ഒരു നിശ്ചയമില്ലയൊന്നിനും

kadhayillaymakal-devi-js
Representative image. Photo Credit: andriano_cz/istockphoto.com
SHARE

ഈ  കവിവാക്യം കേട്ടിട്ടുള്ളവരെല്ലാം ജീവിതത്തിലൊരിക്കലെങ്കിലും, ചില പ്രത്യേക സന്ദർഭത്തിൽ ഓർത്തെടുത്തിട്ടുണ്ടാവും. മുൻകൂട്ടി സങ്കല്പിക്കാനാവാത്തതാണ് ജീവിതത്തിൽ നമ്മളെ നടുക്കുന്ന പല സംഭവങ്ങളും. അതിലൊന്നാണ് ഈയിടെയായി തുടർച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്ന മരണങ്ങൾ. നാല്പതും അൻപതും, ചിലപ്പോൾ പ്രായം അതിൽ താഴെയുമുള്ള ചെറുപ്പക്കാരുടെ പെട്ടെന്നുള്ള മരണവാർത്തകൾ നമ്മൾ നിത്യേന കേട്ടു കൊണ്ടിരിക്കുന്നു. നിന്ന നിലയിൽ കുഴഞ്ഞുവീണങ്ങു മരിക്കുക. ചിലർ ചെറിയ അസ്വസ്ഥതകൾ തോന്നി ആശുപത്രിയിലെത്തുമ്പോഴേക്കും മരണമാണ് അവരെ സ്വീകരിക്കുക. കാർഡിയാക് അറസ്റ്റ്. തീർന്നു, ആ വാക്കിൽ ഈ മരണങ്ങൾക്കുള്ള നിർവചനം. എപ്പോഴാണ് അതുണ്ടാവുക എന്നാർക്കും മുൻകൂട്ടി അറിയാനാവില്ല. 

ഷീനയുടെ ഏക മകന്റെ ഓർക്കാപ്പുറത്തുള്ള മരണം ഒരു ഇടി  മുഴക്കമായാണ് പരിചയക്കാരുടെയെല്ലാം  കാതിൽ  പതിച്ചത് . ആ പയ്യന് ഒരു അസുഖവും ഉണ്ടായിരുന്നില്ല. പെട്ടെന്നൊരു തളർച്ചയോ മറ്റോ തോന്നി. ആശുപത്രിയിൽ എത്തിക്കും മുന്നേ ആളു പോയി. ഷീനയുടെ ഭർത്താവ്,  മകൻ കുട്ടിയായിരിക്കുമ്പോഴേ മരിച്ചു പോയി. ഏകമകനുവേണ്ടി മാത്രം ജീവിച്ച ഷീന തനിച്ചായി. വല്ലാത്ത ഒരു ദുരന്തമായിപ്പോയി.  

ഉദ്യോഗത്തിലിരുന്ന കാലത്ത് സഹപ്രവർത്തകരായി ഉണ്ടായിരുന്ന പല ചെറുപ്പക്കാരുടെയും ഈയിടെയുണ്ടായ മരണം എന്നെ നടുക്കാറുണ്ട്. കാരണം പ്രായത്തിലും അവരൊക്കെ വളരെ ജൂനിയർ ആയിരുന്നു .

വർധിച്ചു വരുന്ന ഈ ഹൃദയാഘാതങ്ങൾക്കു കാരണമെന്ത്? പലരും പലതും പറയുന്നു. കോവിഡിന്റെ അനുബന്ധമാണിതെന്ന് പലർക്കും സംശയമുണ്ട്. കോവിഡ്  വാക്‌സിന്റെ അനന്തര ഫലമാണെന്നു മറ്റു ചിലർ. ഇതൊന്നും ഉറപ്പു പറയാനാവില്ല. കവിവാക്യം വീണ്ടും ഉദ്ധരിക്കേണ്ടി  വരുന്നു. 'ഒരു നിശ്ചയമില്ലയൊന്നിനും'. ഓരോ ദിവസവുമെന്നോണം മരണവാർത്തകൾ ശ്രവിച്ചു വിഷമിച്ചിരിക്കവേ എന്റെ മകൾ പറഞ്ഞു. 'അമ്മേ ഒരു ദുഃഖവാർത്തപറയാനുണ്ട് .'

'യ്യോ.' കേൾക്കും മുന്നേ ഞാൻ വിളിച്ചു പോയി. അവളുടെ സുഹൃത്ത് ദിവ്യയുടെ അനുജൻ പെട്ടെന്ന് മരിച്ചു പോയത്രേ. ഞാൻ ഞെട്ടി വിറച്ചുപോയി. കാരണം ദിവ്യയെ എനിക്ക് അറിയാം. വിശദവിവരങ്ങൾ മകൾ പറഞ്ഞു. നാൽപതു വയസ്സേ ആയിട്ടുള്ളൂ. രണ്ടു ചെറിയ കുട്ടികൾ ഉണ്ട്. ഭാര്യ നന്നേ ചെറുപ്പമാണ്. പെട്ടെന്ന് ഒരു നെഞ്ചു വേദന തോന്നി. ഗ്യാസ് ആണെന്ന് കരുതി. കുറേനേരം കഴിഞ്ഞിട്ടും കുറയുന്നില്ല. കൂടി വരുന്നു എന്ന് കണ്ടപ്പോൾ ഏതായാലും ആശുപത്രിയിലേക്കു പോകാമെന്നു രണ്ടാളും കൂടി തീരുമാനിച്ചു. അയാൾ തനിയെയാണു കാറോടിച്ചത്. ചെന്നപാടെ അവർ അവനെ ഐസിയുവിൽ കയറ്റി. അതോടെ അവന്റെ ഭാര്യ പരിഭ്രാന്തയായി. അടുത്ത് തന്നെയുള്ള ദിവ്യയുടെ ഒരു കസിനെ അവൾ വിളിച്ചു. അയാൾ എത്തും മുന്നേ ദിനു മരിച്ചു എന്ന് ഐസിയുവിൽ നിന്ന് അറിയിച്ചു. രജനി തകർന്നു തരിപ്പണമായിപ്പോയി എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

'ദിവ്യയുടെ കണ്ണുകൾ ഇപ്പോഴും നിറഞ്ഞൊഴുകുന്നു അമ്മേ.' എന്റെ മകൾ ഗദ്ഗദത്തോടെ പറഞ്ഞു നിർത്തി. എനിക്ക് വല്ലാതെ സങ്കടം വന്നു. ദിനുവിന്റെ അമ്മയെയാണ് അപ്പോൾ ഞാൻ ഓർത്തത്. ദുരന്തകഥകൾ എത്രയെന്നു പറഞ്ഞാണ് താങ്ങാനാവുക ഞാൻ തരിച്ചിരുന്നു പോയി.

നാലഞ്ച് ദിവസം കഴിഞ്ഞ് എന്റെ കൊച്ചു കൂട്ടുകാരി ലില്ലി വിളിച്ചു. 'ചേച്ചി ഒരു സങ്കട വാർത്ത പറയാനാണ് ഞാൻ വിളിച്ചത്. എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു കുട്ടിയുടെ ഹസ്ബൻഡ് പെട്ടന്നു മരിച്ചു.'

'ഓ ഈശ്വരാ .' ഞാൻ വിളിച്ചു .

'കഷ്ടമായിപ്പോയി ചേച്ചീ .അയാൾക്ക് നാല്പത്  വയസ്സേ ആയിട്ടുള്ളു. ഒരസുഖവും ഉണ്ടായിരുന്നില്ല.  

രണ്ടു ദിവസം മുൻപ് ഞങ്ങൾ കമ്പനിയിലെ കൂട്ടുകാരെല്ലാം ചേർന്ന് ഒരു ഗെറ്റ് ടു ഗെതർ ഉണ്ടായിരുന്നു. ഭക്ഷണമൊക്കെ കഴിച്ച്, സംസാരിച്ചു ചിരിച്ച് സന്തോഷമായാണ് ഞങ്ങൾ പിരിഞ്ഞത്. കൊറോണയൊക്കെ കാരണം മൂന്നു വർഷമായി ഇത് പോലൊന്നു കൂടിയിട്ട്. അതിന്റെ ത്രില്ലിൽ ആയിരുന്നു ഞങ്ങൾ. രണ്ടു ദിവസം കഴിഞ്ഞു കേൾക്കുന്നു അതിലൊരാളുടെ ഹസ്ബൻഡ് പെട്ടെന്ന് മരിച്ചു എന്ന്. മാസ്സിവ് ഹാർട്ട് അറ്റാക്ക്. തലേദിവസം രാത്രി വീട്ടിൽ ലാപ്ടോപ്പിൽ ജോലി ചെയ്തു കൊണ്ടിരിക്കെ അയാൾക്ക്‌ ഒരു നെഞ്ചു വേദന തോന്നി. ഹസ്ബന്റും വൈഫും കൂടി ആശുപത്രിയിൽ പോയി. ഇസിജിയിൽ ചെറിയ വേരിയേഷൻ കണ്ടതു കൊണ്ട് ഒന്ന് ഒബ്സെർവേഷനിൽ വെയ്ക്കാമെന്നു ഡോക്ടർ പറഞ്ഞു. അങ്ങനെ അവിടെ ഒരു ബെഡിൽ ഇരുന്നു. അവൾ സംസാരിച്ചു കൊണ്ട് അടുത്തു നിൽക്കെ പെട്ടെന്ന് അയാൾ കുഴഞ്ഞു വീണു. ഉടനെ മരിക്കുകയും ചെയ്തു. '

ലില്ലിയുടെ ശബ്ദമിടറി. എനിക്ക് ശബ്ദിക്കാൻ കഴിഞ്ഞില്ല. ലില്ലി വിധിയെയും ഈശ്വരനെയുമൊക്കെ പഴിച്ചു കൊണ്ടിരുന്നു. ഞാൻ പതുക്കെ പറഞ്ഞു. ''ലില്ലീ എന്റെ മകളുടെ കൂട്ടുകാരിയുടെ അനുജനും ഇതുപോലെ കാർഡിയാക് അറസ്റ്റ് വന്നു പെട്ടെന്ന് മരിച്ചു. നാൽപ്പത് വയസ്സ്. ഭാര്യയും ഭർത്താവും രണ്ടു ഐ ടി കമ്പനികളിൽ ജോലി. രണ്ടു പെണ്മക്കൾ. ഈ രണ്ടു മരണവിവരങ്ങളിലുമുള്ള സാദൃശ്യങ്ങൾ എന്നെ അതിശയിപ്പിക്കുന്നു. ഇനി രണ്ടും ഒരാൾ തന്നെയാവുമോ?' 

'ദിവ്യയുടെ അനുജന്റെ പേരെന്താണ്' ഞാൻ എന്റെ മകളോട് ചോദിച്ചു.

'ദിനു എന്നാണ് അവർ വിളിക്കുന്നത്. വേറെ പേരുണ്ടോ എന്നറിയില്ല."

എന്തായാലും ആ വിവരം ലിലി അറിയിക്കും മുൻപേ അതാ വരുന്നു എന്റെ ഫോണിൽ തുരുതുരെ ലില്ലിയുടെ മെസ്സേജുകൾ.

മരിച്ചയാളിന്റെ പേര് ദിനു. ഭാര്യ രജനി. രണ്ടു പെണ്മക്കൾ. പതിന്നാലു വയസ്സും അഞ്ചു വയസ്സും. കൂടെ ദിനുവിന്റേയും ഫാമിലിയുടെയും ഒരു ഫോട്ടോയും. ഞാൻ സ്തംഭിച്ചിരുന്നു. ഒരു മരണം എത്രപേരെയാണ് വേദനിപ്പിക്കുന്നത് ? '

' ഇതിനെ അപ്രതീക്ഷിതം അവിചാരിതം എന്നൊന്നുമല്ല അതിക്രൂരം എന്നല്ലേ പറയേണ്ടത്?' ലില്ലി എന്നോട് ചോദിച്ചു .

ഒരു നിശ്ചയമില്ലയൊന്നിനും ...ഞാൻ നെടുവീർപ്പിട്ടു..

Content Summary: Kadhayillaymakal- Column by Devi JS about Unexpected Deaths of Young People

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA