കടം കൊടുക്കും മുൻപ്

kadhaillayimakal-column-by-devi-js-about-lend
Photo Credit : Atstock Productions / istockphoto.com
SHARE

കടം കൊടുക്കാത്തവരും വാങ്ങാത്തവരുമുണ്ടാവില്ല. ബാങ്കിൽ നിന്നോ വലിയ കമ്പനികളിൽ നിന്നോ എടുക്കുന്ന വലിയ കടങ്ങളെക്കുറിച്ചല്ല പറയുന്നത്. പരിചയത്തിന്റെ, സ്നേഹത്തിന്റെ, കടമകളുടെ, കടപ്പാടgകളുടെ പേരിൽ മനുഷ്യർ പരസ്പരം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന കടങ്ങളില്ലേ. അത് ചിലപ്പോൾ ചെറുതോ വലുതോ ആകാം. വലിയ പിണക്കങ്ങളിലാണ് മിക്കവാറും ഈ കൊടുക്കൽ വാങ്ങലുകൾ അവസാനിക്കുക.

ആത്മകടം എന്നാലെന്താണ്? കടം വാങ്ങിയത് തിരിച്ചു നൽകാതിരുന്നാൽ അത് ആത്മകടമാകും. പരലോകത്ത് നമ്മൾ കണക്കു പറയേണ്ടി വരും. മരിച്ചാലും കടം അവശേഷിക്കും. ശാന്തി കിട്ടില്ല. ബൈബിളിൽ ഇതിനെപ്പറ്റി പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. ക്രിസ്ത്യാനിയായ ഒരു സുഹൃത്തിന്റെ കുറിപ്പിൽ നിന്നാണ് ഞാനിതു മനസ്സിലാക്കിയത്. കടം വീട്ടി തീർക്കാതെ ഭൂമിയിൽ നിന്ന് പോകാൻ പാടില്ല എന്ന് ഞാനും കേട്ടിട്ടുണ്ട്. എന്നാൽ ആത്മകടം എന്നത് എനിക്കൊരു പുതിയ വാക്കാണ്. ആ സുഹൃത്തിന്റെ അനുവാദത്തോടെ ഞാൻ ആ വാക്ക് കടമെടുത്ത് പലയിടത്തും അതേപ്പറ്റി എഴുതി.

ഹിന്ദുക്കൾക്കിടയിലും കടം അവശേഷിപ്പിച്ച് ഇഹലോക വാസം വെടിയാൻ പാടില്ല എന്ന വിശ്വാസമുണ്ട്. അതുകൊണ്ടാണ് പലപ്പോഴും അച്ഛനമ്മമാരുടെ കടങ്ങൾ അവരുടെ കാലശേഷം മക്കൾ വീട്ടുന്നത്.

മുസ്‌ലിംകൾക്കിടയിലും പരേതൻ കടം വീട്ടിയിട്ടില്ലെങ്കിൽ അത് മറ്റാരെങ്കിലും ഏറ്റെടുക്കണം. അല്ലെങ്കിൽ കടം കൊടുത്തയാൾ തിരികെ വേണ്ട എന്ന് ആ കടം ഉപേക്ഷിക്കണം. അതിനു ശേഷമേ മൃതദേഹം മറവു ചെയ്യുകയുള്ളൂ.

ഇതൊന്നും കടം വാങ്ങി പറ്റിക്കുന്നവരെ ബാധിക്കാറില്ല. ഈ വിശ്വാസങ്ങൾക്ക് അവർ യാതൊരു വിലയും കൽപിക്കുന്നില്ല.

പുരാതനകാലത്തെ യുക്തിവാദികൾ ആണ് ചാർവ്വാകൻമാർ. അവരെക്കുറിച്ചു ഒരു കഥയുണ്ട്. അവർ പരമാവധി കടം വാങ്ങിക്കും. ആർഭാടമായി ജീവിക്കും. എന്നിട്ടു മരിച്ചു പോകും. അതാണ് അവരുടെ രീതി. ആത്മാവിലും പരലോകത്തിലും വിശസമില്ലാത്തതു കൊണ്ട് കടങ്ങൾ തിരിച്ചു കൊടുക്കണമെന്നുമില്ല. വീട്ടാത്ത കടം പരലോകത്തു പോലും വേട്ടയാടും എന്ന വിശ്വാസത്തെ ഇവർ മാനിക്കാറില്ല.

ഇനി എന്റെ അനുഭവം പറയട്ടെ. ചാർവ്വാകൻമാർ നമ്മുടെ ഇടയിൽ ഇപ്പോഴുമുണ്ട്. നല്ല വാക്കുകൾ പറഞ്ഞ് അവർ നമ്മളോട് കടം വാങ്ങും. എന്നിട്ടവർ സുഖമായി ജീവിക്കും. ദയവു തോന്നിയിട്ടോ നമ്മുടെ ഗതികേടു കൊണ്ടോ ആവും നമ്മൾ പണം കൊടുത്തു പോകുന്നത്. ആ അവസരം അവർ മുതലെടുക്കും.                 

പിന്നീടവർ അതങ്ങ് സൗകര്യപൂർവം മറക്കും. അവർക്കു ബാക്കി എല്ലാത്തിനും ഇഷ്ടം പോലെ പൈസ ഉണ്ടാവും. നമ്മുടെ കടം മാത്രം വീട്ടുകയില്ല.

വർഷങ്ങൾക്ക് മുൻപ് അനാഥനും ദരിദ്രനുമായ ഒരു സുഹൃത്ത് പലതവണയായി എന്റെ കയ്യിൽ നിന്ന് നല്ലൊരു തുക കടം വാങ്ങി. അവസ്ഥയൊക്കെ മാറിയിട്ടും ആ പൈസ തിരിച്ചു തന്നില്ല. അന്ന് മൊബൈൽ ഒന്നുമില്ല. കത്തെഴുതി ഞാൻ മടുത്തു. മറുപടിയുമില്ല. അയാൾ കുറെ നാൾ  മുൻപ് മരിച്ചു പോയി . ഈയിടെയാണറിഞ്ഞത് അയാൾ ഗൾഫിൽ പോയി ജോലി ചെയ്തു. മകനെ വിദേശത്തയച്ച് എംബിബിഎസ് പഠിപ്പിച്ചു ഡോക്ടറാക്കി. അതിനൊക്കെ പണമുണ്ടായി. എന്റെ കടം ഓർക്കാഞ്ഞതല്ല. മനഃപൂർവം തരാഞ്ഞതാണ്. ആ കടം പരലോകത്ത്  അയാളെ അലട്ടുന്നുണ്ടാവുമോ?

ഒറ്റയ്ക്ക് ഞാൻ മക്കളുമായി ജീവിക്കാൻ തുടങ്ങിയ സമയത്ത് എന്നെ സഹായിക്കാൻ കടപ്പെട്ട ഒരടുത്ത ബന്ധു എന്നോട് കടം വാങ്ങുകയാണുണ്ടായത്. എന്നെ സംബന്ധിച്ച് അന്നത് വലിയ തുകയാണ്. മടക്കിച്ചോദിച്ചത് അദ്ദേഹത്തിനിഷ്ടമായില്ല. എന്നെ ഒരു പാട് കുറ്റപ്പെടുത്തി. ആ കടം വീട്ടാതെ അദ്ദേഹവും മരിച്ചു പോയി. പരലോകത്ത് എന്തായോ എന്തോ?

ഇനി മൂന്നാമതൊരാൾ. ഒരമ്മ മകന്റെ പഠിത്തത്തിന് എന്ന് പറഞ്ഞു എന്നോട് കടം ചോദിച്ചപ്പോൾ കൊടുക്കാതിരിക്കാൻ എനിക്കായില്ല. ഒരു കുട്ടിയുടെ പോലും  പഠിത്തം പൈസയില്ലാത്തതു കൊണ്ട് മുടങ്ങരുത് എന്ന ചിന്ത അധ്യാപികയായിരുന്ന എനിക്കുണ്ട്. ബാങ്കിൽനിന്ന്, കിടപ്പിലായ എന്റെ മകന്റെ ചികിത്സക്കായി വച്ചിരുന്ന ഫിക്സഡ് ഡെപ്പോസിറ്റിൽനിന്ന് ലോണെടുത്താണ് ഞാനവർക്ക് നൽകിയത്. എന്റെ അവസ്ഥയുടെ ഗതികേടിനെ മുതലെടുക്കുകയായിരുന്നു അവർ. ആ പണം മടക്കിത്തരാതെ  അവർ  സ്വന്തം നാട്ടിൽ പോയി. പലതവണ ചോദിച്ച് ഞാൻ മടുത്തു. തരാം തരാമെന്നു പറയുകയല്ലാതെ (ഒന്നടങ്ങ് എന്നമട്ടിൽ ) വർഷം  അഞ്ചാറ് കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല. 

അവർ വലിയ രണ്ടു നില വീട് വച്ചു. അത്യധികം ആഡംബരത്തോടെ മക്കളുടെ വിവാഹം നടത്തി. പതിനഞ്ചു ലക്ഷം രൂപയുടെ കാർ വാങ്ങി. കടം മടക്കി തരാൻ  മാത്രം പണമില്ല. അല്ല, മനസ്സില്ല . 

ഇതാണ് ലോകം. കടം കൊടുക്കും മുൻപ് രണ്ടാമതൊന്ന് കൂടി ആലോചിക്കൂ. രണ്ടു കണ്ണുമടച്ച്  ആരെയും വിശ്വസിക്കരുത്. ഒരു കണ്ണൽപ്പം  തുറന്നു പിടിക്കൂ.

അത് കിടപ്പു രോഗിയായ എന്റെ മകന്റെ പൈസയാണ്. അതിൽ ഒരു ആത്മാവിന്റെ ശാപമുണ്ട്, ഒരമ്മയുടെ കണ്ണുനീരുണ്ട് എന്നൊക്കെ ആരോട് പറയാൻ. ചാർവ്വാകൻമാർക്ക് ഇതിലൊന്നും വിശ്വാസമില്ലല്ലോ.

അതേസമയം ഞങ്ങളുടെ ഫ്ലാറ്റിൽ സെക്യൂരിറ്റിയായ ഒരു നേപ്പാളിയുണ്ട്. വല്ലപ്പോഴും എന്നോട് കടം വാങ്ങും. അടുത്തമാസംതന്നെ അത് തിരികെ തന്നിരിക്കും.

വീട്ടിലെ  ജോലികളിൽ എന്നെ സഹായിക്കാൻ വർഷങ്ങളായി വരുന്ന ഒരു വൃദ്ധയുണ്ട്. ഒരത്യാവശ്യത്തിന് ഏറ്റവും ചെറിയ ഒരു തുക വാങ്ങിയാൽ പോലും അത് മടക്കിത്തരും. സന്തോഷത്തോടെ ഞാൻ എന്തെങ്കിലും കൊടുത്താൽ അത് സ്വീകരിക്കും. പക്ഷേ  കടം അത് വേറെ എന്നാണ് പറയുക.      

ദരിദ്രരായ ചിലർക്ക് പോലും എന്തൊരു ധാർമിക ബോധമാണ് !                                         

Content Summary : Kadhaillayimakal Column by Devi JS about Lend

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA