വിൽപത്രം ഒരു രഹസ്യ രേഖയോ? മക്കളുടെ അഭിപ്രായം പരിഗണിക്കേണ്ടതില്ലേ?

kadhayillaymakal-column-by-devi-js-about-bequeath
Representative image . Photo Credit : Toa55 / Shutterstock.com
SHARE

എന്താണ് വിൽപത്രം? ജീവിതകാലത്ത് ഒരാൾ ആർജിച്ച സ്വത്തു വകകൾ അയാളുടെ കാലശേഷം ആരുടെ കൈവശം എത്തിച്ചേരണം ,അതെല്ലാം എന്തു ചെയ്യണം,   എങ്ങനെ ചെയ്യണം എന്നെല്ലാം അയാൾ എഴുതി രജിസ്റ്റർ ചെയ്തു വയ്ക്കുന്ന ഒരു രേഖയാണ് വിൽപത്രം അല്ലെങ്കിൽ ഒസ്യത്ത്. മറ്റു പലകാര്യങ്ങളും വില്ലിൽ എഴുതിച്ചേർക്കാം. അതായത് മൃതദേഹം എന്തു  ചെയ്യണം, സംസ്കാരച്ചടങ്ങുകൾ എങ്ങനെ വേണം,  ഇതൊക്കെ നിർദ്ദേശിക്കാൻ വിൽ എഴുതുന്ന ആൾക്ക് അവകാശമുണ്ട്. അതെന്തുമാകട്ടെ, സ്വത്തു വകകളുടെ കാര്യം തന്നെയാണ് പ്രധാനം.

വ്യക്തമായ ഒരു രേഖയുണ്ടാക്കാതെ കടന്നുപോയവർ ഏറെയുണ്ട്. പിന്നീട് അവരുടെ കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്‍നങ്ങളും ചില്ലറയല്ല. കാലശേഷം ഒരാളുടെ സ്വത്തുക്കൾ ആരുടെയൊക്കെ കൈവശം ഏതൊക്കെ അനുപാതത്തിലാണ് എത്തിച്ചേരേണ്ടതെന്നു വ്യക്തമാക്കുന്ന ഒരു രേഖ ഉണ്ടാക്കി വയ്ക്കുന്നത്‌ കുടുംബത്തിൽ കലഹങ്ങൾ ഒഴിവാക്കുന്നതിന് ഉപകരിക്കും. അൽപ്പ സ്വൽപ്പം പിറുപിറുക്കലുകളും  മുറുമുറുപ്പും ഉണ്ടായാലും  കാര്യമില്ല.  രജിസ്റ്റർ ചെയ്ത വിൽ പത്രം അനുസരിച്ചു കാര്യങ്ങൾ നീങ്ങും. വിൽപത്രം എഴുതിയ ആൾ ജീവിച്ചിരിക്കുന്ന കാലത്ത് വേണമെങ്കിൽ വില്ലിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്. വിൽ പത്രം നിലവിലുണ്ടെങ്കിലും തർക്കങ്ങൾ ഉണ്ടാവുന്നത് അപൂർവമല്ല. ഒരു വിൽ  രജിസ്റ്റർ ചെയ്താൽ ആ കക്ഷിയുടെ മരണാനന്തരം അത് നടപ്പിലാക്കാൻ വിശ്വസ്തനായ ഒരാളെ, അത് ഒരു വക്കീലോ ബന്ധുവോ ആകാം, ഏൽപ്പിക്കുന്നതാണ് നല്ലത്. 

വ്യക്തമായ ഒരു വിൽപത്രം എഴുതാത്തതിന്റെ ഫലങ്ങൾ പല വൃദ്ധജനങ്ങളും അനുഭവിക്കുന്നതായി കാണാം. സ്വത്തുക്കൾ ആർക്കൊക്കെ എങ്ങനെയൊക്കെയാണ് ഭാഗിക്കുക എന്നറിയാത്തതു  കൊണ്ട് മക്കൾ  ചിന്താക്കുഴപ്പത്തിലാകും. അവർ പിന്നെ മാതാപിതാക്കളെ തിരിഞ്ഞു നോക്കുകയില്ല. ഈ ഒരവസ്ഥയിലായി,  ഈ അടുത്തയിടെ നിര്യാതയായ   ഒരമ്മ. പാവം, എൺപത്തഞ്ചു കഴിഞ്ഞ അവർ തീരെയും കിടപ്പിലായിരുന്നു. രണ്ടു മക്കളുണ്ട്. രവിയും രേഖയും.  മക്കൾ രണ്ടും അകലെയായതിനാൽ അമ്മയെ നോക്കാൻ അവർ  ഒരു ഹോംനഴ്സിനെ ഏർപ്പാടാക്കി. അവരുണ്ടോ  നോക്കുന്നു? മാത്രമല്ല ശ്രദ്ധിക്കാൻ ആളില്ല എന്നു  കൂടിയാകുമ്പോൾ കിടപ്പു രോഗി എങ്ങനെയെങ്കിലും ആകട്ടെ എന്നാവും  അവരുടെ ചിന്ത. ഭക്ഷണം കൊടുത്താലായി ഇല്ലെങ്കിലായി. മരുന്നുകളും  അങ്ങനെ തന്നെ. കുളിപ്പിക്കുന്നതും വസ്ത്രം മാറുന്നതുമൊക്കെ അവർക്കു സൗകര്യപ്പെടുമ്പോൾ മാത്രം. നല്ല ശമ്പളവും വാങ്ങി നല്ല ഭക്ഷണവും ഉണ്ടാക്കിക്കഴിച്ച് ഹോം നഴ്‌സ് സുഖ ജീവിതം നയിച്ചു. അപ്പോൾ നാട്ടിൽ  വന്നു   സ്ഥിരമാക്കിയ രേഖ ഇടയ്ക്കിടെ അമ്മയെ  വന്നു കാണാൻ തുടങ്ങി. അതോടെ ഹോംനഴ്‌സ്‌ ന് ഡ്യൂട്ടിയെപ്പറ്റി ബോധമുണ്ടായി. രേഖയുടെ വീട് എട്ടു പത്തു കിലോമീറ്റർ അകലെയാണെങ്കിലും ഏതുസമയത്തും അവൾ  കയറി വന്നേക്കാമെന്ന സ്ഥിതിവിശേഷം ഹോംനഴ്‌സിനെ ജാഗരൂകയാക്കി. രോഗിയെ വൃത്തിയായി കിടത്താനും സമയത്തു മരുന്നും ഭക്ഷണവും കൊടുക്കാനും അവർ   ശ്രദ്ധിച്ചു . രേഖയാവട്ടെ അമ്മയ്ക്ക് വേണ്ടതെല്ലാം എത്തിച്ചു കൊടുക്കുകയും സമയാസമയം ഡോക്ടറെ കൊണ്ടു  വന്നു പരിശോധിപ്പിക്കുകയും ഹോം നഴ്സിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു കൊണ്ടിരുന്നു. മകളുടെ ഈ 'അമ്മ സ്നേഹം' അസ്വസ്ഥത ഉളവാക്കിയത് ഹോം നഴ്‌സിനല്ല, മറിച്ച് ആ അമ്മയുടെ അകലെക്കഴിയുന്ന മകൻ രവിയ്ക്കാണ്. അയാൾ സഹോദരിയെ ഫോണിൽ വിളിച്ചു ശകാരിക്കാൻ തുടങ്ങി. "എന്താടീ ഇപ്പോൾ അമ്മയോട് ഒരു പ്രത്യേക സ്നേഹം. സ്വത്തു കിട്ടാനാണോ? ഓ ഇത്രനാളും കണ്ടില്ലല്ലോ."   ആദ്യമൊക്കെ രേഖ ഇത് അവഗണിച്ചു. പക്ഷേ  അവളുടെ സഹോദരനുണ്ടോ വിടുന്നു? രേഖ ഒരു കള്ളവിൽപത്രം ചമച്ച് ബോധമില്ലാത്ത അമ്മയുടെ ഒപ്പും വിരലടയാളവും പതിച്ച്,  വീടും പറമ്പുമൊക്കെ സ്വന്തമാക്കി എന്നയാൾ ആരോപിച്ചു. കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. അതോടെ അപമാനിതയായ രേഖ അമ്മയുടെ അടുത്ത് വരാതായി. 'ചേട്ടനോടുള്ള ദേഷ്യം അമ്മയോട്  തീർക്കണോ' എന്ന്  പലരും ചോദിച്ചിട്ടും അവളുടെ മനസ്സ് മാറിയില്ല.  കൂടുതൽ എന്തു  പറയാനാണ്! മരുന്നും ഭക്ഷണവുമൊന്നും സമയത്തു കിട്ടാതെ, മാറിമാറി വരുന്ന ഹോം നഴ്‌സുകളുടെ അവഗണനയിൽ നരകിച്ച് ആ അമ്മ മരിച്ചു. ആരോഗ്യത്തോടെ ഇരുന്ന കാലത്ത് ആ അമ്മ ഒരു വിൽ എഴുതിയിരുന്നുവെങ്കിൽ മക്കൾക്കിടയിൽ ഈ പ്രശ്നം ഉണ്ടാവുമായിരുന്നില്ല. മറ്റൊരു കാര്യം അഥവാ സ്വത്തു കിട്ടിയില്ലെങ്കിലും അമ്മയെ നോക്കേണ്ട കടമ രണ്ടാൾക്കുമുണ്ട്. ,അത് മക്കൾ മിക്കപ്പോഴും മറക്കുന്നു.

ഒരു വൃദ്ധ സദനത്തിലെ അന്തേവാസികളായ രണ്ടു സ്ത്രീകൾ - എൻ്റെ സുഹൃത്തുക്കൾ ,ചേച്ചിമാർ എന്നൊക്കെ പറയാം. ഇടയ്ക്കു ഞാനവരെ സന്ദർശിക്കാറുണ്ടായിരുന്നു. അതിലൊരാൾ അതീവ ധനികയാണ്. മകൻ വിദേശത്തും മകൾ ഭർതൃ ഗൃഹത്തിലും ആയതു കൊണ്ടാണ്, ഭർത്താവിനറെ മരണശേഷം അവർ ഇവിടെ താമസമാക്കിയത്. ഒരു വിൽപത്രം എഴുതുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ തന്നെ  ആർക്ക് എന്ത് ലഭിക്കും എന്നതിൽ മക്കൾ  തമ്മിൽ അഭിപ്രായ ഭിന്നതയായി എന്ന് അവർ എന്നോട് പറഞ്ഞു. 'വിൽപത്രം ഒരു രഹസ്യ രേഖയാണ്. അതിനു മക്കളുടെ അഭിപ്രായം പരിഗണിക്കേണ്ടതില്ല. വിൽ രചിക്കുന്നയാളിന്റെ മരണശേഷമേ അത് തുറക്കാൻ പാടുള്ളു. അതിൽ നിർദ്ദേശിച്ച പ്രകാരം കാര്യങ്ങൾ നടപ്പിലാക്കേണ്ടത് അത് ഏല്പിച്ചിരിക്കുന്നു വിശ്വസ്തനായ ആളിന്റെ ചുമതലയാണ്'. ഇതൊക്കെ അവരെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു. ഒടുവിൽ അറിഞ്ഞത് അവർ കിടപ്പിലാണ്, മകൻ അവരെ വീട്ടിലേയ്ക്ക് കൊണ്ടുപോയി എന്നാണ് . വിൽ പത്രം എഴുതിയോ എന്നൊന്നും അറിഞ്ഞില്ല. സ്വത്തു തന്നെയാവും പ്രശ്നം. ഞാൻ ഒന്ന് ഫോണിൽ വിളിച്ചിട്ടു പോലും അവിടെയുള്ളവർ ആ ചേച്ചിക്കു ഫോൺ കൊടുത്തില്ല.             

വിൽ പത്രം കൊണ്ടും പ്രയോജനമില്ലാതെ വരുന്ന സന്ദർഭങ്ങളുണ്ട്.

എന്റെ മകളുടെ വിവാഹശേഷം അവൾക്ക്  അവകാശപ്പെട്ടതൊക്കെ  ഞങ്ങൾ നൽകി. സ്ത്രീധനമായിട്ടല്ല, സ്വത്തുക്കളിൽ അവളുടെ ഷെയർ. എന്റെ പേരിലുള്ള വീടും സ്ഥലവും ഞാൻ എന്റെ മകനായി ഒരു വിൽ എഴുതി രജിസ്റ്റർ ചെയ്തു വച്ചു. എന്റെ മക്കൾ തമ്മിൽ ഒരു തർക്കമുണ്ടാവാനിടയില്ല എന്നെനിക്കു ഉത്തമ വിശ്വാസമുണ്ടായിരുന്നിട്ടു കൂടി.    

നമ്മുടെ തീരുമാനങ്ങൾ നടപ്പിലാവണമെങ്കിൽ ഈശ്വരൻ കൂടി കനിയണം. എന്റെ മകന് അതി ഭയങ്കരമായ ഒരപകടം സംഭവിച്ച് അവൻ വെറുമൊരു ജീവച്ഛവമായി മാറിയപ്പോൾ ആ വിൽപത്രത്തിന് പ്രസക്തി ഇല്ലാതായി.എന്റെ കാലശേഷം അതവന്റെ പേരിലായാൽ  അവിടെ താമസിക്കാനോ അത് വിൽക്കാനോ അവന് കഴിയുകയില്ല. അത് കൊണ്ട് എനിക്ക് ആ വിൽപത്രം മാറ്റിയെഴുതേണ്ടി വന്നു. എന്റെ കാലശേഷം എന്റെ പേരിൽ അവശേഷിക്കുന്ന എല്ലാ സമ്പാദ്യങ്ങൾക്കും അവകാശിയായി എന്റെ മകളെ നിശ്ചയിച്ചു. ഞാനില്ലാതെ വരുന്നകാലത്ത് എന്റെ മകൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവനെ -അവളുടെ ഒരേയൊരു കൂടപ്പിറപ്പിനെ -നോക്കേണ്ട ചുമതല അവൾക്കുണ്ടെന്നു കൂടി ആ വിൽപത്രത്തിൽ എഴുതിച്ചേർത്തിട്ടുണ്ട്. അഡ്വക്കേറ്റ് ഇത് പറഞ്ഞപ്പോൾ സത്യത്തിൽ എനിക്കു ചിരി വന്നു. വിൽ പത്രത്തിൽ എഴുതിയില്ലെങ്കിലും അവൾ അവനെ നോക്കുകയില്ലേ? ഇനിയിപ്പോൾ വിൽപത്രത്തിൽ ഉള്ളതു കൊണ്ട് നോക്കണമെന്നുണ്ടോ? പിന്നെ അത് അവളുടെ മനസ്സ് പോലെ. ഒരു വിശ്വാസമല്ലേ എല്ലാം.  

  സമ്പത്തും സ്വത്തുമൊന്നും ഇല്ലെങ്കിലും കഷ്ടമാണ്. ആരും നോക്കാൻ ഉണ്ടാവില്ല. ധനം   ഉണ്ടെങ്കിലും കഷ്ടം തന്നെ. അവകാശികൾ തമ്മിൽ പോരെടുക്കും.  ഒരു വിൽ  പത്രം   ഒരു പരിധി വരെ ഇതിനൊരു പോംവഴിയാണ്.  അതിനാണല്ലോ അങ്ങനെയൊരു നിയമം ഉണ്ടാക്കി വച്ചിരിക്കുന്നത്.     

English Summary : Kadhayillaymakal Column by Devi JS About  Bequeath  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS