ആറു വയസ്സു മുതൽ നൂറു വയസ്സുവരെ പ്രായമുള്ള കൂട്ടുകാരുണ്ടെനിക്ക്! അതിനു കാരണം എന്റെ സ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും പ്രത്യേകത കൊണ്ടാണ് എന്നു ഞാൻ അഭിമാനിക്കാറുണ്ട്. കുട്ടികളോട് ഒരു 'കുട്ടി മനസ്സു'മായും മുതിർന്നവരോട് ഒരു 'പക്വ'മനസ്സുമായും ആണ് ഞാൻ ഇടപെടാറുള്ളത്.യുവത്വത്തോട് അടുത്തു പെരുമാറുമ്പോൾ മനസ്സിൽ സൂക്ഷിക്കുന്ന ചെറുപ്പം പുറത്തെടുക്കാൻ ഞാൻ മടിക്കാറില്ല. അതുകൊണ്ടു തന്നെ കൗമാരവും യുവത്വവും വാർദ്ധക്യവും അവരുടെ പ്രശ്നങ്ങൾ പലപ്പോഴും എന്നോട് തുറന്നു ചർച്ച ചെയ്യാറുണ്ട്. അപ്പോഴൊക്കെ ഞാൻ ഒരു കൗൺസിലർ ആകാറുമുണ്ട്.
വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒരു പ്രായമാണ് കൗമാരം. ശാരീരികമാറ്റങ്ങൾക്കൊപ്പം അവരുടെ മനസ്സിലും ചിന്തകളിലും പ്രതികരണങ്ങളിലും ഒക്കെ വ്യതിയാനങ്ങൾ ഉണ്ടായേക്കാം. മാതാപിതാക്കളും അദ്ധ്യാപകരും കാര്യങ്ങൾ ഗൗരവത്തോടെ മനസ്സിലാക്കി പാകതയോടെ ഈ സമയത്ത് കുട്ടികളെ കൈകാര്യം ചെയ്യേണ്ടതാണ്.
പരീക്ഷയിൽ മാർക്കു കുറഞ്ഞതിനോ, കൂട്ടു കെട്ടുകൾ കൂടുന്നതിനോ, ഉത്തരവാദിത്വമില്ലാതാകുന്നതിനോ അച്ഛൻ ശാസിച്ചാൽ, അമ്മ ശിക്ഷിച്ചാൽ കുട്ടികൾ അ ത് സഹിച്ചെന്നു വരില്ല. ധിക്കാരമോ, തർക്കുത്തരമോ, പ്രതിഷേധമോ കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായേക്കാം. അത് ആ പ്രായത്തിന്റെ അവിവേകമാണ്. എടുത്തു ചാടി എന്തെങ്കിലുമൊക്കെ പ്രവർത്തിച്ചാൽ, ഫലം ചിലപ്പോൾ വലിയ ദുരന്തമായിരിക്കും എന്ന് ചിന്തിക്കാനുള്ള പാകത ആ സമയത്ത് അവർക്കുണ്ടാവുകയില്ല. എന്റെ മക്കളുടെ ടീനേജ് കാലത്ത് ഞാൻ വളരെയധികം സൂക്ഷിച്ചും ശ്രദ്ധിച്ചുമാണ് അവരോടു പെരുമാറിയിരുന്നത്. എന്റെ മക്കളുടെ മനസ്സ് നോവരുത് എന്നു ഞാൻ കരുതിയതു പോലെ അമ്മയുടെ മനസ്സ് വേദനിപ്പിക്കരുത് എന്ന് അവരും കരുതിയത് എന്റെ ഈ പ്രത്യേക കരുതൽ കൊണ്ട് തന്നെയാവണം.
മാതാപിതാക്കളേക്കാൾ, വീട്ടിലുള്ള മറ്റു പ്രായമുള്ളവരേക്കാൾ കൂടുതലായി കുട്ടികളിൽ സ്വാധീനം ചെലുത്താൻ മിക്കപ്പോഴും അദ്ധ്യാപകർക്ക് കഴിയും. ബി .എഡ് നു പഠിക്കുമ്പോൾ സൈക്കോളജി ഒരു പാഠ്യവിഷയമാണ്. അദ്ധ്യാപകരാകാനുള്ള പരിശീലനമാണല്ലോ ബി എഡ് ബിരുദ പഠനം. അദ്ധ്യാപകർ വിദ്യാർത്ഥികളെ മനസ്സിലാക്കണമല്ലോ. ചൈൽഡ് സൈക്കോളജി എന്നു പറയുന്നത് ശൈശവം മുതൽ കൗമാരം കഴിയുന്നത് വരെയുള്ള കുട്ടികളുടെ മനഃശാസ്ത്രമാണ്. സ്കൂൾ വിദ്യാഭ്യാസരംഗത്ത് ഇതിനുള്ള സ്ഥാനം വളരെ വലുതാണ്. ടീച്ചേഴ്സിന് കുട്ടികളെ ശാസിക്കാം, ശിക്ഷിക്കാം, ഉപദേശിക്കാം. പക്ഷേ അതു കൊണ്ട് കുട്ടികൾക്കൊരു മാനസിക സംഘർഷം ഉണ്ടാകാൻ ഇടയാകരുത്. ഇത് അദ്ധ്യാപകർ പ്രത്യേകം ഓർമ്മിക്കേണ്ടതാണ്.
ഒരു വിദ്യാർത്ഥിനി ആയിരുന്നപ്പോഴത്തെ ഒരനുഭവം പറയട്ടെ. തിരുവനന്തപുരത്തെ പ്രസിദ്ധമായ ഗേൾസ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു ഞാനന്ന്. നന്നായി പഠിക്കുമെങ്കിലും കലാപരിപാടികളിലും കുസൃതികളിലും ഞാൻ മുൻപിൽ തന്നെയായിരുന്നു. ഒരു ദിവസം ക്ലാസ്സിൽ നിന്നൊരു പ്രേമലേഖനം കിട്ടി. ഒരു നല്ലനടപ്പുകാരി അത് ഏതിനും പോരാത്ത ഡ്രിൽ ടീച്ചറെ ഏൽപ്പിച്ചു. കുട്ടികളെ കണ്ടമാനം ചീത്തപറയുകയും ചൂരൽ വീശി അടിക്കുകയും ക്ലാസിനു പുറത്തു നിർത്തുകയും ഒക്കെ ചെയ്തിരുന്ന ഒരു ഭയങ്കരിയായിരുന്നു ഡ്രിൽ ടീച്ചർ. അവർ കത്തുമായി ക്ലാസ്സിൽ വന്ന് ക്രോസ്സു വിസ്താരം തുടങ്ങി. ഓരോ കുട്ടിയേയും കത്ത് കാണിച്ചു. ഞാനും വാങ്ങി നോക്കി. '' ഞാനല്ല എഴുതിയത്. ഇത് എന്റെ ഹാൻഡ് റൈറ്റിങ് അല്ല." ഞാൻ ധൈര്യപൂർവം പറഞ്ഞു. ടീച്ചർ ഞങ്ങളുടെ നോട്ടു ബുക്കുകൾ പരിശോധിച്ചു. പിറ്റേന്നു ഡ്രിൽ പീരിയഡിൽ ഞങ്ങളെ ഗ്രൗണ്ടിൽ കൊണ്ടുപോയി വരിയായി നിർത്തി. കത്തുമായി ഓരോ കുട്ടിയേയും സമീപിച്ചു. "ഞാനല്ല ടീച്ചർ" എന്ന് പറഞ്ഞു കുട്ടികൾ പൊട്ടിക്കരയാൻ തുടങ്ങി. ഞാൻ കരഞ്ഞില്ല. ചെയ്യാത്ത തെറ്റിന് കരയാനും കാലുപിടിക്കാനും അന്നും ഇന്നും ഞാൻ തയാറല്ല.
കരയാത്തതു കൊണ്ടാണോ എന്തോ, ടീച്ചറും മറ്റു കുട്ടികളും ഞാനാണ് കുറ്റവാളി എന്ന് വിധിയെഴുതി. ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരുന്ന മറ്റു കുട്ടികളും കളി നിർത്തി ഈ നാടകം കാണാൻ ഞങ്ങളുടെ ചുറ്റും കൂടി.കുറ്റമേൽക്കാതെ ടീച്ചർ ഇനി ഞങ്ങളുടെ ക്ലാസ്സിൽ കയറുകയില്ല എന്ന് ശിക്ഷയും വിധിച്ചു. ആ വർഷം പിന്നെ ഡ്രിൽ ഉണ്ടായില്ല .അടുത്ത വർഷം ഡ്രിൽ ടീച്ചർ മാറുകയും ചെയ്തു.
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ എത്ര മോശമായാണ് ആ ടീച്ചർ ആ പ്രശ്നം കൈകാര്യം ചെയ്തത് എന്ന് ഞാൻ ചിന്തിക്കാറുണ്ട്. അഥവാ ഞാൻ അല്ലെങ്കിൽ ക്ലാസ്സിലെ മറ്റൊരു കുട്ടി ആണ് ആ ലവ് ലെറ്റർ എഴുതിയത് എന്നു തന്നെ ഇരിക്കട്ടെ. സംശയം തോന്നിയ കുട്ടികളെ അടുത്ത് വിളിച്ച് മറ്റാരും കേൾക്കാതെ ചോദിക്കുകയും, ശകാരിക്കുകയും, ഇനി ആവർത്തിക്കരുത് എന്ന് താക്കീതു ചെയ്യുകയുമല്ലേ ആ ടീച്ചർ ചെയ്യേണ്ടിയിരുന്നത്. ആ കുരുന്നു പ്രായത്തിൽ ഞങ്ങൾക്ക് തോന്നിയ അവമാനം എത്രയെന്ന് അവർക്ക് ഊഹിക്കാൻ പോലുമാവില്ല. ഇന്നും ഇതു പോലെയുള്ള വിഷയങ്ങൾ ഇപ്പോഴത്തെ അദ്ധ്യാപകർ കൈകാര്യം ചെയ്യുന്നത് ഇതുപോലെ അപക്വമായിട്ടാണ് എന്ന് എന്റെ കൊച്ചു കൂട്ടുകാർ പറയാറുണ്ട്.
വർഷങ്ങൾക്കു ശേഷം എന്റെ മകൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അവൻ എന്നോട് ഒരു പരാതി പറഞ്ഞു. അവന്റെ ഹിന്ദി ടീച്ചർക്ക് അവനെ കണ്ടുകൂടാ. എപ്പോഴും ശകാരിക്കും. വല്ലാതെ അധിക്ഷേപിക്കും. അല്പം കുസൃതിയുണ്ട് എന്നാലും ഹിന്ദിക്ക് അവന് നല്ല മാർക്കുണ്ട്. അവനെ അത് മാനസികമായി ബാധിക്കുന്നു എന്നു കണ്ടപ്പോൾ എനിക്ക് വിഷമമായി. ഒരു ദിവസം ആ ഹിന്ദി ടീച്ചറെ വഴിയിൽ വച്ച് കണ്ടപ്പോൾ ഞാൻ ഈ വിഷയം പറഞ്ഞു.
"എന്താണ് അവൻ്റെ തെറ്റ്? അവൻ വീട്ടിൽ വന്ന് സങ്കടപ്പെട്ടു. ടീച്ചർക്ക് അവനോട് ഇത്ര വിരോധം തോന്നാൻ എന്താണ്?"
" അയ്യോ അവനോട് എനിക്ക് ഒരു വിരോധവുമില്ല. എല്ലാ കുട്ടികളെയും ഞാൻ വഴക്കു പറയാറുണ്ട്. സൂരജ് നന്നായി പഠിക്കുന്ന കുട്ടിയല്ലേ, ക്ലാസ്സിൽ ശ്രദ്ധിക്കാതെ വർത്തമാനം പറയുകയും ബഹളം വയ്ക്കുകയും ചെയ്യുമ്പോൾ നന്നായി വഴക്കു പറയും. അത് അവന് ഇത്ര വിഷമമായി എന്നറിഞ്ഞില്ല." അവർ വിഷമത്തോടെ പറഞ്ഞു.
അന്ന് ഞാനും ഒരദ്ധ്യാപികയാണ്. "കുറ്റപ്പെടുത്തുമ്പോൾ കുട്ടികളുടെ മനസ്സ് പരിഗണിക്കണം.'' അന്ന് എനിക്ക് അവരെക്കാൾ പ്രായവും ടീച്ചിങ് പരിചയവും കുറവാണെങ്കിലും ഞാൻ ആ ടീച്ചറോട് പറഞ്ഞു. ഒരമ്മയുടെ സ്ഥാനത്തു നിന്നാണ് ഞാൻ പറഞ്ഞത്. അവർ അതു മനസ്സിലാക്കി. അതിനു ശേഷം എന്റെ മകനും ഹിന്ദി ടീച്ചറും വലിയ സുഹൃത്തുക്കളായി.
ഇക്കാലത്തും ചില ടീച്ചേഴ്‌സ് കുറ്റപ്പെടുത്തുമ്പോൾ എന്തോ വിരോധമുള്ളതു പോലെയാണ് തോന്നുന്നത് എന്ന് പല കുട്ടികളും എന്നോട് പറയാറുണ്ട്. അങ്ങനെയൊരു തോന്നൽ കുട്ടികൾക്കുണ്ടാവാതിരിക്കാൻ ടീച്ചേർസ് ശ്രദ്ധിക്കണ്ടേ?
മേൽ പറഞ്ഞ രണ്ട് അനുഭവങ്ങളും എന്റെ അദ്ധ്യാപകജീവിതത്തിൽ എനിക്ക് പാഠമായിട്ടുണ്ട്. ഞാനും കുട്ടികളെ നന്നായി ശകാരിച്ചിരുന്നു. തലകുമ്പിട്ടു അവർ മുന്നിൽ നിൽക്കുമ്പോൾ ഞാൻ ആ പഴയ ഒൻപതാം ക്ലാസ്സുകാരിയാകും. ഹിന്ദി ടീച്ചറെപ്പറ്റി പരാതിയുമായി സങ്കടപ്പെട്ടു നിന്ന എന്റെ മകനെ ഓർക്കും. പിന്നീട് ആ കുട്ടികളെ അടുത്തു വിളിച്ച് ഞാൻ സ്നേഹവും വാത്സല്യവും പുരണ്ട വാക്കുകൾ കൊണ്ട് ഉപദേശിക്കും. അവരുടെ മനസ്സിന് മുറിവേൽക്കരുതെന്നും വീട്ടിൽ പോയി അവർ ഈ ടീച്ചറെപ്പറ്റി പരാതി പറയരുതെന്നും എനിക്ക് നിർബന്ധമുണ്ടായിരുന്നു.
എന്റെ കൊച്ചു കൂട്ടുകാർ അവരുടെ പ്രശ്നങ്ങളും അസ്വസ്ഥതകളും സങ്കടങ്ങളും എന്നോട് ചർച്ച ചെയ്യാൻ എത്തുമ്പോൾ, അവ പരിഹരിക്കാൻ, അവരെ ശാന്തരാക്കാൻ, അവർക്ക് ധൈര്യം പകരാൻ ഞാൻ ശ്രമിക്കാറുണ്ട്. ഒരു പരിധിവരെ എനിക്കതു സാധിക്കാറുമുണ്ട്. അമ്മയും അമ്മുമ്മയും ടീച്ചറും എന്നതിനെല്ലാമപ്പുറം കൗമാരവും യൗവനവും ഒക്കെ പിന്നിട്ടു പോന്ന ഒരു പെണ്ണല്ലേ ഞാനും.
പെൺകുട്ടികളുടെ മാത്രമല്ല ആൺകുട്ടികളുടെയും മനസ്സ് എനിക്ക് മനസ്സിലാവും.
കൗമാരത്തിൽ ആണിനു പെണ്ണിനോടും പെണ്ണിന് ആണിനോടും ആകർഷണം തോന്നുന്നത് സാധാരണമാണ്. അത് പ്രകൃതിയുടെ വികൃതിയാണ്. തികച്ചും സ്വാഭാവികമായ ഈ പ്രക്രിയയിൽ ശരിയും തെറ്റും ഒന്നും ഒരു വിഷയമല്ല. അതിന്റെ പേരിൽ കുട്ടികളെ ഒരുപാടു ശാസിക്കുകയും ശിക്ഷിക്കുകയും ഒക്കെ ചെയ്യുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേ ഉള്ളു. ഓരാൺകുട്ടിയും പെൺകുട്ടിയും സൗഹൃദത്തിനപ്പുറത്തേയ്‌ക്ക് കടന്നാൽ അതൊരു വലിയ കുറ്റമായിക്കണ്ട് വീട്ടിൽ പേരന്റ്സിന്റെ നിർദ്ദയമായ വഴക്കും അടിയും ബലമായി പിന്തിരിപ്പിക്കലും ,സ്കൂളിൽ അദ്ധ്യാപകരുടെ കർശനമായ ഇടപെടലും നിയന്ത്രണവും ഒക്കെക്കൂടിയാകുമ്പോൾ കുട്ടികൾ അനുഭവിക്കുന്നത് കടുത്ത മാനസികപീഡനമാണ്. കൗമാരത്തിലുണ്ടാകുന്ന ഏതൊരു മമതയും കേവലമൊരു മതിഭ്രമം മാത്രമാണ് എന്ന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുകയും പഠിത്തത്തെ ഇത് പ്രതികൂലമായി ബാധിക്കും എന്ന് ബോദ്ധ്യപ്പെടുത്തുകയുമാണ് അത്യധികം ശാന്തരായി, തികച്ചും അക്ഷോഭ്യരായി രക്ഷകർത്താക്കളും അദ്ധ്യാപകരും ചെയ്യേണ്ടത്.
കുട്ടികളെ നമുക്കങ്ങനെ നേർവഴിക്ക് നയിക്കാം. പക്ഷേ കുട്ടിമനസ്സുകളുടെ വികാരവിചാരങ്ങൾ തീരെ പരിഗണിക്കാതെ പെരുമാറുന്ന അച്ഛനമ്മമാരെയും അദ്ധ്യാപകരെയും ആരാണ് ബോധവൽക്കരിക്കുക!
Content Summary: Column by Devi