പ്രണയത്തിനൊരു ദിനം

kadhayillaymakal-column-by-devi-js-about-valentines-day
SHARE

വർഷത്തിലെ മുന്നൂറ്റിഅറുപത്തഞ്ചു ദിനങ്ങൾക്കും ഓരോ പേരുകൾ നൽകിയിട്ടുണ്ട്. ഫാതേഴ്സ് ഡേ, മതേഴ്സ് ഡേ, കാൻസർ ഡേ, ലോക റേഡിയോ ദിനം, ഗേൾ ചൈൽഡ് ഡേ, ഫാമിലി ഡേ, ലോക അനാഥ ദിനം,  ലോക ബ്രെയിൽ  ദിനം ,ഇങ്ങനെ  എഴുതാൻ തുടങ്ങിയാൽ ദേശീയവും അന്തർദേശീയവുമായി എണ്ണമറ്റ പ്രധാന ദിനങ്ങൾ  എഴുതിത്തീരില്ല. പന്ത്രണ്ടു മാസത്തേയും ഓരോ ദിനത്തിനും ഒന്നിലധികം പ്രത്യേകതകൾ കൽപ്പിച്ചു കൊടുത്തിട്ടുണ്ട്. അതെല്ലാം അവ വരുന്നമുറയ്ക്കു ഓരോ ദിവസവും നമുക്ക് നോക്കാം.! ഇപ്പോൾ നമുക്ക് പ്രണയ ദിനത്തെക്കുറിച്ചു ചിന്തിക്കാം. ഇന്ന് ഫെബ്രുവരി പതിന്നാല് !.ലോക വാലന്റൈൻസ് ഡേ–മറ്റെന്തിനെക്കുറിച്ചാണ് നമുക്ക് പറയാനാവുക, പ്രണയത്തെക്കുറിച്ചല്ലാതെ. (വർഷത്തിൽ ഒരു ദിവസമേയുള്ളോ പ്രണയിക്കാൻ എന്ന ചോദ്യം അപ്രസക്തം )        

"അമ്മുമ്മയുടെ കുട്ടിക്കാലത്ത് വാലന്റൈൻസ് ഡേ ഉണ്ടായിരുന്നോ?" എന്റെ കുട്ടിക്കൂട്ടത്തിന്റെ ചോദ്യം.

"ഞങ്ങൾ അക്കാലത്തു അങ്ങനെയൊന്നു കേട്ടിട്ടുപോലുമില്ല. ഇതൊക്കെ പ്രചാരത്തിലായിട്ടു വളരെക്കുറച്ചു നാളല്ലേ ആയിട്ടുള്ളു ."

"പക്ഷെ അന്നും ലവ് ഉണ്ടായിരുന്നില്ലേ?" അടുത്ത ചോദ്യം.

"തീർച്ചയായും. പ്രണയിക്കാൻ ഒരു പ്രത്യേക ദിനം വേണോ?പ്രണയം ആർക്കുവേണമെങ്കിലും ആരോട് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും തോന്നാം. അത് അന്നും ഇന്നും അങ്ങനെ തന്നെയല്ലെ?   ഇന്നത്തേക്കാൾ കൂടുതൽ ഗാഢവും തീവ്രവും സുന്ദരവുമായിരുന്നു അന്നത്തെ പ്രണയങ്ങൾ. എന്നാണ് എനിക്ക് തോന്നുന്നത്. ഇന്ന് അത്തരം പ്രണയങ്ങളെ പൈങ്കിളി എന്നല്ലേ പറയുക !"

അന്നത്തെ കഥകൾ ഓർക്കാൻ തന്നെ എനിക്ക് രസം തോന്നി. അതൊക്കെ ഞാൻ കൊച്ചു കൂട്ടുകാർക്കു പറഞ്ഞു കൊടുക്കുകയും ചെയ്തു. അന്ന്  ഞങ്ങളുടെ സിറ്റിയിൽ ഗേൾസ് സ്കൂളുകളും ബോയ്‌സ് സ്കൂളുകളും വെവ്വേറെയാണ്. കോട്ടൺ ഹിൽ, ഹോളി ഏഞ്ചൽസ്  ഒക്കെ പെൺപള്ളിക്കൂടങ്ങൾ. മോഡൽ സ്കൂൾ, സെന്റ് ജോസഫ്‌സ് ഒക്കെ ആൺ പള്ളിക്കൂടങ്ങൾ. അതുകൊണ്ട് എതിർലിംഗത്തോട്  ആകർഷണം തോന്നാൻ തുടങ്ങുന്ന കൗമാരപ്രായത്തിൽ ഞങ്ങൾക്ക്   അവസരങ്ങൾ കുറവായിരുന്നു. എന്നു വച്ച് പ്രണയങ്ങൾ ഇല്ലെന്നല്ല. ആൺകുട്ടികളും പെൺകുട്ടികളും കണ്ടു മുട്ടുന്നത് അന്നും അപൂർവമൊന്നുമല്ല. കാത്തു നിന്ന് കാണുന്നത് ഒരു രസം തന്നെ ആയിരുന്നു. പക്ഷേ  പ്രണയ പ്രഖ്യാപനം നടത്താൻ ഇന്നത്തെ ധൈര്യമൊന്നും അന്നത്തെ കുമാരീകുമാരന്മാർക്കില്ല. മിണ്ടാൻ തന്നെ പേടിയാണ്. സമൂഹം അന്നത് അനുവദിച്ചിരുന്നില്ല. (ഇന്നും ഇല്ല എന്ന് ഒരു കുട്ടി.)  പിന്നെ രഹസ്യമായി കത്തുകൾ എഴുതുക, അമ്പലത്തിലോ പള്ളിയിലോ ലൈബ്രറിയിലോ പാർക്കിലോ ഒക്കെ കണ്ടു മുട്ടുമ്പോൾ ഒന്നോ രണ്ടോ വാചകങ്ങളിൽ ഇഷ്ടം പ്രകടിപ്പിക്കാറുണ്ട്. അതും ആരെങ്കിലും കണ്ടാൽ തീർന്നു. വീട്ടിലറിഞ്ഞാൽ വഴക്കായി ,അടിയായി ,ഉപദേശമായി. കത്തുകളെങ്ങാനും മുതിർന്നവരുടെ കൈയ്യിൽ കിട്ടിയാൽ പിന്നെ ഉണ്ടാകുന്ന പ്രശ്നങ്ങൾ പറയാനില്ല.

എന്തേ അന്നത്തെ മുതിർന്നവർ പ്രണയത്തിന് ഇത്രയും എതിരായിരുന്നത് എന്ന് എന്നോർക്കുമ്പോൾ അദ്‌ഭുതം തോന്നുന്നു. പ്രണയിച്ചാൽ ചീത്തപ്പേരുണ്ടാവും എന്നാണ് അന്നത്തെ വിശ്വാസം. വിദ്യാഭ്യാസത്തേ അത് ബാധിക്കും എന്നത് മറ്റൊരു കാര്യം. അത് ഏറെക്കൂറെ സത്യമാണ്. എപ്പോഴും മനസ്സിൽ അതാവില്ലേ ചിന്ത. 

മുതിർന്ന പലരും പ്രണയത്തിൽ കുടുങ്ങി ജീവിതം നഷ്ടമായി എന്ന തോന്നലുള്ള ചിലർ ഞങ്ങളെ എന്നും ഉപദേശിച്ചിരുന്നു .

'പ്രണയം ഒരു നല്ല കാര്യമല്ല .മനസ്സിനെ നൊമ്പരപ്പെടുത്തുകയും ജീവിതം തന്നെ തകർക്കുകയും ചെയ്യും ചിലപ്പോൾ .' അത് കേട്ട് പേടിച്ചു പേടിച്ചാണ് അന്നൊക്കെ പ്രണയിച്ചിരുന്നത്. അന്നത്തെ സിനിമകളും, നോവലുകളും ,കവിതകളുമൊക്കെ പ്രണയത്തെയും അതിന്റെ ദുരന്തത്തെയും കുറിച്ചായിരുന്നു. ശുഭപര്യവസായിയാ പ്രണയകഥകൾ തുലോം കുറവായിരുന്നു. ലൈല മജ്നു ,റോമിയോ ജൂലിയറ്റ്, സലിം അനാർക്കലി, രമണനും ചന്ദ്രികയും ഇതൊക്കെയല്ലേ ഞങ്ങൾ കേട്ടു പോന്ന പ്രണയകഥകൾ. ഒക്കെയും ട്രാജഡികൾ. അനശ്വര പ്രേമത്തിന്റെ ഒരേ ഒരു കഥയെ അന്ന് കേട്ടിട്ടുള്ളു. രാധയും കൃഷ്‌ണനും. അതിനെ ഒരു പ്രണയമായി കാണാൻ സത്യത്തിൽ സാധിച്ചിരുന്നില്ല. അത് അതിനുമൊക്കെ മീതെയുള്ള ഒരു ബന്ധമായിരുന്നു. ജീവാത്മാവും പരമാത്മാവും എന്നൊക്കെയല്ലേ പറഞ്ഞിരുന്നത്. 

അന്നത്തെ കാലത്ത് പ്രണയിച്ചാൽ സാഫല്യം നേടണം. അതായതു പ്രണയത്തിന്റെ ലക്‌ഷ്യം അന്ന് ഒന്നു  ചേരൽ അഥവാ വിവാഹം എന്നാണ്. ഇന്ന് അതല്ലല്ലോ.

പത്തു -പന്ത്രണ്ടു വയസ്സ് മുതൽ കുട്ടികൾ തുടങ്ങും .പരസ്പരം 'ക്രഷ് '. അത് പ്രണയമാണോ ? അതെ എന്നും അല്ല എന്നും പറയാനാവാത്ത ഒരു തോന്നൽ .

അതിന് ഒരു മതിഭ്രമം എന്നാണ് പഴയ തലമുറ പറയുക.

എല്ലാ പ്രണയവും വിവാഹത്തിലെത്തണം എന്ന് ആര് പറയുന്നു. ഇതൊക്കെ താത്ക്കാലിക രസങ്ങൾ മാത്രമല്ലെ .സ്കൂൾ കാലത്തേ അനേകം വിനോദങ്ങളിൽ ഒന്ന് വർഷങ്ങൾ  കാത്തിരുന്ന്  പ്രണയ സാഫല്യം നേടാം എന്നൊന്നും ഞങ്ങൾ കരുതുന്നില്ല ."  എന്നാണ് പുതിയ   തലമുറ പറയുന്നത്.

പ്രണയം പ്രഖ്യാപിക്കാനും,  പ്രണയത്തിന്റെ പേരിലുള്ള വാഗ്ദാനങ്ങൾ ഉറപ്പിക്കാനും, പ്രണയ സമ്മാനങ്ങൾ നല്കാനുമുള്ളതാണ് വാലന്റൈൻസ് ഡേ എന്ന് വേണമെങ്കിൽ പറയാം. അതൊക്കെ ചെറുപ്പക്കാരുടെ കാര്യങ്ങൾ.  'നമ്മൾ വയസ്സായവർക്കു പഴയ പ്രണയങ്ങൾ ഓർത്തു രസിക്കുകയോ ദുഖിക്കുകയോ ആവാം ഈ ദിവസം.'  എന്റെ സുഹൃത്തായ ഒരു കവി പറയുന്നു.  

                                  

    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS