കുട്ടി ആണോ പെണ്ണോ ?

kadhayillaymakal-devi-js
SHARE

വർഷങ്ങൾക്ക് മുൻപാണ്. നഗരത്തിലെ പ്രസിദ്ധമായ ഒരു തുണിക്കടയിൽ ഞാൻ നിൽക്കുകയാണ്. ഒരു വശത്ത് നിരനിരയായി തൂക്കിയിട്ടിരിക്കുന്ന വർണശബളമായ 'പെൺകുട്ടിയുടുപ്പുകൾ' നോക്കി നിന്നൂ ഞാൻ. 'ഇതൊക്കെ ആരാവും വാങ്ങുക.' ഞാൻ ചിന്തിച്ചു. എനിക്കന്ന്  എന്റെ മകൻ മാത്രമേയുള്ളു. അവന് അഞ്ചു വയസ്സ് കഴിഞ്ഞു എങ്കിലും അടുത്ത കുട്ടി വേണം എന്ന് ഞാൻ ചിന്തിച്ചു തുടങ്ങിയിരുന്നില്ല.  മകന് വേണ്ടി ഉ ടുപ്പുകൾ  തെരഞ്ഞെടുക്കുന്നതിനിടയിൽ ഞാൻ പിന്നെയും ചിന്തിച്ചു. പെൺകുഞ്ഞുങ്ങൾ    ഉള്ളവർ ആ നിറച്ചാർത്തുകൾക്കിടയിലാവും ഉടുപ്പുകൾ തിരയുക! അടുത്തത്  ഒരു പെൺകുട്ടി ഉണ്ടാവണം എന്ന് ആശിച്ചിട്ടൊന്നുമല്ല ഞാൻ ആ ഭംഗി ആസ്വദിച്ചു നിന്നത്.  ആ കുട്ടിഫ്രോക്കുകൾക്ക് എന്തൊരു ചന്തം ! 

പിന്നെയും ഒന്നു  രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടാണ് എനിക്ക് രണ്ടാമതൊരു കുട്ടി അതിന്റെ വരവറിയിച്ചത്. ആദ്യത്തെ കുട്ടി ആണായതു  കൊണ്ട് അടുത്തത്  പെണ്ണാവണം   എന്ന മോഹം സ്വാഭാവികം. പക്ഷെ എന്നെ കാണുന്ന മുതിർന്ന  സ്ത്രീകളെല്ലാം ചില ലക്ഷണങ്ങൾ നോക്കി പ്രവചിച്ചു -  

'ഇതും ആൺകുട്ടി തന്നെ'.

 എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ആശിച്ചില്ല എന്നു  പ റഞ്ഞാൽ  അത് സത്യമല്ല. ആശിച്ചു എന്നു  പറഞ്ഞാൽ അതും നുണ. രണ്ടിനുമിടയ്ക്ക് ...ആണായാലെന്താ പെണ്ണായാലെന്താ ആരോഗ്യവും ആയുസ്സും ബുദ്ധിയുമുള്ള കുട്ടിയാവണം എന്ന് പതിവുപോലെ ദൈവത്തിന് വിട്ടു കൊടുത്ത് ഞാൻ കാത്തിരുന്നു .

പ്രസവമുറിയിൽ കുഞ്ഞിനെ കാലിൽ തൂക്കി ഉയർത്തി ഉത്സാഹത്തോടെ എന്റെ ഡോക്ടർ പറഞ്ഞു. 

 'ദേ മോളാണ് കേട്ടോ.'

എനിക്ക് സന്തോഷം തോന്നി . അന്ന് എന്റെ മകന്റെ  പിറന്നാൾ ദിവസമായിരുന്നു .(ഡേറ്റ് ഓഫ് ബർത്ത് ).കുഞ്ഞിനെ കാണാനെത്തിയ  മകന്റെ മടിയിൽ എന്റെ അമ്മ പതുക്കെ കുഞ്ഞിനെ വച്ചു കൊടുത്തു. അപ്പോൾ ഞാൻ പറഞ്ഞു. 

