"സംഗീതമേ ജീവിതം ഒരു മധുര
സംഗീതമേ ജീവിതം."
കാലം കുറെയേറെ പിറകോട്ടു പോകണം. അമ്പതു കളിലോ അറുപതുകളിലോ ഒക്കെ എത്തണം. അന്നത്തെ യൗവ്വനത്തെ ഹരം പിടിപ്പിച്ച ഒരു ചലച്ചിത്ര ഗാനമാണിത്. എന്റെ കുട്ടിക്കാലത്ത് ആ ഗാനം മൂളാത്തവർ ചുരുക്കമായിരുന്നു. ഇന്നും ആ ഗാനം മധുരതരം തന്നെ. സംഗീതം ചിലർക്ക് ജീവിതം തന്നെയാണ്. (ജീവിത മാർഗ്ഗം എന്നല്ല, അത് വേറെ ). ഇതങ്ങനെയല്ല. ശ്വാസം പോലെ ജീവിക്കാൻ അത്യാവശ്യമാണ് സംഗീതം. അവർ ഗായകർ ആവണമെന്നില്ല. പാട്ടു കേൾക്കാതെ പറ്റില്ല എന്നുള്ളവർ , കേൾവിക്കാർ, ആസ്വാദകർ, സംഗീത പ്രേമികൾ !
സംഗീതം ഒരു അപൂർവ വിനോദമായിരുന്ന ഒരു കാലത്തെപ്പറ്റി ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമാണ്. അതേതു കാലം എന്നവർ അമ്പരക്കും. കാലം പിറകോട്ടു നടക്കട്ടെ. ഞങ്ങളുടെ കുട്ടിക്കാലത്ത് പാട്ടു കേൾക്കാനുള്ള ഒരേ ഒരു മാധ്യമം റേഡിയോ ആയിരുന്നു. ഒരു ദിവസത്തിൽ ഒരു പ്രാവശ്യമോ മറ്റോ പ്രക്ഷേപണം ചെയ്യുന്ന ചലച്ചിത്രഗാനങ്ങൾ. അതുപോലെ ലളിത ഗാനങ്ങളും ശാസ്ത്രീയ സംഗീതവും ഇടയ്ക്കിടെ മാത്രമാണ് കേൾക്കാൻ കഴിയുക. വാർത്തകൾക്കും മറ്റു പരിപാടികൾക്കും ഇടയിൽ കൃത്യമായ ഒരു ടൈംടേബിൾ പാട്ടു പരിപാടികൾക്കായി ആകാശവാണി ഒരുക്കിയിരുന്നു. എന്റെ വീട്ടിലുള്ളവരാണെങ്കിൽ മുതിർന്നവർ മുതൽ കുട്ടികൾ വരെ സംഗീതം ആത്മാവിൽ കൊണ്ട് നടക്കുന്നവർ. അതു കൊണ്ട് ഈ പാട്ടു പരിപാടികൾ ഒന്നും തന്നെ ഞങ്ങൾ വിട്ടു കളഞ്ഞിരുന്നില്ല.
അമ്പലത്തിലെ ഉത്സവത്തിന് ഉച്ചത്തിൽ മൈക്ക് വയ്ക്കും. പൂജ , ദീപാരാധന , ശീവേലി തുടങ്ങിയ ദിവ്യ മുഹൂർത്തങ്ങളൊഴികെ ബാക്കി സമയം മുഴുവൻ സിനിമാപാട്ടുകളും സംഗീതക്കച്ചേരികളും കൊണ്ട് പരിസരമാകെ സംഗീതമുഖരിതമാകും. അക്കാലത്ത് കല്യാണവീടുകളിൽ പാ ട്ടു വയ്ക്കും. പാട്ടുപെട്ടിയും ഗ്രാമഫോൺ റെക്കോർഡ് കളും കൊണ്ടുവരും. മരങ്ങളിൽ കോളാമ്പി കെട്ടും. അത്യുച്ചത്തിൽ പാട്ടു വയ്ക്കും. കാതുകുളിരെ, മനം നിറയെ പാട്ടു കേൾക്കാൻ ഞങ്ങൾക്ക് പറ്റുന്നത് ഇത്തരം അവസരങ്ങളിൽ മാത്രമായിരുന്നു. ഇവന്റ്റ് മാനേജ്മെന്റ്റ് എത്തിപ്പെടാത്ത കുഗ്രാമങ്ങളിൽ ഈ ആഘോഷം കല്യാണത്തോട നുബന്ധിച്ച് ഇക്കാലത്തും ഉണ്ടാവുമായിരിക്കും. അറിയില്ല.
സ്വാതിതിരുനാൾ സംഗീതോത്സവം നടക്കുമ്പോൾ എല്ലാദിവസവും എന്റെ അച്ഛനും അമ്മയും കച്ചേരി കേൾക്കാൻ പോകുമായിരുന്നു. തിരുവനന്തപുരത്തെ സംഗീതപ്രേമികളുടെ ഉത്സവമാണല്ലോ അത്. അതുപോലെ തന്നെയായിരുന്നു നവരാത്രി സംഗീതോത്സവവും. എന്റെ അച്ഛനും അമ്മയും അവിടെയും സ്ഥിരം ശ്രോതാക്കളായിരുന്നു. മണ്ഡപങ്ങളിൽ പോയിരുന്ന് ഈ സംഗീതക്കച്ചേരികൾ ആസ്വദിക്കാൻ പറ്റാത്ത വിധം വയസ്സായപ്പോൾ റേഡിയോആയിരുന്നു അവർക്ക് ആശ്രയം. മണ്ഡപങ്ങളിൽ നിന്ന് കച്ചേരികൾ നേരിട്ട് ആകാശവാണി റിലേ ചെയ്തിരുന്നത് വൃദ്ധരായ സംഗീത പ്രേമികൾക്ക് വലിയ ആശ്വാസമായിരുന്നു. ഒരു ദിവസം പോലും ഒരു കച്ചേരി പോലും വിടാതെ കഴിയുന്നിടത്തോളം കേൾക്കുക എന്നത് എന്റെ അച്ഛനമ്മമാരുടെ ഒരു നിഷ്ഠ തന്നെ ആയിരുന്നു.
ദുഃഖത്തോടെ ഞാനിന്നും ഓർക്കുന്ന ഒരു കാര്യം, അച്ഛന്റെ വിയോഗശേഷം മൂന്നു നാലു കൊല്ലം കൂടി ജീവിച്ച അമ്മ പിന്നീട് സംഗീതോത്സവങ്ങൾ ഒന്നും തന്നെ കേട്ടിരുന്നില്ല. ആ ഗാന നിർജ്ജരി യുടെ ഏറ്റവും വലിയ ആരാധകൻ അച്ഛനായിരുന്നു. അച്ഛന് കേൾക്കാൻ കഴിയാത്ത ആ കച്ചേരികൾ ഇനി കേൾക്കണ്ടാ എന്ന് അമ്മ തീരുമാനിച്ചിരിക്കാം. ചലച്ചിത്ര ഗാനത്തിന്റെ അങ്ങേയറ്റം ആരാധിക (എന്നല്ല ഒരു ഭ്രമം തന്നെയാണ് ) യാണ് അന്നും ഇന്നും ഞാൻ.
റ്റി വി യിൽ പാട്ടു പ്രോഗ്രാമുകൾ -ചിത്രഹാർ, ചിത്രഗീതം ,സ്മൃതിലയം - രംഗങ്ങൾ കണ്ടു കൊണ്ട് കേട്ടാസ്വദിക്കാൻ പറ്റിയത് ഞങ്ങളുടെ തലമുറയുടെ യൗവ്വന കാലത്താണ്. അതും പരിപാടികൾക്കായി നമ്മൾ കാത്തിരിക്കണമല്ലോ. ഇന്ന് പാട്ടിന്റെ സ്ഥിതി എന്താണ് ! എവിടെവച്ചും എപ്പോൾ വേണമെങ്കിലും എത്രനേരം വേണമെങ്കിലും നമുക്ക് പാട്ടു കേൾക്കാം. കേട്ടു കൊണ്ടേയിരിക്കാം. പാട്ടുകേൾക്കാൻ എന്തെല്ലാം ഉപാധികൾ. മൊബൈൽ ഫോണിൽ പാട്ടു കേട്ടു കൊണ്ട് നടക്കാം ,ട്രെയിനിലോ ബസിലോ യാത്രചെയ്യാം. നമുക്ക് മാത്രം കേൾക്കാനായി ചെവിയിൽ ഒരു ഈയർ ഫോൺ അല്ലെങ്കിൽ ഒരു ഹെഡ് ഫോൺ വയ്ക്കണമെന്നേയുള്ളൂ. ഇനി ഇതൊന്നു മില്ലാത്തവർ ബസ്സിൽ യാത്ര ചെയ്യുമ്പോൾ ബസ്സിനകത്ത് പാട്ടു വയ്ക്കുന്നുണ്ടാകും. യാത്ര വിരസമേയല്ല.
ആധുനിക കാറുകളിലാണെങ്കിലോ? കാറ് സ്റ്റാർട്ട് ചെയ്യുന്നതിനൊപ്പം മ്യൂസിക് സിസ്റ്റം ഓണാക്കാം. പാട്ടു കേട്ട് കൊണ്ട് ഡ്രൈവ് ചെയ്യാം. യാത്ര ചെയ്യാം. കാറിലായാലും വീട്ടിലായാലും എഫ് എം റേഡിയോ പ്രവർത്തിപ്പിക്കാം. എത്രയോ ബാൻഡു കളാണുള്ളത്. മാറ്റിമാറ്റി പാട്ടുകൾ കേൾക്കാം. ഇതിനു പുറമെ നമുക്ക് ഇഷ്ടമുള്ള പാട്ടുകളുടെ പ്ലേ ലിസ്റ്റ് തയാറാക്കി വച്ച് വേണ്ടുവോളം കേട്ട് രസിക്കാം. പാട്ട് ഇത്രയും അങ്ങ് കോമൺ ആയപ്പോൾ കൂടുതൽ പോപ്പുലർ ആയി എന്നത് ശരി തന്നെ. എന്നാലും കാത്തിരുന്ന് കേട്ടിരുന്ന അക്കാലത്തെ ഡിമാൻഡ് ഇന്ന് പാട്ടിനുണ്ടോ?
പാട്ടിന്റെ ഒരു പാലാഴി മനസ്സിൽ സൂക്ഷിക്കുന്ന പഴയ തലമുറയാണോ യഥാർത്ഥ പാട്ടുപ്രേമികൾ? അതോ തട്ടുപൊളിപ്പൻ പാട്ടുകൾ കേട്ട് ഉല്ലസിക്കുന്ന പുതിയ തലമുറയാണോ പാട്ടിന്റെ ശരിക്കുള്ള രസികർ? ഈ പാട്ടുകളെല്ലാം പലസമയത്ത് പലരീതിയിൽ ആസ്വദിക്കുന്നവർ ശരിക്കും പാട്ടു പ്രേമികൾ തന്നെയാവണം. കണ്ണന്റെ മുരളീഗാനം കേട്ട് ആ 'പാട്ടിന്റെ ലഹരിയിൽ ഭൂമിയും മനുഷ്യരും വാനിലെ താരങ്ങളും വീണുറങ്ങി' എന്നെഴുതിയ കവി സംഗീതത്തിന്റെ ഏറ്റവും വലിയ ആരാധകൻ തന്നെയല്ലേ ?
സംഗീതത്തിന്റെ അദ്‌ഭുത സിദ്ധികളെക്കുറിച്ചും ഏറെ പറഞ്ഞു കേൾക്കുന്നുണ്ട്. രോഗശാന്തി വരുത്താനും , ദുഃഖ ങ്ങളെ അകറ്റാനും, വേദനകളെ ശമിപ്പിക്കാനും, ആയുസ്സു നീട്ടാനും വരെ 'മ്യുസിക് തെറാപ്പി' കൊണ്ട് കഴിയും എന്ന് വിശ്വസിക്കപ്പെടുന്നു. മറ്റെല്ലാമെന്നപോലെ സംഗീതമെന്ന അമൃതവും മനുഷ്യന് ഈശ്വരന്റെ വരദാനം തന്നെയാണ്.
Content Summary: Column by Devi J S about Music