ഇത് കണ്ടാൽ തോന്നും ഞാൻ ഹിമസാഗർ എക്സ്പ്രസ്സിൽ, കന്യാകുമാരി മുതൽ ജമ്മുകാശ്മീർ വരെ പോകുന്ന ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും നീണ്ട ആ ട്രെയിൻ യാത്രയിൽ, ജമ്മു വരെ പോയി എന്ന്. ഇല്ലന്നേ. ആ ട്രെയിനിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെ ഒരു യാത്ര. അത്രേയുള്ളു. കാശ്മീർ മുതൽ കന്യാകുമാരി വരെ, അതായത് ഹിമം (കാശ്മീർ) മുതൽ സാഗരം (കന്യാകുമാരി) വരെ. അതാവും ആ ട്രെയിനിന് ആ പേര്!
എന്നാലിനി കഥ തുടങ്ങട്ടെ. കഴിഞ്ഞയാഴ്ചയിലെ അവസാന പ്രവർത്തി ദിവസം വൈകുന്നേരം നാലു മണി കഴിഞ്ഞുള്ള ഹിമസാഗർ എക്സ്പ്രസ്സിൽ എന്റെ മകളും ഞാനും കയറിക്കൂടി. സെക്കൻഡ് ഏ സി കോച്ച് നമ്പറിലാണ് ഞങ്ങൾക്ക് റിസർവേഷൻ. കംപാർട്മെന്റിനകത്ത് ബെർത്തുകൾ മാത്രമേ ഉള്ളു. താഴെയുള്ള രണ്ടെണ്ണം ഞങ്ങളുടേത് മുകളിലെ രണ്ടെണ്ണം ഒരു പയ്യനും ഒരു സ്ത്രീക്കും. പയ്യൻ അയാളുടെ ബെർത്തിൽ ബാഗ് വച്ച് പോയി.
എനിക്ക് രണ്ടു ദിവസത്തെ യാത്രാക്ഷീണവും നേരിയ തലവേദനയും ഉണ്ടായിരുന്നു. "അമ്മയ്‌ക്ക് കിടക്കണോ" എന്ന് ചോദിച്ചിട്ട് എന്റെ മകൾ ആ ബെർത്തിൽ വച്ചിരുന്ന വെളുത്ത ഷീറ്റു വിരിച്ച് തലയിണ എടുത്ത് നേരെ വച്ചു. ഞാൻ പതുക്കെ ചരിഞ്ഞ് കിടന്നു. അത് കണ്ടിട്ടാവാം ഞങ്ങൾക്കെതിരെ ഉള്ള ബർത്തിൽ ഇരുന്ന സ്ത്രീ മകളോട് തമിഴിൽ പറഞ്ഞു .
"ഇത് ഉങ്കളുടെ ബർത്ത് മാറണമാ."
''ആന്റി ഇരുന്നോളു." എന്റെ മകൾ പറഞ്ഞു. "ഞാൻ ഇപ്പോൾ കിടക്കുന്നില്ല. ആന്റിക്ക് കിടക്കണമെങ്കിൽ കിടന്നോളു"
വേണ്ടാ എന്നവർ ചിരിച്ചു കൊണ്ട് തലയാട്ടി. പ്രസന്നഭാവമുള്ള ഒരമ്മ.ഇത്തരം ഒരു ട്രെയിനിൽ ഞാൻ ആദ്യമായാണ് യാത്ര ചെയ്യുന്നത്. ബർത്ത് മാത്രമുള്ള ഒരു സെക്കന്റ് ഏ സി. രണ്ടോ മൂന്നോ ദിവസം നീണ്ട യാത്രയാണ് മിക്കവർക്കും. അവർക്കു വേണ്ടിയാണ് ഈ സജ്ജീകരണങ്ങൾ. ഇടയ്ക്ക് ഇരിക്കുകയോ കിടക്കുകയോ ചെയ്യാമല്ലോ. കുറേ സമയം ഞാൻ കിടന്നിട്ടുണ്ടാവും. ചെറുതായൊന്നു മയങ്ങിയെന്നു തോന്നുന്നു. പെട്ടെന്നുണർന്നു. എഴുന്നേറ്റിരുന്നു. ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നു.
ദീർഘദൂര ട്രെയിനുകൾക്ക് വശത്ത് ഒരു ബർത്ത് കൂടിയുണ്ട്. അതിനു മുകളിലും ഒന്നുണ്ട്. മുകളിൽ ഒരു പയ്യൻ ഞങ്ങൾ കയറുമ്പോഴേ പുതച്ചു മൂടി ഉറങ്ങുന്നുന്നുണ്ടായിരുന്നു. താഴെ ഒരു പെൺകുട്ടി പില്ലോ ചാരിവച്ച് നീണ്ടു നിവർന്നിരിക്കുന്നു. അല്പം ഇരുണ്ട നിറമുള്ള, വലിയ കണ്ണുകളുള്ള ഒരു യുവതി. ഞാൻ അവളെ നോക്കി ചിരിച്ചു. അവൾ ചിരിച്ചില്ല.
കായംകുളത്ത് വണ്ടി എത്തിയപ്പോൾ എന്റെ മകളുടെ ഒരു സുഹൃത്ത് അവിടെനിന്ന് കയറുന്നു എന്നു പറഞ്ഞ് അവൾ അദ്ദേഹത്തെ അന്വേഷിച്ചു പോയി. എന്റെ നേരെ മുകളിലെ ബർത്തിന്റെ ഉടമസ്ഥൻ ഇടയ്ക്കിടെ വന്ന് ബാഗ് മുകളിൽ സുരക്ഷിതമാണോ എന്ന് നോക്കിയിട്ട് വലിഞ്ഞു കയറാൻ മടിച്ചാവും ഒഴിഞ്ഞ ഏതോ സീറ്റിലേക്കു പോയി. എതിരെയുള്ള സഹയാത്രികയുമായി ഞാൻ സംസാരം തുടങ്ങി. അവർ നാഗർകോവിലിൽ നിന്നാണ് കയറിയത്. മലയാളം കേട്ടാൽ മനസ്സിലാകും. എന്നാലും തമിഴിലാണ് പേശുന്നത്. എനിക്കു തമിഴ് നന്നായി അറിയാം. ഞാനും പേച്ചു തുടങ്ങി.
"പേരെന്താണ്?" ഞാൻ ചോദിച്ചു.
"സുഗന്ധി ഫ്ളോറന്സ്. ഉങ്കൾ പേരെന്ന?"
"ദേവി" ഞാൻ പറഞ്ഞു.
"ഞങ്ങൾ തമിഴർക്കാണ് ദേവി എന്ന് പേരുള്ളത്. നിങ്ങൾ മലയാളികളും ദേവി എന്ന് പേരിടുമോ ?"
"കേരളത്തിലെ ദേവിമാർ മലയാളികളാണ്." എന്റെ മറുപടി കേട്ട് സുഗന്ധി പൊട്ടിച്ചിരിച്ചു. അപ്പുറത്ത് കിടന്ന പെൺകുട്ടി ഞങ്ങളുടെ സംഭാഷണം ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ ഒരു ചിരി കൊണ്ടു പോലും പ്രതികരിച്ചില്ല. അവൾ കന്യാകുമാരിയിൽ നിന്നാണെന്നും ഞങ്ങളെപ്പോലെ എറണാകുളത്താണ് ഇറങ്ങുന്നതെന്നും സുഗന്ധി പറയുന്നത് കേട്ടിട്ടും അവൾ അനങ്ങിയില്ല. അൽപസമയം കഴിഞ്ഞപ്പോൾ മകളും സുഹൃത്തും കൂടി വന്നു.
"അമ്മയും ഉണ്ടെന്നു പറഞ്ഞപ്പോൾ കാണാനാണ് സർ വന്നത്." മകൾ പറഞ്ഞു. എന്റെ ബർത്തിൽ അവർ ഇരുന്നു.എതിരെ സഹയാത്രികയോടൊപ്പം ഞാനും ഇരുന്നു. കുശലാന്വേഷണങ്ങൾക്കിടയിൽ മകളുടെ സുഹൃത്ത് പറഞ്ഞു. "അമ്മയുടെ പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. അമ്മയുടെ റ്റി വി പ്രോഗ്രാംസ് കണ്ടിട്ടുണ്ട്."
എനിക്ക് അഭിമാനം തോന്നി. കുറച്ചു നേരം കൂടി സംസാരിച്ചിരുന്നിട്ട് മറ്റാരെയോ കാണാനായി മകളും സുഹൃത്തും എഴുന്നേറ്റു പോയി. ട്രെയിനിന് അകത്തു കൂടി അങ്ങേയറ്റം ഇങ്ങേയറ്റം നടക്കാമല്ലോ. അവരുടെ ഔദ്യോഗിക ചർച്ചകൾ ഞങ്ങൾക്ക് ബോറാവും.അതാണ് അവർ പോയത്. അവർ പോയതും അതുവരെ ചിരിക്കുകപോലും ചെയ്യാതെ ഇരുന്ന ആ യുവതി പെട്ടെന്ന് തമിഴിൽ ചോദിച്ചു.
"മാഡം നീങ്ക എന്ന റ്റി വി പ്രോഗ്രാമില് വന്തത് ?"
അപ്പോൾ ഞങ്ങൾ പറഞ്ഞതെല്ലാം അവൾ കേട്ടുവോ? മലയാളത്തിൽ പറഞ്ഞത് അവൾ ഗ്രഹിച്ചുവോ?
"ഞാൻ ഒരു കാൻസർ സർവൈവർ ആണ്. ഞങ്ങളുടെ ഡോക്ടർ, കാൻസർ രോഗികൾക്ക് ധൈര്യം പകരാനായി എന്നെപ്പോലെ സുഖം പ്രാപിച്ചവരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് റ്റി വി ചാനലുകളിൽ പരിപാടികൾ ചെയ്തിട്ടുണ്ട്." ഞാൻ പറഞ്ഞു. അവളുടെ മുഖം അദ്‌ഭുതം കൊണ്ട് വിടർന്നു.
"നീങ്ക ഒരു റൈറ്ററാ?"
''അതെ. പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്." അപ്പോൾ അവൾ സ്വയം പരിചയപ്പെടുത്തി.പേര് വിയാനി.(അങ്ങനെ ഒരു പേര് ഞാൻ ആദ്യം കേൾക്കുകയാണ്. വിയാനി? എന്ന് ഞാൻ എടുത്തു ചോദിച്ചു) അവൾ ഒരു നഴ്‌സാണ്. വിദേശത്ത് ഒരു ജോലിക്കുള്ള ഇന്റർവ്യൂവിനായി കൊച്ചിക്കു പോകുന്നു.
"ഞാൻ രണ്ടു മൂന്നു തവണ ചിരിച്ചിട്ടും നിങ്ങൾ ചിരിക്കാഞ്ഞതെന്ത്?"
"ജോലി കിട്ടുമോ എന്ന ടെൻഷൻ. പിന്നെ കുറെ ഫ്രണ്ട്സ് കൂടെയുണ്ട്. വേറെ ബോഗികളിലാണ്. അവരാണ് എല്ലാം അറേഞ്ച് ചെയ്തത്. നാളെയാണ് ഇന്റർവ്യൂ. രാത്രി തങ്ങണം. എല്ലാം ടെൻഷനാണ്."
"എന്തിനാണ് വിദേശത്തു പോകുന്നത്? നമ്മുടെ നാട്ടിൽ തന്നെ സേവനം അനുഷ്ടിച്ചു കൂടെ. പണം സമ്പാദിക്കാൻ അല്ലെ?"
വിദേശത്തു പോകാൻ തയാറാകുന്ന പലരോടുമുള്ള എന്റെ പതിവ് ചോദ്യമാണിത്. ഭർത്താവു വിദേശത്താണ്. അവൾ കൂടി പോയി ജോലി ചെയ്താലെ കുടുംബം സെറ്റിൽ ആകൂ. അവൾ വിശദീകരിച്ചു. കാൻസർ വന്നതാണെന്ന് കേട്ടപ്പോൾ സുഗന്ധി പറയാൻ തുടങ്ങി.
"ട്രെയിനിലെ ഏറി വന്ത ഉടനെ നീങ്ക പടുത്തത് പാത്ത് എനക്ക് സങ്കടം വന്താച്ച്. ഉങ്കളുക്ക് എന്നമോ വയ്യ എന്ന് നിനച്ച്..ട്രീറ്റ് മെൻറ്റ് മുടിച്ചു വന്തതാ."
ഇപ്പോൾ ചിരിച്ചത് ഞാനാണ്.
"ഏയ് ഒന്നുമില്ല. തലവലി. റൊമ്പ ടയേർഡ്. അവളവ് താൻ . ഇപ്പൊ കാൻസറും ട്രീറ്റ്‌മെന്റും ഒന്നുമില്ല."
അപ്പോൾ സുഗന്ധി അവരുടെ ഇടത്തെ കവിൾ തൊട്ടു കാണിച്ചു. അവിടെ താടിയെല്ലില്ല. നല്ല ഒരു കുഴിവ്. ഞാൻ വല്ലാതായി. അതുവരെ ഞാനത് ശ്രദ്ധിച്ചതേയില്ലായിരുന്നു. വിയാനി കണ്ടിരുന്നു എന്ന് അവൾ അപ്പോൾ പറഞ്ഞു.
"എന്താണുണ്ടായത്?" ഞാൻ ചോദിച്ചു.
"ഒരു ഗ്രോത്ത് വന്നു. താടിയെല്ല് എടുത്തു മാറ്റി. പക്ഷേ അത് കാൻസർ ആയിരുന്നില്ല. സുഗന്ധി വിശദീകരിച്ചു.
"പിന്നെ ട്രീറ്റ്മെൻറ്റ് ഒന്നും എടുത്തില്ലേ? എനിക്ക് സംശയം ബാക്കി
"എടുത്തു. റേഡിയേഷൻ. പക്ഷേ അത് കാൻസർ അല്ല." സുഗന്ധി വീണ്ടും പറഞ്ഞു. "ഒരു നഴ്‌സിനോടും ഒരു കാൻസർ വിന്നറോടുമാണ്." സുഗന്ധി ഇത് പറയുന്നത്. ഞങ്ങൾ രണ്ടുപേരും ഒരു പോലെ അമ്പരന്നു. പിന്നെ ഒന്നും പറഞ്ഞില്ല.
"ഇതിനു മുൻപും കാൻസറാണ് തനിക്കെന്ന് സമ്മതിക്കാൻ മടിയുള്ള രോഗികളെ ഞാൻ കണ്ടിട്ടുണ്ട്. രോഗം മാറിയാൽ പോലും അത് കാൻസർ ആയിരുന്നില്ല." എന്നവർ പറഞ്ഞു സ്ഥാപിക്കും.
"എന്തിനാണത്? സ്വയം പേടിച്ചിട്ടോ? കേൾക്കുന്നവർ ഞെട്ടും, സഹതാപത്തോടെ നോക്കും എന്നു കരുതിയിട്ടോ?" ഏതായാലും ഞങ്ങൾ ആ വിഷയം വിട്ടു
പിന്നെ തമാശകൾ പറഞ്ഞ് ചിരിച്ച് ഞങ്ങളാ യാത്ര രസകരമാക്കി. അപ്പോൾ മകളും വന്നു. ട്രെയിൻ കൊച്ചിയിലെത്തി. ഞങ്ങളുടെ ഹിമസാഗർ യാത്ര അവിടെ തീർന്നു. ട്രെയിൻ അതിന്റെ യാത്ര തുടർന്നു.
"ഇതിലെന്താണ് കഥ എന്നല്ലേ? ഉണ്ടല്ലോ. ഈ കഥയിലെ ഗുണപാഠങ്ങൾ".
സഹയാത്രികർ നമുക്ക് പറ്റിയവരാണെന്ന് തോന്നിയാൽ അവരെ പരിചയപ്പെട്ട്, സംസാരിച്ച് (വ്യക്തിപരമായ കാര്യങ്ങൾ പറയാതെ) ചിരിച്ച് രസിച്ച് യാത്ര ഒരു വിനോദയാത്രയാക്കാം. തമാശകൾക്കും ചിരിക്കും ഭാഷ ഒരു പ്രശ്നമല്ല. നമ്മുടെ ഭാഷയിൽ നമ്മളും അവരുടെ ഭാഷയിൽ അവരും സംസാരിക്കട്ടെ.
കാൻസർ വന്നു എന്ന് പറയാൻ ഭയമെന്തിന്? ഒരു കാൻസർ രോഗി സുഖം പ്രാപിക്കുന്നത് ശാസ്ത്രത്തിന്റെയും ഡോക്ടർമാരുടെയും രോഗിയുടെയും നേട്ടമാണ്. അത് ഉറക്കെ വിളിച്ചു പറയണം.
Content Highlights: Devi J S | Kadhayillaymakal | Opinion | Column | Manorama Online