ഒരു ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ

HIGHLIGHTS
  • ഫേസ്ബുക്കിൽ വന്ന ജറാഡിന്റെ ഓർമ്മക്കുറിപ്പുകൾ എന്നെ വല്ലാതെ അമ്പരപ്പിച്ചു.
book-devi
SHARE

 ഏറെ വർഷങ്ങൾക്കു മുൻപ് ജറാഡ്‌ മൗറല്ലിയോസിനെ പരിചയപ്പെടുമ്പോൾ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഒരു  സഹപ്രവർത്തകൻ എന്നതിനപ്പുറം ഒന്നും തോന്നിയില്ല. പക്ഷേ  നിറഞ്ഞ പുഞ്ചിരിയും ഉതിരുന്ന പൊട്ടിച്ചിരിയും പ്രസന്നമായ സംസാരവും ജറാഡിനെ വളരെ വേഗം എന്റെ സുഹൃത്താക്കി മാറ്റി.

എന്നും ഡെപ്യൂട്ടേഷനുകൾ തരപ്പെടുത്തി പൊയ്ക്കൊണ്ടിരുന്നതു കൊണ്ട് ആ സൗഹൃദം തുടങ്ങിയ ഇടത്തു തന്നെ നിന്നു. ഞാൻ റിട്ടയർ ചെയ്തതോടെ സഹപ്രവർത്തകരിൽ അപൂർവം പേർ മാത്രമേ കോൺടാക്ട് ലിസ്റ്റിൽ ഉണ്ടായിരുന്നുള്ളു. ജറാർഡ് ഉൾപ്പെടയുള്ള പ്രിയ സ്നേഹിതർ ഫേസ്ബുക്കിലൂടെ, വാട്സാപ്പിലൂടെ, ഫോൺ വിളികളിലൂടെ എന്നോടുള്ള സൗഹൃദം തുടർന്നു. 

ഫേസ്ബുക്കിൽ വന്ന ജറാഡിന്റെ  ഓർമ്മക്കുറിപ്പുകൾ എന്നെ വല്ലാതെ അമ്പരപ്പിച്ചു. ഇത്രയും നല്ലൊരു എഴുത്തുകാരൻ ഈ കുസൃതിക്കാരന്റെ ഉള്ളിൽ ഒളിച്ചിരിക്കുകയായിരുന്നോ ഇത്രയും നാൾ, റിട്ടയർ ചെയ്തതോടെ എഴുത്തുകാരൻ ഉണർന്നോ? എന്നൊരിക്കൽ ഞാൻ കളിയാക്കി ചോദിക്കുകയും ചെയ്തു. തുടർച്ചയായി എഫ്ബിയിൽ വന്നു കൊണ്ടിരുന്ന ആ ഓർമ്മക്കുറിപ്പുകൾ എന്റെ മനസ്സിനെ വളരെയധികം സ്പർശിച്ചു. എല്ലാത്തിനും ഒരു കമന്റ് ഇടുകയും ചെയ്തിരുന്നു ഞാൻ. കുമ്പളം എന്ന കുഗ്രാമത്തിൽ കഴിച്ചു കൂട്ടിയ ബാല്യകൗമാരസ് മൃതികളും സർവീസ് സ്റ്റോറികളും ആ ലേഖനങ്ങളിൽ പ്രതിഫലിച്ചു. കുടുകുടെ ചിരിപ്പിക്കുന്ന ഫലിതങ്ങളും കണ്ണ് നിറയ്ക്കുന്ന സങ്കടങ്ങളും അവയിൽ ഇടകലർന്നു. ഇതൊരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചു കൂടെ എന്ന് നിരന്തരം പ്രേരിപ്പിച്ചവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. 'ഒരു ശരാശരി ക്രിസ്ത്യാനി പയ്യന്റെ വേവലാതികൾ' പുസ്തകമായപ്പോൾ ജറാർഡ് ഒരു കോപ്പി എനിക്കയച്ചു തന്നു.  

പുസ്തകം കയ്യിൽ കിട്ടിയതും എന്റെ മകൾ അത് കൈക്കലാക്കി. അവൾ നല്ല വായനക്കാരിയാണ്.

''അമ്മ ഇതെല്ലം എഫ് ബിയിൽ വായിച്ചതല്ലേ. പുസ്തകം ഞാനാദ്യം വായിക്കട്ടെ.''

വായന കഴിഞ്ഞ് മടക്കിത്തരുമ്പോൾ അവൾ പറഞ്ഞു.

"വളരെ നല്ല പുസ്തകം. ഇത്രയും ആഴത്തിലുള്ള അനുഭവങ്ങൾ ഉള്ളവർക്കേ ഇത് പോലെ എഴുതാൻ കഴിയൂ. എത്ര ലളിതമായ, രസകരമായ, ഹൃദയസ്പർശിയായ എഴുത്ത്!  അഭിനന്ദനങ്ങൾ അമ്മയുടെ സുഹൃത്തിനെ അറിയിച്ചേക്കൂ."

അന്ന് തന്നെ ഞാൻ ആ നല്ല വാക്കുകൾ എഴുത്തുകാരനെ അറിയിച്ചു.

ഈ പുസ്തകത്തെപ്പറ്റി ഇനി ഞാൻ എന്തു പറയാൻ!

ജറാഡിനെക്കുറിച്ച് രസകരമായ ഒരോർമമ എനിക്കുമുണ്ട്. വർഷങ്ങൾക്ക് മുൻപാണ്. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ ആരംഭത്തിലെന്നോ ആവണം. ആണ്ടും തീയതിയുമൊന്നും ഓർമ്മയില്ല. ജറാഡിനോട് ചോദിച്ചാൽ കൃത്യമായി പറഞ്ഞു തരും. ഓർമ്മകളുടെ വില്പനക്കാരനല്ലേ? 

ഒരു ചെറിയ കേസുമായി കോട്ടയം കളക്ട്രേറ്റിനകത്തെ കോടതി വരാന്തയിൽ ഞാൻ ഇരിക്കുകയാണ്. കൂടെ ഉഷ എന്ന കൂട്ടുകാരിയുമുണ്ട്. അവൾ ചെറിയ പെണ്ണാണ്. ഞങ്ങളുടെ അയല്പക്കത്ത് കല്യാണം കഴിച്ചു വന്നിട്ട് അധികനാളായിട്ടില്ല. കോടതിയിൽ പോകാൻ എനിക്ക് കൂട്ട് വന്നതാണവൾ. ഞങ്ങൾ രണ്ടാളും രാവിലെ മുതൽ അവിടെ കുത്തിയിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി. അപ്പോഴതാ ആ കാമ്പസിലൂടെ ജറാഡ് നടന്നു വരുന്നു. 

എന്താ ഇവിടെ? എവിടെ പോകുന്നു? എന്നൊക്കെ പരസ്പരം കുശലാന്വേഷണം തുടങ്ങിയപ്പോൾ ജറാഡ് പറഞ്ഞു.

"ദേ ആ പള്ളിയിൽ എന്റെ കസിന്റെ കല്യാണമാണ്. എന്റെ ഫാമിലിയൊക്കെ അവിടെയുണ്ട്. എന്താ വരുന്നോ?"

ആ ക്ഷണം കേട്ടതും ഞങ്ങൾ ചാടി എഴുന്നേറ്റു. ഞാനാണെങ്കിൽ തീരെ സാധാരണ  ഒരു ചുരിദാറാണ് ധരിച്ചിരിക്കുന്നത്. ഉഷ അതിലും കഷ്ടം. പക്ഷേ  നന്നേ ക്ഷീണിച്ച് തളർന്നിരിക്കുകയായിരുന്നു ഞങ്ങൾ. പിന്നെ ഒന്നും ആലോചിച്ചില്ല, ഞങ്ങൾ  ജറാഡിന്റെ കൂടെ ചെന്നു. റോഡ് മുറിച്ചു കടന്നാൽ തൊട്ടപ്പുറത്താണ് പള്ളി. ജറാഡിന്റെ  കൂടെ അപരിചിതരായ രണ്ടു യുവതികളെ (അതും സുന്ദരികൾ) കണ്ടു ജറാഡിന്റെ ഭാര്യയും അമ്മയും മറ്റുള്ളവരും ഞെട്ടി എന്ന കാര്യത്തിൽ എനിക്കിപ്പോഴും സംശയമേയില്ല. (ഭിക്ഷക്കാരാണെന്നു വിചാരിക്കുമോ ചേച്ചീ എന്ന് ഉഷ എന്റെ ചെവിയിൽ പറഞ്ഞു.) പക്ഷേ ജറാഡിന്റെ സ്വതസിദ്ധമായ നർമ്മം കലർന്ന ശൈലിയിൽ ചിരിച്ചു കൊണ്ടുള്ള  പരിചയപ്പെടുത്തലിൽ അവരും ഞങ്ങളും പൊട്ടിച്ചിരിച്ചു പോയി. അതാണ് ജറാഡ്! വഴിയിൽ വച്ചു കണ്ട ഒരു കൂട്ടുകാരിയെ ക്ഷണിച്ചു ബന്ധുവിന്റെ കല്യാണത്തിനു കൊണ്ടുപോകാൻ മടിക്കാത്ത വിശാലമനസ്കത! കൂട്ടുകാരി അതിലും കേമി. വിളിച്ചാലുടനെ ചെന്ന് കല്യാണം കൂടാനും സദ്യകഴിക്കാനും മടിയില്ലാത്ത തുറന്ന മനസ്സുകാരി.

കുമ്പളം എന്ന ഗ്രാമം, കായൽതീരം, അവിടത്തെ ജീവിതരീതികൾ, അവിടത്തെ ആളുകളുടെ വിചിത്രമായ (വായിൽ കൊള്ളാത്ത) പേരുകൾ (മൗറല്ലിയൂസ്, ഗ്രേഷ്യസ്, അർക്കാഞ്ചലോ, കൊർ ണോലിയോസ്‌, റാൽഫ്‌മോറീസ്, ആൻസോ കാബോട്ട് - ഇതൊക്കെ ഇങ്ങനെ തന്നെയാണോ ഉച്ചരിക്കേണ്ടതെന്ന്  ഇനി ഏതെങ്കിലും കുമ്പളംകാരനോട് ചോദിക്കണം.) ജറാഡ് വിവരിക്കുന്ന അനുഭവങ്ങൾ ഇതെല്ലം തികച്ചും ഒരു സിറ്റി ഗേളായി വളർന്ന എനിക്ക് അജ്ഞാതമാണ്. ഒരു വണ്ടർലാന്റിലെത്തിയ ആലീസായി മാറി ഞാൻ അതെല്ലാം വീണ്ടും വീണ്ടും വായിച്ച്  ആസ്വദിക്കുന്നു.

ഒരു ശരാശരി ക്രിസ്ത്യാനിപ്പയ്യന്റെ ഈ വേവലാതികൾ വെറും ഒരു ലേഖന സമാഹാരമല്ല. ചിരിയും ചിന്തയും ചില നൊമ്പരങ്ങളൂം കൂട്ടിക്കലർത്തി അടച്ചു വച്ചിരിക്കുന്ന ഒരു ഓർമ്മച്ചെപ്പാണ്. അത് തുറക്കുമ്പോൾ വായനക്കാർക്ക് ഇതെല്ലം അനുഭവവേദ്യമാകും.             

Content Highlights: Devi J S | Kadhayillaymakal | Opinion   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA