സ്വയം പരസ്യം നല്കാൻ ഒരു വേദി

kadhayillaimakal-column-by-devi-js-on-self-admiration
Representative image. Photo Credits: baranq/ Shutterstock.com
SHARE

സോഷ്യൽ മീഡിയായിലൂടെ ആളുകൾ പലതും പോസ്റ്റ് ചെയ്യുന്നത് വിശേഷങ്ങൾ അറിയിക്കാൻ മാത്രമാണോ? യാത്രകൾ പോകുന്നത്, ആഘോഷങ്ങൾ നടത്തുന്നത്, കാറ് വാങ്ങുന്നത്, പുതിയ ജോലി കിട്ടുന്നത്, വീട് വയ്ക്കുന്നത്, ഒരു കുഞ്ഞുണ്ടാവുന്നത്, നേട്ടങ്ങൾ കൊയ്യുന്നത്, വേണ്ടപ്പെട്ടൊരാൾ മരിക്കുന്നത്, ഇങ്ങനെ എന്തൊക്കെ കാര്യങ്ങളാണ് പരസ്പരം പങ്കു വയ്ക്കാനുള്ളത്!

ഇതിനു പുറമേ മക്കളുടെ യൂ. കെ. ജി മുതൽ പിഎച്ച്. ഡി  വരെയുള്ള കോൺവൊക്കേഷൻ പടങ്ങൾ നാട്ടുകാരെ മുഴുവൻ കാണിക്കണ്ടേ? മാത്രമോ വിവാഹനിശ്ചയം, വിവാഹം, ഗർഭം, പ്രസവം, വിവാഹമോചനം ഇതൊക്കെ പബ്ലിക്കിന് താത്പര്യമുള്ള വിഷയം തന്നെ.അവനവന്റെ മാത്രമല്ല, മക്കളുടെയും സുഹൃത്തുക്കളുടെയും പരിചയക്കാരുടേയുമെല്ലാം ഇത്തരം കാര്യങ്ങൾ കൊട്ടിഘോഷിക്കണ്ടേ? 

കവികളാണെങ്കിൽ രചിക്കുന്ന കവിതകൾ -ഹൈക്കു മുതൽ മഹാകാവ്യം വരെ -പോസ്റ്റ് ചെയ്ത്  ജനത്തെ വെറുപ്പിക്കും. അയ്യോ അങ്ങനെ പറയരുത്. കവിതകൾ വായിക്കുകയും ആസ്വദിക്കുകയും കവികളെ അഭിനന്ദിക്കുകയും ചെയ്യുന്ന ധാരാളം പേരുണ്ട്. (ഹോ അസൂയയാണോ ദേവിചേച്ചീ). കഥയെഴുത്തുകാരും മോശമല്ല. ഏതു മാഗസിനിൽ കഥ വന്നാലും അതു പോസ്റ്റ് ചെയ്യും. നല്ലതു തന്നെ. എല്ലാവർക്കുമിപ്പോൾ എല്ലാ പ്രസിദ്ധീകരണങ്ങളും വാങ്ങി വായിക്കാൻ പറ്റുമോ? പ്രത്യേകിച്ച് എന്നെപ്പോലെയുള്ളവർക്ക്. കഥ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വളരെ നന്നായിട്ടുണ്ട് എന്ന് കമന്റ് ഇടുകയുമാവാം.

പുസ്തകങ്ങൾ ഇറങ്ങിയാൽ അതിന്റെ പരസ്യം ഇത്രയും ഫലപ്രദമായി എവിടെയാണ് കൊടുക്കാനാവുക. അത് കണ്ടുവേണ്ടേ വായനക്കാർ പുസ്തകം വാങ്ങാൻ. പുസ്തകം വായിച്ചവരുടെ അഭിപ്രായങ്ങളും ഷെയർ ചെയ്യാം. പ്രസിദ്ധിക്ക് ഇനിയെന്തു വേണം !

സെൽഫ് അഡ്മിറേഷൻ ഒരു തെറ്റൊന്നുമല്ല. അതു കൊണ്ട് നന്നായി എന്ന് അവരവർക്കു തോന്നുന്ന ഏതു പടവും ,അത് ഫോട്ടോഗ്രാഫർ എടുത്തതോ സെൽഫിയോ ആവട്ടെ. പ്രൊഫൈൽ പിക്ചറായോ, സ്റ്റാറ്റസായോ, സ്റ്റോറിയായോ ഒക്കെ പ്രകാശിപ്പിക്കാം. എത്ര മോശം പടമായാലും ഒരായിരം ലൈക്കും ഒരഞ്ഞൂറ് കമൻറ്റും ഉറപ്പ്. എന്ത് ഭംഗി, നല്ല പടം ,അടിപൊളി എന്നൊക്കെയല്ലാതെ ആരെങ്കിലും പറയുമോ?

കവിത ചൊല്ലുകയോ, പാട്ടു പാടുകയോ, നൃത്തം ചെയ്യുകയോ, അങ്ങനെ എന്തു പരിപാടി വേണമെങ്കിലും അവതരിപ്പിക്കാം. ഫീസൊന്നും കൊടുക്കണ്ട.

കൊച്ചു കുട്ടികളുടെ പ്രകടനങ്ങളാണ് വളരെ കേമം. ഇതിന് മാതാപിതാക്കളുടെ പിന്തുണ ഉണ്ടാവും.. പാട്ട്, മിമിക്രി, ടിക്ടോക് അങ്ങനെ എന്തെല്ലാമാണെന്നോ ? കുഞ്ഞുങ്ങൾ കൊഞ്ചി കൊഞ്ചി പറയാൻ തുടങ്ങുന്നത് മുതൽ ഉള്ളതെല്ലാം  ഇടുന്നതു കണ്ടാൽ തോന്നും ഈ ലോകത്ത് ഒരാൾക്ക് ആദ്യമായാണ് ഒരു കുട്ടി ഉണ്ടായതെന്ന്. ആദ്യമായാണ് ഒരു കുഞ്ഞ് കൊഞ്ചിക്കൊഞ്ചി പേശുന്നതെന്ന്. ഇതെല്ലം എല്ലായിടത്തും പതിവുള്ള കാര്യങ്ങൾ തന്നെ. പിന്നെ അവരെ കുറ്റം പറയാനാവില്ല.'കാക്കയ്ക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ് ' എന്നല്ലേ ചൊല്ല്.പിന്നെ കുട്ടികൾ എന്തു കാണിച്ചാലും കാണികളും രസിക്കും. കാരണം എല്ലാവരും കുഞ്ഞുകുട്ടി പരാധീനങ്ങൾ ഉള്ളവരല്ലേ ?

പത്താം ക്ലാസ്സിലെയോ പന്ത്രണ്ടാം ക്ലാസ്സിലെയോ റിസൾട്ട് വന്നാൽ കഴിഞ്ഞു. ഫുൾ ഏ പ്ലസ് കിട്ടിയവരുടെ പടവും വിശദമായ മാർക്ക് ലിസ്റ്റും ഒക്കെ നമ്മുക്ക് കാണാൻ കഴിയും. മാർക്ക് കുറഞ്ഞവർ വിഷമിക്കേണ്ട.അവരെ ആശ്വസിപ്പിക്കാനും കുറേപ്പേർ ഇറങ്ങി പുറപ്പെടുകയായി.

"98 %മാർക്ക് വാങ്ങിയ കുട്ടികളുടെ മാതാപിതാക്കളുടെ പോസ്റ്റുകൾ കണ്ടപ്പോൾ വിഷമം തോന്നി." ഗംഗ പറഞ്ഞു.

 "എന്തിന് "ഞാൻ ചോദിച്ചു."അതവരുടെ സന്തോഷമല്ലേ ?"

"അല്ല ചേച്ചീ, മാർക്ക് കുറഞ്ഞ കുട്ടികളുടെയും  അവരുടെ പേരന്റ്സിന്റെയും  മുന്നിൽ ഒരു പൊങ്ങച്ചമാണത്." ഗംഗയുടെ മകൾക്കു മാർക്ക് കുറവാണ്. അതുകൊണ്ടാണവൾക്ക് വിഷമം തോന്നിയത്.

 "അങ്ങനെ നിരാശപ്പെടേണ്ട ഗംഗേ. ഇനി ഒരു പക്ഷേ പഠിച്ച് ഏറ്റവും നല്ല നിലയിലെത്തുക അവളാകും." ഞാൻ ആശ്വസിപ്പിച്ചു. പിന്നെ നേരിയ ഒരു പുഞ്ചിരിയോടെ പറഞ്ഞു." നിന്റെ മകൾക്ക് 98 % കിട്ടിയെങ്കിൽ നീയും പോസ്റ്റ് ചെയ്തേനെ അല്ലേ ?"  ഗംഗ മിണ്ടിയില്ല.

ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. സ്വാതന്ത്ര്യം. പരിഭവം തോന്നിയിട്ട് എന്ത്  കാര്യം. സോഷ്യൽ മീഡിയയുടെ ലക്ഷ്യം തന്നെ അതല്ലേ? വാർത്തകൾ പരത്തുക. രഹസ്യങ്ങൾ പരസ്യമാക്കുക. പൊങ്ങച്ചവും ആത്മപ്രശംസയും അഹങ്കാരവും ഒക്കെ പ്രകടിപ്പിക്കാനുള്ള തട്ടകം. മറ്റുള്ളവരെ പുച്ഛിക്കേണ്ട കാര്യമില്ല. നമിക്കും വേണമെങ്കിൽ ഇതൊക്കെ ആകാവുന്നതേയുള്ളു. പക്ഷേ പരസ്യമായി നമ്മളെ അഭിനന്ദിക്കുന്നവർ രഹസ്യമായി പരിഹസിക്കുന്നുണ്ടാവും എന്നത് മറക്കരുത്.            

വിദേശരാജ്യങ്ങളൊന്നും കണ്ടിട്ടില്ല എന്ന നിരാശ വേണ്ട. അവിടമൊക്കെ സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചവർ, ആ രാജ്യങ്ങളിലെ മനോഹാരിത മുഴുവൻ ഒപ്പിയെടുത്ത്  ഫോട്ടോകളായും  വിഡിയോകളായും  നമ്മളെ കാട്ടിത്തരും. നയാഗ്രാ വെള്ളച്ചാട്ടം കാണണോ, ആംസ്റ്റർ ഡാമിലെ ടൂലിപ്സ് കാണണോ, ലോകമെമ്പാടുമുള്ള അദ്‌ഭുതങ്ങൾ കാണണോ-നിങ്ങൾക്ക് സുഹൃത്തുക്കൾ ഉണ്ടായിരുന്നാൽ മാത്രം മതി.

ഈ കാഴ്ചകളൊക്കെ പരസ്യമായി പോസ്റ്റ് ചെയ്യുക. എല്ലാവരും കണ്ട്  ആസ്വദിക്കട്ടെ . എന്റെ ഒരു സുഹൃത്ത് വിദേശത്ത് അവർ  സന്ദർശിക്കുന്ന ഇടങ്ങളിലെ  ചിത്രങ്ങൾ മുഴുവൻ എനിക്ക് മാത്രമായി എന്റെ വാട്ട്സാപ്പിൽ അയച്ചുതരും. അവർ  എൻജോയ് ചെയ്യുന്നതിൽ സന്തോഷമുണ്ട്. എങ്കിലും കിടപ്പിലായിപ്പോയ എന്റെ മകന് ഇതൊന്നും സാധിക്കില്ലല്ലോ എന്ന് ചിലപ്പോഴൊക്കെ ഓർത്തു പോകാറുണ്ട്. തീർച്ചയായും ഇത് അസൂയ അല്ല.  ഒരമ്മ മനസ്സിന്റെ നൊമ്പരമാണ്.

മുകളിൽ പറഞ്ഞ കാര്യങ്ങളൊന്നും ആരെയും കളിയാക്കിയതല്ല. ചില ചിന്തകൾ തുറന്നു പറഞ്ഞു എന്നേയുള്ളു .

'പന്തയം പന്തയം ഒരു പന്തയമാണീ ജീവിതം,  ജയിച്ചവർക്കല്ല, തോറ്റവർക്കല്ല, തുറന്ന മനസ്സിനാണീ ട്രോഫി." എന്നൊരു പാട്ട് കേട്ടിട്ടില്ലേ?                   

                   

English Summary : Kadhayillaimakal column by Devi J S on self admiration

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}