ഒരു പിശുക്കന്റെ കഥ

kadhaillayimakal-column-by-devi-js-about-employee-life
SHARE

ഔദ്യോഗിക കാല സ്മരണകൾ പലർക്കും പലതാണ്. സന്തോഷിപ്പിക്കുന്ന, സങ്കടപ്പെടുത്തുന്ന, ചിന്തിപ്പിക്കുന്ന, രസിപ്പിക്കുന്ന ഓർമ്മകൾ ഓരോരുത്തർക്കും ഉണ്ടാകും. ജോലിയിൽ നിന്ന് വിരമിച്ച് പെൻഷൻ പറ്റി  വിശ്രമജീവിതം നയിക്കുമ്പോൾ ചിലപ്പോഴൊക്കെ ഈ ഓർമ്മകൾ മനസ്സിന്റെ മാനത്ത് മഴവില്ലായി വിരിയും.

ചാർളി ചാപ്ലിൻ പണ്ട് പറഞ്ഞതു പോലെ സങ്കടങ്ങൾ വീണ്ടും വീണ്ടും ഓർത്തെടുത്ത് കരയുന്നതെന്തിന്? നമുക്ക് രസകരങ്ങളായ കാര്യങ്ങൾ മാത്രം പറഞ്ഞ് ചിരിക്കാം.

കോട്ടയത്ത് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ഒരു ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന കാലത്ത് ഞാൻ എന്റെ സഹപ്രവർത്തകരോട് ഇടയ്‌ക്കിടെ പറയുമായിരുന്നു."നമ്മുടെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും നല്ല ഒരു കാലഘട്ടമാണിത്. നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ട ജോലി. മെയിൻ ഓഫീസിൽ അല്ലാത്തതു കൊണ്ട് ഒരുപാടു സ്വസ്ഥത. നല്ല സ്വതന്ത്രമായ അന്തരീക്ഷം. എല്ലാവരും തമ്മിൽ നല്ല സൗഹൃദം ,സഹകരണം."ഉച്ചയ്ക്ക് എല്ലാവരും ഒരുമിച്ചിരുന്നാണ് ലഞ്ച് കഴിച്ചിരുന്നത്. അതാണ് ഞങ്ങൾ ഏറ്റവും ആസ്വദിച്ചിരുന്ന കാര്യം. ഉദരനിമിത്തമാണല്ലോ എല്ലാം. ഞങ്ങൾ ഏഴെട്ടു പേരുണ്ട്. മേശകൾ നടുവിൽ ചേർത്തിട്ട് ചുറ്റും കസേരകളിട്ടാണ് സെക്ഷൻ ക്രമീകരിച്ചിട്ടുള്ളത്. അതു  കൊണ്ട് അവിടെ തന്നെ വട്ടം കൂടിയിരുന്ന്  ഊണു  കഴിക്കാനും സൗകര്യമുണ്ട്. ഭരണത്തിന്റെ തലൈവി ആയതിനാൽ എനിക്കൊരു മുറിയുണ്ട്. ജോലിസമയത്ത് അവിടെ ഇരിക്കുമെങ്കിലും ഊണു കഴിക്കാൻ ഈ വട്ടമേശ സമ്മേളനത്തിലേക്ക്‌ ഞാനും പോരും. പ്യൂണെന്നോ, ക്ലാർക്ക് എന്നോ, ഓഫീസർ മാരെന്നോ വ്യത്യാസമില്ല. അവിടെ ഞങ്ങൾ എല്ലാവരും ഒരു കുടുംബം പോലെ ആയിരുന്നു. ഓരോരുത്തരും രണ്ടോ മൂന്നോ കറികൾ കൊണ്ടുവരും. മറ്റുള്ളവർക്കു കൂടി ഷെയർ ചെയ്യാനുള്ള അളവിൽ ആവും ഓരോ കറിയും. വിളമ്പിക്കഴിയുമ്പോൾ ഒരു സദ്യവട്ടത്തിനു വേണ്ടത്രയും കറിയും കൂട്ടാനും ഒക്കെ ഉണ്ടാവും. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം! 'അവധി ദിവസം വീട്ടിലിരിക്കുമ്പോൾ ഈ ലഞ്ച് മിസ് ചെയ്യുന്നുണ്ട് കേട്ടോ, അന്ന് വീട്ടിലെ കറികളല്ലേ ഉണ്ടാവൂ', എന്ന് ഞങ്ങൾ  പറയാറുണ്ടായിരുന്നു.

ഇതിനിടയിൽ ഒരു തമാശക്കഥയുണ്ട്. വേണു .ജി. നായർ എന്ന സഹപ്രവർത്തകൻ അവിവാഹിതനാണ്. ഒരു ലോഡ്ജിലാണ് താമസം. അവിടെ റൂമിൽ ഒരു സ്റ്റോവ് വച്ച് തനിയെ അത്യാവശ്യം പാചകം ചെയ്യും. ഉച്ചയ്ക്കത്തേയ്ക്കുള്ള ചോറ് വച്ച് കൊണ്ട് വരും. ചോറ് മാത്രം. കറികൾ ഇവിടെ ഉണ്ടല്ലോ. കൊടുക്കുന്നതിനാർക്കും വൈമനസ്യവുമില്ല. വിഭവ സമൃദ്ധമായ ഊണ് അയാൾക്കും കിട്ടും. ചിലദിവസങ്ങളിൽ ചോറും ഉണ്ടാവുകയില്ല. അന്ന് അതും  ഞങ്ങളെല്ലാവരും കൂടി കൊടുക്കും. ആർക്കും അതിൽ പരാതിയില്ല. ഓരോരുത്തർ ഓരോ പിടി ഇട്ടാൽ പോരെ, ഒരാൾക്കുള്ളത് തികയാൻ.                                          

ആഴ്ചാവസാനം ഈ മഹാൻ വീട്ടിൽ പോകും.  തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്ന് വെളുപ്പിനെ പുറപ്പെടുന്ന ഏതോ ട്രെയിനിൽ കയറി കോട്ടയത്തെത്തും. നേരെ ലോഡ്ജിൽ പോയി കുളിച്ചു വേഷം മാറി ഓഫീസിൽ വരും. അന്ന് ഉച്ചയ്ക്ക് ലോഡ്ജിൽ പോയാണ് അയാൾ ഭക്ഷണം  കഴിക്കുക. കാരണം വീട്ടിൽ നിന്ന് കൊണ്ടു  വരുന്ന ഉച്ചഭക്ഷണം അവിടെ വച്ചിട്ടാണ്   അയാൾ രാവിലെ ഓഫീസിൽ എത്തുന്നത്.

"അതെന്താണ് അങ്ങനെ ?" ഞങ്ങൾ പലപ്പോഴും പരസ്പരം ചോദിച്ചു.

"വീട്ടിൽ നിന്ന് കൊണ്ട് വരുന്ന നല്ല സാധനങ്ങൾ നമുക്ക്‌ കൂടി തരാതിരിക്കാനാവും.". ഒരു യുവതി പറഞ്ഞു.

"അതു  കൊള്ളാം. നിങ്ങൾക്കു കൂടി തന്നാലെന്താ? എന്നും നിങ്ങൾ കൊടുക്കുന്നതല്ലേ? " ഞാൻ അത്ഭുതപ്പെട്ടു.

പിറ്റേന്ന് മുതൽ  പഴയതു പോലെ ചോറ് മാത്രമായി വേണു വരും.  മുഖത്ത്  യാതൊരു ഉളുപ്പുമില്ലാതെ മറ്റുള്ളവരുടെ കറികളുടെ പങ്കു പറ്റും.    

ഓഫീസിലുള്ള ഓരോരുത്തരും എന്തെങ്കിലുമൊക്കെ ഇടയ്ക്കു കൊണ്ടുവരാറുണ്ട്. വീട്ടിൽ വിശേഷമായി എന്തെങ്കിലും ഉണ്ടാക്കിയാൽ സഹപ്രവർത്തകർക്കു കൊണ്ടു വരുക എന്നത് ഞങ്ങളുടെ ശീലമാണ്. അതെല്ലാം കഴിക്കാൻ ഈ വീരനും കൂടും. പക്ഷേ  ഒരിക്കൽ പോലും അയാൾ ഞങ്ങൾക്കായി ഒന്നും കൊണ്ടു  വന്നിട്ടില്ല. വീട്ടിൽ നിന്ന് കൊണ്ടു വരാൻ പറ്റിയില്ലെങ്കിൽ വാങ്ങി തന്നുകൂടെ? ഇങ്ങനെ പലരും ചിന്തിക്കുന്നുണ്ടായിരുന്നു. പക്ഷേ  ആരും ഒന്നും പറഞ്ഞില്ല.  വേണുവിന് ഒരു തരമായി. കൊടുക്കുന്നതിനു പകരം കിട്ടണം എന്ന് ആശിക്കുന്നവരായിരുന്നില്ല ഞങ്ങൾ ആരും തന്നെ. എന്നാലും ഒരു മര്യാദയൊക്കെ വേണ്ടേ ?        

അങ്ങനെയിരിക്കെ വേണു. ജി. നായർ വിവാഹിതനായി. ഭാര്യ കുടുംബത്തോടൊപ്പം നാട്ടിലാണ്. വേണുവിന്റെ രീതികൾക്ക് ഒരു മാറ്റവും വന്നില്ല. വീക്ക് എൻഡിൽ നാട്ടിൽ പോകും. ഒഴിവു കഴിഞ്ഞ് വരുന്ന ദിവസം  ഉച്ചയ്ക്ക് ലോഡ്ജിൽ പോയിരുന്ന് വീട്ടിൽ നിന്ന് കൊണ്ട് വന്ന ഭക്ഷണം കഴിക്കും. പിറ്റേന്ന് മുതൽ പഴയ ഓസ് പരിപാടി തന്നെ.    

വളരെ ദൂരെ വച്ചായതിനാൽ വേണുവിന്റെ വിവാഹത്തിന് ആർക്കും പങ്കെടുക്കാനായില്ല. പക്ഷേ  എല്ലാവരും പൈസ എടുത്ത്  വലിയ ഒരു ഗിഫ്റ്റ്  തന്നെ വേണുവിന് വാങ്ങിക്കൊടുത്തു. അയാൾ അത് സന്തോഷത്തോടെ സ്വീകരിച്ചു. പക്ഷേ  വിവാഹത്തിന്റെ പേരിൽ പോലും ഓഫീസിലുള്ളവർക്ക്‌  അയാൾ ഒരു  ട്രീറ്റ് നടത്തിയില്ല. ആരും ഒന്നും മിണ്ടിയില്ല. ഇതൊക്കെ അറിഞ്ഞു ചെയ്യേണ്ടതല്ലേ?  

 വേണു ഇല്ലാതെ മറ്റുള്ളവർ മാത്രമായ ഒരു ദിവസം ഒരു സഹപ്രവർത്തക എന്നോട് ചോദിച്ചു.

"തിരുവനന്തപുരത്തുകാർ ഇങ്ങനെയാണോ മാഡം? അറും പിശുക്ക്, കമ്പ്ലീറ്റ് ഓസ്!"

മുഖത്ത് ഒരടി കിട്ടിയത് പോലെ തോന്നി എനിക്ക്. ഞാനും തിരുവന്തപുരത്തു ജനിച്ചു വളർന്ന ഒരു 'കട്ട ' തിരുവനന്തപുരംകാരിയാണല്ലോ.

''ഞങ്ങൾ തിരുവനന്തപുരത്തുകാർ എന്റെ അറിവിൽ ഇങ്ങനെ ആരും തന്നെയില്ല. എന്നെ നിങ്ങൾക്കറിയാമല്ലോ. സത്ക്കാരത്തിനും ദാനധർമ്മങ്ങൾക്കും പേരുകേട്ടതാണ് എന്റെ കുടുംബം. എന്റെ ബന്ധുക്കളും അയൽക്കാരും പരിചയക്കാരും അങ്ങനെ തന്നെയാണ് . പിന്നെ ചിലരുണ്ടാവും. ചിലപ്പോൾ ഒറിജിനൽ നാട്ടുകാരൊന്നുമാവില്ല .എവിടെ നിന്നോ വന്ന് സെറ്റിൽ ആയവർ. പിശുക്കർ  ,സ്വാർത്ഥർ. അവരാണ് ഞങ്ങൾ തിരുവനന്തപുരത്തുകാർക്കു മുഴുവൻ പേരു  ദോഷമുണ്ടാക്കുന്നത്."  ദേഷ്യം കൊണ്ട് എന്റെ  ശബ്ദം ഇടറി. ആ യുവതി ഉൾപ്പെടെ എല്ലാവരുടെയും മുഖം വിളറി .

ആരെയും ആക്ഷേപിക്കാനല്ല ഞാൻ അത്രയും പറഞ്ഞത് .പല അനുഭവങ്ങളുമുണ്ട്. അതിലൊന്നു  തന്നെ ഈ വേണുവും.

അൽപ നേരം കഴിഞ്ഞു മനസ്സൊന്നു ശാന്തമായപ്പോൾ ഞാൻ പതുക്കെ പറഞ്ഞു.  

"അയാളുടെ വീട്ടിൽ നിന്ന് കൊണ്ടു  വരുന്ന ചോറ് പൊതിയിൽ ഒന്നുമുണ്ടാവില്ല. അത് നിങ്ങളെ കാണിക്കാനുള്ള ചമ്മൽ കൊണ്ടാണ്. അല്ലാതെ നിങ്ങൾക്ക്   തരാൻ വയ്യാഞ്ഞിട്ടല്ല .വീട്ടിലും ഈ പിശുക്കു തന്നെയാവും. വെറും ചോറും ചമ്മന്തിയും. അതിൽ നിന്ന് എന്തു  തരാനാണ്.  

ഞാൻ പറഞ്ഞു നിർത്തിയതും എല്ലാവരും പൊട്ടിച്ചിരിച്ചു. കാര്യങ്ങൾ അങ്ങനെ തന്നെ മുന്നോട്ടു പോയി. 

കാലം കഴിഞ്ഞപ്പോൾ ഓരോരുത്തരായി സ്ഥലം മാറി വേറെ സെക്ഷനുകളിലേയ്ക്ക് പോയി. പിന്നെ എന്തായോ പിശുക്കന്റെ കഥ !  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS