ടെലിഫോൺ മണിപോൽ

HIGHLIGHTS
  • മൊബൈൽ ഇല്ലാതെ പരസ്പരം എങ്ങനെ കണ്ടുപിടിക്കും?
kadhaillayimakal-column-by-devi-js-phone
Representative image. Photo Credit:Ground Picture/Shutterstock.com
SHARE

 ഇപ്പോൾ ടെലിഫോൺ മണിയടിക്കാറുണ്ടോ? ഇല്ല. ഇപ്പോൾ എല്ലാവർക്കും മൊബൈൽ ഫോൺ ഉണ്ട്. അതിലാണെങ്കിലോ, പല പല റിങ് ടോണുകൾ അല്ലേ, മണിയടി അല്ലല്ലോ.  ലാൻഡ് ലൈൻ ഉണ്ടെങ്കിലും കിർ കിർ കിർ എന്നല്ലാതെ മണിയൊച്ചയുണ്ടോ? പണ്ടത്തെ ടെലിഫോൺ അങ്ങനെയായിരുന്നില്ല. 'കിണി കിണി കിണി മണിയടിക്കും മനസ്സിലിക്കിളി കൂട്ടും' എന്ന് ടെലിഫോണിനെ പറ്റി ഒരു പാട്ടു പോലുമുണ്ടായിരുന്നു. ഇതേതു ജാംബവാന്റെ കാലത്താണോ എന്ന് പുതുതലമുറ അതിശയിച്ചേക്കും. 'ടെലിഫോൺ മണിപോൽ ചിരിപ്പവളിവളാ' എന്നും ഒരു തമിഴ് പാട്ടുണ്ട്. ഈ പാട്ടുകളിൽ നിന്ന് പഴയ ടെലഫോൺ മണി കേട്ടിട്ടില്ലാത്തവർക്ക് ആ മണിനാദത്തിന്റെ  കിലുക്കം വിഭാവന ചെയ്യാം.

എന്നാണ് ഈ മൊബൈൽ എന്ന മാന്ത്രികചെപ്പ് നമ്മുടെ ജീവിതത്തിന്റെ ഭാഗമായത്  എന്ന് കൃത്യമായി പറയാൻ എനിക്ക് കഴിയില്ല. മിക്കവാറും എല്ലാവരും മൊബൈൽ ഒരു പൊങ്ങച്ചമായി പൊക്കിപ്പിടിച്ചു നടക്കുന്ന സമയത്തൊന്നും ഞാൻ അതിൽ ഭ്രമിച്ചില്ല. പിന്നീട് അതൊരു ആവശ്യമായി ആളുകൾ കണ്ടു തുടങ്ങിയപ്പോഴും ഞാൻ മൊബൈൽ വാങ്ങിയില്ല. അങ്ങനെയിരിക്കെ എനിക്ക് ഒരു രാത്രിയാത്ര പോകേണ്ടി വന്നു. എറണാകുളത്തുള്ള മകന്റെ വീട്ടിൽ നിന്നും കോട്ടയത്തെ എന്റെ താമസസ്ഥലത്തേയ്ക്ക്. ഓരോരോ കാര്യങ്ങൾ കഴിഞ്ഞു വന്നപ്പോഴേയ്ക്ക് നേരം ഇരുട്ടി. കോട്ടയത്ത് അന്ന് എത്തിയേ  പറ്റൂ. പിറ്റേന്ന് അത്യാവശ്യമായി  ഓഫീസിൽ പോകണം. എറണാകുളത്തെ ട്രാൻസ്‌പോർട് സ്റ്റാൻഡിൽ ഏഴു മണി മുതൽ നിൽക്കാൻ തുടങ്ങിയതാണ്. എന്തോ കാരണം കൊണ്ട് ചില ബസുകൾ  ഉണ്ടായില്ല. എന്തിനേറെ, മണി ഒൻപതായിട്ടും ബസ്സ് കിട്ടിയില്ല. ഇനിയും വൈകിയാൽ ശരിയാവില്ല. മടങ്ങി പോകാനായി ഞാൻ സ്റ്റാൻഡിനു പുറത്തിറങ്ങി മെയിൻ റോഡിലേയ്ക്ക് നടന്നു. അന്ന് ആ വഴി ഇടുങ്ങിയതും ഇരുട്ടുനിറഞ്ഞതും  ആയിരുന്നു. വഴി വിളക്കുകൾ കത്തുന്നില്ല. പത്തിരുപതു കൊല്ലം മുൻപത്തെ കാര്യമാണേ. അക്കാലത്തു സിറ്റി ഇത്ര വികസിച്ചിട്ടില്ല. മാല പൊട്ടിക്കലോ, പീഡനമോ, കൊലപാതകമോ എന്തും സംഭവിക്കാം. എനിക്ക് ചെറിയ പേടി തുടങ്ങി.  രണ്ടുമൂന്ന്  ആൺകുട്ടികൾ മുൻപിൽ നടക്കുന്നുണ്ട്. നല്ലവർ എന്നങ്ങു വിശ്വസിച്ച് അവരുടെ കൂടെ കൂടി. അങ്ങനെ മെയിൽ റോഡിലെത്തി. അവർ തന്നെ ഒരു ഓട്ടോ കൈ കാണിച്ചു നിറുത്തി എന്നെ കയറ്റിവിട്ടു. സുരക്ഷിതയായി ഞാൻ  മകന്റെ ഇടപ്പള്ളിയിലെ  വീട്ടിലെത്തി. കണ്ടതും മകൻ പറഞ്ഞു.

"വല്ലാതെ പേടിച്ചു. രാത്രി പോകണ്ടാ എന്നു  പറഞ്ഞാൽ കേൾക്കില്ല. എത്തേണ്ട സമയം കഴിഞ്ഞിട്ടും വിളി വന്നില്ല. അങ്ങോട്ട് വിളിച്ചിട്ടു ഫോൺ എടുക്കുന്നുമില്ല. നാളെത്തന്നെ അമ്മയ്‌ക്കൊരു മൊബൈൽ വാങ്ങുന്നുണ്ട്."                                           

അപ്പോഴേയ്ക്ക് മൊബൈൽ ഫോൺ വളരെ കോമൺ ആയിക്കഴിഞ്ഞിരുന്നു. വിലയും ഫോൺ ചാർജുമൊക്കെ താങ്ങാവുന്നതായി. മകൻ എനിക്കൊരു ചെറിയ 'നോക്കിയാ' ഫോൺ വാങ്ങിത്തന്നു. അന്ന് 'ബി എസ് എൻ എൽ' ൽ  നിന്ന് സിം കാർഡ് കിട്ടാനും താമസമാണ്. ഏതായാലും അവിടെ ജോലിയുള്ള ഒരു കൂട്ടുകാരിയുടെ സഹായത്തോടെ പെട്ടെന്ന് സിം കാർഡ് കിട്ടി. പ്രീപെയ്‌ഡ്‌ കണക്ഷൻ എടുത്തു. എന്തെല്ലാം പാടുകൾ! അങ്ങനെ ഞാനും ഒരു മൊബൈൽ യൂസർ ആയി. ഇന്നാണെങ്കിൽ എല്ലാം സുലഭം. എത്രയോ തരം ഫോണുകൾ. അവയിൽ എന്തെല്ലാം സാദ്ധ്യതകൾ! സൗകര്യങ്ങൾ ! എത്രയോ കമ്പനികളുടെ സിം കാർഡുകൾ. ഓഫറുകൾ !      

ആ കഥയൊക്കെ പണ്ട് നടന്നതല്ലേ? അതവിടെ നിൽക്കട്ടെ. പുതിയ ഒരു മൊബൈൽ കഥ പറയട്ടെ.

വയസ്സായി എന്നങ്ങു സമ്മതിച്ചു തരാൻ എനിക്ക് മടിയുണ്ടെങ്കിലും പ്രായം ഏറി വരുന്നു എന്നത് ഒരു വസ്തുതയാണല്ലോ. അതിന്റെതായ പ്രശ്നങ്ങളും എനിക്ക് ഉണ്ടാകുന്നുണ്ട്. വാർദ്ധക്യത്തിന്റെ കൂടപ്പിറപ്പാണ് മറവി. അത് എനിക്ക് കുറേശ്ശേ  തുടങ്ങിയിട്ടുണ്ട്. മറ്റൊരു കാര്യം, വീടിനു പുറത്തിറങ്ങാനും യാത്രകൾ പോകാനുമുള്ള മടിയാണ്. അതിന്  ഒരു പരിധി വരെ കൊറോണയും കാരണമായി. എത്രനാളാണ്  പുറത്തിറങ്ങാതെ കോറന്റ്റയിനിൽ കഴിഞ്ഞത് ! അതിനു ശേഷം ഞാൻ യാത്രകളേ പോകാതായി. അടുത്തു  വല്ലയിടത്തും അത്യാവശ്യത്തിനിറങ്ങും. ദൂരയാത്ര ഓർക്കാൻ തന്നെ വയ്യാതായി. വെറും മടി, ഒരു അറപ്പ്, പിന്നെ പേടിയും. എന്തിന് എന്നു ചോദിക്കരുത്. എനിക്കറിയില്ല. 

അനുജത്തിമാരെ കണ്ടിട്ട് രണ്ടു വർഷത്തിലേറെയായി. മാമനും അപ്പച്ചിയുമൊക്കെ വയസ്സായിരിക്കുന്നു. എല്ലാവരെയും സന്ദർശിക്കാനായി ഒരു തിരുവനന്തപുരം യാത്ര അനിവാര്യമായി. തനിയെ ഒരു യാത്ര അസാദ്ധ്യം! ഔദ്യോഗിക ആവശ്യങ്ങൾക്കായി തലസ്ഥാനത്തേക്ക് പോകേണ്ടതുള്ളതു  കൊണ്ട് എന്റെ മകൾ എന്നെക്കൂടെ കൊണ്ടുപോകാനുള്ള പ്ലാൻ തയാറാക്കി. പോകാനും വരാനുമുള്ള ട്രെയിൻ ടിക്കറ്റുകളും ബുക്ക് ചെയ്തു. വെളുപ്പിനെ അഞ്ചു മണിക്കാണ് അങ്ങോട്ടുള്ള വണ്ടി. നേരത്തെ സ്റ്റേഷനിലെത്തി കാത്തിരുന്നു. വണ്ടി  വന്നു, ഞങ്ങൾ കയറി ഇരുന്നു. ഏ സി ചെയർ  കാർ. സ്വസ്ഥം. 'വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ ഫോൺ എടുക്കാനായി ഞാൻ ഹാൻഡ് ബാഗ്  തുറന്നു. ഫോൺ ഇല്ല. ഒരു നടുക്കത്തോടെ ഞാൻ ഓർത്തു . മൊബൈൽ എടുത്തിട്ടില്ല. വീട്ടിൽ മറന്നു വച്ചു. മകൾ വീട്ടിലേയ്ക്കു വിളിച്ചു ചോദിച്ചപ്പോൾ മൊബൈൽ അവിടെ ചാർജ്ജ്  ചെയ്യാൻ വച്ചയിടത്തു തന്നെ ഇരിപ്പുണ്ട്. പിന്നെ പറഞ്ഞിട്ടെന്തു കാര്യം?

തിരുവനന്തപുരത്തെത്തിയാൽ മകൾക്കും എനിക്കും രണ്ടു വഴിക്കാണ്  പോകേണ്ടത്. അവൾക്ക്  ഓഫീസുകൾ ,മീറ്റിങ്ങുകൾ. എനിക്ക് സന്ദർശനങ്ങൾ. എവിടെയാണ്, എന്തായി, എപ്പോൾ മീറ്റ് ചെയ്യാം, ഇതൊക്കെ എങ്ങനെ പരസ്പരം അറിയിക്കും. എനിക്കാണെങ്കിൽ മകളുടെയും എന്റെയും ഫോൺ നമ്പർ മാത്രമേ കാണാപ്പാഠം അറിയാവൂ. എനിക്ക് ആകെ ടെൻഷൻ ആയി. മകൾക്കും ടെൻഷൻ ഉണ്ടെങ്കിലും എന്നെ കൂടുതൽ കുഴയ്ക്കാതിരിക്കാൻ അവൾ കൂളായി ഇരുന്നു. 

'തലയ്ക്കു മീതെ വെള്ളം വന്നാലതിന്റെ മീതേ തോണി' എന്നല്ലേ ചൊല്ല്! ചെല്ലുന്ന വീടുകളിൽ നിന്ന് ആരുടെയെങ്കിലും ഫോൺ എടുത്ത് മകളെ വിളിക്കും. അപ്പോൾ അവൾക്ക് നമ്പർ കിട്ടുമല്ലോ. ഇറങ്ങാൻ നേരം അവൾ ആ നമ്പറിൽ വിളിച്ച് എന്നോട് സംസാരിക്കും. അങ്ങനെ മകളെ  വിളിച്ചും മകൾ അങ്ങോട്ട് വിളിച്ചും രണ്ടു ദിവസം കഴിച്ചു കൂട്ടി. അന്ന് വൈകുന്നേരം മടങ്ങിപ്പോകണം.  അഞ്ചു മണിക്കാണ് ട്രെയിൻ. സ്റ്റേഷനിൽ നേരത്തെ എത്താം. പക്ഷേ  മൊബൈൽ ഇല്ലാതെ പരസ്പരം എങ്ങനെ കണ്ടുപിടിക്കും? വീണ്ടും കൺഫ്യൂഷൻ ആയല്ലോ.

"അമ്മ എത്തിയാൽ ആരോടെങ്കിലും ഫോൺ ചോദിക്കണം. ആരും തരും എന്റെ മോളെ വിളിക്കാനാണ് എന്നു  പറഞ്ഞാൽ പോലീസുകാരു  പോലും എന്റെ ഫോണിലേക്കു വിളിച്ചു തരും." മകൾ എന്നെ ആശ്വസിപ്പിച്ചു. ഒരു കുസൃതി ചിരിയോടെ അവൾ തുടർന്നു. "ഞങ്ങളൊക്കെ ഇതുപോലെ വയസ്സായവരെ സഹായിക്കാറുണ്ട്‌."

സാധാരണ ''ആർക്കാ വയസ്സായത്?" എന്ന് ചോദിക്കുകയാണ് എന്റെ പതിവ്. ഇപ്പോൾ മിണ്ടാനാവുമോ? 'ഫോണും മറന്നു വച്ചിട്ട്...' എന്നവൾ പറയില്ലേ?    

അപ്പോൾ രാജ് രക്ഷയ്‌ക്കെത്തി. മാമന്റെ മരുമകൻ. രാജ് എന്റെ കസിനുമാണ്. മാമന്റെ  ചെമ്പഴന്തിയിലെ വീട്ടിൽ നിന്ന്  എന്നെ സ്റ്റേഷനിൽ എത്തിച്ച്,  മകൾ വരുന്നതു  വരെ കാത്തു  നിന്ന്, എന്നെ അവളെ ഏൽപ്പിച്ചിട്ടേ രാജ് മടങ്ങിയുള്ളു. ഇതിനിടെ പോയ ഇടങ്ങളിലെല്ലാം  അവരുടെ ഫോണിൽ നിന്ന് ഞാൻ മകളെയും, മകൾ അങ്ങോട്ടും എത്ര വിളികളാണെന്നോ പോയത്. സ്റ്റേഷനിൽ വച്ചും മകളും രാജും  അങ്ങോട്ടുമിങ്ങോട്ടും പല വിളികൾ വിളിച്ചാണ് തമ്മിൽ കണ്ടുമുട്ടിയത്.                                 

ട്രെയിനിൽ കയറിയതോടെ ഞാൻ സ്വസ്ഥയായി. എല്ലാകാര്യങ്ങളും ഭംഗിയായി നടന്നല്ലോ. യാത്ര ശുഭമായി. മെല്ലെ ഞാൻ ചിന്തിക്കാൻ തുടങ്ങി. 

മൊബൈൽ ഇല്ലാത്ത കാലത്തും ആളുകൾ ജീവിച്ചില്ലേ? അന്നും ഇതുപോലെ പ്ലാൻ അനുസരിച്ച് കാര്യങ്ങൾ നടത്തിയില്ലേ? ഇപ്പോൾ മൊബൈൽ ഇല്ലാതെ പറ്റില്ലെന്നായിരിക്കുന്നു. മക്കളെ വിളിക്കാനോ, കൂട്ടുകാരെ വിളിക്കണോ, ഡോക്ടറെ വിളിക്കണോ,  എന്തിനു മീൻകാരിയേയോ ഡോബിയെയോ ഓട്ടോക്കാരനെയോ ആരെ വേണമെങ്കിലും വിളിക്കാം. മൊബൈൽ എന്ന അദ്‌ഭുത യന്ത്രം കയ്യിലുണ്ടായാൽ മതി.

ആ പഴയ പാട്ടിന്റെ വരികൾ ഞാൻ വീണ്ടും ഓർത്തു.

"അച്ഛനെയാണേലും അമ്മയെയാണേലും അമ്പിളിമാമനെയാണേലും അരികിലെത്തിക്കും അവൾ അരികിലെത്തിക്കും."

ലാൻഡ് ഫോണിനെപ്പറ്റി പണ്ട് പാടിയ ആ പാട്ട് മൊബൈലിന് നന്നേ യോജിക്കും.

മൊബൈലേ  നീ മാസ്സാണ്, കൊലമാസ്സ്!  

Content Summary: Kadhayillaymakal Column by Devi J S

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS