കണ്ണീർ മഴയത്ത് ചൂടുന്ന ചിരിയുടെ കുടകൾ !

devi-js-remembering-innocent
ദേവി.ജെ .എസ്  ഇന്നസെന്റിനൊപ്പം
SHARE

ജീവിച്ചാൽ ഇങ്ങനെ ജീവിക്കണം. മരിക്കുമ്പോൾ ഇങ്ങനെ മരിക്കണം. ചുരുക്കം ചിലരെക്കുറിച്ചേ നമുക്ക് ഇങ്ങനെ ചിന്തിക്കാനാവൂ. നമ്മളെ എന്നും ചിരിപ്പിച്ചു കൊണ്ടിരുന്ന ഇന്നസെന്റിനെ കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചാണ് ഇപ്പോൾ ഇങ്ങനെ പറയാനാവുക! ഇന്നസെന്റല്ലേ നമ്മളെ കണ്ണീർമഴയത്ത് ചിരിയുടെ കുട ചൂടിച്ചത്  ! 

രണ്ടു ദിവസമായി പത്രത്താളുകളിലും ചാനലുകളിലും നിറഞ്ഞു കവിയുന്ന ആ മഹാ നടനെക്കുറിച്ച് ഞാനിനി കൂടുതൽ എന്ത് പറയാനാണ്. അല്ലെങ്കിലും ഞാൻ എപ്പോഴും ഈ കഥയില്ലായ്മകളിലൂടെ എന്റെ വായനക്കാരുമായി പങ്കു വയ്ക്കുന്നത് എന്റെ അനുഭവങ്ങളല്ലേ? ക്യാന്‍സറിന്റെയും  ചികിത്സയുടെയും വഴികളിലൂടെ സഞ്ചരിക്കുന്നവർ എന്ന നിലയിലാണ് ഇന്നസെന്റും ഞാനും കൂട്ടുകാരായത്.

ഇന്നസെന്റിന്റെ ജനപ്രീതി നേടിയ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. സിനിമ നൽകുന്ന മാനസീകോല്ലാസത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഞാനും എന്റെ കുടുംബാംഗങ്ങളും എത്രയോ തവണ ആ ചിത്രങ്ങൾ വീണ്ടും വീണ്ടും കണ്ടിട്ടുണ്ട്, തലയറഞ്ഞു ചിരിക്കാൻ വേണ്ടി മാത്രം.

ശ്രീ.ഇന്നസെന്റിനെ വെള്ളിത്തിരയ്ക്കു പുറത്ത് ആദ്യമായി കാണുന്നത് 2007 ലോ 2008 ലോ ആണ്. വർഷം  ശരിക്ക് ഓർമ്മയില്ല. എനിക്ക് രണ്ടാമതും ക്യാൻസർ രോഗം വന്ന് ചികിത്സ കഴിഞ്ഞ സമയമായിരുന്നു. പത്തിരുപതു വർഷം  മുൻപ് ആ രോഗം ബാധിച്ച്, ചികിത്സ പൂർത്തിയാക്കി, പരിപൂർണമായും സുഖപ്പെട്ടു, ഇനി ആ രോഗം വരില്ലയെന്ന വിശ്വാസത്തോടെ ഇരിക്കുമ്പോൾ വീണ്ടും ആ രോഗത്തിന്റെ വരവ് എന്നെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്. കാരണം രോഗം ഭേദമായി ഏറ്റവും സന്തോഷപ്രദമായ ഒരു കാലഘട്ടത്തിലൂടെ മക്കളും ഞാനും കടന്നു പൊയ്‌ക്കൊണ്ടിരിക്കവേയായിരുന്നു ആ പ്രഹരം.

ക്ഷീണിതയും അവശയും വിരൂപയുമായിരുന്നു ആ സമയത്തു ഞാൻ എങ്കിലും ഡോക്ടർ വി.പി. ഗംഗാധരന്റെ ക്ഷണമനുസരിച്ച് ഞാൻ എന്റെ മകനോടൊപ്പം ഡോക്ടർ ഗംഗാധരൻ വിളിച്ചു കൂട്ടിയ അതിജീവിച്ചവരുടെയും രോഗികളുടെയും ഒരുമിച്ചുള്ള  ആ സമ്മേളനത്തിൽ പങ്കെടുത്തു. കളിക്കൂട്ടമായിരുന്നോ കമ്മ്യുണിയൻ ആയിരുന്നോ എന്നിപ്പോൾ ഓർക്കുന്നില്ല. മുഖ്യാതിഥിയായി അന്ന് ഇന്നസെന്റും ദിലീപും ഉണ്ടായിരുന്നു. ഇന്നസെന്റിന് അന്ന് രോഗം ബാധിച്ചിരുന്നില്ല. സരസമായ വാക്കുകൾ കൊണ്ട് ചിരിപ്പിച്ച്, രോഗവും ഭയവും വേദനയുമൊക്കെ മറക്കാൻ ഇന്നസെന്റിന്റെ അന്നത്തെ പ്രസംഗം ഞങ്ങളെ സഹായിച്ചു.

"ദേവി രണ്ടു വാക്ക് സംസാരിക്കുന്നോ ?" ഞങ്ങളുടെ ഡോക്ടർ  എന്റെ അടുത്തു  വന്നു ചോദിച്ചു.

"ഇല്ല ഡോക്ടർ."എന്ന് പറഞ്ഞ് ഞാൻ തലയാട്ടി.

ആരോഗ്യമുള്ളപ്പോൾ തന്നെ സ്റ്റേജ് ഭയം കൊണ്ട്  സ്റ്റേജിൽ കയറാത്ത ഞാനാണോ ഈ അവസ്ഥയിൽ കയറി പ്രസംഗിക്കുക?

"ഓ സിനിമാതാരങ്ങളുടെ ഒപ്പം സ്റ്റേജിൽ കയറാൻ കിട്ടിയ അവസരം അമ്മ കളഞ്ഞല്ലൊ" എന്ന് എന്റെ മകൻ എന്നെ കളിയാക്കി.

ഇന്നസെന്റ് സ്റ്റേജിൽ നിന്ന് താഴെ ഇറങ്ങിയപ്പോൾ ഡോക്ടർ എന്നെ വിളിച്ച് ഇന്നസെന്റിനു  പരിചയപ്പെടുത്തി. 

"ഇത് ദേവി.എഴുത്തുകാരിയാണ് ."

കീമോയെടുത്ത്  അവശയായ എന്നെ കണ്ട് ഒരു ഭാവഭേദവും കാണിക്കാതെ ഇന്നസെന്റ് കുശലം ചോദിച്ചു. കൈ നീട്ടി ഹസ്തദാനം തന്നപ്പോൾ ആ ഉള്ളം കൈ തണുത്തിരുന്നു എന്നത് ഞാനിപ്പോഴും ഓർക്കുന്നു.   

 പിന്നീട് ഞങ്ങൾ ക്യാൻസർ രോഗികളുടെ ലോകത്തേയ്ക്ക് ഇന്നസെന്റും കടന്നു വന്നു.  പലതവണ കണ്ടപ്പോഴൊക്കെ ഞാൻ ചെന്ന് സംസാരിച്ചു. ഓർക്കുന്നില്ല, ആരാണ്, മറന്നു പോയി എന്ന ഭാവമൊന്നും കാണിക്കാതെ ചിരപരിചയമുള്ളതുപോലെയാണ് അദ്ദേഹം അപ്പോഴൊക്കെ പെരുമാറിയത്. 

എന്റെ രണ്ടു  തവണത്തെ ക്യാൻസർ - കീമോ അനുഭവങ്ങൾ ഞാൻ 'സ്നേഹത്തിന്റെ സാന്ത്വനസ്പർശങ്ങൾ' എന്നൊരു പുസ്തകമാക്കിയിരുന്നു. അതിന്റെ ഒരു കോപ്പി ഞാൻ ഇന്നസെന്റിന്  അയച്ചു  കൊടുത്തിരുന്നു. ആ പുസ്തകം വായിച്ചു കഴിഞ്ഞ് ഇന്നസെന്റ് അദ്ദേഹത്തിന്റെ  ഒരു സുഹൃത്ത് ജോയിക്കു നൽകി. ജോയി  അത് വായിച്ചശേഷം എന്നെ ഫോണിൽ വിളിച്ച്  അഭിനന്ദിച്ചു. എനിക്ക് വലിയ സന്തോഷം തോന്നി.

വീണ്ടും ഇന്നസെന്റിനെ കണ്ടപ്പോൾ ജോയി വിളിച്ച കാര്യം ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

" 'ക്യാൻസർ  വാർഡിലെ ചിരി' ഞാനും വായിച്ചു. പക്ഷേ എന്റെ പുസ്തകമാണ് നല്ലത് ." ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു .

"സത്യമാണ് ദേവീ, പക്ഷേ ആരോടും പറയണ്ട കേട്ടോ" സ്വതേയുള്ള ചിരിയോടെ  അദ്ദേഹം രഹസ്യം പോലെ പറഞ്ഞു. എന്തൊരു നർമ്മബോധം!

വിദ്യോദയ സ്കൂളിലെ കലോത്സവത്തിൽ മുഖ്യാതിഥിയായി ഇന്നസെന്റ് വന്നപ്പോഴും കാണികളുടെ മുൻനിരയിൽ ഞാനുണ്ടായിരുന്നു. (എന്റെ മിലിയും അന്നവിടെ നൃത്തം ചെയ്യുന്നുണ്ടായിരുന്നു.അതാണ് മുൻപിൽ തന്നെ സീറ്റു പിടിച്ചത്). പ്രേക്ഷകർ കുട്ടികളും അവരുടെ രക്ഷകർത്താക്കളും ആയിരുന്നതു  കൊണ്ടാവാം അത്യന്തം നർമ്മം വാരിച്ചൊരിഞ്ഞു കൊണ്ടാണ് ഇന്നസെന്റ് അന്ന് സംസാരിച്ചത്. അന്നവിടെ മുഴങ്ങിയ ചിരിയുടെ അലകൾ ഇന്നും ഓർമയിലുണ്ട്.

സ്റ്റേജിൽ നിന്ന് ഇന്നസെന്റ് ഇറങ്ങിയതും ഞാൻ എഴുന്നേറ്റ്  അടുത്തു ചെന്നു.

 "നേരെ കീമോ എടുക്കാൻ പോവുകയാണ് "എന്ന് ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ നടുങ്ങി. ചുറ്റും ആളുകൾ തിങ്ങിക്കൂടിയതു കൊണ്ട് പിന്നീടൊന്നും മിണ്ടാനായില്ല. ആരാധകരുടെ തിരക്കിലൂടെ  ഇന്നസെന്റ് നടന്നു നീങ്ങുന്നത് ഞാൻ നോക്കി നിന്നു. അടുത്ത നാൾ ഡോക്ടർ ഗംഗാധരനെ ഫോണിൽ വിളിച്ചു ഞാൻ ഇന്നസെന്റിന്റെ രോഗവിവരം അന്വേഷിച്ചു. ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ പതിവുപോലെ ക്യാൻസാറിനെ അതിജീവിച്ച് ഇന്നസെന്റ് മുന്നേറും എന്നു ഞാൻ ഉറപ്പിച്ചു.

ഒടുവിൽ ഞങ്ങൾ തമ്മിൽ കണ്ടത് 2022 ലെ കമ്മ്യുണിയനിലാണ്. കൊറോണ  കാരണം കുറേക്കാലം പരിപാടികൾ ഒന്നും ഉണ്ടായിരുന്നില്ലല്ലോ. അതു  കൊണ്ട് അത്യധികം സന്തോഷത്തോടെയാണ് ഞങ്ങൾ അന്നവിടെ കൂടിയത്. പതിവുപോലെ ഞാൻ ഇന്നസെന്റിനോട് സംസാരിച്ചു. പതിവില്ലാതെ ഞങ്ങളുടെ ഒരു പടം മിലി എടുത്തു.

"സിനിമാതാരമായതു  കൊണ്ടൊന്നുമല്ല, എന്നെപ്പോലെ പോരാടി ജയിച്ച ഒരാൾ, ഒരു ക്യാൻസർ വിന്നർ ആയതുകൊണ്ടാണ്  പടമെടുക്കുന്നത്." ഞാൻ കുസൃതിയോടെ പറഞ്ഞപ്പോൾ, "ഉം ഉം" എന്ന് മൂളി സിനിമയിലെ ആ സ്ഥിരം ഭാവത്തോടെ  ഇന്നസെന്റ്   തലയാട്ടി.

2023 ലെ കൂട്ടായ്മയ്ക്ക് ഇന്നസെന്റ് വന്നില്ല. അതു കൊണ്ട് കാണാനുമായില്ല.

ഇന്നസെന്റിന്റെ വിയോഗം മലയാളികൾക്കും മലയാള സിനിമയ്ക്കും ഒരു നഷ്ടം തന്നെ. പക്ഷേ നടുങ്ങി നിൽക്കുന്നത്, തളർന്നു പോകുന്നത് ക്യാൻസർ രോഗികളും ക്യാൻസർ വിന്നേഴ്‌സുമാണ്. ഓരോ രോഗി അല്ലെങ്കിൽ വിന്നർ മരിക്കുമ്പോഴും ഞങ്ങൾ ഞെട്ടി വിറയ്ക്കും. വളരെയധികം ശുഭാപ്തി വിശ്വാസവും മനഃശക്തിയും രോഗികൾക്ക് പകർന്നു നൽകിയ ഇന്നസെന്റിന്റെ മരണം ക്യാൻസറിനോട് പോരാടിയ, ഇപ്പോഴും  പോരാടുന്ന എല്ലാവരെയും തകർത്തുകളയും എന്നറിയാവുന്നതു കൊണ്ട് ഞങ്ങളുടെ സ്വന്തം ഡോക്ടറായ ഡോ. വി.പി. ഗംഗാധരൻ ആവർത്തിച്ചു പറയുന്നു.

"ഇന്നസെന്റ് മരിച്ചത് കാൻസർ കൊണ്ടല്ല. അവസാനത്തെ പരിശോധനകളിലും എല്ലാം നോർമൽ ആയിരുന്നു. കോവിഡും അനുബന്ധ പ്രശ്നങ്ങളുമാണ് മരണകാരണം."

ഞങ്ങളെ ഒരുപാടു ചിരിപ്പിച്ച, അസാധാരണമായ ശുഭാപ്തി വിശ്വാസം നർമ്മത്തിലൂടെ പകർന്നു തന്ന ആ അതുല്യ പ്രതിഭയ്ക്ക് പ്രാർത്ഥനകളോടെ ആത്മശാന്തി നേരുന്നു.  

Content Summary : Devi J.S remembering Innocent              

                    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS