ആന കൊടുത്താലും

kadhayilaymakal-column-by-devi-j-s-about-sharing
Photo Credit : Banprik / Shutterstock.com
SHARE

ആന കൊടുത്താലും ആശ കൊടുക്കരുത്. അതൊരു പഴയ ചൊല്ലാണ്. ആശ തന്നിട്ട്  നിരാശപ്പെടേണ്ടി വരുന്ന അനുഭവങ്ങൾ ജീവിതത്തിൽ വിരളമല്ല. വെറുതെ ആശിച്ചു ഇപ്പോൾ നിരാശയായി എന്നങ്ങു സമാധാനിക്കുകയല്ലാതെ വേറെ വഴിയില്ല. അതൊക്കെ വലിയ വലിയ ആശകളിലും അതെ തുടർന്നുള്ള നിരാശകളിലുമാണ് പ്രസക്തം. എന്നാൽ ആശ കൊച്ചു കാര്യങ്ങളിൽ ആണെങ്കിലോ? നിരാശ ചിരിക്കു വക നൽകും.

വിശേഷ ദിവസങ്ങൾ വരുമ്പോൾ വിശിഷ്ട വിഭവങ്ങൾ അയൽക്കാരുമായി പങ്കു വയ്ക്കുക എന്നത്  പണ്ട് പണ്ടേ നമ്മുടെ രീതിയാണ്. ഓർമ്മ  വച്ച  നാൾ  മുതൽ എന്റെ വീട്ടിൽ ഞാൻ കണ്ടു വളർന്നതാണത്. ഓണം വന്നാൽ അമ്മ പായസവും ഉപ്പേരികളും ചുറ്റുമുള്ള വീടുകളിലൊക്കെ കൊടുക്കും. ഓണം അന്ന് ഇന്നത്തെപ്പോലെ എല്ലാവരും ആഘോഷിക്കുകയൊന്നുമില്ല. ഹിന്ദുക്കളുടെ മാത്രമായ ഒരു വിശേഷമായി അവർ ഓണത്തിനെ  കണ്ടിരുന്നോ എന്നറിയില്ല. അങ്ങനെ ഓണമില്ലാത്ത വീടുകളിൽ പായസം മാത്രമല്ല കറികളും അമ്മ കൊടുത്തു വിടും. തമിഴ് വംശജർ ഏറെ ഉണ്ടായിരുന്ന ഞങ്ങളുടെ തെരുവിൽ എല്ലാ ആഘോഷങ്ങൾക്കും ലേശം തമിഴ് ചുവ ഉണ്ടായിരുന്നു. ഓണം മാത്രമല്ല ദീപാവലി, കാർത്തിക, പൊങ്കൽ ഒക്കെ അവിടെ ആഘോഷങ്ങൾ തന്നെ. അയൽ വീടുകളിൽ നിന്ന് വരുന്ന പലഹാരങ്ങൾ നിറച്ച തട്ടങ്ങൾ വെറുതെ മടക്കാറില്ല. നമ്മുടേതായ എന്തെങ്കിലുമൊക്കെ വച്ചേ കൊടുക്കാറുള്ളൂ. അവരും അങ്ങനെ തന്നെ.

അന്ന് ഞങ്ങളുടെ വീടുകളിൽ ബർത്ഡേ പാർട്ടികൾ ഉണ്ടായിരുന്നില്ല. എന്നാലും വീട്ടിലെ ആരുടെയെങ്കിലും പിറന്നാളാണെങ്കിൽ ഉറപ്പായും പായസമുണ്ടാക്കും.  അടുത്ത വീടുകളിൽ കൊടുത്തയയ്ക്കും. ഓരോരോ അവസരങ്ങളിൽ അവരും കൊടുത്തയക്കും. കേക്ക് ,അച്ചപ്പം ,കൊഴലപ്പം ഒക്കെ. ആ ഓർമകളുടെ മധുരം പിന്നീടൊരു വീട്ടമ്മയായപ്പോൾ ഞാൻ എന്റെ രീതികളിൽ പകർത്തി. 

 ഓണത്തിനും വിഷുവിനും മക്കളുടെ പിറന്നാളിനും പായസമുണ്ടാക്കുമ്പോൾ ഞാൻ അപ്പുറവും ഇപ്പുറവുമുള്ള വീടുകളിൽ കൊടുക്കും. മാത്രമല്ല പ്രത്യേക പലഹാരങ്ങൾ എപ്പോഴുണ്ടാക്കിയാലും അവർക്കു കൊടുക്കും. അവരും അങ്ങനെ തന്നെ. തൊട്ടയൽപക്കത്തെ  ചേച്ചി  എല്ലാക്കൊല്ലവും ഞങ്ങളുടെ ക്രിസ്തുമസും ഈസ്റ്ററും വിഭവ സമൃദ്ധമാക്കി. ഞാൻ വീട്ടിൽ ഒന്നും ഉണ്ടാക്കരുതെന്നും എല്ലാം അവർ തരുമെന്നും തലേന്നേ പറയും. എൻ്റെ വിശേഷങ്ങളിൽ എല്ലാ വിഭവങ്ങളും  ഞാനും അവർക്ക് കൊടുത്തയയ്ക്കും. ആഘോഷങ്ങൾ വേണമെന്നില്ല. അല്ലാതെ തന്നെ സ്പെഷ്യൽ എന്തുണ്ടാക്കിയാലും ഞങ്ങൾ പങ്കു വയ്ക്കുമായിരുന്നു. അങ്ങനെ ഒന്നും രണ്ടുമല്ല ,ഇരുപതു വർഷങ്ങളാണ് ഞങ്ങൾ ഈ അയൽപക്ക സൗഹൃദം തുടർന്നത്. 

വലിയ ഈ നഗരത്തിലെ ഫ്ലാറ്റിൽ താമസമാക്കിയപ്പോൾ ഇവിടെ കൊടുക്കൽ വാങ്ങൽ എന്ന രീതിയേ  കണ്ടില്ല. ആ രീതി ഞാനങ്ങു തുടങ്ങിയാലോ എന്നാലോചിച്ചു. തുടങ്ങുകയും ചെയ്തു. ചിലർ സന്തോഷത്തോടെ ഞാൻ കൊടുത്തതെല്ലാം സ്വീകരിച്ചു. പകരത്തിനു പകരമല്ലെങ്കിലും വല്ലപ്പോഴുമെങ്കിലും എനിക്കും ചിലതൊക്കെ തന്നു. പക്ഷേ  ചിലർ കാട്ടിയ താൽപര്യക്കുറവ് എന്നെ അദ്‌ഭുതപ്പെടുത്തി. നട്ടു വളർത്തുന്ന വാഴ കുലച്ച പഴം, വാഴപ്പിണ്ടി, വാഴക്കൂമ്പ്, പപ്പായ, ചീര, കാന്താരി ഇങ്ങനെയുള്ള സാധനങ്ങൾ ഞങ്ങളുടെ വീട്ടിൽ നിന്ന് ഫ്ലാറ്റിലേക്ക് കൊണ്ടുവരുമ്പോൾ ഞാനതെല്ലാം  മറ്റുള്ളവർക്കും കൊടുക്കും. ഫ്ലാറ്റിൽ ഇതൊക്കെ ദിവ്യസാധനങ്ങളല്ലേ ? അപ്പോഴാണ് ചിലർ 'അയ്യോ പഴം വേണ്ട. ഇവിടെ ഒരു പാട് പഴമിരിക്കുന്നു.'  'വാഴപ്പിണ്ടി വളരെ ഇഷ്ടമാണ്. പക്ഷേ  വേണ്ട  ഇവിടെ ഒരുപാടുണ്ട്. വേണ്ട ട്ടോ.'   ഫ്ലാറ്റിൽ കിട്ടാനിടയില്ലാത്ത അപൂർവമായ ഒരു കാർഷികോൽപന്നമാണെങ്കിലും അവർ അതേ  പറയൂ. ഒന്ന് രണ്ടു തവണയായപ്പോൾ ഇത്തരക്കാരെ ഞാൻ വിട്ടു.

'എന്തൊരു തള്ളാണ് . എല്ലാം ഒരുപാടുണ്ട് .ഇവർക്കെന്താ ഇവരുടെ ഈ കുട്ടി ഫ്ലാറ്റിനുള്ളിൽ ഒരു അഗ്രിക്കൾച്ചർ ഫാം ഉണ്ടോ ?" എന്ന് ഞാൻ പിറുപിറുത്തു. മറ്റൊരു നാട്ടിൽ താമസം തുടങ്ങിയപ്പോൾ തൊട്ടടുത്ത വീട്ടുകാർ ഞങ്ങൾക്ക് ഓരോന്ന് തരാൻ  തുടങ്ങി. ഞങ്ങൾ  പുതിയ താമസക്കാരല്ലേ. അവരാണല്ലോ അടുപ്പത്തിന് തുടക്കമിടേണ്ടത്. ഒന്നുമങ്ങനെ വെറുതെ സ്വീകരിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ട് ഞങ്ങളും ചിലതൊക്കെ കൊടുത്തയച്ച് സൗഹൃദം പുലർത്തി.

അങ്ങനെയിരിക്കെ ഈസ്റ്റർ വന്നു. കൊഴുക്കട്ട ശനിയാഴ്ച മുതൽ പങ്കു വന്നു  തുടങ്ങി. പെസഹായ്ക്ക് പരമ്പരാഗത വിഭവങ്ങൾ എത്തി. ഈസ്റ്ററിനു പിന്നെ പറയാനില്ല. പലേ വിധത്തിലുള്ള മാംസാഹാരങ്ങളാണ് വന്നത്.ചിക്കൻ, ബീഫ്, പോർക്ക് ! പിന്നെ ക്രിസ്തുമസ് വന്നു. അപ്പോഴും അത് തന്നെ.സ്പെഷ്യൽ വൈൻ, കേക്ക് .ബിരിയാണി, പോർക്ക് വറുത്തത്!

ഒരു കൊല്ലം കടന്നു പോയി. ഇതാ വീണ്ടും ഈസ്റ്റർ  വന്നു. ശനിയാഴ്ച കൊഴുക്കട്ട വന്നു. സ്വാഭാവികമായും പെസഹായും ഈസ്റ്ററും പൊളിക്കും എന്ന് ഞങ്ങൾ കരുതി. പെസഹായ്കകു അപ്പം വന്നില്ല. ഉണ്ടാക്കി കാണില്ല എന്നു ഞങ്ങൾ കരുതി. പക്ഷേ  ഈസ്റ്റർ  അങ്ങനെയല്ലല്ലോ. വിവിധതരം നോൺ വെജ് വരും. ഒന്നും ഉണ്ടാക്കാതെ ഞങ്ങൾ കാത്തിരുന്നു. മണി പത്തായി .പതിനൊന്നായി. പന്ത്രണ്ടായി. തമ്മിൽത്തമ്മിൽ നോക്കി ഇളിഭ്യച്ചിരി ചിരിച്ച് , ഞങ്ങൾ ചമ്മലോടെ പാചകം തുടങ്ങി.

"ആദ്യത്തെ തവണയായതു കൊണ്ടാവും കഴിഞ്ഞ കൊല്ലം തന്നത്.ഇനി ഇല്ല. നിറുത്തി." എന്റെ മകൾ പറഞ്ഞു."എങ്കിൽ പിന്നെ പൈലറ്റായി കൊഴുക്കട്ട അയച്ചതെന്തിന് ?" എന്റെ  സംശയം .

പാചകത്തിനിടയിൽ ഞാൻ പതുക്കെ പാടി."ആന കൊടുത്താലും കൊഴുക്കട്ടേ ,ആശ കൊടുക്കാതെ ."

Content Summary : Kadhayilaymakal Column by Devi J S about Sharing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS