കാണാമറയത്ത്

malayalam-poem-written-by-sony
Photo Credit: Trifonov_Evgeniy/istockphoto.com
SHARE

ഏയ് ഇത് ആ പഴയ സിനിമയുടെ പേരല്ലേ? പക്ഷേ  ഈ ലേഖനം അതേക്കുറിച്ചല്ല.  കാണാമറയത്തുള്ള സൗഹൃദങ്ങൾ, ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത സുഹൃത്തുക്കൾ. അത്തരം സൗഹൃദങ്ങൾ പലർക്കുമുണ്ട്. എനിക്കുമുണ്ട്. അതേക്കുറിച്ചു ഒന്നു  പറയട്ടെ.

പണ്ടും തമ്മിൽ കാണാത്ത സുഹൃദ് ബന്ധങ്ങൾ ഉണ്ടായിരുന്നു. പുതിയ തലമുറ അതേപ്പറ്റി കേട്ടിട്ടുണ്ടോ എന്നറിയില്ല. പെൻഫ്രണ്ട്സ് (പെൻ പാൽസ്) എന്നാണ് അതിനു പറയുക. പഴയ കാലത്ത് കത്തായിരുന്നല്ലോ ആശയവിനിമയത്തിനുള്ള ഒരേ ഒരു ഉപാധി. വിവാഹപരസ്യങ്ങൾ (മാട്രിമോണിയൽ) പോലെ അന്ന് പത്രത്തിൽ കാണാറുണ്ടായിരുന്നു,  'പെൻ  ഫ്രണ്ടിനെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ബന്ധപ്പെടുക. ' എന്നൊരു പരസ്യം. പേരും വിവരവും അഡ്രസ്സും കൊടുത്തിട്ടുണ്ടാവും. താത്പര്യം തോന്നിയാൽ എഴുതാം. മറുപടി വരും. അങ്ങനെ ഒരു സൗഹൃദം തുടങ്ങാം. മിക്കവാറും വളരെ അകലെ നിന്നാവും പെൻ  സൗഹൃദങ്ങൾ ഉടലെടുക്കുന്നത്. കത്തുകുത്തിലൂടെ ആ കൂട്ടുകെട്ട് പുരോഗമിക്കും. ഒരു ആശംസാ കാർഡ് അല്ലെങ്കിൽ ഒരു ചെറിയ സമ്മാനം ഒക്കെ കൈമാറി എന്നും വരാം. ഇങ്ങനെ പരസ്പരം കത്തുകളയയ്ക്കുന്നതിലൂടെ തുടരുന്ന സൗഹൃദത്തെയാണ് പെൻഫ്രണ്ട്ഷിപ്പ് എന്നു  പറയുന്നത്.  ചിലപ്പോൾ  വിദേശത്തു നിന്ന് ഒരിക്കലും കണ്ടിട്ടില്ലാത്ത, കാണാൻ ഇടയില്ലാത്ത ഒരാളിൽ നിന്നാവും  ഇത്തരമൊരു അഭ്യർത്ഥന വരിക. വിദേശികൾക്കാണല്ലോ ഇതിലൊക്കെ കമ്പം.  അങ്ങനെ സൗഹാർദ്ദ പരമായ കത്തുകൾ  പതിവായി വളരെക്കാലം അയച്ച് ആ ബന്ധം തുടർന്നേക്കാം. പെട്ടെന്ന് നിന്നു പോകാനും ഇടയുണ്ട്. കത്തുകളും   സമ്മാനങ്ങളും പങ്കിട്ടുകൊണ്ടു ചിലപ്പോൾ ഇത്തരം സൗഹൃദങ്ങൾ ജീവിതകാലം തുടരുന്നവരുമുണ്ട്. വ്യക്തിപരമായ കാര്യങ്ങൾ  മാത്രമല്ല മറ്റൊരു രാജ്യത്തെപ്പറ്റി; അവിടത്തെ ജീവിതരീതിയെപ്പറ്റി ഒക്കെ മനസ്സിലാക്കാനും ഇത്തരം സൗഹൃദങ്ങൾ പ്രയോജനപ്പെട്ടേക്കും. അറിവുകളും കഴിവുകളും നൈപുണ്യങ്ങളും ചർച്ചചെയ്യാനും ഇത്തരം സൗഹൃദങ്ങൾ ഉപകരിച്ചേക്കാം.    

പെൻ  ഫ്രണ്ട്സ് തമ്മിൽ പ്രേമത്തിലാകുന്നതും അസംഭവ്യമല്ല. നീണ്ട നീണ്ട കത്തുകൾ എഴുതുമ്പോൾ അവയിലൂടെ അവർക്ക് പരസ്പരം നന്നായി മനസ്സിലാക്കാൻ കഴിയും. പൊരുത്തങ്ങൾ ഉണ്ടെങ്കിൽ മുന്നോട്ടു പോകാനും ഒരിക്കലും പൊരുത്തപ്പെടാൻ കഴിയില്ല എന്നു  തോന്നിയാൽ സൗഹൃദം ഉപേക്ഷിക്കാനും ഇടയായേക്കും. ചെറുപ്പക്കാർ മാത്രമല്ല പ്രായം  ചെന്നവരും പെൻ  സൗഹൃദങ്ങളിൽ   സന്തോഷം കണ്ടെത്തുന്നതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ജീവിതത്തിലെ ഏകാന്തതയും വിരസതയും മാറ്റാൻ ഇത്തരം സൗഹൃദങ്ങൾ ഏറെ നല്ലതാണ്. അപരിചിതരും അകലെയുള്ളവരുമായി തുറന്നു സംസാരിക്കാൻ അടുത്തറിയുന്നവരേക്കാൾ എളുപ്പമാണെന്നുള്ളതാണ് ഇത്തരം സൗഹൃദങ്ങളുടെ ഏറ്റവും  വലിയ ഗുണം.  

