ജയ ജയ ജയ ജയ ഹേ !

kadhaillayimakal-column-by-devi-js-about-women-empowerment
SHARE

ഏയ് സിനിമയെക്കുറിച്ച് ഒരു റിവ്യൂ ഒന്നുമല്ല. ആ സിനിമ കണ്ടപ്പോൾ ഞങ്ങളുടെ നാട്ടിലെ പഴയ രണ്ടു സ്ത്രീകളെ ഓർമ്മവന്നു. ക്രൂരത മടുത്തുപ്പോൾ കരുത്ത് നേടി ജയിച്ച രണ്ടു പേർ. മീനാക്ഷിയും ശാന്തിയും. വർഷങ്ങൾക്കു മുന്നേ അവർ 'ജയ'യായി മാറിയ കഥകൾ !

മീനാക്ഷി - വെളുത്ത് വിളറി, മെലിഞ്ഞ്, അസ്ഥിപോലെ ഒരു രൂപം. ഒരു കാലത്തു സുന്ദരി ആയിരുന്നിരിക്കണം. കടും നിറമുള്ള ചേലയാണ് ഉടുക്കാറ്. സാരി ഉടുക്കും പോലെ ഞൊറിഞ്ഞല്ല. ഒരു പ്രത്യേക രീതിയിൽ ചുറ്റുകയാണ് പതിവ്. മുട്ടിന്  അൽപ്പം താഴെ വരെയേ ഇറക്കാറുള്ളു. ഓടി നടന്നു പണിയെടുക്കേണ്ടതല്ലേ? മൂക്കിനിരുവശത്തും നിറയെ കല്ലുവച്ച മൂക്കുത്തി.  കഴുത്തിൽ ഒരു ചുവന്ന ചരടിൽ ഏതൊക്കെയോ മുത്തുകൾ കോർത്ത് കെട്ടിയിട്ടുണ്ട്. പല വീടുകളിൽ പണിയെടുത്താണ് മീനാക്ഷി ജീവിതം കഴിച്ചു കൂട്ടിയിരുന്നത്. പാത്രം കഴുകുക, മുറ്റം അടിക്കുക, മുറികൾ അടിച്ചു വാരിത്തുടയ്ക്കുക, ബാത്ത്റൂം കഴുകുക ,  തുണി അലക്കുക, കടയിൽ നിന്ന് അത്യാവശ്യം സാധനങ്ങൾ വാങ്ങിക്കൊടുക്കുക ഇങ്ങനെ നൂറു കൂട്ടം പണികൾ. കൂടെ മറ്റെന്തെങ്കിലും പണി പറഞ്ഞാലും യാതൊരു മടിയും കൂടാതെ ചെയ്തു തരും. രണ്ടു മക്കളെ സ്കൂളിൽ ചേർത്ത്  പഠിപ്പിക്കുന്നുമുണ്ട്. തമിഴ് നാട്ടിലെ ഏതോ കുഗ്രാമത്തിൽ നിന്ന് രണ്ടു ചെറിയ കുഞ്ഞുങ്ങളുമായി പൊടുന്നനെ ഒരു പ്രഭാതത്തിൽ  ഞങ്ങളുടെ നഗരത്തിൽ പ്രത്യക്ഷപ്പെട്ടതാണ് മീനാക്ഷി. ആരൊക്കെയോ സഹായിച്ചിട്ട് താമസിക്കാനൊരു കുടിലും കുറെ വീടുകളിലെ പുറം പണിയും മീനാക്ഷിക്ക് കിട്ടി. ഞാൻ കഥകൾ എഴുതിത്തുടങ്ങിയ കുട്ടിക്കാലത്ത് മീനാക്ഷി തന്നെയാണ് അവരുടെ കഥ എന്നോട് പറഞ്ഞത്.

ഭർത്താവും മക്കളുമൊത്ത് ആ നാട്ടിൽ കഷ്ടപ്പെട്ടു കഴിയുകയായിരുന്നു മീനാക്ഷി. രണ്ടുപേരും കൂലിപ്പണിക്ക് പോകും. പക്ഷേ  മീനാക്ഷിയുടെ കണവന്  കിട്ടുന്ന കൂലി കള്ളുഷാപ്പിൽ കൊടുക്കാനേ തികയൂ. മിക്കവാറും പണിക്കു പോകാതെ മീനാക്ഷിയുടെ കൂലി പിടിച്ചു വാങ്ങും. അയാൾ പുറത്തു പോയി പറോട്ടയും ബീഫും ഒക്കെ വാങ്ങി കഴിക്കും. കുഞ്ഞുങ്ങൾക്ക് കൊണ്ടു  വന്ന് കൊടുക്കുകയേ ഇല്ല. മീനാക്ഷിക്കും മക്കൾക്കും എന്നും പട്ടിണി തന്നെ. കുടിച്ചിട്ട് വന്ന് മീനാക്ഷിയെ അടിച്ചു ചതയ്ക്കും. മക്കളുടെ മുന്നിൽ വച്ച് മീനാക്ഷിയെ അതി ക്രൂരമായി ഭോഗിക്കും. കുറേക്കൊല്ലം സഹിച്ചു അവർക്കു മടുത്തു. കുട്ടികളെയും കൊണ്ട് ആത്മഹത്യ ചെയ്താലോ എന്നാലോചിച്ചു. എന്തിന് ? അയാൾക്കെന്തു നഷ്ടം? ഒന്നുമില്ല. മീനാക്ഷി വളരെ ആലോചിച്ചു. രക്ഷപെടാൻ തീരുമാനിച്ചു. ഒരുനാൾ  വൈകുന്നേരം മക്കളെ അല്പം അകലെയുള്ള റെയിൽവേ സ്റ്റേഷനിൽ കൊണ്ടിരുത്തി. ഭാണ്ഡവും ഏൽപ്പിച്ചു. അമ്മ വരുന്നതുവരെ അവിടെത്തന്നെ ഇരിക്കണമെന്നും എങ്ങോട്ടും പോകരുതെന്നും ചട്ടം കെട്ടി. പിന്നെ മടങ്ങി വീട്ടിൽ വന്ന് കാത്തിരുന്നു. കുടിച്ചു കൂത്താടി കണവനെത്തി, പൈസ ചോദിച്ചു.  മീനാക്ഷിയെ തെറിവിളി  തുടങ്ങി. അവർ പ്രതികരിക്കാതിരുന്നപ്പോൾ ചവിട്ടാൻ കാലുയർത്തി . മീനാക്ഷി ഒഴിഞ്ഞു മാറിയതും അയാൾ മറിഞ്ഞു വീണു. നേരത്തെ കരുതി വച്ചിരുന്ന ഉരുളൻ തടിയെടുത്ത്  മീനാക്ഷി അയാളെ തലങ്ങും വിലങ്ങും പൊതിരെ തല്ലി. പിന്നെ തിരിഞ്ഞൊന്നു നോക്കാതെ ഇറങ്ങിയോടി, റെയിൽവേസ്റ്റേഷനിലേയ്ക്ക്. അവിടെ അമ്മയെക്കാത്ത് വിഷമിച്ചിരുന്ന മക്കളെ ചേർത്തു പിടിച്ചു. അപ്പോൾ വന്ന ഏതോ ട്രെയിനിൽ കയറി അതിന്റെ അവസാന സ്റ്റോപ്പായ ഞങ്ങളുടെ നഗരത്തിൽ ഇറങ്ങി. കഥപറഞ്ഞു തീർത്ത് മീനാക്ഷി ചിരിച്ചു.

എന്റെ അമ്മയെ വീട്ടുജോലികളിൽ സഹായിക്കാൻ വന്നിരുന്നതാണ് ശാന്തി. പാത്രം കഴുകുക, മുറ്റമടിക്കുക,  വീടിനകം തൂത്തു തുടയ്ക്കുക, ഇതിനൊക്കെയായി ഒരു 'പാർട്ട് ടൈം ' പണിക്കാരി അവിടത്തെ വീടുകളിൽ പതിവാണ്. അങ്ങനെ പലവീടുകളിൽ പണി ചെയ്ത് ഉപജീവനം കഴിച്ചിരുന്ന ശാന്തി എന്ന മധ്യ വയസ്ക ദുഃഖവും ദുരിതവും മാത്രമുള്ള ഒരു സ്ത്രീജന്മമായിരുന്നു.

ചെറുപ്പത്തിൽ ശാന്തിയെ ഒരാൾ വിവാഹം ചെയ്തു. ഒരു മകൾ ജനിച്ചതോടെ അയാൾ അവളെ ഉപേക്ഷിച്ചു പോയി. കണ്ടാൽ തെറ്റില്ലാത്ത, ആരോഗ്യവതിയായ ഒരു യുവതിക്ക് അങ്ങനെ അനാഥയായി ജീവിക്കാൻ ആവില്ല എന്ന് ബോധ്യമായപ്പോൾ ശാന്തി ഒരു നാഥനെ കണ്ടെത്തി. ഒരു മകനും ഉണ്ടായി. നല്ല അധ്വാനിയും ആരോഗ്യവാനുമായ ഭർത്താവിനെക്കൊണ്ട് ശാന്തി പൊറുതി മുട്ടി. ഒരു കാശും വീട്ടിൽ കൊടുക്കുകയില്ല . അയാൾക്ക്‌ മൃഷ്ടാന്നഭോജനം ശാന്തി കൊടുക്കുകയും വേണം. 'ഒരാളുടെ കൂടെ കുറേനാൾ പൊറുത്ത, ഒന്നു  പെറ്റ ഒരുത്തിയെ ഏറ്റെടുത്തില്ലേ, പകരം അവൾ എന്റെ കാര്യം നോക്കട്ടെ 'എന്നാണ് അയാളുടെ വാദം. കണ്ടപെണ്ണുങ്ങളുടെ കൂടെ പോവുകയും ചെയ്യും.  അതൊക്കെ ശാന്തി സഹിച്ചു. പക്ഷേ ചെവി പൊട്ടിപ്പോകുന്ന തെറിവിളിക്കും കൂടെ അതി ക്രൂരമായ മർദ്ദനവും. അതിലാണ് അയാൾ ആനന്ദം കണ്ടെത്തിയിരുന്നത്. ഒടുവിൽ ശാന്തിയുടെ മകളെയും അയാൾ നോട്ടമിടാൻ തുടങ്ങി.  അമ്മയെയും മകളെയും തല്ലിച്ചതച്ച ഒരു രാത്രിയിൽ ശാന്തിയുടെ നിയന്ത്രണം വിട്ടു പോയി. മുടിക്ക് ചുറ്റിപ്പിടിച്ച് അയാൾ ചുവരിൽ തല ഇടിപ്പിച്ചപ്പോൾ ചോരയൊലിപ്പിച്ചു നിന്ന ശാന്തി മുറ്റത്തു കീറിയിട്ടിരുന്ന വിറകെടുത്ത് അയാളെ പ്രഹരിക്കാൻ തുടങ്ങി. നിലത്തു വീണുപോയ അയാളുടെ നെഞ്ചത്തും വയറ്റത്തും മുഖത്തും അവൾ ആഞ്ഞു  ചവിട്ടി. അതോടെ അയാൾ വല്ല വിധവും എഴുന്നേറ്റ് എങ്ങോട്ടോ ഓടിപ്പോയി. കുറേനാൾ കഴിഞ്ഞ് രോഗിയായി മടങ്ങി വന്നെങ്കിലും അധികം  താമസിയാതെ മരിച്ചു.

അന്ന് ശാന്തി പറഞ്ഞു. "എന്റെ അടി കൊണ്ടാണോ എന്തോ അയാൾ ചത്തത് . എന്നാലും വേണ്ടൂല . ഇങ്ങനെയുള്ളവന്മാരെ ഒക്കെ കൊന്നു കളയണം." 

എത്രയോ വർഷങ്ങൾക്കു  മുൻപ്  ജയം നേടിയ രണ്ടു സ്ത്രീകൾ ! രണ്ടുപേർക്കും ഇപ്പോൾ ഈ സിനിമ ഒന്ന് കാണിച്ചു കൊടുക്കേണ്ടതാണ് എന്നെനിക്കു തോന്നി.

'കരാട്ടെ ഒന്നും പഠിക്കണ്ട, തടിയോ, വിറകോ പിന്നെ ഗതികെട്ട ഒരു മനസ്സും  ഒക്കെ മതി, ജയയാവാൻ   ' എന്നാവും അവരുടെ ഉത്തരം.                                                      Content Summary : Kadhaillayimakal Column by Devi JS  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS