എന്റെ ഫ്ളോറൻസ് നൈറ്റിഗേൽ

kadhayillaymakal-column-by-devi-js
ദേവി ജെ.എസ് രാധക്കുഞ്ഞമ്മയ്​ക്കൊപ്പം
SHARE

അമ്മവീട്ടിലോ അച്ഛന്റെ തറവാട്ടിലോ ശൈശവ ബാല്യങ്ങൾ കഴിച്ചു കൂട്ടാൻ ഭാഗ്യം ലഭിച്ചവർക്കറിയാം, അതിരറ്റ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും സുഖാനുഭവം. ഇന്നത്തെ കുട്ടികളിൽ മിക്കവർക്കും അതറിയില്ല. കാരണം അമ്മയും അച്ഛനും മാത്രമുള്ള, കൂടിപ്പോയാൽ ഒരു കൂടപ്പിറപ്പു കൂടിയുള്ള കുടുംബത്തിലല്ലേ അവർ വളരുന്നത്. പഴയ കൂട്ടുകുടുംബകഥകൾ കേട്ടാൽ അവർക്ക് അദ്ഭുതമാണ്.

ഒരുപാടു അംഗങ്ങളുള്ള 'കുരുത്തോല' എന്ന അമ്മവീട്ടിലെ ആദ്യത്തെ പേരക്കുട്ടി ആയിരുന്നതു കൊണ്ട് ഒരു രാജകുമാരിയായാണ് ഞാൻ വളർന്നതെന്ന് പലപ്പോഴും പലയിടത്തും ഞാൻ പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോൾ ഒന്ന് കൂടി പറയാതെ വയ്യ. കാരണം അമ്മ വീട്ടിൽ എനിക്ക് ഏറെ പ്രിയങ്കരിയായിരുന്ന ഒരാളെ  എനിക്ക് മൂന്നു നാൾ മുൻപ് നഷ്ടമായി. എന്റെ രാധക്കുഞ്ഞമ്മ! അമ്മയെപ്പോലെ എന്നല്ല അമ്മയെക്കാളേറെ എന്നെ സ്നേഹിച്ച, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാൾ, അമ്മയുടെ ഏറ്റവും ഇളയ അനുജത്തി. സങ്കടം പറച്ചിലുകൾക്കും കണ്ണീരിനും തേങ്ങലുകൾക്കും നടുവിൽ വിങ്ങുന്ന മനസ്സും നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി നിൽക്കുമ്പോൾ എനിക്ക് പഴയതെല്ലാം ഓർക്കാതിരിക്കാനാവുമോ?

ഞാൻ ജനിക്കുമ്പോൾ എന്റെ രണ്ടു കുഞ്ഞമ്മമാർ ലീലാക്കുഞ്ഞമ്മയും രാധക്കുഞ്ഞമ്മയും പാവടക്കാരികളാണ്. അന്നവർക്ക് പതിന്നാലോ പതിനഞ്ചോ വയസ്സൊക്കെയേ ഉണ്ടാവൂ. എന്റെ അമ്മ കുഞ്ഞായിരുന്ന എന്നെ അമ്മുമ്മയെയും കുഞ്ഞമ്മമാരെയും ഏൽപ്പിച്ച് നിയമബിരുദപഠനം പൂർത്തിയാക്കാനായി എറണാകുളത്തേയ്ക്കുപോയി. വാത്സല്യവും ശ്രദ്ധയും ലാളനയും ചേർത്ത് കെട്ടിയ ഒരു തൊട്ടിലിലാണ് അന്നു മുതൽ ഞാൻ വളർന്നത്. അവിടെ എടുത്തു നടക്കാനും ഓമനിക്കാനും ഒരുപാടുപേരുണ്ടായിരുന്നു. 'ഗീത' എന്ന ചെല്ലപ്പേരിട്ട് എന്നെ വിളിച്ചിച്ചിരുന്ന ആ വീട്ടിലെ ഓരോരുത്തർക്കും ഞാൻ കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു എന്തും. എന്നെ കളിപ്പിക്കാനും കൊഞ്ചിക്കാനും മാത്രമല്ല എന്റെ കുഞ്ഞു തുണികൾ കഴുകിയുണക്കാൻ വരെ കുഞ്ഞമ്മമാർ തമ്മിൽ മത്സരമായിരുന്നു എന്ന് അമ്മൂമ്മ പറഞ്ഞിട്ടുണ്ട്. ഏറ്റവും വിലപ്പെട്ട ഒരു കളിപ്പാട്ടം കിട്ടിയ ആഹ്ളാദമായിരുന്നത്രെ അവർക്ക്. അപ്പൂപ്പനും അമ്മാവന്മാരും എന്നോടുള്ള വാത്സല്യത്തിന് ഒട്ടും കുറവു  വരുത്തിയില്ല. ഞാൻ വളരുംതോറും ആ വാത്സല്യം ഏറിയതല്ലാതെ കുറഞ്ഞതായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. തിരുവനന്തപുരം നഗരത്തിലെ പുതിയവീട്ടിലേയ്ക്ക് അച്ഛനമ്മമാരോടൊപ്പം പോന്നിട്ടും എല്ലാ അവധിക്കാലവും ഞാൻ ചെലവഴിച്ചത് എന്റെയാ സ്വർഗത്തിൽ തന്നെയായിരുന്നു. സുഖവും സന്തോഷവും മാത്രമാണ് ജീവിതത്തിലുള്ളത് എന്ന് ഞാൻ ധരിച്ചു വശായ നാളുകൾ !

കുഞ്ഞമ്മമാർ വിവാഹിതരായി. അവർക്കു കുട്ടികളുണ്ടായി. എന്നിട്ടും മുൻഗണനാ ലിസ്റ്റിൽ എന്നും ഒന്നാം സ്ഥാനം എനിക്ക് തന്നെയായിരുന്നു എന്ന് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. ഞാൻ എന്റെ മകനെ പ്രസവിച്ച്  ആശുപത്രിയിൽ കിടക്കുമ്പോൾ കുഞ്ഞമ്മമാരാണ് വന്ന് കൂടെ നിന്നത്. അവരുടെ വീടും കുടുംബവും വിട്ടിട്ടാണ് അവർ എന്നെ ശുശ്രൂഷിക്കാൻ വന്നത്. അതിന് അവരെ അനുവദിച്ച അവരുടെ ഭർത്താക്കന്മാർ എന്നും എനിയ്ക്കു പിതൃതുല്യരായിരുന്ന എന്റെ കൊച്ചപ്പന്മാർ - അവരെ മനസ്സാ നമിക്കുന്നു. ഇന്നവർ ജീവിച്ചിരിപ്പില്ല, എങ്കിലും അവരുടെ നന്മയും സന്മനസ്സും മറക്കാനാവില്ല.

എന്റെ അനുജത്തിമാർക്കും ഇത്തരം സന്ദർഭങ്ങളിൽ രാധക്കുഞ്ഞമ്മയുടെ സാമീപ്യവും പരിചരണവും കിട്ടിയിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിൽ മാത്രമല്ല ബന്ധുക്കളുടെ ഇടയിലും ആ സ്നേഹപരിചരണങ്ങൾ അനുഭവിച്ചിട്ടില്ലാത്ത ആരുമില്ല എന്നു പറയുമ്പോൾ അതിൽ അതിശയോക്തിയേയില്ല.

ഏറ്റവുമൊടുവിൽ കാൻസർ  രോഗം പിടിപെട്ട് ശസ്ത്രക്രിയയ്ക്കു വിധേയയായി ആശുപത്രിയിൽ ഞാൻ അവശയായി കിടക്കുമ്പോഴും എന്നെ നോക്കാൻ എന്റെ അമ്മയോടൊപ്പം രാധക്കുഞ്ഞമ്മയുമുണ്ടായിരുന്നു. മയങ്ങാനുള്ള മരുന്നുകൾ മുറയ്ക്ക് കുത്തിവച്ചിരുന്നുവെങ്കിലും ഓപ്പറേഷന് ശേഷമുള്ള ഭീകരമായ വേദന തീവ്രത കുറയാതെ ദിവങ്ങളോളം തുടർന്നു. ആ സമയത്ത് എല്ലാക്കാലത്തും എനിക്ക് ഏറ്റവും പ്രിയങ്കരിയായിരുന്ന എന്റെ രാധാകുഞ്ഞമ്മയിൽ നിന്ന് ലഭിച്ച സ്നേഹമസൃണമായ പരിചരണം അതിനു മുൻപോ അതിനു ശേഷമോ ആരിൽ നിന്നും എനിക്ക് ലഭിച്ചിട്ടില്ല. ഇത്രയും സ്നേഹമയിയായ മറ്റൊരാളെ ഞാനീ ജന്മത്തിൽ കണ്ടിട്ടുമില്ല.

കാൻസർ അനുഭത്തെക്കുറിച്ച് ഞാൻ എഴുതിയ കുറിപ്പിൽ ഞാനെന്റെ ഈ കുഞ്ഞമ്മേയെപ്പറ്റി എഴുതി‘എന്റെ രാധക്കുഞ്ഞമ്മ ഒരു ഫ്ളോറസ് നൈറ്റി0ഗേൽ തന്നെ!' 

എന്റെ അമ്മയുടെ അവസാനദിനങ്ങളിൽ അമ്മയെ ശുശ്രൂഷിച്ചതും രാധക്കുഞ്ഞമ്മ തന്നെ. അമ്മയുടെ കണ്ണടയും വരെ അമ്മയുടെ കൂടെ നിന്ന് അമ്മക്ക് വേണ്ടതെല്ലാം ക്ഷമയോടെ,സ്നേഹത്തോടെ, കരുണയോടെ ചെയ്തു കൊടുത്തൂ, അമ്മയുടെ പെണ്മക്കളെക്കാൾ അമ്മയ്ക്ക് പ്രിയപ്പെട്ട ഈ അനുജത്തി.

ആ നൈറ്റിംഗേലിതാ ഞങ്ങളെ എല്ലാവരെയും വിട്ടു പറന്നു  പോയിരിക്കുന്നു. സങ്കടം സഹിനാവാത്തപ്പോൾ, നമ്മളുൾപ്പെടെ എല്ലാവരും ഒരിക്കൽ ഈ ലോകത്തു നിന്ന് പോകേണ്ടവരാണ്  എന്ന തത്വമൊന്നും  ആശ്വാസമാകുകയില്ല.      

Content Summary : Kadhayillaymakal- Column by Devi JS         

                        

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS