വിശ്വാസം അന്ധം !

kadhayillaymakal-column-by-devi-js-about-superstition
Representative image. Photo Credits: kurkul/ istock.com
SHARE

മനുഷ്യന് വിദ്യാഭ്യാസവും വിവരവും കൂടുന്തോറും അവന്റെ വിശ്വാസങ്ങൾ വളരെയധികം അന്ധമാകുന്നതായിട്ടാണ് കാണപ്പെടുന്നത്. പൂജകളിൽ നിന്നും പ്രാർത്ഥനകളിൽ നിന്നും നേർച്ചകളിൽ നിന്നും അകന്നകന്ന്  അവൻ നരബലിയിൽ എത്തി നിൽക്കുന്നു. അതൊക്കെ വലിയ വലിയ പ്രശ്നങ്ങൾ! അതിലൊക്കെ ഇടപെടാനും അഭിപ്രായം പറയാനും ഈ കഥയില്ലായ്മകൾക്കാവില്ല. കൊച്ചുകൊച്ചു കാര്യങ്ങളെ കുറിച്ചല്ലേ നമ്മൾ ഇവിടെ ചർച്ച ചെയ്യാറുള്ളത് !

അന്ധവിശ്വാസങ്ങൾ ചിലപ്പോൾ തമാശകളായി മാറുന്ന രസകരമായ കഥകൾ ഒരുപാടുണ്ട്.

'പൊസ്സസ്സീവ്നെസ്സ്'  സ്നേഹമല്ല.സ്വാർത്ഥതയാണ് എന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. മിക്കവരും അത് സമ്മതിച്ചു തരില്ല. സ്നേഹക്കൂടുതൽ കൊണ്ടാണ് പൊസ്സസ്സീവ് ആകുന്നത്. അത് സ്വാർത്ഥതയല്ല എന്നാണ് അങ്ങേയറ്റം സ്വാർത്ഥരായ, പൊസ്സസ്സീവായ എന്റെ കൂട്ടുകാരികൾ വാദിക്കുന്നത്.

സുരഭിലയുടെ ഭർത്താവ് ബിനുവിന് സ്വന്തം വീട്ടുകാരോട് വലിയ സ്നേഹമാണ്. പ്രത്യേകിച്ചും അവന്റെ അമ്മയോട്. 

"അത് പിന്നെ അങ്ങനെയല്ലേ ? നിന്നെ വിവാഹം കഴിച്ചു എന്നു വച്ച് അവന് സ്വന്തം ആളുകളെ ഉപേക്ഷിക്കാനാവുമോ?'' സുരഭിലയുടെ പരാതി കേട്ടപ്പോൾ ഞാൻ ചോദിച്ചു.

''എന്നാലും ഒന്നാം സ്ഥാനം ഭാര്യയ്ക്കല്ലേ? ബിനുവിനാണെങ്കിൽ എല്ലാം അമ്മ പറയുന്നതുപോലെ. അമ്മയ്ക്കാണെങ്കിൽ മകൻ അകന്നു പോകുന്നു എന്ന തോന്നലാണെപ്പോഴും." 

"ഇതൊക്കെ നിന്റെ തോന്നലാണ്. നീയും ഒരമ്മയല്ലേ? മകനോടുള്ള ഫീലിങ്ങ് നിനക്ക് മനസിലാവില്ലേ?" ഞാനും വിട്ടില്ല.

"നൂറു കറികൾ ഞാൻ വച്ചു കൊടുത്താലും അമ്മയുടെ മീൻ കറിയാണ് ബെസ്റ്റ് എന്നേ അവൻ പറയൂ. ഈ തള്ള ഭക്ഷണത്തിൽ വല്ല കൂടോത്രവും ചെയ്യുന്നുണ്ടാവും."

എന്റെ കണ്ണ് മിഴിഞ്ഞുപോയി.

"എന്താ സുരഭിലേ ...കൂടോത്രമോ? എന്തിന് ? അവർ അവന്റെ പെറ്റമ്മയല്ലേ ?" 

സുരഭിലയും ബിനുവും വേറെ ഒരു വീട്ടിലാണ് താമസം.അമ്മ ഇടയ്ക്കിടെ അവരെ സന്ദർശിക്കും. അപ്പോൾ മകനിഷ്ടമുള്ള എന്തെങ്കിലും ഉണ്ടാക്കികൊണ്ടു വരും. ബിനു അതൊക്കെ കൊതിയോടെ കഴിയ്ക്കും. അമ്മയെ പുകഴ്ത്തും. ഇത് സുരഭിലക്കു സഹിക്കില്ല. ഒരു ദിവസം ആ അമ്മ കുറച്ച് ചമ്മന്തിപ്പൊടി കൊണ്ടു  വന്നു. ഇടിച്ചമ്മന്തി എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത്. അതുണ്ടെങ്കിൽ ബിനുവിന് ചോറുണ്ണാൻ വേറെ ഒന്നും വേണ്ട. ബിനു ഇല്ലാത്ത നേരത്താണ് അമ്മ വന്നത്. സുരഭിലയോടു കുശലങ്ങൾ പറഞ്ഞ്, ചമ്മന്തിപ്പൊടി നിറച്ച കുപ്പി മേശപ്പുറത്തു വച്ച് അമ്മ പോയി. അപ്പോഴാണ് ഞാൻ ചെന്നത്.

"കൂടോത്രമാണ് ദേവീ, അതിലെന്തോ മന്ത്രം ജപിച്ചിട്ടുണ്ട്. മായം ചേർത്തിട്ടുണ്ട്. കഴിച്ചാൽ പിന്നെ ബിനുവിന് അമ്മ എന്ന വിചാരമേ ഉള്ളൂ. "സുരഭിലയുടെ കണ്ണുകൾ ഉരുണ്ടു.

"എന്നിട്ട്? എവിടെ ഇടിച്ചമ്മന്തി? ബിനുവിന് കൊടുക്കാൻ നിനക്ക് മടിയാണെങ്കിൽ എനിക്ക് തന്നേക്ക്. കൂടോത്രമൊന്നും എനിക്ക് ഏൽക്കില്ല. "

ഞാൻ ചിരിച്ചു.

"അയ്യോ ഞാനതപ്പോഴേ ക്ലോസറ്റിലിട്ട് വെള്ളമടിച്ചു കളഞ്ഞു. കുപ്പിയും വേസ്റ്റിലിട്ടു. ബിനു കണ്ടാൽ പിന്നെ ."

എനിക്ക് വിഷമം തോന്നി. എത്ര ആശിച്ചാവും, എത്ര കഷ്ടപ്പെട്ടിട്ടാവും ആ അമ്മ അതുണ്ടാക്കി, ആട്ടോയിൽ കേറി  കൊണ്ടു  വന്നത്! അമ്മ കൊടുക്കുന്ന ഭക്ഷണം കഴിച്ചാൽ മകന് അമ്മയോട് സ്നേഹം കൂടും എന്നത് എന്തു  തരം വിശ്വാസമാണ്? അല്ലെങ്കിൽ തന്നെ കൂടോത്രം ചെയ്ത് നേടേണ്ടതാണോ അമ്മയ്ക്ക് മകന്റെ സ്നേഹം ? പൊസ്സസ്സീവ് നെസ് ഇത്രയും അന്ധമാണോ?

"എന്റെ ഭർത്താവിനെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല." 

സംശയവും പൊസ്സസ്സീവ്നെസ്സും കൊണ്ട് ഭ്രാന്തിന്റെ വക്കിലെത്തി നിൽക്കുന്ന ഹേമ ഉറഞ്ഞു തുള്ളി. ഞങ്ങൾ കൂട്ടുകാരികൾ അന്തം വിട്ടു. 

"ശ്ശെടാ അതിനു ആരാ വരുന്നത് ഇപ്പോൾ നിന്റെ ഭർത്താവിനെ തട്ടിയെടുക്കാൻ.'' ആരും ചോദിച്ചേക്കാവുന്ന ഒരു ചോദ്യം.

"പക്ഷെ അങ്ങനെയല്ല. ആര് വേണോ എപ്പോൾ വേണോ വരാം. അതേ  രഘുവിന്റെ ജാതകത്തിൽ  അവൻ രണ്ടു കല്യാണം കഴിക്കുമെന്നുണ്ട്." ഹേമ പറഞ്ഞു.

"എന്റെ ഹേമേ ജാതകത്തിൽ പറയുന്നതൊക്കെ അതേപടി നടക്കണമെന്നുണ്ടോ? സുരേഷിന് ഇരുപത്തഞ്ചു വയസ്സുവരെയേ ആയുസ്സുള്ളൂ എന്നാണ് ജാതകത്തിൽ എഴുതി വച്ചിരിക്കുന്നത്. അവനിപ്പോൾ അമ്പത്തിയഞ്ചു കഴിഞ്ഞു. നല്ല ആയുസ്സോടെ ആരോഗ്യത്തോടെ അവൻ ഇനിയും ഒരുപാടു കാലം ജീവിക്കും " സുരേഷിന്റെ പെങ്ങൾ സുജാത പറഞ്ഞു.

"നീയും മക്കളുമാണ് രഘുവിന്റെ ലോകം .അവൻ അങ്ങനെയൊന്നും ചെയ്യുകയില്ല" ഞാൻ ഇടപെട്ടു.  

"ങാ ദേവിചേച്ചിക്കിതിലൊന്നും വിശ്വാസമില്ല. പക്ഷേ ജാതകത്തിൽ പറയുന്ന ചില കാര്യങ്ങൾ അച്ചട്ടാണ്." ഹേമ ഉറപ്പിച്ചു പറഞ്ഞു.

കുറെ ദിവസം കഴിഞ്ഞ്  ഹേമ എന്നെ ഫോണിൽ വിളിച്ചു.

"ദേവി ചേച്ചീ രഘു കല്യാണം കഴിച്ചു." 

"ആരെ?" ഞാൻ ഞെട്ടിപ്പോയി.  

"എന്നെത്തന്നെ." ഹേമ പൊട്ടിച്ചിരിച്ചു. ഞാൻ വീണ്ടും ഞെട്ടി.

"അതിന് നിങ്ങൾ പിരിഞ്ഞിട്ടില്ലല്ലോ. പിന്നെ എന്തിനാണ് ഒരു റീ യൂണിയൻ."  

"രഘു രണ്ടു കെട്ടുമെന്നല്ലേ ജാതകത്തിൽ. ഞാൻ എന്റെ താലി ഒളിച്ചു വച്ച്.താലി കളഞ്ഞു പോയതിൽ വലിയ പരിഭ്രമവും സങ്കടവുമൊക്കെ കാട്ടി. എന്നെ സമാധാനിപ്പിക്കാൻ രഘു പുതിയൊരു താലി വാങ്ങിക്കൊണ്ടു വന്നു. അത് മാലയിൽ കോർത്ത് അമ്പലത്തിന്റെ നടയിൽ വച്ച് രഘു തന്നെ എന്റെ കഴുത്തിൽ കെട്ടി. ഞാൻ വല്ലാതെ ശാഠ്യം പിടിച്ചിട്ടാണ് ആ കാര്യം നടന്നത്." ഹേമ വീണ്ടും  ചിരിച്ചു 

"അമ്പടി ഭയങ്കരീ." ഞാനും പൊട്ടിച്ചിരിച്ചുപോയി          

"ജാതകദോഷം മാറിയല്ലോ " ഹേമ ആശ്വസിച്ചു.

"ങാ മാറിമാറി. ആട്ടെ രണ്ടാം കല്യാണത്തിന് സദ്യ വേണമെന്ന് ജാതകത്തിൽ പറഞ്ഞിട്ടില്ലേ? എപ്പോഴാണ് ഞങ്ങളൊക്കെ എത്തേണ്ടത് ?"

ഞാൻ കളിയാക്കിയതാണെന്ന് ഹേമയ്ക്കു തോന്നിയില്ല. കാരണം അവളുടെ ജാതകവിശ്വാസം അത്രയ്ക്ക് സ്ട്രോങ്ങല്ലേ? 

ഇതിലൊക്കെ വിശേഷമാണ് ബബിതയുടെ കാര്യം. ഏതെങ്കിലും സ്ത്രീ അതിഥികൾ വീട്ടിൽ  വരികയോ ശശാങ്കനോട് സംസാരിക്കുകയോ ചെയ്യുന്നത് അവൾക്കിഷ്ടമല്ല. അത് അടുത്ത ബന്ധുവായാലും പ്രിയപ്പെട്ട കൂട്ടുകാരായാലും  അവൾക്കിഷ്ടമാവില്ല. പിന്നീട് മറ്റാരെയെങ്കിലും ഫോണിൽ വിളിച്ച്  അവൾ വന്നവരുടെ കുറ്റം പറയും.

"അവർക്കിത്തിരി കൂടുതലാണ്. വന്നാലുടൻ ശശാങ്കനെ അന്വേഷിക്കും. കണ്ടാൽ പിന്നെ സംസാരമാണ്. എനിക്ക് തീരെ പിടിക്കില്ല."

അതിഥി പോയാലുടനെ അവൾ കുറെ  ഉപ്പും മുളകും കടുകുമൊക്കെ എടുത്തു പൊതിഞ്ഞ് ഭർത്താവിന്റെ തലക്കുഴിഞ്ഞ് കൊണ്ടുപോയി കത്തിക്കും. എല്ലാം പൊട്ടിത്തെറിച്ചു കഴിയുമ്പോൾ അവൾക്ക്  ആശ്വാസമാകും.  ദൃഷ്ടിപെടാൻ  മാത്രം ഒരു മേന്മയും അവളുടെ ഭർത്താവിനില്ല. സുന്ദരനേയല്ല. മെലിഞ്ഞുണങ്ങിയ അധികം പൊക്കമില്ലാത്ത  ഒരു മനുഷ്യൻ. നിത്യ രോഗി. വലിയ സമ്പന്നനുമല്ല. പക്ഷേ അബിതയുടെ കണ്ണിൽ അയാൾ ആരും കൊതിക്കുന്ന കാമദേവനാണ് (അതിൽ തെറ്റില്ല, അതവളുടെ വിശ്വാസം.) അവൾക്ക് എല്ലാ പെണ്ണുങ്ങളെയും സംശയമാണ് (അതെന്തിനാണ്?)

ഞങ്ങൾ കൂട്ടുകാർ കൂടുമ്പോൾ പലരും ഇതേപ്പറ്റി പറയും.പലർക്കും അനുഭവമുണ്ട്.

"ദേവിച്ചേച്ചീ ഒരു പെണ്ണ് ഒരാളെ കണ്ടു കൊതിക്കണമെങ്കിൽ അയാൾക്ക്‌ സൗന്ദര്യം വേണം .ആരോഗ്യം വേണം, പണം വേണം. ശശാങ്കന്  ഇതൊന്നുമില്ല. പിന്നെന്താണ് ബബിതയ്ക്ക് നമ്മളെയൊക്കെ സംശയം."

"ലോകത്തു വേറെ ആണുങ്ങളില്ലേ? ആർക്കു വേണം അവളുടെയീ കോന്തക്കുറുപ്പിനെ "എന്ന് ചിലർ പുച്ഛിക്കും. നേരെ ആരും ബബിതയോട്  ഒന്നും പറയാറില്ല. മോശമല്ലേ ?. കഴിയുന്നതും ആരും അവളുടെ വീട്ടിൽ പോവുകയില്ല. പോയാലും ശശാങ്കനെ  മൈൻഡ് ചെയ്യില്ല .

"അത് വിടൂ .അതവളുടെ സ്വഭാവം." ഞാൻ വിമർശനങ്ങളെ നിരുത്സാഹപ്പെടുത്തും.

ഓരോരോ വിശ്വാസങ്ങളല്ലേ, അന്ധമായാലും.       

Content Summary : Kadhayillaymakal - Column by Devi JS about superstition                                                       

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA