ഓണമില്ലാത്തവർക്കൊപ്പം

Mail This Article
അങ്ങനെ വീണ്ടും ഒരോണം.
ഓണം വരുന്നേ, ഓണം വന്നേ എന്നൊക്കെയുള്ള ആർപ്പുവിളികൾ നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് യുഗങ്ങൾ തന്നെ ആയിട്ടുണ്ടാവും. എന്നു മുതലാണ് മലയാളി ഓണം ആഘോഷിക്കാൻ തുടങ്ങിയതെന്ന് എൺപതും തൊണ്ണൂറുമൊക്കെ കഴിഞ്ഞിരിക്കുന്ന പഴയ തലമുറയ്ക്കു പോലും പറയാൻ കഴിയില്ല.
ലോകത്ത് എവിടെയൊക്കെ മലയാളിയുണ്ടോ അവിടെയെല്ലാം ഓണമുണ്ട്. ഓണമെന്നല്ല പൊന്നോണം എന്നല്ലേ മലയാളികൾ പറയുന്നത്.
ഓണം നമ്മുടെ തീവ്രമായ ഒരു വികാരമാണ്. മലയാളികൾ അഭിമാനത്തോടെ തെല്ലഹങ്കാരത്തോടെ ഓർക്കുന്ന ഒരു നല്ലകാലം, സമ്പൽ സമൃദ്ധിയുടെയും ഐക്യത്തിന്റെയും സമത്വത്തിന്റെയും ഒരു ഭൂതകാലം, ഇവിടെ ഉണ്ടായിരുന്നു എന്നത് ഒരു പക്ഷേ ഒരു സങ്കൽപ്പമാകാം. ആ നല്ലകാലം ഒന്ന് അനുസ് മരിക്കുക എന്നത് നമ്മുടെ ഒരു ആവേശം തന്നെയാണ്.
"മാവേലി നാടു വാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ." എത്രയോ കാലമായി എല്ലാ ഓണത്തിനും പാടിയിട്ടും ഈ വരികൾ മലയാളികൾ മടുക്കുന്നില്ല, മറക്കുന്നില്ല, മാറ്റുന്നില്ല. ഓണം മലയാളിക്ക് ഒരു ആഘോഷം മാത്രമല്ല. ഒരു പ്രതീക്ഷ കൂടിയാണ്. പൊയ്‌പ്പോയ ആ നല്ലകാലം വീണ്ടും വരുമെന്നാണോ? ഏതായാലും വീണ്ടും ഓണം വരാനായി, നന്മയുടെ, സാഹോദര്യത്തിന്റെ, ഐശ്വര്യത്തിന്റെ ആ നാളുകളുടെ ഓർമ്മ പുതുക്കാനായി മലയാളികളുടെ ഒരു വർഷത്തെ കാത്തിരിപ്പാണ് ഓണാഘോഷത്തിലൂടെ സഫലമാകുന്നത്.
ഇതൊക്കെയാണ് നമ്മൾ എല്ലാവർഷവും ഓണത്തെക്കുറിച്ച് പറയുന്നത്, പ്രസംഗിക്കുന്നത്, പ്രകീർത്തിക്കുന്നത്. എന്നാൽ അതിനപ്പുറം ഒരുപാടുണ്ട് ഓണത്തെക്കുറിച്ച്.!
പഴയ തലമുറയ്ക്ക് ഓണം ഒരു ഓർമ്മയാണ്. കുട്ടിക്കാലത്തെ ഓണാഘോഷങ്ങളുടെ വർണപ്പൊലിമ നിറം മങ്ങാതെ അവരുടെ മനസ്സിലുണ്ട്. ഓണം എന്ന് പറയുമ്പോൾ അവർക്കൊരു നൊസ്റ്റാൾജിയയാണ്.
ആ തലമുറയിൽ പെട്ടതല്ലേ ഞാനും. എനിക്കുമുണ്ട് ബാല്യകാല ഓണസ്മരണകൾ! വക്കം എന്ന ഗ്രാമവും 'കുരുത്തോല' എന്ന അമ്മ വീടും ഇന്നും എന്റെ മനസ്സിന്റെ ഏറ്റവും മനോഹരമായ ഭാഗങ്ങളാണ്. അതടർത്തി മാറ്റാൻ പിന്നീട് തലസ്ഥാനഗരിയിലെ ബാക്കി ജീവിതകാലത്തിനോ, തുടർന്ന് പലപല നഗരങ്ങളിലെ ജീവിതത്തിനോ കഴിഞ്ഞിട്ടില്ല. മനസ്സിന്റെ ഏതോ ഒരു കോണിൽ ആ മനോഹാരിത ഒളിമങ്ങാതെ നിലനിൽക്കുന്നതു കൊണ്ടാവാം ഇത്തവണ ഓണം അമ്മ വീട്ടിലാവാമെന്ന് ഞാൻ തീരുമാനിച്ചത്.
അപ്പൂപ്പനും അമ്മുമ്മയും ജീവിച്ചിരുന്ന കാലം മുഴുവൻ ഞങ്ങളുടെ ഓണം ആ തറവാട്ടിൽ ആയിരുന്നു. വളരെ സമ്പന്നമായിരുന്നു അന്നവിടത്തെ ചുറ്റുപാടുകൾ. അച്ഛനും അമ്മയും ഞാനും എന്റെ ഇളയ മൂന്നു കുട്ടികളുമായി ഉത്രാടത്തിനു തന്നെ അവിടെ എത്തും. പത്തറുപതു കൊല്ലം മുൻപത്തെ കാര്യമാണ് പറയുന്നത്. അന്നവിടത്തെ ഓണാഘോഷം ഇന്നത്തേതിൽ നിന്നെത്രയോ വ്യത്യസ്തമായിരുന്നു. അമ്മയുടെ അനുജത്തിമാരും കുടുംബവും സഹോദരനും കുടുംബവും പിന്നെ ആശ്രിതരായ ചില ബന്ധുക്കളും, അങ്ങനെ എത്ര അംഗങ്ങളായിരുന്നു അന്നവിടെ ഉണ്ടായിരുന്നത്. പലഹാരപ്പുരയിൽ പുത്തൻ കലങ്ങളിൽ വാമൂടി കെട്ടിവച്ചിരിക്കുന്ന ഉപ്പേരികളും പലഹാരങ്ങളും. പഴക്കുലകൾ കെട്ടിത്തൂക്കിയിരിക്കുന്ന മറ്റൊരു കലവറ. വലിയ കുട്ടികൾക്ക് വലിയ ഊഞ്ഞാൽ. ചെറിയ കുട്ടികൾക്ക് ചെറിയ മറ്റൊരു ഊഞ്ഞാൽ. പാടത്തെയും പറമ്പുകളിലെയും എണ്ണമറ്റ പണിക്കാർ കാഴ്ചകളുമായി (അവൽ, വാഴക്കുല, പച്ചക്കറികൾ, മുറം വട്ടി കുട്ട ) വരുന്നതും അവർക്കെല്ലാം അരിയും തേങ്ങയും ഓണമുണ്ടും കൊടുക്കുന്ന ചടങ്ങ് ഞങ്ങൾ കുട്ടികൾക്ക് രസകരമായിരുന്നു. അടുക്കളയിൽ ഉത്രാടം മുതൽ സദ്യവട്ടം തുടങ്ങും. തിരുവോണം ഊണ് കഴിഞ്ഞാൽ വിശാലമായ പറമ്പിൽ ഓണക്കളികളും പാട്ടും തുമ്പി തുള്ളലും. ആ പ്രദേശത്തുള്ള മുതിർന്നവരും കുട്ടികളും ഒക്കെയായി ഒരു മേളയാണ് . എന്റെ കുഞ്ഞമ്മമാരും അമ്മാവനും ഒക്കെ ഈ കളികൾക്ക് മുൻപന്തിയിൽ ആയിരുന്നു. ചതയം കഴിഞ്ഞ്, ഓണം തീർന്ന് സിറ്റിയിലേക്ക് മടങ്ങുന്നത് സങ്കടത്തോടെയായിരുന്നു. അപ്പൂപ്പനും അമ്മുമ്മയും പോയ്മറഞ്ഞതോടെ ആ അനുഷ്ടാനങ്ങളും നിന്നുപോയി. ഓണാഘോഷം ഓരോരുത്തരുടെയും വീട്ടിലായി. നഗരത്തിലെ ഞങ്ങളുടെ വീട്ടിലും ഓണാഘോഷം കേമമാക്കാൻ ആരോഗ്യം അനുവദിച്ചിടത്തോളം അമ്മ ശ്രദ്ധിച്ചിരുന്നു. അച്ഛനും അമ്മയും സഹോദരനും പോയതോടെ എല്ലാം നിന്നുപോയി. ഓണക്കോടി, ഓണപ്പൂക്കളം, ഓണപ്പലഹാരങ്ങൾ, ഓണക്കാഴ്ചകൾ, ഓണപ്പൂവിളികൾ, ഊഞ്ഞാൽ പാട്ടുകൾ എല്ലാം ഓർമയായി. അടുത്ത തലമുറയ്ക്ക് ഓണം ഉണ്ട്. എന്നാലും പുതിയ രീതികളിൽ ആണ് അവരുടെ ആഘോഷങ്ങൾ! എത്രയോ വർഷങ്ങളായി ഓണം ഇല്ലാത്ത ഒരാളാണ് ഞാൻ. എന്നാലും മക്കൾ ഓണം ആഘോഷിക്കുമ്പോൾ ഞാൻ അവർക്കു വേണ്ടി അവരുടെ കൂടെ കൂടാറുണ്ട്.
ഇത്തവണ അമ്മവീട്ടിലേയ്ക്ക് പോകാമെന്നു തീരുമാനിച്ചതിന് ഒരു പ്രത്യേക കാരണം കൂടിയുണ്ട്. 2023 ൽ അവിടെ എനിക്ക് ഏറ്റവും അടുപ്പമുള്ള വളരെ പ്രിയപ്പെട്ട ചിലർ ഞങ്ങളെ വിട്ടു പോയി . അതു കൊണ്ട് അവിടെ ഇത്തവണ ഓണമില്ല. അങ്ങനെ ഓണമില്ലാത്ത ഞാൻ ഓണമില്ലാത്തവരുടെ കൂടെ കൂടാൻ തീരുമാനിച്ചു.
അവിടെ പൂവിടൽ ഇല്ല.സദ്യയുമില്ല. സാധാരണ ദിവസങ്ങൾ പോലെ. എന്നാലും ഞങ്ങൾ ആ കുടുംബത്തിലെ പെണ്ണുങ്ങൾ ദുഃഖങ്ങൾ മാറ്റിവച്ച് വളരെക്കാലത്തിനു ശേഷമുള്ള ആ ഒത്തുചേരൽ സന്തോഷപ്രദമാക്കി. ഒരുപാടു സംസാരിച്ചു, ചിരിച്ചു, വിശേഷങ്ങൾ പങ്കു വച്ചു , നല്ല ഭക്ഷണം ഉണ്ടാക്കി കഴിച്ചു. ചുറ്റുമുള്ള ബന്ധുക്കൾ ഞങ്ങളെ സന്ദർശിച്ചു. ഏറ്റവും ആശ്വാസം പകർന്നു തന്ന മൂന്നു ദിവസങ്ങൾ കടന്നു പോയി. ഞാൻ യാത്ര പറയുമ്പോൾ, ബന്ധുക്കൾ തമ്മിൽ എന്ത് ഔപചാരികത, എന്നാലും വന്നതിന് നിന്നതിന് അവർ എന്നോടും, ഒരു പാട് സ്നേഹവും സത്കാരവും തന്നതിന് ഞാനവരോടും കൃതഞ്ജത പ്രകടിപ്പിച്ചത് നിറഞ്ഞ കണ്ണു കളിലൂടെ, അതോടൊപ്പം തന്നെ ചിരിക്കുന്ന ചുണ്ടുകളിലൂടെ, മൃദുവായ ആലിംഗനങ്ങളിലൂടെ. 'ഇനിയും വരൂ', 'തീർച്ചയായും വരും' എന്നൊക്കെയുള്ള യാത്രാമൊഴികളിൽ തുളുമ്പി നിന്നത് അടുത്ത വർഷത്തെ ഓണം എന്ന പ്രതീക്ഷ തന്നെയാണ്.
അങ്ങനെ ഒരോണം കൂടി കഴിയുന്നു. സൂര്യൻ പതിവായി കിഴക്കുദിക്കുന്നു, തെറ്റാതെ പടിഞ്ഞാറസ്തമിക്കുന്നു. വേനലും വർഷവും വസന്തവും മാറിമാറിവരുന്നു. മാറ്റങ്ങൾ ഇല്ലാതെയും മാറ്റങ്ങളോടെയും നമ്മുടെ ജീവിതങ്ങളും മുന്നോട്ടു പോകുന്നു. ശുഭപ്രതീക്ഷകളോടെ നമുക്കും ഈ ജീവിതം ഒരാഘോഷമാക്കാം. ഇനിയും വരാനിരിക്കുന്ന ഓണങ്ങൾക്കായി കാത്തിരിക്കാം.
Content Highlights: Onam | Column | Opinion