഞു. .

അച്ഛൻ പോയി ക്വോർട്ടേഴ്സിൽ താമസിച്ചിരുന്ന ചേച്ചിയെ കൂട്ടിക്കൊണ്ടു വന്നു. ചേച്ചി എന്റെ വയറിൽ  കൈ വച്ചു കൊണ്ട് കുറച്ചു സമയം അടുത്തിരുന്നു. പിന്നെ പറഞ്ഞു, ‘‘ലേബർ പെയിൻ തന്നെ.’’

‘‘എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം.’’ എന്നു പറഞ്ഞിട്ട് ചേച്ചി പോയി. അച്ഛൻ പുറത്തു കാറിലും അമ്മ എന്റെ അടുത്തും കാത്തിരുന്നു.

എന്നെ ഒബ്സെർവേഷൻ റൂമിലേയ്ക്ക് മാറ്റി. വേദന അതി ഭയങ്കരമായി. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ ഇടയ്ക്കിടയ്ക്ക് പരിശോധിക്കാനെത്തി. കൊച്ചു ഗർഭിണി എന്ന പരിഗണനയിൽ ആവാം അമ്മയെ ഇടയ്‌ക്കൊക്കെ എന്റെ അടുത്ത് വരാനും പുറം തടവിത്തരാനുമൊക്കെ അവർ അനുവദിച്ചു. ഇടയ്ക്കെപ്പോഴോ ചേച്ചിയും വന്നിട്ട് പോയി. 

രാത്രി ഏറെ വൈകി എന്നെ ലേബർ റൂമിലേയ്ക്ക് മാറ്റി. അവിടെ അമ്മയ്ക്ക് പ്രവേശനമില്ല. അപ്പോഴേയ്ക്കും വേദന എനിക്ക് സഹിക്കാവുന്നതിനും അപ്പുറമെത്തിയിരുന്നു. ഇടയ്ക്ക് അടുത്തു വന്ന ജൂനിയർ ഡോക്ടർമാർ ‘‘ഒന്നുമായില്ല. നല്ല പെയിൻ വരട്ടെ’’ എന്ന് പറയുന്നതു കേട്ട്, ഇതിലും വലിയ വേദന വരാനിരിക്കുന്നതേയുള്ളൂ എന്നറിഞ്ഞു ഞാൻ നടുങ്ങി.  വേദനയുടെ ആധിക്യത്തിൽ എനിയ്ക്കു കരയാൻ പോലുമായില്ല. അല്ലെങ്കിലും അന്നും എനിക്ക് നല്ല സഹനശക്തിയുണ്ട്.                                                      

നേരം വെളുക്കാറായി. ചുറ്റും വെള്ള കർട്ടൻ കൊണ്ട് മറച്ച ഒരു കിടക്കയിലാണ് ഞാനപ്പോൾ. ആശുപത്രിക്കുപ്പായങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ചേച്ചിയുടെ മുഖം ഞാൻ  കണ്ടു. പക്ഷേ എന്റെ കണ്ണുകൾ അടഞ്ഞടഞ്ഞ്‌ പോകുന്നു. ഞാൻ ഏതോ അഗാധതയിലേയ്ക്ക് താഴ്ന്നു താഴ്ന്നു പോകുന്നതു പോലെ. 

‘‘അയ്യേ കുട്ടീ ഉറങ്ങല്ലേ. കണ്ണ് തുറക്കൂ. ഞങ്ങളോട് സഹകരിക്കൂ’’ എന്നൊക്കെ ആരോ പറയുന്നുണ്ടായിരുന്നു.

‘‘അനസ്​ത്തെറ്റിസ്റ്റ് വന്നു’’ എന്ന് പറയുന്നത് ഞാൻ കേട്ടു. നനഞ്ഞ പഞ്ഞിയോ തണുത്ത കൈകളോ മുഖത്തമർന്നു. 

‘‘നന്നായി ശ്വാസം വലിച്ചെടുക്കൂ, എണ്ണൂ .. ഒന്ന് ,രണ്ട് ,മൂന്ന്,  എനിക്ക് ഒന്നും കഴിയുമായിരുന്നില്ല. മയക്കത്തിന്റെ ആഴത്തിലേയ്ക്ക് ഞാൻ ആണ്ടുപോയി. എന്തൊരു സുഖം! വേദനയിൽ നിന്ന് ആശ്വാസം!

‘‘കുട്ടീ കണ്ണ് തുറക്കൂ’’ വീണ്ടും ആ വിളി കേട്ടാണ് ഞാനുണർന്നത്. എത്രനേരം മയങ്ങി എന്നറിയില്ല. ചേച്ചി മുന്നിലുണ്ട്.

‘‘കുഞ്ഞിനെ കാണണ്ടേ... മോനാണ്. ദേ നോക്കൂ.’’ ചിരിച്ചു കൊണ്ട് ചേച്ചി പറഞ്ഞു. 

നഴ്‌സ് കുഞ്ഞിനെ അടുത്തു കൊണ്ടു വന്നു. ഞാൻ കണ്ടു. വെളുത്തു മെലിഞ്ഞു നീണ്ടൊരു കുഞ്ഞ്! തല വല്ലാതെ നീണ്ടിരിക്കുന്നു. നെറ്റിയിലും മുഖത്തുമൊക്കെ അവിടവിടെ വയലറ്റ് നിറം. അയ്യേ ഇതാണോ ഞാൻ ഭാവനയിൽ കണ്ട് ആനന്ദിച്ചിരുന്ന എന്റെ കുഞ്ഞ് ?

‘‘ഫോർസെപ്സ് ഇട്ടതിന്റെയാണ്. തലയൊക്കെ ശരിയായിക്കൊള്ളും. മുഖത്തെ ചെറിയ പോറലുകളിൽ ജെൻഷൻ വയലറ്റ് പുരട്ടിയതാണ്.’’ ചേച്ചി വിശദീകരിച്ചു

അമ്മയെ ചേച്ചി അകത്തു കൊണ്ടു വന്നു. എന്നെയും കുഞ്ഞിനേയും കാണിച്ചു.  എന്റെ അമ്മയുടെ മുഖം അപ്പോഴും ഉത്‌ക്കണ്ഠകുലമായിരുന്നു.  

വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. എന്റെ മകന്‍ അവന്റെ അമ്മയുടെ സ്വപ്നങ്ങളിലെ സുന്ദരനായി വളര്‍ന്നു വന്നു. അവന് അഞ്ചു വയസ്സ് കഴിഞ്ഞപ്പോഴാണ് എനിക്ക് വീണ്ടും ആ വയറിനസുഖം തുടങ്ങിയത്. വയറു വേദന,ഡ്ര്‍ എന്ന ഒച്ച. എരിച്ചില്‍. ഏമ്പക്കം. പീരിയഡ്സ് തീയതിക്ക് ഒരാഴ്ച മുന്‍പാണ്‌ വയറിനകത്ത്‌ ആ പഴയ കോലാഹലം തുടങ്ങിയതെങ്കിലും ഇത്തവണ എനിക്കു സംശയമേ ഉണ്ടായില്ല. ഛർദ്ദി കൂടി തുടങ്ങിയതോടെ ഉറപ്പായി. മാത്രമല്ല ഈ സേഫ് പീരിയഡ് എന്ന് പറയുന്നത് അത്ര സേഫ് ഒന്നുമല്ല എന്ന് കൂടി മനസ്സിലായി.

പഴയ കളിക്കുട്ടിയൊന്നുമായിരുന്നില്ല അപ്പോള്‍ ഞാന്‍. അതു കൊണ്ട് തികഞ്ഞ ക്ഷമയോടെ, പാകതയോടെയാണ് ഞാന്‍ ആ ഗര്‍ഭകാലം കഴിച്ചു കൂട്ടിയത്. പ്രസവവുമതേ. അപ്പോഴും ആ വേദന അസഹനീയം തന്നെ ആയിരുന്നു എങ്കിലും ആദ്യത്തെപ്പോലെ തളര്‍ന്നു ബോധം പോയില്ല. അനസ്​തേസിയയും ഫോര്‍സെപ്സും വേണ്ടി വന്നില്ല. തമാശകള്‍ പറഞ്ഞ്  എന്നെ ചിരിപ്പിക്കാന്‍ ശ്രമിച്ച, ഡോക്ടര്‍ രമണി രാജനോടും നഴ്സ്​മാരോടും (കുഞ്ഞാലൂസ് നഴ്സിംഗ് ഹോം കൊച്ചി )    പരിപൂര്‍ണമായി സഹകരിച്ചു കൊണ്ട് ഒരു സുഖപ്രസവം ഞാന്‍ അനുഭവിച്ചു. എനിക്കെന്റെ മകളെ കിട്ടി.

ഇരുപത്തഞ്ചോ ഇരുപത്താറോ വയസ്സായിട്ടേ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുകയും ഗര്‍ഭം ധരിക്കുകയും അമ്മയാകുകയും ഒക്കെ ചെയ്യാന്‍ പടുള്ളൂ എന്ന ഇപ്പോഴത്തെ ചില പ്രയോഗികമതികളുടെ അഭിപ്രായത്തോട് , സ്വന്തം അനുഭവങ്ങളുടെ  വെളിച്ചത്തില്‍, ഞാനും യോജിക്കുന്നു.  

Content summary: Kadhayillaimakal column by Devi JS on Experiences of pregnancy      

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS