അമ്മയെപ്പറ്റി പാടാത്ത കവികളില്ല, പാട്ടുകാരില്ല, അമ്മയെപ്പറ്റി എഴുതാത്ത എഴുത്തുകാരില്ല.
അമ്മയല്ലാതൊരു ദൈവമുണ്ടോ?
അമ്മേ അമ്മേ അവിടത്തെ മുന്നിൽ ഞാനാര് ദൈവമാര് !
അമ്മയ്ക്ക് പകരം അമ്മ മാത്രം.
ദൈവത്തിന് ഓരോ കുട്ടിയേയും വളർത്താനാവില്ല. അതാണ് ദൈവം അമ്മമാരേ സൃഷ്ടിച്ചത്.
ഇങ്ങനെ എന്തെല്ലാം, അമ്മമാരെപ്പറ്റിയുള്ള ചൊല്ലുകൾ .
അമ്മ എന്ന രണ്ടക്ഷരത്തിന്റെ അർത്ഥം തന്നെ സ്നേഹത്തിൽ പൊതിഞ്ഞ ത്യാഗമെന്നാണ്. അമ്മയുടെ നിസ്വാർത്ഥത, ത്യാഗനിർഭരമായ മനസ്സ്, അതീവ ശ്രദ്ധ ,ഇതൊക്കെ അമ്മയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്.
(അമ്മയെപ്പോലെ തന്നെ മക്കളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും പരിചരിക്കുകയും ചെയ്യുന്ന അച്ഛന്മാരുമുണ്ട് .അവരെ മറക്കുന്നില്ല .ഇവിടെ പറയുന്നത് അമ്മമാരെക്കുറിച്ചു മാത്രമാണ് .
മക്കളെ ഉപേക്ഷിക്കുകയും കൊല്ലുകയും ചെയ്യുന്ന അമ്മമാരുമുണ്ട് ഈ ലോകത്തിൽ എന്നതും സത്യമാണ്. എന്നാൽ അവർ 'അമ്മ 'എന്ന പദവിക്ക് അർഹരല്ല.അതുകൊണ്ട് അവരെക്കുറിച്ച് പറയേണ്ടതില്ല.)
എന്റെ അമ്മ ഞങ്ങൾ മക്കളെ വിട്ടു പോയത് എൺപത്തൊന്നു വയസ്സായിട്ടാണ്. എന്നിട്ടും ആ നഷ്ടം ഇന്നും എന്നെ കരയിക്കുന്നു. അമ്മയെ ഓർക്കാത്ത, അമ്മയെപ്പറ്റി പറയാത്ത, അമ്മ ഉണ്ടായിരുന്നെങ്കിൽ എന്നാശിക്കാത്ത ഒരു ദിവസം പോലുമില്ല.
ഉദ്യോഗം സംബന്ധമായി ഞാനും മക്കളും അകലെ താമസിക്കുന്ന കാലത്ത് എന്റെ അച്ഛനുമമ്മയും സുഖമായി ജീവിച്ചിരിപ്പുണ്ട്. ഒഴിവു കിട്ടുമ്പോഴൊക്കെ മക്കളെയും കൊണ്ട് ഞാൻ അവരെ കാണാനായി തിരുവനന്തപുരത്തേയ്ക്ക് പോകും. അന്ന് എന്റെ സഹപ്രവർത്തകർ പലരും പറഞ്ഞിട്ടുണ്ട്.
"മാഡത്തിന്റെ ഭാഗ്യം. ഇപ്പോഴും അച്ഛനും അമ്മയും ഉണ്ടല്ലോ. ഞങ്ങളുടെ പേരന്റ്സ് ഒക്കെ എന്നേ മരിച്ചു പോയി."
എന്റെ അച്ഛനും അമ്മയും എന്നോടൊപ്പം എന്നുമുണ്ടാകും. അവർ മരിക്കുകയില്ല, എന്നൊരു വിശ്വാസം കുട്ടിക്കാലം മുതൽക്കേ എനിക്കുണ്ടായിരുന്നു. മിക്ക കുട്ടികൾക്കും അതുണ്ടാവും. അച്ഛൻ പോയപ്പോൾ ഞാൻ ഞെട്ടി വിറച്ചു. എന്റെ അച്ഛന് മരണമോ? അമ്മയുണ്ടല്ലോ എന്ന ആശ്വാസം മൂന്നാലു കൊല്ലം ഉണ്ടായിരുന്നു. അമ്മയും കൂടി പോയപ്പോൾ വല്ലാത്ത ഒരു അനാഥത്വം എനിക്ക് അനുഭവപ്പെട്ടു. ഇത്രയും നാൾ അച്ഛനും അമ്മയും എന്റെ ഒപ്പമുണ്ടായിരുന്നല്ലോ എന്ന് ചിന്തിച്ച് ആശ്വസിക്കാൻ ഞാൻ ശ്രമിച്ചു.
കഴിഞ്ഞ ലേഖനത്തിൽ ഞാൻ എന്റെ കുഞ്ഞമ്മയെക്കുറിച്ച് എഴുതിയിരുന്നു. എൺപത്താറു വയസ്സ് കഴിഞ്ഞിട്ടാണ് കുഞ്ഞമ്മ പോയത്. എന്നിട്ടും അതങ്ങ് അംഗീകരിക്കാൻ കുഞ്ഞമ്മയുടെ മക്കൾക്കും എനിക്കും കഴിയുന്നില്ല. അമ്മ എന്നത് ഒരു നിറസാന്നിദ്ധ്യമാണ്. നഷ്ടപ്പെടുന്നത് നമുക്ക് സഹിക്കാനാവില്ല.
അമ്മയെക്കുറിച്ച് എഴുതാൻ തുടങ്ങുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വരുന്നത് അമ്മയില്ലാത്തവരെയാണ്. ഏതെങ്കിലും സാഹചര്യത്തിൽ അമ്മ നഷ്ടപ്പെട്ടവർ. അക്കൂട്ടത്തിൽ അടുത്ത സ്നേഹിതയായ ലളിതച്ചേച്ചി ഒരിക്കൽ പറഞ്ഞതോർക്കുന്നു.
"അമ്മയെക്കുറിച്ചുള്ള ഓർമകളേയില്ല എനിക്ക്. ഒന്നരവയസ്സുള്ളപ്പോഴാണ് അമ്മ മരിച്ചത്. അന്ന് ഞാൻ അമ്മയെക്കാണാതെ ഒരുപാട് കരഞ്ഞിട്ടുണ്ടാവും. വീട്ടിലെ ഓരോ മുറിയിലും അമ്മയെ അന്വേഷിച്ച് കയറിയിറങ്ങി നിലവിളിച്ചിട്ടുണ്ടാവും. പിന്നെ മറന്നു കാണും. അച്ഛനും അച്ഛമ്മയ്ക്കുമൊപ്പം ഞാൻ വളർന്നു. ഞാൻ ഒരമ്മയായിക്കഴിഞ്ഞപ്പോഴാണ് എത്ര വലിയ നഷ്ടമാണ് എനിക്കുണ്ടായതെന്ന് മനസ്സിലാവുന്നത്. അച്ഛനും അച്ഛമ്മയും ഒരു കുറവും വരുത്തിയിട്ടില്ല. എന്നാലും അമ്മയുടെ അഭാവം ഒരു കുറവ് തന്നെയായിരുന്നു എന്നിപ്പോൾ തോന്നുന്നു"
ആ വാക്കുകൾ കേട്ടപ്പോൾ എന്റെ നെഞ്ചിനകത്ത് ഒരു നീറ്റൽ എരിഞ്ഞിറങ്ങി. ഞാനും ഒരമ്മയല്ലേ ...ഞാനില്ലാതെ എന്റെ മക്കൾ ....ഓഹ് അങ്ങനെ സങ്കൽപ്പിക്കാൻ പോലും എനിക്കാവുമായിരുന്നില്ല.
ഹൈസ്കൂൾ ക്ലാസ്സിൽ എന്നോടൊപ്പം പഠിച്ച അലീനയ്ക്ക് അമ്മയില്ലയെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. പക്ഷേ ആരും അതേപ്പറ്റി അവളോട് ചോദിക്കുമായിരുന്നില്ല. ഞങ്ങൾ ഏറ്റവും അടുത്ത കൂട്ടുകാരികളായപ്പോൾ സ്കൂൾ മുറ്റത്തെ പടർന്നു പന്തലിച്ച പടുകൂറ്റൻ ആൽമരത്തിന്റെ ചുവട്ടിൽ ഞങ്ങൾ രണ്ടാളും തനിച്ചു നിന്ന ഒരു മദ്ധ്യാഹ്നത്തിൽ അലീന ഒരു രഹസ്യച്ചെപ്പു തുറന്നു.
"നിനക്കറിയ്യോ ദേവീ എന്റെ അമ്മ മരിച്ചു പോയതല്ല. ഞാൻ തീരെ കുഞ്ഞായിരിക്കുമ്പോൾ എന്നെയും അച്ഛനെയും ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോയതാണ്."
എന്റെ നെഞ്ചിനകത്ത് ഒരു ഇടി വെട്ടി. ഒന്നും മിണ്ടാനാവാതെ ഞാൻ സ്തംഭിച്ചു നിന്നു
"ബാല്യം തൊട്ടേ പരസ്പരം ഇഷ്ടപ്പെട്ടു വളർന്നവരാണവർ. വീട്ടുകാരുടെ ഭീഷണികൾക്കു വഴങ്ങിയാണ് അമ്മ അച്ഛനെ വിവാഹം കഴിച്ചത് . പൊരുത്തപ്പെടാൻ അമ്മ ആവുന്നത്ര ശ്രമിച്ചത്രേ .അങ്ങനെയാണ് ഞാനുണ്ടായത്. പക്ഷെ അമ്മയ്ക്ക് തീരെ പറ്റാതെ വന്നപ്പോൾ അച്ഛനോട് തുറന്നു പറഞ്ഞിട്ടാണ് അവർ പോയത്"
ഇതൊക്കെ ആര് പറഞ്ഞു തന്നു എന്ന ചോദ്യം എന്റെ കണ്ണിൽ തെളിഞ്ഞത് കണ്ടാവും അലീന തുടർന്നു.
"ഞാൻ വളർന്ന് ഇതൊക്കെ മനസ്സിലാക്കാൻ പ്രായമായപ്പോൾ അച്ഛൻ തന്നെയാണ് എന്നോട് എല്ലാം പറഞ്ഞത്."
ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉണർന്നെങ്കിലും ഞാൻ മിണ്ടിയില്ല. അലീന പിന്നെ ഒന്നും പറഞ്ഞില്ല.
പഠിത്തത്തിൽ മാത്രമല്ല നൃത്തത്തിലും സംഗീതത്തിലും ഒന്നാമതായിരുന്ന സരസ്വതിക്ക് മറ്റൊരു കഥയാണ് പറയാനുണ്ടായിരുന്നത്. എന്നും കൂട്ടുകാരികളുടെ മനസ്സറിയുന്ന സ്നേഹിതയായിരുന്നു ഞാൻ. അതുകൊണ്ട് പലരും രഹസ്യങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും എന്നോട് പങ്കുവയ്ക്കുമായിരുന്നു. അങ്ങനെയാണ് സരസ്വതി പറഞ്ഞത്, അവളുടെ അമ്മ ആത്മഹത്യചെയ്യുകയായിരുന്നു എന്ന് .
"വല്ലാത്ത സ്വഭാവമായിരുന്നു, എന്റെ അമ്മയുടേത്. അച്ഛനുമായി എന്നും വഴക്കിടും. പിന്നെ ആ ദേഷ്യം മുഴുവൻ തീർക്കുന്നത് ഞങ്ങളുടെ മേലാണ്. എന്നെയും അനുജനെയും തല്ലിച്ചതയ്ക്കുമായിരുന്നു. സ്നേഹമോ വാത്സല്യമോ കാണിച്ചിട്ടില്ല. എപ്പോഴും ഞങ്ങളെ ചീത്ത പറയും. പറയാൻ പാടില്ലാത്തതാണ്.എന്നാലും പറയട്ടെ .അമ്മ ഒഴിഞ്ഞു കിട്ടിയപ്പോൾ ആശ്വാസമാണുണ്ടായത്. "സരസ്വതി നെടുവീർപ്പിട്ടു. എന്റെ നെഞ്ചു പിടച്ചു പോയി .
അമ്മക്കഥകൾ ഇനിയും എത്ര വേണമെങ്കിലുമുണ്ട്.
ഞാൻ ഒരമ്മയായപ്പോൾ എന്റെ അമ്മുമ്മ പറഞ്ഞു തന്നു.
"രണ്ടു പ്രാർത്ഥനകളാണ് മോളെ , ഒരമ്മയ്ക്ക് വേണ്ടത്. ഒന്ന് എന്റെ മക്കൾ വലുതായി തനിയെ ജീവിക്കാറാവുന്നതു വരെ എന്റെ ആയുസ്സു നീട്ടി തരണേ ഈശ്വരാ"
അമ്മയില്ലാത്ത ദുഃഖം ഏറെ അനുഭവിച്ചതാണ് എന്റെ അമ്മുമ്മ കുട്ടിക്കാലത്ത്.
"ഇനി രണ്ടാമത്തേത്, ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ മക്കൾ നഷ്ടമാകരുത് ദൈവമേ "
മൂന്നു കുഞ്ഞു മക്കൾ മരിച്ചു പോയതിന്റെ സങ്കടം മരണം വരെ തീരാതെ മനസ്സിൽ കൊണ്ടുനടന്ന ഒരമ്മയായിരുന്നു എന്റെ അമ്മുമ്മ.
എത്ര നല്ല പ്രാർത്ഥന! ഞാൻ ആ പ്രാർത്ഥന ഇന്നും ഉരുവിടുന്നു.
Content Summary : Kadhayillaymakal- Column by Devi JS about mother