ഭൂമി കറങ്ങുന്നുണ്ടോ ?

kadhaillayimakal-column-by-devi-js-about-ear-balance
Representative image. Photo Credits: Tunatura/ Shutterstock.com
SHARE

ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നുണ്ട്. മാത്രമല്ല ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങുന്നുമുണ്ട്.പക്ഷേ  ഈ രണ്ടു കറക്കങ്ങളും നമ്മൾ അറിയാറില്ല. അറിഞ്ഞിരുന്നെങ്കിൽ സ്ഥിതി എന്താകുമായിരുന്നു! എന്നാൽ ഭൂമിയുടെ ഈ ഭ്രമണം ഇടയ്ക്കു നമുക്കറിയാൻ കഴിയും. ചില പ്രഭാതങ്ങളിൽ എനിക്ക് ചുറ്റുമുള്ള എല്ലാം കറങ്ങാൻ തുടങ്ങും. ശ്ശെടാ ഇതെന്താ? ഞാൻ അന്തം വിടും. മുറിയാകെ കറങ്ങുന്നു. ഫാനും ലൈറ്റുകളം, മുറിയിലുള്ള ഫർണിച്ചറും മറ്റെല്ലാ  ഉപകരണങ്ങളും കറങ്ങുന്നു. എഴുന്നേറ്റു നടക്കുമ്പോൾ ബാലൻസ് തെറ്റുന്നു. വീഴാതിരിക്കാൻ ഞാൻ പാടുപെടുന്നു. ഭൂമിയുടെ കറക്കം കൊണ്ടാണോ ഇങ്ങനെ ഉണ്ടാകുന്നത് ?ഞാൻ സംശയിച്ചു 

ഈ വിവരം ഞാൻ പറഞ്ഞപ്പോൾ അനുഭവസ്ഥരായ സുഹൃത്തുക്കളും ബന്ധുക്കളും പറയാൻ തുടങ്ങി. ചെവിയിലെ ഫ്ലൂയിഡ് സ്ഥാനം തെറ്റുന്നതു കൊണ്ടാണ് ഇതുണ്ടാകുന്നത്. നമ്മുടെ ബാലൻസ് നിയന്ത്രിക്കുന്നത് ചെവിക്കുള്ളിലെ ദ്രാവകമാണ്. ഈ അവസ്ഥയുടെ പേരും അവർ പറഞ്ഞു. ഞാൻ ഡോക്ടറെ കണ്ടു. എഴുതിത്തന്ന ഗുളിക വാങ്ങിക്കഴിച്ചു. തലകറക്കം മാറി. പക്ഷേ  ഗുളിക നിർത്തി ഏതാനും ദിവസം കഴിഞ്ഞപ്പോൾ  വീണ്ടും  കറക്കം തുടങ്ങി. പിന്നെയും  ആശുപത്രി, ഡോക്ടർ !അവർ എന്നെ മലർത്തിക്കിടത്തി. അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ചരിച്ചു. പിന്നെ എഴുന്നേൽപ്പിച്ചു. കണ്ണടച്ച് പിടിക്കാൻ പറഞ്ഞു. ഇരുവശത്തും രണ്ടു നേഴ്സ് മാർ പിടിച്ചു . അങ്ങോട്ടും  മിങ്ങോട്ടും കണ്ണടച്ചു കൊണ്ട് തന്നെ നടത്തിച്ചു. എന്നിട്ട്  ഡോക്ടറുടെ  മുന്നിൽ കൊണ്ടിരുത്തി.

ഡോക്ടർ ഉപദേശിക്കാൻ തുടങ്ങി. കിടന്നിട്ട്  കട്ടിലിൽ നിന്ന് ചാടി എഴുന്നേൽക്കുകയോ ടപ്പോ എന്ന് കട്ടിലിലേയ്ക്കങ്ങു കിടക്കുകയോ ചെയ്യരുത്. രാവിലെ ഉണർന്നാൽ പയ്യെ എഴുന്നേറ്റ് കട്ടിലിൽ നിന്ന് താഴേയ്ക്ക് കാലുതൂക്കിയിട്ട് കുറച്ചു സമയം കണ്ണടച്ച് ഇരിക്കണം .പിന്നെ പതുക്കെ എഴുന്നേൽക്കണം. ഇന്ന് രാത്രി മുഴുവൻ കട്ടിലിൽ പില്ലോ ഉയർത്തി വച്ച് ചാരി ഇരിക്കണം. ഇരുന്നുറങ്ങാൻ പറ്റുമെങ്കിൽ ആവാം.പക്ഷേ  കിടക്കരുത്. ചെവിയിലെ ഫ്ലൂയിഡ് ഇപ്പോൾ നേരെയാക്കിയിട്ടുണ്ട് .അത്  സ്വസ്ഥമാകാൻ വേണ്ടിയാണ്.  

ഈ പറഞ്ഞതൊക്കെ ഞാൻ അനുസരിച്ചു. ഒരു മാസം മരുന്നും കഴിച്ചു. തലകറക്കം മാറി. പക്ഷേ  കട്ടിലിലേയ്ക്ക് കിടക്കുന്നതും കട്ടിലിൽ നിന്ന് എഴുന്നേൽക്കുന്നതും സ്ലോ മോഷനിൽ വേണമെന്ന് പറഞ്ഞാൽ അത് എന്നും എപ്പോഴും നടന്നെന്നു വരില്ല. പ്രഭാതത്തിൽ ഒരുപാടു ജോലിയുള്ള ഒരു വീട്ടമ്മയാണ് ഞാൻ. അലാറം കേൾക്കുമ്പോൾ ചാടി എഴുന്നേൽക്കുകയാണ് പതിവ്. ദേവി മരുന്ന് കഴിച്ചു എന്നു വച്ച് ഭൂമി കറങ്ങാതിരിക്കുമോ? കറങ്ങിക്കോട്ടെ.പക്ഷേ 'ദേ ഞാൻ കറങ്ങുന്നുണ്ട് എന്ന് ഭൂമി എന്നെ ഇടയ്ക്കിടെ അറിയിച്ചു കൊണ്ടിരുന്നു. 

ഇതേ അസുഖം തന്നെ വളരെ സീരിയസ്സായി ബാധിച്ചിട്ടുള്ള -അതായത് തലകറങ്ങി വീഴുകയും ഛർദ്ദിക്കുകയുമൊക്കെ  ചെയ്യുന്ന ചിലർ എന്നിൽ അൽപം ഭീതി കലർത്തി .അതിലൊരാൾക്ക് തലകറങ്ങി വീണിട്ട് തല അൽപ്പം പൊട്ടി സ്റ്റിച്ച് ഇടേണ്ടി വന്നു. മറ്റൊരാൾ കിടക്കയിൽ നിന്നെഴുന്നേൽക്കാനാവാതെ ദിവസങ്ങളോളം കിടന്നു പോയി. ഇനി മൂന്നാമതൊരാൾ അലോപ്പതിയും ആയുർവേദവുമൊക്കെ പരീക്ഷിച്ച് പരാജയപ്പെട്ട് ഇപ്പോഴും കറങ്ങിക്കറങ്ങി നടക്കുന്നു.എന്താ കഥ ! ഇതൊരു ഭീകരാവസ്ഥ തന്നെ. 

എന്താ ചെയ്ക! 

ഈ ദൈവത്തിന്റെ ഒരു കാര്യം ! ചെവിയ്ക്കകത്ത് ഫ്ലൂയിഡ് നിറയ്ക്കാനും അതിൽ നമ്മുടെ ബാലൻസ് ക്രമീകരിക്കാനും ഈ ദൈവത്തോട് ആരാ പറഞ്ഞത്?  അതിനു ദൈവത്തിനോട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ട് വേണോ? സ്വന്തം ഇഷ്ടം പോലെ ഒരോന്ന് ചെയ്യും. ഏറ്റവും വലിയ തോന്ന്യാസി ആരെന്നു ചോദിച്ചാൽ, സംശയമേ വേണ്ട, ദൈവം തന്നെ.

കള്ളുകുടിച്ചാൽ തലകറങ്ങും. കഞ്ചാവ് വലിച്ചാൽ ഭൂമി മൊത്തം കറങ്ങും.കറുപ്പ് തിന്നാലോ,പറയാനില്ല കറക്കത്തോട് കറക്കം! ഇതൊന്നും ചെയ്തില്ലെങ്കിലും കറങ്ങും എന്നെനിക്കു മനസ്സിലായി.

"ഈ ഗുളിക കൊണ്ടൊന്നും കാര്യമില്ല കുട്ടീ" വർഷങ്ങളായി തലകറക്കമനുഭവിക്കുന്ന കൂട്ടുകാരി മറിയാമ്മ പറഞ്ഞു. "അതിനു എക്സ്സർസൈസുണ്ട്.. തല ഇടത്തോട്ടും വലത്തോട്ടും പയ്യെ തിരിക്കുക. തല മേലോട്ടും കീഴോട്ടും ചലിപ്പിക്കുക. പിന്നെ ഇടതു നിന്ന് മുകളിലേയ്ക്കു, പിന്നെ വലത്തോട്ട്, പിന്നെ താഴോട്ട്  അങ്ങനെ അന്തരീക്ഷത്തിൽ ഒരു വട്ടം വരയ്ക്കുക ""

'ബെസ്റ്റ്' ഞാൻ മനസ്സിലോർത്തു.

അപ്പോൾ മറിയാമ്മ കൂട്ടിച്ചേർത്തു. "തനിയെ ചെയ്യരുത് കേട്ടോ. അബദ്ധമാകും. ഡോക്ടറോട് ചോദിച്ചിട്ടു മതി"

ഏതായാലും ആ സാഹസത്തിന് ഞാൻ മുതിർന്നില്ല.

''ദേവീ ഈ ഗുളിക കഴിക്കുന്നിടത്തോളം ഈ കറക്കരോഗം വരില്ല. നിറുത്തിയാൽ പതുക്കെ മടങ്ങി വരും. ഹോമിയോ കഴിച്ചാണ് ഞാനിതു കൺട്രോളിലാക്കിയത്."  ദേശാഭിമാന ഗോപി എന്ന കവി ഉപദേശിച്ചു.  

പ്രീയപ്പെട്ട  ഒരു കൂട്ടുകാരി രേണുക ഹോമിയോ ഡോക്ടറാണ്. കൂട്ടുകാരിയിലുള്ള വിശ്വാസം കൊണ്ടോ ഹോമിയോ മധുരഗുളികകളോടുള്ള ഇഷ്ടം കൊണ്ടോ ഞാൻ പല രോഗങ്ങൾക്കും ആ ഡോക്ടറെ സമീപിച്ചിട്ടുണ്ട്. എന്റെ അല്ലറ ചില്ലറ അസുഖങ്ങൾക്ക് - തുമ്മൽ, ചുമ, തളർച്ച -ഒക്കെ പരിപൂർണ ആശ്വാസം കിട്ടുകയും ചെയ്തു.

"അത് ചേച്ചിക്ക് ആ ഡോക്ടറിലും ഹോമിയോ മരുന്നിലുമുള്ള അമിത വിശ്വാസം കൊണ്ടാണ് ചികിത്സ ഫലിക്കുന്നത്.അല്ലാതെ ഹോമിയോ അ ത്ര നല്ലതൊന്നുമല്ല."

അലോപ്പതിയുടെ വക്താവായ ഒരനുജത്തി പറഞ്ഞു. ചിലരോഗങ്ങൾക്ക്  ഇംഗ്ളീഷ്  മരുന്നേ  പറ്റൂ. അലോപ്പതിയിലേ ചികിത്സയുള്ളൂ. അത് ഞാനും സമ്മതിക്കുന്നു. രണ്ടു തവണ മരണത്തെ മുഖാമുഖം കണ്ട എന്നെ രക്ഷിച്ചത് അലോപ്പതി ഡോക്ടർമാരും മരുന്നുകളും തന്നെ. എന്നാലും ഹോമിയോപതിയും ഒരു വൈദ്യശാസ്ത്രം തന്നെയാണ്. വർഷങ്ങൾ നന്നായി പഠിച്ചു തന്നെയല്ലേ ഒരാൾ ഹോമിയോ ഡോക്ടറാവുന്നത്? അതിനെ അങ്ങനെയങ്ങ് നിസ്സാരമായി തള്ളിപ്പറയാനാവുമോ?

ഏതായാലും ഞാൻ ഒന്ന് പരീക്ഷിക്കട്ടെ. എനിക്ക് ചുറ്റും കറങ്ങുന്ന ഭൂമിയെ ഒന്ന്  നിയന്ത്രിക്കാനാവുമോ എന്ന് നോക്കട്ടെ.

'ഭൂമി കറങ്ങുന്നുണ്ടോ, ഉണ്ടല്ലോ ' എന്ന പഴയ പാട്ടു പാടിക്കൊണ്ടു തന്നെ ഞാൻ ഈ പഞ്ചസാര ഗുളികകൾ പൂർണ വിശ്വത്തോടെ അലിയിച്ചിറക്കട്ടെ.

ഇനി ഒരു തമാശ. എനിക്ക് പരിചയമുള്ള ഒരു ഡോക്ടർ (പേര് പറയുന്നില്ല ) ഫേസ് ബുക്കിൽ ഹോമിയോപ്പതിക്കെതിരെ ഘോരഘോരം പോസ്റ്റിടാറുണ്ട്. പിന്നീടറിഞ്ഞു. അദ്ദേഹത്തിന്റെ മകളുടെ കുട്ടികൾക്ക് അസുഖം വന്നാൽ ഹോമിയോ ഡോക്ടറെയാണ് കാണിക്കുന്നതും അവരുടെ മരുന്നാണ് കൊടുക്കുന്നതും! എങ്ങനെ ചിരിക്കാതിരിക്കും ?                                                                                             

Content Summary : Kadhaillayimakal column by Devi J S about ear balance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}