എന്റെ ദീപാവലികള്‍

Representative image. Photo Credits: tabletoy1001/ istock.com
Representative image. Photo Credits:Deepak Sethi/ istock.com
kadhaillayimakal-column-by-devi-js-about-deepavali
SHARE

ഒരു ദീപാവലി കൂടി കഴിഞ്ഞു പോയ ഈ അവസരത്തില്‍ മറ്റെന്തിനെക്കുറിച്ചാണ് എഴുതുക! തിന്മയുടെ മേല്‍ നന്മയുടെ വിജയം അതാണ് ദീപാവലി എന്നാണ് ആഘോഷം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദീപങ്ങള്‍ കൊളുത്തിയും പടക്കം പൊട്ടിച്ചും മത്താപ്പും പൂത്തിരിയും കത്തിച്ചും  നമ്മള്‍ ആ വിജയം ആഘോഷിക്കുന്നു. ഓരോ നാട്ടിലും ഓരോന്നാണ് ദീപാവലിയെക്കുറിച്ചുള്ള ഐതിഹ്യം. അമ്മ വീട്ടില്‍ കഴിച്ചു കൂട്ടിയ ശൈശവത്തില്‍ അവിടെ ദീപാവലി ഒരു ആഘോഷമൊന്നുമായിരുന്നില്ല. വക്കം എന്ന ആ നാട് അന്നൊരു ഗ്രാമമായിരുന്നു.(ഇപ്പോഴല്ല ). അന്ന് വീട്ടില്‍ എല്ലാവരും വെളുപ്പിനെ എണ്ണ  തേയ്ച്ചു കുളിക്കും. രാത്രിയവസനിക്കുകയും പകല്‍ തുടങ്ങുകയും ചെയ്യുന്നതിനിടയിലുള്ള ആ സമയത്താണ് നരസിംഹം ഹിരണ്യകശിപുവിനെ കൊന്ന്  പ്രഹ്ളാദനെ രക്ഷിച്ചതെന്നും അതുകൊണ്ട് ആ സമയത്ത് കുളിച്ചു ശുദ്ധരാകണമെന്നും എന്റെ അമ്മൂമ്മ പറഞ്ഞിട്ടുണ്ട്. എന്നത്തേയും പോലെ നല്ല ഭക്ഷണം. പായസമോ മറ്റോ ഉണ്ടായിരുന്നോ എന്ന് ഇപ്പോള്‍ ഓര്‍മയില്ല. അല്ലാതെ മധുരപലഹാരമൊന്നും അന്നവിടെ പതിവില്ല. സന്ധ്യയ്ക്ക് വിളക്ക് വച്ചിട്ട് നാമജപം കഴിഞ്ഞ് അപ്പുപ്പന്‍ ഭാഗവതത്തില്‍ നിന്ന് 'പ്രഹ്ളാദസ്തുതി' വായിച്ചിരുന്നു.

തിരുവനന്തപുരം  നഗരത്തിലെ പുതിയ വീട്ടില്‍ താമസമാക്കിയപ്പോഴാണ് ദീപാവലി ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നത്. തമിഴ് സ്വാധീനം കൊണ്ടാവാം അവിടെ ദീപാവലി വലിയ ആഘോഷമായിരുന്നു. ഞങ്ങളുടെ അയല്‍ക്കാരെല്ലാം  പടക്കവും പൂത്തിരികളും കത്തിച്ച് ആര്‍ഭാടത്തോടെ ആഘോഷിച്ചു. മധുരപലഹാരങ്ങള്‍ പങ്കിട്ടു. ക്രമേണ ദീപാവലി ഞങ്ങളെയും സ്വാധീനിച്ചു. ഞങ്ങളും മറ്റുള്ളവര്‍ക്കൊപ്പം വെടിമരുന്നുകള്‍ കത്തിച്ചു രസിച്ചു. മധുരപലഹാരങ്ങള്‍ കഴിച്ചു .കടും നിറമുള്ള പാവാടയും ബ്ലൗസും ധരിച്ച് മുടിയില്‍  മുല്ലപ്പൂവും കനകാംബരവും ചൂടി ഒരുങ്ങി. എന്റെ അനുജന്‍ വലുതായതോടെ ആഘോഷങ്ങളില്‍ വലിയ താത്പര്യമുണ്ടായിരുന്ന അവന്‍ ദീപാവലി ഗംഭീരമായി കൊണ്ടാടി. .മാലപ്പടക്കങ്ങളുടെയും ഓലപ്പടക്കങ്ങളുടെയും മാത്രമല്ല അമിട്ടുകളുടെയും വലിയ ഗുണ്ടുകളുടെയും ഭീകരശബ്ദം വീട്ടു മുറ്റത്ത് മുഴങ്ങി. എന്തൊരു  ദീപപ്രഭയായിരുന്നു അന്നത്തെ ദീപാവലികള്‍ക്ക്!

പിന്നീട് എന്റെ ജീവിതം ഒരു നനഞ്ഞ പടക്കം പോലെ കത്താതെയായി. തകര്‍ന്നു വീണ സ്വപ്നങ്ങള്‍ക്കിടയില്‍ നിന്ന് മകന്റെയും മകളുടെയും കൈപിടിച്ച് ഒരു പുതിയ ജീവിതത്തിലേയ്ക്ക് ഞാന്‍ ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ നനഞ്ഞു പോയി എന്ന് കരുതിയതെല്ലാം  എന്‍റെ മക്കള്‍ക്കായി ഞാന്‍ ഉണക്കിയെടുത്തു. ആഘോഷങ്ങളുടെ പ്രഭയില്‍ ഞങ്ങളുടെ സൂര്യരശ്മി എന്ന വീട് പ്രകാശമാനമായി. ഓണവും വിഷുവും തൃക്കാര്‍ത്തികയും മാത്രമല്ല ,ക്രിസ്തുമസ്സും ഈസ്റ്ററും റംസാനും ബക്രീദും അയല്‍ക്കാരോടൊപ്പം  ആഘോഷിച്ചു. മക്കളും കൊച്ചുമക്കളും എന്റെ ജീവിതത്തില്‍ പ്രകാശം നിറച്ചു. എന്നാലും മറ്റു ആഘോഷങ്ങള്‍ക്കില്ലാത്ത ഒരു പ്രഭാപൂരമാണ് എനിക്കു ദീപാവലി. അതെന്തു കൊണ്ടാണെന്ന് എനിക്കു തന്നെ അറിയില്ല.  

ഉത്തരേന്ത്യയിലെപ്പോലെ ഇവിടെ ഞങ്ങള്‍ പണ്ട് ദീപാവലിക്ക് മണ്‍വിളക്കുകള്‍ നിരത്തി വച്ചു കൊളുത്താറില്ല (അത് ഞങ്ങള്‍ ചെയ്യുന്നത് തൃക്കാര്‍ത്തികയ്ക്കാണ്) ഇപ്പോള്‍ ചിലരൊക്കെ വിളക്കുകള്‍ കത്തിച്ചു വച്ച് ദീപാവലിയാക്കാറുണ്ട്. ഞങ്ങള്‍ക്ക് ദീപാവലി പടക്കങ്ങളും പൂക്കുറ്റികളും കമ്പിത്തിരി മത്താപ്പുകളും കത്തിക്കുക, പടക്കത്തിന്റെ ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ ചിരിച്ചും ആര്‍ത്തുവിളിച്ചും ബഹളം വയ്ക്കുക, വിഭവ സമൃദ്ധമായ ഭക്ഷണം ഉണ്ടാക്കി കഴിക്കുക, മധുരപലഹാരങ്ങള്‍ ചെടിക്കും വരെ തിന്നുക ഇതൊക്കെയാണ്. കത്തിക്കുന്ന വെടിമരുന്നുകള്‍ ഉയര്‍ത്തുന്ന തീയും പുകയും വെളിച്ചവും ശബ്ദവും വീടും പരിസരവും മാത്രമല്ല നമ്മുടെ മനസ്സിനെയും ശുദ്ധീകരിക്കുന്നുവെന്ന് തോന്നും. ഉല്ലാസം പകരുന്ന ദീപപ്പൊലിമയുടെ ഒരനുഭവമാണ് ദീപാവലി.

ഐതിഹ്യങ്ങള്‍ എന്തുമാകട്ടെ. നരസിംഹം ഹിരണ്യകശിപുവിനെ കൊന്നതാവട്ടെ, രാമന്‍ രാവണനെ വധിച്ചു സീതയെ വീണ്ടെടുത്ത് അയോദ്ധ്യയില്‍ വന്നതാവട്ടെ, നരകസുരവധമാവട്ടെ, ഏതോ സ്ഥലത്തെ മഹാബലി പൂജയാവട്ടെ നന്മയുടെ പ്രകാശം തെളിയിക്കുന്ന ആഘോഷമാണ് ദീപാവലി. പ്രചാരത്തിലുള്ള കഥകള്‍ പലതാവട്ടെ, എല്ലാത്തിന്റെയും പൊരുള്‍ ഒന്ന് തന്നെ -തിന്മയെ നശിപ്പിച്ച് നന്മ  പ്രകാശം പരത്തുന്നു   എന്ന വിശ്വാസം!

Content summary : Kadhaillayimakal column by Devi JS about Deepavali

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS