വയോജനദിനമായ ഒക്ടോബർ ഒന്നിന് അതിവേഗത്തിൽ വളരെ ദൂരം കാർ ഓടിച്ച സരസ്വതി എന്ന 72 കാരിയായ വനിതയെപ്പറ്റി ഒരു മാധ്യമത്തിൽ വന്ന ലേഖനത്തിന് താഴെ വന്ന കമൻറുകൾ വായിച്ചപ്പോൾ അതേക്കുറിച്ചു എഴുതാതിരിക്കാൻ വയ്യ എന്നു തോന്നി. വളരെ ചെറുപ്പത്തിലേ ഡ്രൈവിങ്ങ് പഠിച്ചയാളാണ് ഞാൻ. വളരെക്കാലം വണ്ടി ഓടിച്ചിട്ടൊന്നുമില്ല. കാരണം എന്റെ അന്നത്തെ ജീവിതസാഹചര്യത്തിൽ എനിക്ക് വാഹനം ഉണ്ടായിരുന്നില്ല. പിൽക്കാലത്ത് ഒരു കാർ അഫോർഡ് ചെയ്യാമെന്നായപ്പോൾ ഞങ്ങൾ ഒരു കാർ വാങ്ങി. മകനാണ് സ്ഥിരം ഡ്രൈവർ. എങ്കിലും ലൈസൻസ് പുതുക്കി ഞാനും അത്യാവശ്യം വണ്ടി ഓടിച്ചിരുന്നു. എന്നാൽ റിട്ടയർ ചെയ്യുകയും രണ്ടാമതൊരിക്കൽ കാൻസർ ബാധിക്കുകയും ചെയ്തപ്പോൾ ഞാൻ ഡ്രൈവിങ്ങ് നിറുത്തി. അതിനു കാരണങ്ങൾ പലതാണ്. ഡ്രൈവിങ്ങിന്റെ കാര്യത്തിൽ എന്റെ ആത്മവിശ്വാസം കുറഞ്ഞുവെന്ന തോന്നൽ. സ്വതേയുള്ള ധൈര്യം കുറച്ചൊക്കെ ചോർന്നു പോയി എന്ന ഭയം. ഇതിനൊക്കെ പുറമെ ഞാൻ വണ്ടിയോടിച്ചിട്ട് എനിക്കും മറ്റുള്ളവർക്കും അപകടം വരുത്തിവയ്ക്കാൻ പാടില്ല എന്ന വിശ്വാസം.
ചെറുപ്പത്തിലേ ഡ്രൈവിങ്ങ് പഠിക്കുകയും പതിവായി വണ്ടികൾ ഓടിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവർ പ്രായമാവുമ്പോൾ ഡ്രൈവിങ്ങ് നിറുത്തണമെന്നില്ല. മക്കളും മരുമക്കളും ചെറുമക്കളുമൊക്കെ ഡ്രൈവിങ്ങ് സീറ്റ് ഏറ്റെടുത്തു കഴിഞ്ഞാലും അവരെയാരെയും സൗകര്യത്തിന് കിട്ടാത്തപ്പോൾ അത്യാവശ്യങ്ങൾക്ക് പ്രായമായവരും വാഹനമിറക്കും. ഇതിൽ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല. രാഗിണി എന്ന സുഹൃത്ത് റിട്ടയർ ആയിക്കഴിഞ്ഞാണ്, അതായത് 55 വയസ്സ് കഴിഞ്ഞാണ് ഡ്രൈവിങ്ങ് പഠിച്ചത്. അവർ എന്റെ വീട്ടിലേയ്ക്ക് കാറോടിച്ചു വരുമ്പോൾ എനിക്കതിശയം തോന്നിയിട്ടുണ്ട്, അതും തിരക്കേറിയ സിറ്റിയിലൂടെ.
'രാഗിണിയെ സമ്മതിക്കണം' എന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു.
'പെണ്മക്കൾ രണ്ടും വിവാഹിതരായി വിദേശത്താണ്. അണ്ണന് (രാഗിണിയുടെ ഭർത്താവ് ) വയ്യ. കാറ് ഷെഡ്‌ഡിൽ കിടക്കുമ്പോൾ ഞാൻ ഓട്ടോ പിടിച്ചും ബസിൽ കയറിയും കഷ്ടപ്പെടണോ ? ആവശ്യമാണ് രണ്ടും കൽപ്പിച്ചു ഞാനങ്ങ് വണ്ടിയോടിക്കാൻ കാരണമായത്. '
അതുപോലെ തന്നെയാണ് സരസ്വതിയുടെ കാര്യവും. അമ്പതാം വയസ്സിലാണ് അവർ ഡ്രൈവിങ്ങ് പഠിച്ചത്. അന്നുതൊട്ടു ദീർഘമായ കാർ യാത്രകൾ നടത്തുന്നുണ്ട്. റിട്ടയർ ചെയ്തപ്പോൾ യാത്രകൾക്ക് താത്പര്യം കൂടി. വേഗം ഒരു ഹരമാണെന്ന് സരസ്വതി പറയുന്നു. കൊല്ലം ചവറയിൽ നിന്ന് പതിനഞ്ചു മണിക്കൂർ കൊണ്ട് 831 കിലോമീറ്റർ താണ്ടി ആന്ധ്രയിലെ കാളഹസ്തിയിലെത്തിയതും മൂകാംബികയിൽ നിന്ന് 18 മണിക്കൂർ കൊണ്ട് ചവറയിലെ വീട്ടിലെത്തിയതും സരസ്വതിയുടെ റെക്കോർഡുകളാണ്. ഇപ്പോഴും ഇത്തരം യാത്രകൾ സരസ്വതി തുടരുന്നു. തിരുപ്പതി, തിരുനെല്ലി,രാമേശ്വരം, കാഞ്ചിപുരം, ചിദംബരം, തിരുവണ്ണാമല, ശബരിമല എന്നിങ്ങളെ സരസ്വതിയുടെ കാർ യാത്രകൾ നീളുന്നു. ചിലകൂട്ടുകാരും ഈ യാത്രകളിൽ കൂടെ കൂടാറുണ്ട്. സരസ്വതിയുടെ കൂടെ പലതവണ യാത്രചെയ്തിട്ടുള്ള ഒരു കൂട്ടുകാരി പറയുന്നു.
''വണ്ടിയുടെ ഡ്രൈവിങ്ങ് സീറ്റിൽ ഇരുന്നു കഴിഞ്ഞാൽ പിന്നെ സരസ്വതി ഒറ്റപ്പോക്കാണ്. അവർക്ക് ഭക്ഷണം പോലും വേണ്ട. പക്ഷെ കൂടെ പോകുന്ന ഞങ്ങൾ അങ്ങനെയാണോ ? വഴിയിൽ നിറുത്തുകയും ഭക്ഷണം കഴിക്കുകയുമൊക്കെ വേണമെന്നു പറയുമ്പോൾ സരസ്വതി കാർ നിറുത്തിത്തരും. അല്ലെങ്കിൽ പറപ്പിച്ചങ്ങു പോകും."
അമിതവേഗം നന്നല്ല. പ്രായവും പരിഗണിക്കണം. എന്നാലും ഈ ലേഖനത്തിനു താഴെ വന്ന കമന്റുകൾ അരോചകമാണ്. സ്ത്രീയെന്നോ പ്രായമായവരെന്നോ പരിഗണിക്കാതെ തീരെ മോശമായ അഭിപ്രായപ്രകടനങ്ങളാണ് പലരും നടത്തിയിരിക്കുന്നത്. ഒരപകടവും ഉണ്ടാക്കുന്നില്ലയെങ്കിൽ ഈ പ്രായത്തിലും ഇതൊക്കെ സാധിക്കുന്നത് വലിയ കാര്യമാണ്. അഭിനന്ദിക്കേണ്ട, എന്നാലും തള്ള എന്നും കിളവി, ഫൂളിഷ് ലേഡി എന്നുമൊക്കെ വിളിച്ച് അധിക്ഷേപിക്കുന്നത് ശരിയോ? റോഡിലെ മറ്റു യാത്രക്കാരുടെ ജീവൻ അപകടത്തിലാവുമെന്നും പതുക്കെ പോയാൽ കുറച്ചുകാലം കൂടി ജീവിക്കാമെന്നും സരസ്വതിക്ക് മുന്നറിയിപ്പ് നൽകുന്നു ചിലർ.
അപകടമുണ്ടാകുന്നത് സ്ത്രീകൾ വണ്ടിയോടിച്ചാൽ മാത്രമാണോ? പുരുഷന്മാരല്ലേ അമിതവേഗത്തിൽ ചീറിപ്പാഞ്ഞും മദ്യപിച്ചു വാഹനമോടിച്ചും അഹങ്കാരം കാണിച്ച് ഓവർ ടേക്ക് ചെയ്തുമൊക്കെ കൂടുതലും അപകടമുണ്ടാക്കുന്നത്? എത്ര ജീവനുകളാണ് അങ്ങനെ പൊലിഞ്ഞിട്ടുള്ളത് !
85 വയസ്സുള്ള തോമസ് എന്ന വൃദ്ധൻ കാഴ്ചപോലും ശരിക്കില്ലാതെ രാത്രി 8.30 മണിക്ക് തിരക്കേറിയ റോഡിലൂടെ കാർ ഓടിക്കുകയും ലെവലില്ലാതെ ബ്രേക്കിനു പകരം ആക്സിലറേറ്ററിൽ കാലമർത്തി ചവിട്ടുകയും ചെയ്തതുകൊണ്ടാണ് റോഡരികിലൂടെ നടക്കുകയായിരുന്ന നിരപരാധിയായ എന്റെ മകനെ ഇടിച്ചു വീഴ്ത്തിയത്. പത്തു വർഷമായി അവൻ ജീവച്ഛവമായി കിടക്കുന്നു. അയാൾക്കെതിരെ ആരും കമന്റ് ഇട്ടില്ല.ആരും അയാളെ ശിക്ഷിച്ചതുമില്ല.
80 വയസ്സായ അമിതാ ബച്ചനും, 72 വയസ്സായ മമ്മൂട്ടിയും അഭിനയത്തിൽ എന്തൊക്കെ കാണിച്ചാലും ജനം അഭിനന്ദിക്കുകയെ ഉള്ളൂ. അതേ സമയം മഞ്ജു വാര്യരുടെയും ശോഭനയുടെയും പെർഫോമൻസിനെ വിമർശിക്കും. 'അവർക്കു പ്രായമായി തൊലി ചുളിഞ്ഞു' എന്നൊക്കെ പറഞ്ഞ് ,'ഓ ഇനി ഈ വയസ്സുകാലത്ത് 'എന്ന് ആക്ഷേപിക്കുകയും ചെയ്യും. പുരുഷന്മാർക്ക് എന്തുമാകാമെന്നോ? വാർദ്ധക്യം സ്ത്രീകളെ മാത്രമാണോ ബാധിക്കുന്നത് ?
Content Summary : Kadhaillayimakal column by Devi JS about driving