പെൻ  സൗഹൃദങ്ങൾ കുറയാൻ, ഒരു പക്ഷേ തീരെ ഇല്ലാതാവാൻ (ഇനി ആരെങ്കിലും എവിടെയെങ്കിലും പെൻ ഫ്രണ്ട്സ് എന്ന ആശയം തുടരുന്നുണ്ടോ എന്നുമറിയില്ല ) ഇപ്പോഴത്തെ സോഷ്യൽ മീഡിയകൾ കാരണമായിട്ടുണ്ടെന്നതിൽ സംശയമില്ല. ടെലഫോണും മൊബൈലുമെല്ലാം സർവ്വ സാധാരണമായതോടെ കത്തുകൾക്കു പകരം ഫോൺ സംഭാഷണങ്ങളായി സൗഹൃദങ്ങൾക്ക് ആധാരം. ഇന്നത്തെ കാലത്ത് പരിചയപ്പെടുന്നതും കൂട്ടാവുന്നതും മിക്കവാറും ഫേസ് ബുക്കിലൂടെയോ, വാട്ട്സാപ്പിലൂടെയോ, ഇൻസ്റ്റാഗ്രാമിലൂടെയോ ഒക്കെയാവും. അവിടെ  കണ്ടിട്ടില്ല എന്നു പറയാനാവില്ല. ഫോട്ടോകൾ ഷെയർ ചെയ്യാം, വീഡിയോ കാൾ വിളിച്ച് കണ്ടുകണ്ട്‌ സംസാരിക്കാം. എന്നാലും നേരിൽ കണ്ടിട്ടില്ലല്ലോ എന്നു പിന്നെയും പരിതപിക്കാം. അടുപ്പം ഒരുപാടങ്ങ്‌ വളർന്നു കഴിയുമ്പോൾ വളരെ അകലെയല്ല സുഹൃത്തുക്കൾ എങ്കിൽ സാഹചര്യവും സന്ദർഭവും ഒത്തിണക്കി തമ്മിൽ കാണാനും സാധിക്കും.

ഇങ്ങനെ പരിചയപ്പെട്ട്  പരസ്പരം അടുത്ത് അപകടങ്ങളിൽ ചെന്ന് ചാടുന്നവരെക്കുറിച്ചുള്ള വാർത്തകൾ ഇന്ന് സുലഭം. നിത്യവും നടക്കുന്ന സംഭവങ്ങളായതുകൊണ്ട് അതേക്കുറിച്ചിവിടെ കൂടുതൽ പ്രതിപാദിക്കാൻ  തുനിയുന്നില്ല. ഏതു തരം  സൗഹൃദമായാലും  'സൂക്ഷിച്ചാൽ  ദുഃഖിക്കേണ്ട' എന്ന പഴഞ്ചൊല്ല് ഇടയ്‌ക്കൊന്ന് ഓർക്കുന്നതു നല്ലത്.

ലോകം മുഴുവൻ സുഹൃത്തുക്കളുള്ള ഒരാളാണ് ഞാൻ. അതിൽ തൊണ്ണൂറു ശതമാനം പേരെയും ഞാൻ കണ്ടിട്ടില്ല. ഞാൻ വല്ലപ്പോഴും എവിടെയെങ്കിലുമൊക്കെ പോസ്റ്റു ചെയ്യുന്ന പ്രൊഫൈൽ ,സ്റ്റാറ്റസ് ചിത്രങ്ങൾ അവർ കണ്ടിട്ടുണ്ടാവും. അവരുടെ പടങ്ങൾ ഞാനും കാണാറുണ്ട്. ഇക്കൂട്ടത്തിൽ ആണും പെണ്ണുമുണ്ട്. ദേവിയെ (ദേവിയമ്മയെ, ചേച്ചിയെ, മാഡത്തിനെ അങ്ങനെ എന്തുമാകാം.)ഒന്ന് കാണണം എന്നു പറയുമ്പോൾ മിക്കവാറും അത് അസാദ്ധ്യമായി തീരുന്നത് മനഃ പൂർവ്വമല്ല. എന്റെ സമയവും സന്ദർഭവും സാഹചര്യവും ഒരിക്കലും അനുവദിക്കാറില്ല എന്നതാണ് സത്യം. അപൂർവമായി വളരെ അടുപ്പം തോന്നിയ, നന്നായി മനസ്സിലാക്കിയിട്ടുള്ള ചിലരെ കാണാൻ അവസരമുണ്ടായിട്ടുണ്ട്. വളരെ സന്തോഷകരമായ മീറ്റിങ്ങുകളായിരുന്നു അവ. കാരണം  പരസ്പരബഹുമാനവും ആദരവും പരിഗണനയും പുലർത്തിക്കൊണ്ടുള്ള സമാഗമങ്ങളായിരുന്നു അവയെല്ലാം തന്നെ. വിരലിലെണ്ണാവുന്ന സുഹൃത്തുക്കളേ എനിക്ക് അത്തരത്തിൽ ഉണ്ടായിട്ടുള്ളു.  ഒരു കണ്ടുമുട്ടൽ വേണ്ടാന്ന് വയ്ക്കുന്നത് കൂടുതലും ഞാൻ തന്നെയാണ്. കാണാത്ത സൗഹൃദങ്ങൾക്ക് ഒരു പ്രത്യേക ചാരുതയുണ്ടെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും ചേരുന്നു. അങ്ങനെ കാണാമറയത്ത് എന്നെ കാണാൻ കാത്ത് നിൽക്കുന്ന, ഞാൻ കാണാൻ ആഗ്രഹിക്കുന്ന എത്രയോ പേർ!       

Content Summary: Column by Devi J S

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS