വാർദ്ധക്യം ഒരു കുറ്റമാണോ?

khayillaymakal-oldage-article
Representative image. Photo Credit: Credit: Eda Hoyman/istockphoto.com
SHARE

മരണം പോലെ തന്നെ ജീവിതത്തിൽ അനിവാര്യമായ ഒന്നാണ് വാർദ്ധക്യം. ചെറുപ്പത്തിലേ ആയുസ്സു തീർന്നു പോയില്ലെങ്കിൽ എല്ലാ മനുഷ്യരും ഈ ദശയിലൂടെ കടന്നു പോയെ തീരൂ.  

എന്തു പറഞ്ഞാലും വാർദ്ധക്യം ഒരു ദുഃഖമാണ്. ദുരവസ്ഥയാണ്. ഇനി ആശിക്കാൻ  ഒന്നുമില്ലെന്ന  ദുഃസ്‌ഥിതി. ഓരോരോ അസുഖങ്ങൾ, വയ്യായ്കകൾ, ക്ഷീണം തളർച്ച ഇതൊക്കെ വാർദ്ധക്യത്തിന്റെ സന്തത സഹചാരികളാണ്. ഇതൊന്നുമില്ലാതെ ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചു മരിക്കുന്നവർ ഉണ്ടെങ്കിൽ അവരാണ് ഭാഗ്യവാന്മാർ. ജരാനരകൾ ബാധിക്കുന്നതാണ് മറ്റൊരു സങ്കടം. ഒരുകാലത്ത്  സുന്ദരികളും സുന്ദന്മാരുമായിരുന്നവർ തല നരച്ച്,  മുടി കൊഴിഞ്ഞ്, നിറം മങ്ങി, തൊലി  ചുളിഞ്ഞ് വിരൂപരായി മാറുന്നത് അവരെ വല്ലാതെ വേദനിപ്പിക്കും. സൗന്ദര്യത്തോട്  അന്ധമായ ഭ്രമമുള്ള ഒരു കൂട്ടുകാരി ഇടയ്ക്കു പറയാറുണ്ട്.

"എന്തിനാണ് മനുഷ്യർ വയസ്സാകുന്നത്. ചെറുപ്പമായി തന്നെ അന്ത്യം വരെ ജീവിച്ച് മരിച്ചാൽ എത്ര നന്നായിരുന്നു." ഇതേ സംശയം  ഞാൻ മറ്റൊരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അയാളുടെ മറുപടി. "ദേവീ നമ്മൾ ചെറുപ്പക്കാരായി അങ്ങനെ ഇരുന്നാൽ ജീവിതത്തോടുള്ള ഭ്രമം തീരുമോ? മരിക്കാൻ മനസ്സുണ്ടാകുമോ? ഇല്ല. വാർദ്ധക്യം ജീവിതത്തോട് വിരക്തി ഉളവാക്കും" എന്നായിരുന്നു.  

എന്തിനാണ് പ്രകൃതി, കാലം അല്ലെങ്കിൽ ഈശ്വരൻ വാർദ്ധക്യത്തെ ഇങ്ങനെ ശിക്ഷിക്കുന്നത്? വാർദ്ധക്യം ഒരു കുറ്റമാണോ? ഏകാന്തതയും രോഗങ്ങളും വൃദ്ധരെ അലട്ടുന്നുണ്ടാവും. വീട്ടിലുള്ള ചെറുപ്പക്കാരുടെ പെരുമാറ്റം ചിലപ്പോൾ അവരെ വേദനിപ്പിക്കും. വയസ്സായവരെ മക്കളും മരുമക്കളും കൊച്ചു മക്കളുമെല്ലാം അവഗണിക്കുന്നതും വെറുക്കുന്നതും ദ്രോഹിക്കുന്നതുമായ കഥകൾ എത്രയെങ്കിലുമുണ്ട്. സിനിമയിലും സീരിയലിലും കഥകളിലും നോവലുകളിലും മാത്രമല്ല ജീവിതത്തിലും ഇത്തരം സന്ദർഭങ്ങൾ ധാരാളം ഉണ്ടാവാറുണ്ട്. 

ചിലരുടെ സാഹചര്യങ്ങളിൽ മാതാപിതാക്കൾക്ക് വയസ്സുകാലത്ത് മക്കളെ ആശ്രയിച്ചേ പറ്റൂ. അശരണരായ മാതാപിതാക്കളെ നോക്കാൻ മക്കളും ബാദ്ധ്യസ്ഥരാകും. വീട്ടിലുള്ള പ്രായമായവരെക്കുറിച്ച് പറയുമ്പോൾ പലർക്കും പല അഭിപ്രായങ്ങളാണുള്ളത്.

"ഏയ് അമ്മ പാവം. ഒരു ശല്യവുമില്ല. ജോലിക്കു പോകുന്ന എനിക്ക് അമ്മ ഒരു സഹായം  തന്നെയാണ്. വീടും മക്കളേയും അമ്മയുടെ അടുത്ത് ഏൽപ്പിച്ച് എത്ര സമാധാനത്തോടെയാണ് ഞാൻ ഓഫീസിൽ പോകുന്നത്." ഒരു മകളുടെ വാക്കുകളാണ്. ഇങ്ങനെ പറയുന്ന മക്കൾ ഒരുപാടുണ്ട്. ഇതിൽ പറയുന്ന 'അമ്മ', സ്വന്തം അമ്മയോ ഭർത്താവിന്റെ അമ്മയോ ആകാം. അമ്മമാരുടെ സാന്നിദ്ധ്യം വലിയൊരു സഹായമാണ് എന്ന് മനസ്സിലാക്കുന്ന മക്കളും മരുമക്കളുമുണ്ട്.

അതേസമയം മറ്റൊരു കൂട്ടരുണ്ട്. "ഓ കുട്ടികൾ എങ്ങനെയെങ്കിലുമൊക്കെ അങ്ങ് വളർന്നോളും. ജോലിക്കാരെ വച്ചിട്ടോ പ്ലേ സ്കൂളിൽ വിട്ടിട്ടോ ഒക്കെ കാര്യം നടക്കും. അതിനായി വയസ്സായ അമ്മയുടേയോ അമ്മായിയമ്മയുടെയോ ശല്യം സഹിക്കയുന്നതെന്തിന്" എന്ന് പറയുന്നവരുമുണ്ട്. 

ഞങ്ങളുടെ ഈ നഗറിൽ ഒരു പ്ലേ സ്കൂൾ നടത്തിയിരുന്ന ടീച്ചർ എന്നോട് എപ്പോഴും പറയുമായിരുന്നു, "അപ്പൂപ്പനോ അമ്മൂമ്മയോ ഒക്കെ കൂടെയുള്ള കുട്ടികൾ ഭാഗ്യമുള്ളവരാണ്. അതിരറ്റ വാത്സല്യവും ശ്രദ്ധയും പരിചരണവും അവർക്കു കിട്ടും. അച്ഛനമ്മമാർ ഉദ്യോഗസ്ഥരാണെങ്കിൽ പ്രത്യേകിച്ചും. പക്ഷേ  അത് അവർ മനസ്സിലാക്കുകയില്ല."

ചെറുപ്പക്കാരെയും കുറ്റം പറയാനാവില്ല. അവരുടെ ജോലി തിരക്കുകൾ, ബദ്ധപ്പാടുകൾ, പ്രാരാബ്ധങ്ങൾ ഇവയ്ക്കിടയിൽ വീട്ടിലെ മുതിന്നവരെ വേണ്ടത്ര പരിഗണിക്കാൻ പറ്റി  എന്നു  വരില്ല. വയസ്സായവരുടെ ശാഠ്യങ്ങളും ഇടപെടലുകളും, വഴക്കുകളും ചെറുപ്പക്കാർക്ക്  അസഹിഷ്ണുത ഉളവാക്കിയേക്കും. അവരുടെ സാന്നിദ്ധ്യം തന്നെ വെറുപ്പു തോന്നിച്ചേക്കും. വയസ്സായവർ പലതും ആവർത്തിച്ചു ചോദിക്കുന്നതും പറയുന്നതുമൊക്കെ യുവതലമുറയ്ക്ക് അരോചകമാണ്.

ചെറുപ്പത്തിൽ അവർക്കു വേണ്ടി എന്തെല്ലാം  കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ചിട്ടുണ്ട് ഈ അച്ഛനമ്മമാർ എന്നോർക്കാൻ ആരാണ് മിനക്കെടുക. തങ്ങളും ഒരിക്കൽ വയസ്സാകും എന്നു  കരുതി എല്ലാം സഹിക്കാൻ കഴിഞ്ഞെന്നു വരില്ല. ഇനി മക്കളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന മാതാപിതാക്കൾ ഇല്ലെന്നല്ല. എങ്ങനെയൊക്കെ നോക്കിയാലും തൃപ്തിയില്ലാത്തവർ. കുറ്റം മാത്രം കാണുന്നവർ. ഒച്ചയും ബഹളവും ശാപവാക്കുകളും കൊണ്ട് ജീവിതം ദുസ്സഹമാക്കുന്നവർ. ഗതികെടുമ്പോൾ  മക്കൾ ഇവരെ വൃദ്ധസദനത്തിൽ ആക്കാൻ നിർബന്ധിതരാകും. അതു  മൂലമുണ്ടാകുന്ന പ്രയാസങ്ങൾ വേറെ.

വയസ്സായവർ വീട്ടിൽ തനിച്ചായാലും അവരുടെ സ്ഥിതി കഷ്ടമാകും. എഴുന്നേറ്റു നടക്കാൻ പറ്റുന്നവരാണെങ്കിൽ എങ്ങനെയെങ്കിലുമൊക്കെ കഴിച്ചു കൂട്ടും. എന്നാലും  സഹായിക്കാൻ പരിചാരകർ വേണ്ടിവരും. തീരെ കിടപ്പിലായിപ്പോയാൽ വളരെ സങ്കടകരമാകും അവസ്ഥ. രോഗിക്ക് മാത്രമല്ല വീട്ടുകാർക്കും.  പറ്റിയ ഒരു ഹോം നഴ്‌സിനെ കിട്ടുക എളുപ്പമല്ല. കിട്ടിയാൽ തന്നെ അവരുടെ ഭാരിച്ച ശമ്പളവും ചെലവും വീട്ടുകാർക്ക് ചിലപ്പോൾ വഹിക്കാനുമാവില്ല.  ഇതിനൊക്കെ പുറമെ മാനസിക, സാമൂഹിക പ്രശ്നങ്ങളും.

സിന്ധു പ്രസന്നന്റെ അച്ഛനെ വളരെ കാര്യമായി നോക്കിക്കൊണ്ടിരുന്നതാണ്. മരുമകൾ എന്ന വ്യത്യാസം അച്ഛനുമില്ല. പക്ഷേ അച്ഛന് ഓർമ്മ  നിശ്ശേഷം  നഷ്ടപ്പെടുകയും   അച്ഛനെ നിയന്ത്രിക്കാൻ  പ്രയാസമാവുകയും ചെയ്തപ്പോൾ ഇത്തരക്കാരെ നോക്കുന്ന ഒരിടം - വൃദ്ധസദനം എന്ന് പറയാൻ പറ്റില്ല - അന്വേഷിക്കാൻ സിന്ധു നിർബന്ധിതയായി. പക്ഷേ  അച്ഛനെ അങ്ങനെ വീട്ടിൽ നിന്ന് മാറ്റാൻ പ്രസന്നന് വിഷമമായി. ബന്ധുക്കൾ എല്ലാവരും ഇതിനോട് വിയോജിക്കുകയും ചെയ്തു. 

കമലയുടെ അമ്മായിയമ്മ തീരെ കിടപ്പിലാണ്. കിടന്നു കിടന്നു പുറമൊക്കെ പൊട്ടി ബെഡ് സോർ ആയി. കമലയ്ക്കും ഭർത്താവിനും ജോലിയുണ്ട്. പകൽ അമ്മ തനിച്ചാണ്. ആ വൃദ്ധ കിടന്നു നിലവിളിയാണ്. തൊട്ടടുത്ത്  ഭക്ഷണവും വെള്ളവും കൊണ്ടു വച്ചിരിക്കും. പക്ഷേ അവർക്കത് എടുത്തു കഴിക്കാനാവില്ല. വൈകുന്നേരം കമലയോ ബിജുവോ എത്തണം. അതു  വരെ അവർ വിസർജ്ജ്യങ്ങൾക്കു മീതെ കിടക്കും. 

"ഈ അമ്മ ഇങ്ങനെ കിടന്നു കഷ്ടപ്പെടുകയല്ലേ , അവരെ ഒരു പാലിയേറ്റീവ് കെയറിൽ ആക്കി കൂടെ?" ഞാൻ പലതവണ കമലയോടു ചോദിച്ചു. പക്ഷേ  ബിജു സമ്മതിക്കുകയില്ലത്രേ. അമ്മയെ എവിടെയോ കൊണ്ട് കളഞ്ഞു എന്ന് ആളുകൾ പറയില്ലേ എന്നാണയാൾക്കു വിഷമം.  "ഈ പറയുന്ന ആളുകൾ ഒരു ദിവസം വന്ന്  അമ്മയെ നോക്കാൻ കമലയേയും ബിജുവിനേയും സഹായിക്കുമോ?" ഞാൻ ചോദിച്ചു. കമല മിണ്ടിയില്ല. മാത്രമല്ല ഇത്തരം സ്ഥാപനങ്ങളിൽ നല്ലൊരു തുക കൊടുക്കേണ്ടി വരും. അത് ബിജുവിന് വിഷമമാണ്. വീട്ടിലാകുമ്പോൾ വലിയ ചെലവില്ലല്ലോ. "അമ്മ വീട്ടിൽക്കിടന്ന് ഇങ്ങനെ നരകിക്കുന്നതിൽ വിഷമമില്ലേ?" എന്ന് ഞാൻ ചോദിച്ചില്ല. എന്തിന്, അത് അയാളുടെ അമ്മയല്ലേ? അയാളല്ലേ അത് ചിന്തിക്കേണ്ടത്.

വീട്ടിലുള്ള വയസ്സായവരെ, രോഗികളെ നമുക്ക് വേണ്ടപോലെ നോക്കാൻ സാധിക്കുകയില്ല എന്നുറപ്പായാൽ പിന്നെ സംശയിക്കേണ്ട.  വൃദ്ധരെയും കിടപ്പു രോഗികളെയും പരിചരിക്കുന്ന ഒരുപാട് സ്ഥാപനങ്ങൾ ഇപ്പോഴുണ്ട്. പലതും പോയി നോക്കി കണ്ട് അവരവർക്കു യോജിച്ചത് തിരഞ്ഞെടുക്കണം. അവിടെ  വൃദ്ധർക്ക്, രോഗിക്ക് സുഖമായിരിക്കും . വീട്ടിലുള്ളവർക്കു സമാധാനവും. ഇടയ്ക്കു പോയി കാണുകയും വേണം. പ്രിയപ്പെട്ട ഒരാളെ ഉപേക്ഷിച്ചു എന്ന കുറ്റബോധം വേണ്ട. നമ്മുടെ  കാര്യങ്ങൾക്കൊന്നും തടസ്സമുണ്ടാവുകയുമില്ല.  അനുഭവത്തിൽ നിന്നാണ് ഞാനിതു പറയുന്നത്.

Content Summary: Kadhaillayimakal Column by Devi Js About Old Age

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA