ഒന്നു ചിരിച്ചൂടെ !

kadhayillaymakal-smile
Representative Image : Shutterstock.com
SHARE

ഇന്ന് ഒരു സിനിമ കണ്ടു. അതിലെ നായകന്റെ അതി മനോഹരമായ ചിരി ഞാൻ ശ്രദ്ധിച്ചു.  ഏഴുവയസ്സു മുതൽ എഴുപതു വയസ്സുവരെയുള്ള ആരെയും, സ്ത്രീപുരുഷഭേദമന്യേ ആകർഷിക്കാൻ പോന്ന ഒരു ചിരി. ഒന്നാം നിര നടനൊന്നുമല്ല. എന്നാലും ചുരുങ്ങിയ ചില ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ആ യുവാവ് സിനിമ കാണുന്നവർക്ക് ഇതിനിടെ പരിചിതനാണ്. സിനിമ ഏതെന്നോ നടൻ ആരെന്നോ പറയാൻ ഉദ്ദേശിക്കുന്നില്ല. കാരണം ഇതൊരു പരസ്യകോളം അല്ലല്ലോ. മാത്രമല്ല പറയാനുദ്ദേശിച്ചത് ചിരിയെ പറ്റിയാണ്.

ചിരി അതി മനോഹരമായ ഒരു ഭാവാവിഷ്ക്കാരം ആണെന്നതിൽ സംശയമില്ല. എന്തെല്ലാം വികാരങ്ങളാണ് ഒരു ചിരിയിലൂടെ നമുക്ക് പ്രകടിപ്പിക്കാൻ കഴിയുക! അതിശയം തന്നെ. മനുഷ്യന് മാത്രമാണോ ചിരി എന്ന അദ്‌ഭുതവിദ്യ സ്വായത്തമായിട്ടുള്ളത്? മൃഗങ്ങൾ ചിരിക്കാറുണ്ടോ? അറിയില്ല. അതോ ഭാവങ്ങൾ പ്രകടിപ്പിക്കാൻ അവയ്ക്ക് വേറെ മാർഗ്ഗങ്ങളുണ്ടോ?

ചിരിയുടെ ആദ്യത്തെ കാരണം  സന്തോഷം തന്നെയാണ്. സന്തോഷം വരുമ്പോൾ ചിരിക്കാത്തവർ ചുരുക്കം. പിഞ്ചു കുഞ്ഞിന്റെ പല്ലില്ലാത്ത വായ തുറന്നുള്ള നിഷ്ക്കളങ്കമായ ചിരിയും, ബാല്യത്തിന്റെ ബഹളം പിടിച്ച ചിരിയും, കൗമാരത്തിന്റെ കോലാഹലച്ചിരിയും, യൗവ്വനത്തിന്റെ കിലുങ്ങുന്ന ചിരിയും, വർധക്യത്തിന്റെ വാത്സല്യച്ചിരിയും ഒക്കെ സന്തോഷത്തിന്റെ ബഹിർഗമനങ്ങൾ തന്നെ. 

പ്രണയം തുളുമ്പുന്ന ചിരികൾ എത്രത്തോളം ഹൃദ്യമാണെന്ന് എടുത്തു പറയേണ്ടതില്ല. പഞ്ചാരച്ചിരി എന്നോ, നിറകൺ ചിരി  എന്നോ, കൊല്ലുന്ന ചിരി എന്നോ ഒക്കെ കവികൾ പാടുന്നത് ഈ അനുരാഗ ചിരിയെ പറ്റിയല്ലേ? മുത്ത് പൊഴിയുന്ന ചിരിയും, പ്രകാശം പരത്തുന്ന ചിരിയും, സംഗീതം മുഴങ്ങുന്ന ചിരിയും വർണിക്കാൻ വാക്കുകൾ പോരാതെ വരും. ചിരിക്കുന്നവർക്കും ആ ചിരികൾ ആസ്വദിക്കുന്നവർക്കും ഹൃദയത്തിൽ കുളിരു കോരിയിടാൻ പോന്ന അപൂർവ സിദ്ധിയാണ് സുന്ദരമായ ഈ ചിരികൾ.

പിന്നെയുമുണ്ട് പല തരം ചിരികൾ. കൗതുകച്ചിരി, കുസൃതിച്ചിരി, കള്ളച്ചിരി എന്നൊക്കെ നമ്മൾ പറയുന്ന ചില ചിരികൾ അത്യന്തം രസകരമാണ്. ചിരിക്കാൻ കൂട്ടാക്കാത്ത, കഴിയാത്ത, മടിയുള്ള ചിലരുണ്ട്. അവർ അടുത്ത സുഹൃത്തുക്കളാകാം, ബന്ധുക്കളാകാം, കേവല പരിചയക്കാരാകാം. ഒന്നു ചിരിച്ചു എന്ന് വരുത്താൻ പാടുപെടുന്നവർ. 'ഒന്ന് ചിരിച്ചൂടെ' എന്ന് നമ്മൾ ചോദിച്ചു പോകും. ഏയ് ഉറക്കെയല്ല, പതുക്കെ ഉള്ളിന്റെയുള്ളിൽ പിറുപിറുക്കും. വലിയ തമാശ എന്ന് നമുക്കു  തോന്നുന്ന കാര്യങ്ങൾ കേൾക്കുകയും കാണുകയും ചെയ്താലും ഇവർക്ക് ചിരിക്ക് പിശുക്കാണ്. നമ്മൾ തലയറഞ്ഞു പൊട്ടിച്ചിരിക്കുമ്പോൾ 'എന്താ ഇതിലിത്ര ചിരിക്കാൻ' എന്ന മട്ടിൽ നമ്മളെ നോക്കുന്ന ഒരുപാടു പേരെ ഞാൻ കണ്ടിട്ടുണ്ട്.  