'ഇതാ അമ്മയ്ക്ക് തരാൻ  പറ്റുന്ന ഏറ്റവും നല്ല പിറന്നാൾ സമ്മാനം.'  

ഇന്നും അവനു കിട്ടിയ ഏറ്റവും വലിയ സമ്മാനം തന്നെയാണ്  അവൻ്റെ അനിയത്തി.

രണ്ടു ആൺകുട്ടികൾ ഉള്ള അച്ഛനമ്മമാർ ഒരു പെൺകുട്ടിയെ ആശിക്കും. മറിച്ച് രണ്ടു പെൺകുട്ടികൾ ഉള്ളവർ ഒരു പുത്രനെ മോഹിക്കും. പ്രാർത്ഥനകളും വഴിപാടുകളും നടത്തും. അതൊക്കെ പണ്ട്! ഇപ്പോൾ ഒരു കുട്ടി മതി എന്ന് തീരുമാനിക്കുന്നവർക്ക് ആണായാലെന്താ പെണ്ണായാലെന്താ ?പക്ഷെ ഇന്നും ആണിനുവേണ്ടി അല്ലെങ്കിൽ പെണ്ണിനു വേണ്ടി ഉള്ള ആഗ്രഹത്തിൽ (വാശിയിൽ) കുട്ടികളുടെ എണ്ണം കൂട്ടുന്നവരുണ്ട് കേട്ടോ?

ആദ്യത്തെ കണ്മണി ആണായിരിക്കണം എന്ന് മോഹിച്ച ശോഭയ്ക്ക്, ഒന്നാമത്തേതും രണ്ടാമത്തേതും മൂന്നാമത്തേതും പെണ്ണായപ്പോൾ ഞങ്ങൾ അവളെ കളിയാക്കി. 

'ശോഭ വാശിയിലാണ്. ആൺകുട്ടി ഉണ്ടാവുന്നതുവരെ പ്രസവിക്കും.' 

പക്ഷേ  അവൾ പിന്നെ പ്രസവിച്ചില്ല. 

'മൂന്നാമത്തേത് തന്നെ ഒരു പരീക്ഷണമായിരുന്നു. ഇനി വയ്യ', എന്നാണ് ഞങ്ങളുടെ കളിയാക്കലിന് അവൾ പറഞ്ഞ മറുപടി.               

 പക്ഷേ ഞങ്ങളുടെ അയൽക്കാരി  സുമ വിട്ടില്ല. അവൾ അഞ്ചു പ്രസവിച്ചു. അഞ്ചാമൻ ആൺകുട്ടി  തന്നെയായി. 'മൂന്നാമൻ മുടിയൻ, നാലാമൻ നാടുവാഴി, അഞ്ചാമൻ പഞ്ചവർണക്കിളി' എന്നൊരു ചൊല്ല് പറഞ്ഞ്  ഞങ്ങൾ അവളെ അഭിനന്ദിച്ചു.              

രണ്ടാൺ മക്കൾ വീതമുള്ള രജനിയോടും സിന്ധുവിനോടും ഞാൻ വെറുതെ ചോദിച്ചു. 

'രണ്ടാമത് പെണ്ണാവണമെന്ന് ആശിച്ചിരുന്നോ?'.

 'ഏയ് ഇല്ല. ഏതായാലും മതി എന്നായിരുന്നു'  അതായിരുന്നു . രണ്ടു പേരുടെയും മറുപടി. 

ഏതായാലും ആണായിപ്പോയില്ലേ? ഇനി പറഞ്ഞിട്ടെന്തു  കാര്യം .എന്ന് കരുതി പറഞ്ഞതാവും എന്നെനിക്കു തോന്നി. ഇളയ മകനെ പെൺകുട്ടിയുടെ ഉടുപ്പുകളിട്ട് ഒരുക്കി ഫോട്ടോ എടുത്തു വച്ച സിന്ധു ആശിച്ചില്ല എന്ന് പറഞ്ഞപ്പോൾ  എനിക്ക് ചിരി വന്നു.

 'പിന്നെ എന്തിനാ നീ ഇളയ മകനെ പെൺവേഷം കെട്ടിച്ചത് ?'എന്ന് ഞാൻ ചോദിച്ചില്ല.

എന്റെ മകൾക്കു ആദ്യത്തേത് ആൺകുട്ടിയാണ് ,രാമു . 

'രണ്ടാമത്തേത് പെണ്ണാവണം   എന്ന് നീ ആഗ്രഹിച്ചിരുന്നോ ?'ഞാൻ അവളോട് ചോദിച്ചു.

'ഇല്ലമ്മേ. രാമു ഇപ്പോഴും അനിയൻ മതി കൂടെ  കളിക്കാൻ എന്ന് പറയുമായിരുന്നു. അതു  കൊണ്ട് ഞാനും ആണാവട്ടെ എന്ന് കരുതി.പിന്നെ പെൺകുട്ടിയായാൽ കൂടുതൽ ടെൻഷൻ അല്ലേ? ' 

അത് പറയുമ്പോൾ 'മിലി കേൾക്കണ്ട ' എന്ന് കൂടി അവൾ കൂട്ടി ചേർത്തു.

 മകളുടെ ഭർത്തൃ ഗൃഹത്തിൽ ആൺകുട്ടികളേയുള്ളു. അതു  കൊണ്ട് അവർ സ്വാഭാവികമായും പെണ്ണിനെ കൊതിച്ചു. സത്യം പറയട്ടെ,ഞാനും. അങ്ങനെ ഏഴര വർഷത്തിന് ശേഷം ഞങ്ങൾക്ക് മിലി എന്ന  'പ്രെഷ്യസ് ഗേളിനെ' കിട്ടി.

 സഹോദരീ തുല്യയായ ഒരു കൂട്ടുകാരിക്ക് മൂന്ന് ആൺമക്കളായിരുന്നു.

 'ഒരു മകൾ കൂടി ആകാമായിരുന്നു.' ഞാൻ ഒരിക്കൽ അവരോടു പറഞ്ഞു .

 'ഏയ് വേണ്ട എനിക്ക് ആൺകുട്ടികളെയാണ് ഷ്ടം. പെണ്ണിനെ ഇഷ്ടമേയല്ല.'.അവർ പറഞ്ഞു. 

 'കിട്ടാത്ത മുന്തിരി ' എന്ന് ഞാൻ മനസ്സിലോർത്തു. കാലം കഴിഞ്ഞു.അവരുടെ മൂന്നു ആൺമക്കൾക്കും പെൺകുട്ടികളാണ് ഉണ്ടായത്. ആകെ ആറ് പെൺപേരക്കുട്ടികൾ.! 'ഇപ്പോഴും പെൺകുട്ടികളെ ഇഷ്ടമല്ലേ ?'എന്ന ചോദ്യം പലതവണ എന്റെ നാവിൻ തുമ്പിലെത്തി.പക്ഷേ ചോദിച്ചില്ല.  ഞാൻ അങ്ങനെയാണ്. ഉള്ളിൽ ചിരിക്കുകയെ ഉള്ളൂ. 

'എനിക്ക് പെണ്മക്കൾ മതി.അതാണിഷ്ടം എന്ന് എപ്പോഴും പറയുമായിരുന്ന എന്റെ അമ്മ, മൂന്നു പെണ്മക്കളോടൊപ്പം ഒരു മകൻ ഉണ്ടായപ്പോൾ അവനോട് വലിയ പക്ഷഭേദം കാണിച്ചിരുന്നു. ഞങ്ങൾ മൂന്നു സഹോദരിമാരും ആ 'മകൻ സ്നേഹം' പരിഭവമില്ലാതെ അംഗീകരിച്ചിരുന്നു, എങ്കിലും അപ്പോഴും ഞാൻ മനസ്സിൽ ചിരിച്ചിരുന്നു 

ആണായാലെന്താ പെണ്ണായാലെന്താ എന്ന് പറയുമ്പോഴും നമ്മൾ രണ്ടും മോഹിയ്ക്കാറുണ്ട് എന്നതല്ലേ സത്യം? രണ്ടും നമുക്ക് വേണം താനും.           

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}