ഒന്ന് നഷ്ടപ്പെട്ടാൽ മറ്റൊന്ന് അതിനു പകരം വയ്ക്കാനാവുമോ

kadhayillaymakal-column-by-devi-js-about-parenting
Representative image. Photo Credits: sankai/ istock.com
SHARE

ഒന്ന് നഷ്ടപ്പെട്ടാൽ മറ്റൊന്ന് അതിനു പകരം വയ്ക്കാനാവുമോ? ഈ ചോദ്യം ആദ്യം മനസ്സിലുദിച്ചത് എന്റെ അമ്മ മരിച്ചപ്പോഴാണ്. എന്തുതന്നെ പകരം വച്ചാലും തീരാത്ത ഒരു നഷ്ടമാണ് അമ്മയുടെ വേർപാട് എന്നെനിക്കു തോന്നി. അതിനു മുൻപ് അച്ഛൻ പോയപ്പോഴും ഉണ്ടായ നഷ്ടബോധം ചെറുതൊന്നുമായിരുന്നില്ല. എന്നാലും അമ്മ ഉണ്ടല്ലോയെന്ന് ഞാൻ അന്ന് ആശ്വസിച്ചു.

പിന്നീട് ചിന്തിച്ചപ്പോൾ വലിയ നഷ്ടങ്ങൾ മാത്രമല്ല ചെറിയവയ്ക്കും മറ്റൊന്നും പകരമാവുന്നില്ലയെന്ന് മനസ്സിലായി. കുറെ പണം കളഞ്ഞു പോയാൽ പിന്നെ എത്ര കിട്ടിയാലും പോയത് പോയതു തന്നെ. ഒരു ചെടി കരിഞ്ഞുണങ്ങിപ്പോയാൽ മറ്റൊന്നു നട്ടു കിളിർപ്പിച്ചാൽ പട്ടു പോയതിനു പകരമാകുകയില്ല. പരീക്ഷയിൽ ഒരു വിഷയത്തിന് നാലുമാർക്കു കുറഞ്ഞു പോയാൽ അടുത്ത പരീക്ഷയ്ക്ക് എത്ര മാർക്കു വാങ്ങിയാലും ആ പഴയ കുറവ് നികത്തപ്പെടുന്നുണ്ടോ? പിന്നെ അങ്ങ് അഡ്ജസ്റ്റ് ചെയ്തു പോകുന്നു. അതാണ് ജീവിതം.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരു നഷ്ടമുണ്ടാവുമ്പോൾ മറ്റൊരു നേട്ടമുണ്ടാക്കി ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ ഉദാഹരണങ്ങൾ ഉണ്ട്.

ബിജുവിന്റെ ചേച്ചി ബിന്ദുവിന്റെ മകൾ നീരജ ആ കുടുംബത്തിന്റെ  മുഴുവൻ സ്നേഹഭാജനമായിരുന്നു. കളിയും ചിരിയും കുസൃതിയുമായി വീട്ടിലുള്ള എല്ലാവരുടെയും മനം കവർന്നിരുന്ന ആ ദീപം പെട്ടന്നങ്ങു പൊലിഞ്ഞു. സഹിക്കാനാവാത്ത സങ്കടക്കടലിൽ ആ കുടുംബം ഒന്നാകെ ആണ്ടുപോയി. നിലത്തു വീണുരുണ്ടുള്ള ബിന്ദുവിന്റെ നിലവിളി കണ്ടു നിൽക്കാനാവുമായിരുന്നില്ല. ഉണ്ണാതെ ഉറങ്ങാതെ ഒരു ഭ്രാന്തിയെപ്പോലെ അവൾ ദിവസങ്ങളോളം അലറിക്കരഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ ഡോക്ടർ വന്ന് കുത്തിവച്ച് ഉറക്കേണ്ടി വന്നു. നാലഞ്ചു മാസം കഴിഞ്ഞപ്പോൾ ബിജു എന്നോട് പറഞ്ഞു .

"ബിന്ദുച്ചേച്ചി ക്യാരിയിങ്ങാണ്."

"നല്ലകാര്യം. ഒരു കുഞ്ഞുണ്ടാകുമ്പോൾ അവൾ നോർമലാകും ." ഞാൻ പറഞ്ഞു.

പക്ഷേ  പിന്നെ ബിജു പറഞ്ഞ വാക്കുകൾ എന്നെ അത്ഭുതപ്പെടുത്തി. 

"അവൾക്കിത്രവേഗം നീരജയെ മറക്കാൻ കഴിഞ്ഞോ? എനിക്കത്  അംഗീകരിക്കാനാവുന്നില്ല."

"ഒന്ന് പോടാ. ഒരമ്മയുടെ മനസ്സ് നിനക്കറിയില്ല. ഈ കുഞ്ഞു പിറക്കുമ്പോൾ പോയ കുഞ്ഞിനെ തിരിച്ചു കിട്ടിയ ആശ്വാസമാകും അവൾക്ക്."

ബിജു പിന്നെ ഒന്നും പറഞ്ഞില്ല.

രണ്ടു കുട്ടികൾ ഉണ്ടായിരുന്നു ആനിക്ക്, ഒരാണും ഒരു പെണ്ണും. എന്തോ രോഗം ബാധിച്ച് മൂത്ത ആൺകുട്ടി മരിച്ചു പോയി. ആനിയുടെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളു. കുറേനാൾ കഴിഞ്ഞ് അവളെ കണ്ടപ്പോൾ അവളുടെ കയ്യിൽ ഒരു കൈക്കുഞ്ഞുണ്ടായിരുന്നു. വളരെ സന്തോഷത്തോടെ അവൾ പറഞ്ഞു.

"എനിക്ക് രണ്ടു മക്കൾ വേണം ദേവീ. ഒന്ന് പോയി ഒന്നു മാത്രമായപ്പോൾ അതും നഷ്ടമായാലോ എന്നൊരു പേടി എന്നെ അലട്ടാൻ തുടങ്ങി. എന്റെ മോൾക്ക് വേണ്ടി ഞാൻ ജീവിക്കണ്ടേ. അതിനു ഞാൻ കണ്ട പോംവഴി ഇതാണ്. അവൾക്കൊരു കൂടപ്പിറപ്പ്. ഇതാ നോക്ക് എനിക്കെന്റെ മോനെ തിരിച്ചു കിട്ടി."

"നന്നായി."

അവളുടെ കുഞ്ഞിന്റെ കവിളിൽ തലോടി ഞാൻ പറഞ്ഞു. എനിക്ക് വലിയ സന്തോഷം തോന്നി. ആനി ചെറുപ്പമാണ്. അതുകൊണ്ട് അവൾക്കത് സാധിച്ചു.

പക്ഷേ എന്നെ വല്ലാതെ അമ്പരപ്പിച്ചത് റോസമ്മയാണ്. അവരുടെ മകന് പത്തിരുപത്തഞ്ചു വയസ്സായി. പഠിത്തം കഴിഞ്ഞ്  ജോലിക്കു ശ്രമിക്കുന്നു. മകൾക്കുമായി പതിനെട്ടോ പത്തൊൻപതോ. അവൾ ഡിഗ്രിക്കു പഠിക്കുന്നു. അപ്പോഴാണ് ഇടിത്തീ പോലെ ഒരു ദുരന്തം അവരുടെ ജീവിതത്തിൽ സംഭവിച്ചത്. മൂത്തമകൻ പെട്ടെന്നു മരിച്ചു. ഏതു മരണത്തിനും ഒരു കാരണം പറയണമല്ലോ. ഒന്നുകിൽ ആത്മഹത്യ അല്ലെങ്കിൽ കാർഡിയാക് അറസ്റ്റ് !ഇതിൽ ഏതായിരുന്നോ, ആ അമ്മയ്ക്ക്  ആരോഗ്യവാനും മിടുക്കനും സത്‌സ്വഭാവിയും സുന്ദരനുമായ മകൻ നഷ്ടപ്പെട്ടു. അമ്മയുടെ ജീവിതത്തിൽ നിറസാന്നിദ്ധ്യമായിരുന്ന  മകൻ പെട്ടന്നങ്ങു പോയത് ആ അമ്മയ്ക്കു  താങ്ങാനായില്ല. ജോലിക്കു പോകാനോ വീട്ടുകാര്യങ്ങൾ നോക്കാനോ റോസമ്മയ്ക്കു കഴിയാതെയായി. നീണ്ട അവധിയെടുത്ത് അവർ വീട്ടിലിരുപ്പായി. റോസമ്മയ്ക്ക്  എന്തെങ്കിലും ആപത്തു സംഭവിക്കുമോ എന്ന്  അവരുടെ ഭർത്താവും സഹോദരങ്ങളുെമാക്കെ ഭയപ്പെട്ടു.

പിന്നെക്കേട്ട വാർത്തയാണ് എന്റെ അതിശയ സീമകളെ തകർത്തു കളഞ്ഞത്. റോസമ്മയ്ക്ക്  അമ്പതു വയസ്സ് കഴിഞ്ഞിരുന്നു. പ്രസവമൊക്കെ പണ്ടേ നിറുത്തിയതാണ്. പക്ഷേ  അവർ വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ ആ കഴിവ് ഉജ്ജീവിപ്പിച്ച് ഗർഭം ധരിച്ചു. ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. വല്ലാത്ത  ദൃഢനിശ്ചയം തന്നെ. ഇത്രയും റിസ്ക് എടുത്ത ആ അമ്മയെ അഭിനന്ദിക്കണം. എന്നാലും ഈ കുഞ്ഞിനെ വളർത്തി ഒരു കര പറ്റിക്കാൻ അവർക്ക് സമയം ബാക്കിയുണ്ടാവുമോയെന്ന് മറ്റുള്ളവർപറയുന്നുണ്ടാവും. പക്ഷേ  അവരുടെ തീരുമാനമാണ് അവരുടെ ശരി.  .

എല്ലാം വെറും തോന്നലുകളാണ്. പലപ്പോഴും പലതിനും മറ്റ് പലതും പകരം വയ്ക്കാനാവും എന്നാണ് ഈ കഥകൾ തെളിയിക്കുന്നത്.                                                         

Content Summary : Kadhayillaymakal column by Devi JS        

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS