ചില അവാർഡ് മോഹങ്ങൾ

HIGHLIGHTS
  • വളരെ ചെറുപ്പത്തിലേ എഴുതിത്തുടങ്ങിയതാണു ഞാൻ
  • മുപ്പത്തിയെട്ടു വയസ്സിലും അമ്പത്തിയാറു വയസ്സിലും കാൻസർ പിടിപെട്ടു
books Photo By: Jelena990/www.shutterstock.com
Photo By: Jelena990/www.shutterstock.com
SHARE

എഴുത്തുകാരാരുമുണ്ടാവില്ല ഒരു അവാർഡ് മോഹിക്കാത്തവരായി. ഞാനും അക്കൂട്ടത്തിൽ ഒന്നു തന്നെ. പക്ഷേ, എത്ര നന്നായി എഴുതിയാലും, എത്രയധികം  എഴുതിക്കൂട്ടിയാലും ഭാഗ്യം കൂടി വേണം പേരും പ്രശസ്തിയും അംഗീകാരവുമൊക്കെ ലഭിക്കാൻ. അവാർഡുകളുടെ പിന്നിൽ ഒരുപാടു കളികളുണ്ടെന്നും പറഞ്ഞു കേൾക്കുന്നു. ഏയ് അതൊക്കെ അസൂയക്കാർ വെറുതെ പറഞ്ഞുണ്ടാക്കുന്നതല്ലേ? ഒരുപാടു പുസ്തകങ്ങൾ അവാർഡിനു പരിഗണിക്കപ്പെടുമ്പോൾ, ജഡ്ജിമാർ അതു മുഴുവൻ വായിച്ചു നോക്കി മാർക്കിട്ട്, അതിലൊന്ന് അവാർഡിനു തെരഞ്ഞെടുക്കപ്പെടുമ്പോൾ ഗുണമേന്മ മാത്രം പോരാ, നറുക്കു വീഴാനുള്ള ഭാഗ്യവും വേണമെന്നുള്ളത് നിഷേധിക്കാനാവാത്ത ഒരു സത്യമാണ്.

പലപ്പോഴും പറഞ്ഞിട്ടുള്ളതാണെങ്കിലും ഒന്നു  കൂടെ പറയട്ടെ. വളരെ ചെറുപ്പത്തിലേ എഴുതിത്തുടങ്ങിയതാണു ഞാൻ. എഴുതിയത് നന്നായി എന്ന് എനിക്കു തന്നെ തോന്നിയാൽ ഏതെങ്കിലും വരികയ്ക് അയയ്ക്കും. പ്രസിദ്ധീകരിച്ചു വന്നാൽ സന്തോഷം. ഇല്ലെങ്കിലും വലിയ വിഷമമൊന്നും തോന്നിയിട്ടില്ല. അവാർഡുകളെപ്പറ്റി അന്ന് കേട്ടിട്ടു പോലുമില്ല. അന്നിതു  പോലെ നൂറു കണക്കിന് അവാർഡുകളും ഉണ്ടായിരുന്നില്ല.

ഇടയ്ക്കു വച്ച് എന്റെ എഴുത്തു നിന്നു പോയ കഥയും പല തവണ പറഞ്ഞിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല. പിന്നെ എഴുതിത്തുടങ്ങിയത് നീണ്ട ഇരുപതു വർഷങ്ങൾക്കു ശേഷം. അക്കാലത്ത് സാഹിത്യരംഗം ആകെ മാറിയിരുന്നു. അപ്പോഴാണ് അവാർഡുകളെപ്പറ്റി അറിഞ്ഞതും ആഗ്രഹം തോന്നിയതും. അപ്പോഴേയ്‌ക്ക്‌  എന്റെ മൂന്നു ചെറുകഥാസമാഹാരങ്ങൾ കോട്ടയം കറന്റ് ബുക്സ് വഴി പുറത്തു വന്നിരുന്നു. മൂന്നാമത്തെ സമാഹാരം 'ഏഴാമത്തെ ചുംബനം', വ്യത്യസ്തമായ കഥകളുടെ ഒരു പുസ്തകമാണ് എന്നൊരു ആത്മവിശ്വാസം എനിക്ക്  തന്നെ തോന്നി. വായിച്ച സുഹൃത്തുക്കൾ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഞാൻ ആ പുസ്തകം രണ്ട് അവാർഡുകൾക്ക് അയച്ചു (പേരുകൾ പറയുന്നില്ല). എഴുതിത്തുടങ്ങുന്നവർക്ക് അവർ നിശ്ചയിച്ചിരുന്ന പ്രായപരിധി മുപ്പതു വയസ്സായിരുന്നു. എനിക്കപ്പോൾ വയസ്സ് നാൽപ്പത്. അവാർഡിന് പരിഗണിക്കപ്പെട്ടില്ല. കൊല്ലം തോറും കൊടുക്കുന്നതായതു കൊണ്ട് മിക്ക പുതിയ എഴുത്തുകാരും ആ അവാർഡുകൾ നേടി. പറഞ്ഞിട്ടെന്തു കാര്യം? അവരൊക്കെ മുപ്പതിന് മുൻപ് എഴുതി. എനിക്ക് ഇരുപതു വർഷങ്ങൾ നഷ്ടപ്പെട്ടുപോയില്ലേ?

         

മുപ്പത്തിയെട്ടു വയസ്സിലും അമ്പത്തിയാറു വയസ്സിലും കാൻസർ പിടിപെട്ടു, ചികിത്സയുടെ യാതനകൾ മുഴുവൻ സഹിച്ചു, മനഃ പ്രയാസം മുഴുവൻ അനുഭവിച്ചു. എങ്കിലും രണ്ടു തവണയും അത്ഭുതകരമായി രക്ഷപ്പെട്ടതല്ലേ ഞാൻ! അതേക്കുറിച്ചു എഴുതാതിരിക്കുന്നതെങ്ങനെ? അങ്ങനെ 'സാന്ത്വനസ്പർശങ്ങൾ ' എന്ന കാൻസർ അനുഭവങ്ങളുടെ പുസ്തകം ഞാൻ എഴുതി. മൂന്നു നാലുവർഷം എടുത്തെങ്കിലും ഒടുവിൽ അത് ഡിസി ബുക്ക്സ് പുറത്തിറക്കി. ധൈര്യവും ശുഭാപ്തി വിശ്വാസവും മനഃ കരുത്തും കാൻസർ രോഗികൾക്ക് പകർന്നു കൊടുക്കുക എന്നതായിരുന്നു  എന്റെ ലക്ഷ്യം. ഏറെക്കൂറെ ഞാനതു നേടി. കാരണം ഒരുപാട് കാൻസർ രോഗികൾ അത് വായിക്കുകയും എന്നെ വിളിച്ച് അറിയിക്കുകയും ചെയ്തു. അതിൽ ഒരാൾക്കെങ്കിലും ധൈര്യവും കരുത്തും ആശ്വാസവും പകരാൻ   എനിക്ക് കഴിഞ്ഞു എങ്കിൽ എന്റെ ശ്രമം സഫലം. ഞാൻ ഹൃദയം കൊണ്ടെഴുതിയ ഒരു അനുഭവക്കുറിപ്പായിരുന്നു അത്. ഒരുപാട് അഭിനന്ദനങ്ങൾ എനിക്ക് ലഭിച്ചു. 'ഒരു അക്കാദമി അവാർഡ് നേടാൻ പോന്ന രചന' എന്നാണ് വായിച്ച പലരും പ്രകീർത്തിച്ചത്. എവിടെ? അവാർഡ് പോയിട്ട് ആ കൃതി വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടതു പോലുമില്ല. ഒരു റീപ്രിന്റ് എടുക്കാൻ പോലും പ്രസാധകർ തയാറായില്ല. പ്രസിദ്ധയായ ഒരുവൾ അല്ലല്ലോ അതെഴുതിയത്. വർഷങ്ങൾക്കു ശേഷം ഗ്രീൻ പെപ്പർ പബ്ലിക്കാ 'സ്നേഹത്തിന്റെ സാന്ത്വനസ്പർശങ്ങൾ ' എന്നപേരിൽ അത് പുനഃ പ്രസിദ്ധീകരിച്ചു. റോയൽറ്റിക്കു പകരം കുറച്ചു കോപ്പികൾ വാങ്ങി കാൻസർ രോഗികൾക്ക് ഫ്രീയായി കൊടുക്കുകയാണ് ഞാൻ ചെയ്തത്.

വളരെ വലിയ ഒരവാർഡിന്റെ ഭാരവാഹികളിലൊരാൾ, അതി പ്രശസ്തനായൊരാൾ (പേരു പറഞ്ഞാൽ തലപോകും. പറയുന്നില്ല) ഒരിക്കൽ എന്റെ അവാർഡ് മോഹം കേട്ടപ്പോൾ എന്നോട് പറഞ്ഞു. ''ആ അവാർഡ് തുക എനിക്ക് തരുമെങ്കിൽ ദേവിക്ക് ഒരവാർഡ്‌ സംഘടിപ്പിച്ചു തരാം" ഇങ്ങനെയും അവാർഡുകൾ നേടാമെന്ന് അന്ന് മനസ്സിലായി. ആ കരാറിൽ  ഞാൻ ഏർപ്പെട്ടില്ല. അവാർഡും കിട്ടിയില്ല.

മുട്ടിനു മുട്ടിന് അവാർഡു കിട്ടുന്ന ഒരു എഴുത്തുകാരൻ എന്റെ അഭിനന്ദനത്തിനു മറുപടി തന്നത് ഇങ്ങനെ. "ഓ അതിലൊന്നും വലിയ കാര്യമില്ലെന്നേ. 'ഞങ്ങൾ ഒരവാർഡ്‌ കൊടുക്കാൻ ഉദ്ദേശിക്കുന്നു. അത് താങ്കളുടെ "--------"  എന്ന പുസ്തകത്തിന് തരട്ടേ.' എന്ന് ചിലർ ചോദിക്കും പിന്നെ എന്തു  പറയാനാണ്. നമ്മളങ്ങു സ്വീകരിക്കും." ഇതേ പോലെയുള്ള വാക്കുകൾ തന്നെ അതി പ്രശസ്തനായ ഒരു പത്രപ്രവർത്തകനും എന്നോട് പറഞ്ഞു. 'ഒരവാർഡ്‌ കൊടുക്കണം. ആരെയെങ്കിലും നിർദ്ദേശിക്കാമോ' എന്ന് അദ്ദേഹത്തോട് പല കമ്മറ്റിക്കാരും ചോദിച്ചിട്ടുണ്ടത്രെ.

ഇങ്ങനെയൊക്കെയാണെങ്കിൽ ഈ  അവാർഡുകൾക്ക് എന്ത് വിശ്വാസയോഗ്യതയാണുള്ളത്. എല്ലാ അവാർഡുകളും ഇങ്ങനെയൊക്കെയാണ് എന്നല്ല പറയുന്നത്. അല്ലെങ്കിൽ തന്നെ അങ്ങനെ പറയാൻ അവകാശമോ അധികാരമോ എനിക്കുണ്ടോ? ഇനി ഒരനുഭവം കൂടി പറയട്ടെ. ഏറ്റുമാനൂരുള്ള ഒരവാർഡ്‌ കമ്മറ്റിക്ക് എന്റെ കഥകൾ അയച്ചത് ഞാനല്ല. എന്റെ ഒരു കൂട്ടുകാരിയാണ്. ആ സാഹിത്യ ഗ്രൂപ്പുമായി ബന്ധമുണ്ടെങ്കിലും ജഡ്ജ് ഒന്നുമല്ല. ഫലം വന്നപ്പോൾ ആ കൂട്ടുകാരി വിളിച്ചു പറഞ്ഞു. "ചേച്ചിക്ക് തന്നെയാണ് അവാർഡ് എന്ന് ഞങ്ങൾ എല്ലാവരും പ്രതീക്ഷിച്ചതാണ്. ഒരു മാർക്കിനാണ് പോയത്. ചേച്ചിയെ അറിയുന്നൊരാൾ ജഡ്ജസിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അയാൾ തീരെ  മാർക്ക് കുറച്ചിട്ടു. എന്താണെന്നറിയില്ല. തീരെ മോശം ഒരു പുസ്തകത്തിനാണ് അയാൾ മാർക്ക് കൂട്ടി ഇട്ടത്".

എന്തു പറയാനാണ്. മുറ്റത്തെ മുല്ലയ്‌ക്ക് മണമുണ്ടോ? അങ്ങനെയങ്ങ് അവാർഡ് വാങ്ങി പോകണ്ട എന്നല്ലേ അറിയുന്നൊരാൾ കരുതൂ.  ഈയിടെ ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് കണ്ടു. ഒരു എഴുത്തുകാരി ഇട്ടതാണെന്നാണ് ഓർമ്മ.

പോസ്റ്റ് ഇങ്ങനെ: "എവിടെയാണ് അവാർഡുകൾ വാങ്ങാൻ കിട്ടുക. രണ്ടു മൂന്നെണ്ണം വാങ്ങണമായിരുന്നു." ഏതായാലും അവാർഡുകളെപ്പറ്റി ഒരു പോസ്റ്റ് ഞാനും ഇട്ടു. "ചെലോൽക്ക് അവാർഡ് കിട്ടും, ചെലോൽക്ക് കിട്ടുകയില്ല. എനിക്ക് കിട്ടിയിട്ടില്ല, അതിൽ എനിക്ക് ഒരു കൊയപ്പോമില്ല ."     

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS