ഇതു കേൾക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ചിത്രമോ, വിഡിയോയോ, വാർത്തയോ വൈറലായി എന്നാണ് പുതുതലമുറ ആദ്യമോർക്കുക. പക്ഷെ മറ്റൊരു വൈറൽ ഉണ്ട്. വർഷങ്ങളായി നമ്മളെ വിടാതെ ഇടയ്ക്കിടെ പിടികൂടിക്കൊണ്ടിരിക്കുന്ന 'വൈറൽ ഫീവർ.'
കോവിഡിനെക്കുറിച്ചും അതു പിടിപെട്ടാലുള്ള ഭീകരാവസ്ഥയെക്കുറിച്ചുമുള്ള നടുക്കുന്ന വാർത്തകളായിരുന്നു കുറേക്കാലം -ഏതാണ്ട് രണ്ടു വർഷത്തോളം. രോഗാവസ്ഥയിലുള്ള ഐസൊലേഷൻ, രോഗത്തിന്റെ കാഠിന്യത്തിൽ അനുഭവിക്കേണ്ടി വരുന്ന കടുത്ത വേദനകൾ - തലവെട്ടിപ്പിളരുന്ന തലവേദന, ശരീരം നുറുങ്ങുന്ന മേലുവേദന, വിശപ്പില്ലായ്മ. മണവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ, സഹിക്കാനാവാത്ത വയറുവേദനയും വയറിളക്കവും, തൊണ്ട പറിഞ്ഞു പോകുന്ന ചുമ, ഇതിനെല്ലാം പുറമെ മരണ ഭീതിയും. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത യാതനകളാണ് കോവിഡ് സമ്മാനിച്ചത്. ലോകമെമ്പാടും പടർന്നു പിടിച്ച മഹാമാരി.
വാക്സിനേഷൻ ഒക്കെ നിലവിൽ വന്നതോടെ കോവിഡി ന്റെ ഭീകരത കുറഞ്ഞു.'കോവിഡ് വന്നു പോയി. രണ്ടു ദിവസം പനിച്ചു കിടന്നു. ചുമയും ക്ഷീണവുമുണ്ട്. എന്നാലും കുഴപ്പമില്ല' എന്ന് ലാഘവത്തോടെ പറയാൻ നമുക്ക് കഴിഞ്ഞു. കോവിഡാണെന്ന് അറിയാതെ തന്നെ ചിലർക്ക് വന്നു പോയി. ടെസ്റ്റ് ചെയ്താലല്ലേ അറിയൂ. അതിനും മിനക്കെട്ടില്ല ചിലർ.
എന്റെ മകനും എനിക്കും കോവിഡ് വന്നു. അൽപ്പം കടുപ്പം തന്നെയായിരുന്നു. ഒരാഴ്ച ഞങ്ങൾ കിടപ്പിലായിപ്പോയി. പനിക്കുള്ള മരുന്ന് കഴിച്ചു കിടക്കുകയല്ലാതെ വേറെ വഴിയില്ല മകനെ നോക്കാൻ അന്ന് എന്റെ സഹായിയായിരുന്ന ആനിയും മകന് ഫിസിയോ തെറാപ്പി ചെയ്യുകയും കുളിപ്പിക്കുകയും ചെയ്യുന്ന ദിനേശനും കോവിഡ് വകവയ്ക്കാതെ വന്നു കൊണ്ടിരുന്നത് വലിയ കാര്യമായി. പിന്നെ എന്റെ മകൾ ലീവെടുത്തു വന്നു നിന്ന് എനിക്ക് വേണ്ട ഭക്ഷണമൊക്കെ ഉണ്ടാക്കി തന്നു. അങ്ങനെ നീണ്ട ഒൻപതു ദിവസങ്ങൾ കഴിച്ചു കൂട്ടി.അപ്പോഴേയ്ക്കും ടെസ്റ്റ് നെഗറ്റീവ് ആയി.
ഓഫീസിൽ പലർക്കും കോവിഡ് പോസിറ്റീവ് ആയതുകൊണ്ട് അവൾക്കും വന്നു പോയിട്ടുണ്ടാവും എന്നാണ് എന്റെ മകൾ പറയുന്നത്. രണ്ടു വാക്സിനൊക്കെ എടുത്തിട്ടുള്ളത് കൊണ്ട് വീര്യം കുറഞ്ഞു വന്നതാവും. എങ്കിലും കോവിഡാനന്തര കഷ്ടപ്പാടുകൾ അവൾ മാസങ്ങളോളം അനുഭവിച്ചു-നേരിയ പനി, ചുമ, മൂക്കടപ്പ്, തുമ്മൽ, രുചിയില്ലായ്മ, മണമില്ലായ്മ. മകനും ഞാനും രണ്ടു വാക്സിനേഷൻ എടുത്തിരുന്നു. എന്നിട്ടും.വന്നു. പലർക്കും വന്നത് ബൂസ്റ്റർ പോലും എടുത്ത ശേഷമാണ്. ഏതായാലും ഫ്ലാറ്റിലെ മറ്റുള്ളവർക്ക് വരാതിരിക്കാനായി ഞങ്ങൾ ഐസൊലേഷൻ പാലിച്ചു.
കോവിഡ് ഏതാണ്ട് മാറി എന്നാശ്വസിച്ചിരിക്കെ മറ്റൊരു രോഗം പടർന്നു പിടിച്ചു.'വൈറൽ ഫീവർ'. ഇത് പണ്ടേയുള്ളതാണ്. പക്ഷെ ഇപ്പോൾ പുതിയ പുതിയ തരം വൈറസുകൾ ഉണ്ടാകുന്നു. ജനിതക മാറ്റം സംഭവിച്ച് ഇതൊക്കെ സ്വാഭാവികമായി ഉണ്ടാകുന്നതാണെന്നും അതല്ല മനുഷ്യ നിർമ്മിതമാണെന്നും പറയപ്പെടുന്നു. ഏതായാലും വന്നാൽ അനുഭവിച്ചതു തന്നെ.
ഒരാഴ്ച മുൻപ് എന്റെ മകൾ കിടക്കയിൽ നിന്നെഴുന്നേൽക്കാതെ രണ്ടു ദിവസം കിടന്നു. അങ്ങനെ കിടക്കുന്ന പ്രകൃതമല്ല അവളുടേത്. വൈറൽ ഫീവർ എന്നു തന്നെയാണ് ഡോക്ടർ പറഞ്ഞത്. ഇത്രയും ഭയങ്കര പനിയും തലവേദനയും മേലുവേദനയും അനുഭവിച്ചിട്ടേയില്ല എന്നാണ് അവൾ പറഞ്ഞത്. മൂന്നാം ദിവസം അവൾ തലപൊക്കി. അപ്പോൾ ഞാൻ കിടപ്പിലായി. അത് ഒരൊന്നൊര കിടപ്പു തന്നെയായിരുന്നു. കീമോതെറാപ്പിക്കാലത്ത് ഉണ്ടായിരുന്ന ശാരീരികാസ്വാസ്ഥ്യങ്ങളാണ് എനിക്ക് അനുഭവപ്പെട്ടത്. കിടക്കയിൽ കിടക്കാൻ പോലുമാവാത്ത ശരീരം വേദന. ഒന്ന് തിരിയാനോ എഴുന്നേൽക്കാനോ വയ്യാതെ ബോധമറ്റതുപോലെ ഞാൻ കിടന്നു. ഇത്രയും ഭീകരമോ ഈ വൈറസ് !
ഇടയ്ക്കു മകൾ എന്തൊക്കെയോ കുടിക്കാൻ തന്നു. ഹോർലിക്സ്, കഞ്ഞി വെള്ളം, വെജിറ്റബിൾ സൂപ്പ്. അതൊന്നും കഴിച്ചത് ഓർമയോടെയായിരുന്നില്ല.
പാരസെറ്റമോൾ എന്ന മരുന്നു കണ്ടു പിടിച്ചയാളെ നമിക്കണം. എന്തിനും ഏതിനും ഡോക്ടറോട് ചോദിക്കുക പോലും ചെയ്യാതെ നമ്മൾ വാങ്ങിക്കഴിക്കുന്ന മരുന്നായി ഇന്നത് മാറിയിരിക്കുന്നു. 'മലയാളിയുടെ ദേശീയ മരുന്ന്' ഏതെന്നു ചോദിച്ചാൽ സംശയിക്കേണ്ട ഡോളോ എന്നും ക്രോസിൻ എന്നുമൊക്കെ അറിയപ്പെടുന്ന ഈ വേദനസംഹാരി തന്നെ .
ഏതായാലും ഡോളോ കഴിച്ചപ്പോൾ എന്റെ മകളെയും എന്നെയും ബാധിച്ച വൈറസ് വിട്ടുപോയി. തല ഒന്ന് പൊങ്ങിയാൽ കിടക്കുന്ന സ്വഭാവം ഞങ്ങൾ രണ്ടാൾക്കുമില്ല. പതിവുപോലെ ജോലികളിൽ മുഴുകുന്നു.
എന്നാലുമെന്റെ വൈറസ്സേ ...!
വർഷങ്ങൾക്ക് മുൻപ് നമ്മുടെ നാട്ടിൽ എത്തിയതാണത്രേ ഈ വൈറൽ പനി. ഇൻഫ്ലുൻസ, ഫ്ലൂ എന്നൊക്കെ അന്ന് പറഞ്ഞിരുന്നതോർക്കുന്നു. എന്തായാലും ആ വൈറസ് പിന്നെ നമ്മുടെ നാട് വിട്ടു പോയിട്ടില്ല. രൂപം മാറി ഭാവം മാറി കരുത്തേറി ഇവിടെയൊക്കെ കറങ്ങി നടപ്പാണ്. ഇവനെ ഇനി സ്ഥിരമായി വകവരുത്താൻ ഈശ്വരൻ വല്ല അവതാരവും എടുക്കേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്. അതുവരെ ഈ പനി ഇവിടെ വൈറലായി തുടരും.
Content Summary : Kadhaillayimakal column by Devi J.S about viral fever