പതിനഞ്ചു കൊല്ലമായി ഞാൻ ഈ തെരുവിലെ ഒരു അന്തേവാസിയാണ്. പുറത്തധികം ഇറങ്ങി നടക്കാറില്ലെങ്കിലും പരിചയക്കാർക്കു കുറവില്ല. ഇവരിൽ പലരും കണ്ടാൽ ഒന്ന് ചിരിക്കുന്നത്  മടിച്ചു മടിച്ചാണ്. അതേ  സമയം നേരിയ മുഖപരിചയമേ ഉള്ളൂ എങ്കിലും, അതുപോലും ഇല്ലെങ്കിലും ചിലർ ഹൃദ്യമായി ചിരിക്കും. വെറുതെ ഒരു അംഗീകരിക്കൽ മാത്രമാണത്. എന്നാലും എനിക്ക് സന്തോഷം തോന്നും. ചിലപ്പോൾ ഞാനൊരു ചിരി സമ്മാനിച്ചാലും ചിലർ ഒരു ചിരി മടക്കുകയില്ല. 'ഒന്ന് ചിരിച്ചാൽ എന്താണ് കുഴപ്പം, പല്ലു വാടിപ്പോകുമോ?' എന്ന് ഞങ്ങളുടെ നാട്ടിൽ ഒരു ചോദ്യമുണ്ട്. ഞാനത് എന്നോട് തന്നെ ചോദിക്കും. വഴിയരികിൽ, അല്ലെങ്കിൽ എയർ പോർട്ടിൽ, റെയിൽവേ സ്റ്റേഷനിൽ, വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നമ്മൾ കണ്ടു മുട്ടുന്ന വിദേശികളെ ശ്രദ്ധിച്ചിട്ടില്ലേ? അവർ നമ്മളെ നോക്കി മന്ദഹസിക്കും. ഒരു പരിചയവുമില്ല. അവർ ഏതു നാട്ടുകാർ എന്നു പോലുമറിയില്ല. എന്നാൽ നമ്മൾ ഈ നാട്ടുകാരാണെന്ന് അവർക്കറിയാം. അതാണോ ആ പുഞ്ചിരിക്ക് പിന്നിൽ. അതോ മനുഷ്യൻ മനുഷ്യനെ കാണുമ്പോൾ  ചിരി തൂകുന്നത് അവരുടെ രീതിയാണോ?                                              

ഇനി പറയട്ടെ, നല്ല ചിരികൾ മാത്രമല്ല, വെറുപ്പിക്കുന്ന ചിരികളുമുണ്ട്. പരിഹാസം, പുശ്ചo, പൊങ്ങച്ചം ഇതൊക്കെ ദ്യോതിപ്പിക്കുന്ന ചിരികളുമുണ്ട് മനുഷ്യരുടെ പക്കൽ. വെടലച്ചിരി, വഷളൻ ചിരി, വിഡ്ഢി ചിരി ഇവ വേറെയും. ചിരി ഇവിടെ വെറുപ്പ് പ്രകടിപ്പിക്കാനുള്ള ഒരു ഉപാധിയായി മാറുകയാണ്. സിനിമയിലെ വില്ലൻമാരുടെ അട്ടഹാസച്ചിരി അനുകരിച്ചു പേടിപ്പിക്കുന്ന ചിലരുമുണ്ട്. 

പിണക്കം, വഴക്ക്, പരാതി, പരിഭവം, ശത്രുത ഇതെല്ലാം ചിരി കൊണ്ട് മാറ്റിയെടുക്കാം. പിണങ്ങി നടക്കുന്ന കൂട്ടുകാരനെ അല്ലെങ്കിൽ കൂട്ടുകാരിയെ നോക്കി ഒന്ന് ചിരിക്കൂ. ആദ്യം മൈൻഡ് ചെയ്തു എന്ന് വരില്ല. പക്ഷേ  വീണ്ടും വീണ്ടും ശ്രമിക്കുമ്പോൾ ചിരി ഒരു മന്ത്രമായി മാറി പിണങ്ങി  നടക്കുന്ന ആളെക്കൂടി ചിരിപ്പിക്കുന്ന അത്ഭുതം നമുക്ക് കാണാം.         

സങ്കടങ്ങളെ മൂടി വയ്ക്കാനും നമുക്ക് ചിരി കൊണ്ട് കഴിയും. ചിരി കൊണ്ട് കണ്ണീരിനെ മറയ്ക്കുന്നതും ഒരു അത്ഭുത വിദ്യതന്നെയാണ്. ഒരുപാടു ദുഃഖങ്ങൾ ഉള്ളവരാണ് ഒരുപാട് ചിരിക്കുന്നത്. മറ്റുള്ളവരുടെ മുന്നിൽ കരഞ്ഞു പോവാതിരിക്കാനുള്ള ഒരടവാട് മിക്കപ്പോഴും ആ ചിരി. നിറഞ്ഞ കണ്ണുകൾക്ക് താഴെ ചുണ്ടിൽ വിടരുന്ന ചെറിയ ആ ചിരിയാണ് ഏറ്റവും മനോഹരം എന്നെനിക്കു തോന്നാറുണ്ട്.   

വെറുതെയാണോ 'ചിരി കൊണ്ട് നിലാവിന് നിറം കൂട്ടുമിവളെന്ന് ' കവി നായികയെ വർണിച്ചത് ! 

Content Summary: Kadhayillaymakal - Column by Devi J S about Smile

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS