'തോറ്റു പോകുമെന്ന് ലോകം മുഴുവൻ പറഞ്ഞാലും, ലക്ഷ്യത്തിലെത്തുമെന്നുറപ്പിച്ച്, തളരാതെ പരിശ്രമിച്ച്, ലക്ഷ്യം നേടി, പുഞ്ചിരിക്കുന്നവരുടെ വാശിയുടെ പേരാണ് ആത്മവിശ്വാസം.'
ഈ വരികൾ ഒരു സുഹൃത്ത് എനിക്കയച്ചു തന്നതാണ്. എന്നെ ഉദ്ദേശിച്ചു തന്നെയാവണം ഇത് അവൾ ഉദ്ധരിച്ചത്. കാരണം എന്റെ പിടിവാശി, വെറും നിർബന്ധ ബുദ്ധിയല്ല. ആത്മവിശ്വാസം തന്നെയാണ്.
സ്കൂൾ വിദ്യാഭ്യാസ കാലത്ത് ഞാൻ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. എന്റെ പഠിത്തത്തിൽ എന്റെ അച്ഛൻ വളരെ ശ്രദ്ധിച്ചിരുന്നു താനും. 'എന്റെ മകളെക്കുറിച്ച് എനിക്ക് വലിയ പ്രതീക്ഷയാണുള്ളത്' എന്ന് അച്ഛൻ പറഞ്ഞിരുന്നു. പക്ഷേ എന്റെ അച്ഛൻ ആശിച്ചതു പോലെയുള്ള ഒരു വലിയ നിലയിലെത്താൻ എനിക്കായില്ല. കാരണം എനിക്ക് വേണ്ടത്ര ദൃഢനിശ്ചയം അന്ന് ഉണ്ടായിരുന്നില്ല എന്ന് ഇന്നിപ്പോൾ തോന്നുന്നു. നൃത്തത്തിനോടും സംഗീതത്തിനോടുമുള്ള അമിതഭ്രമവും കൗമാര കുസൃതികളും കൂടി എന്റെ മനസ്സിനെ പഠിത്തത്തിൽ നിന്ന് വ്യതിചലിപ്പിച്ചു. എങ്കിലും വളരെ നല്ല മാർക്കോടെയാണ് ഞാൻ പത്താം ക്ലാസ്സു പാസായത്. പ്രീഡിഗ്രിക്കാലത്ത് കഥകൾ എഴുതാൻ തുടങ്ങി. ചെറിയ ചെറിയ ടീനേജ് പ്രണയങ്ങളിൽ ഭാവനയുടെ വർണങ്ങൾ കൂടി കലർന്നപ്പോൾ ഫിസിക്സ് - കെമിസ്ട്രി ക്ലാസ്സുകളിൽ സ്വപ്നം കണ്ടിരുന്നു. ഒന്നും ശ്രദ്ധിച്ചില്ല. മെഡിസിന് പോകണമെന്ന് ആശിച്ചാണ് ഞങ്ങൾ സഹപാഠികൾ സെക്കൻഡ് ഗ്രൂപ്പെടുക്കുന്നത്. നല്ല മാർക്കുണ്ടായിരുന്നെങ്കിലും മെഡിസിന് കിട്ടാനുള്ള ലെവലിലൊന്നും ഞാൻ എത്തിയില്ല. കൂട്ടുകാരിൽ വിരലിൽ എണ്ണാവുന്നവർക്കേ മെഡിസിന് അഡ് മിഷൻ കിട്ടിയുള്ളു. ബാക്കിയുള്ളവർ 'ഡോക്ടർ മോഹം' ഉപേക്ഷിക്കാതെ ഡിഗ്രിക്കും സയൻസ് തന്നെ എടുത്തു. കൂടെ ഞാനും. എന്നിട്ടോ? ഡിഗ്രി കഴിഞ്ഞ് ഒന്നോ രണ്ടോ പേര് ആ കൂട്ടത്തിൽ നിന്ന് അവരുടെ തീവ്രമോഹം സഫലമാക്കി, മെഡിക്കൽ കോളേജിൽ ചേർന്നു. ചിലർ എം എസ് സി , മറ്റു ചിലർ ബി എഡ്, വേറെ ചിലർ സർക്കാർ ജോലികൾക്കു ശ്രമിച്ചു. ഞാനാകട്ടെ എം എ (മലയാളം) ചേർന്നെങ്കിലും വൈകാതെ ഒരു കല്യാണം കഴിച്ചു. കല്യാണാലോചനകൾ വന്നപ്പോൾ കല്യാണമാവാം എന്ന തീരുമാനം എന്റേതു തന്നെ ആയിരുന്നു. ആലോചനകളിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുത്തതും ഞാൻ തന്നെ. ഏയ് പ്രണയമൊന്നും ആയിരുന്നില്ല. ആ പ്രായത്തിൽ പെൺകുട്ടികൾക്ക് വിവാഹം ഒരു ഹരമായി തോന്നും . അങ്ങനെ ഞാൻ എന്റെ നാശത്തിന്റെ പടുകുഴിയാണെന്നറിയാതെ എടുത്തു ചാടി. പക്ഷേ ഒരു നല്ലകാര്യം ചെയ്തു. പഠിത്തം തുടർന്നു. എം ഏ പാസ്സായി. ബി എഡ് എടുത്തു. അതിനിടയിൽ രണ്ടു കുട്ടികളുമായി.
അച്ഛനുമമ്മയും സർക്കാർ ജോലിക്കാരായിരുന്നതിനാൽ ഞാനും അത് ആശിച്ചു. ടെസ്റ്റുകൾ എഴുതി ആ ലക്ഷ്യം നേടുക തന്നെ ചെയ്തു. പക്ഷേ ദാമ്പത്യജീവിതം സംരക്ഷിക്കാനായി ഞാൻ ആ അപൂർവ ഭാഗ്യം വേണ്ടന്ന് വച്ചു. (ഇന്ന് ഓരോ പെൺകുട്ടിയെയും ഞാൻ ഉപദേശിക്കുന്നു.എന്തിനു വേണ്ടിയാണെങ്കിലും ആർക്കു വേണ്ടിയാണെങ്കിലും കഷ്ടപ്പെട്ടു പഠിച്ചു നേടിയ ജോലി ഉപേക്ഷിക്കരുത്. അത് ഒരു ജീവിതമാർഗം മാത്രമല്ല ഒരഭിമാനം കൂടിയാണ്.)
മക്കളെയും കൊണ്ട് തനിയെ ജീവിക്കാൻ തീരുമാനമെടുക്കുമ്പോൾ എനിക്ക് ചുറ്റുമുള്ള ലോകം, ബന്ധുക്കൾ, സുഹൃത്തുക്കൾ, അന്യർ ഒക്കെ എന്റെ നേരെ വിരൽ ചൂണ്ടി. 'ഉണ്ടായിരുന്ന ഒരു ജോലി ഭർത്താവിനുവേണ്ടി കളഞ്ഞു. ഇപ്പോൾ ഭർത്താവുമില്ല ജോലിയുമില്ല. എങ്ങനെ ജീവിക്കും? രണ്ടു മക്കളില്ലേ? അവരെ എങ്ങനെ വളർത്തും.' ഞാൻ നടുങ്ങി. എനിക്ക് ജോലിയില്ല, വരുമാനമില്ല. ബാങ്ക് ബാലൻസ് പൂജ്യം. അച്ഛനമ്മമാർ റിട്ടയർ ആയി. സഹോദരങ്ങൾക്ക് അവരുടെ പ്രാരാബ്ധങ്ങൾ. ആരും എന്നെ സഹായിക്കാനുള്ള ചുറ്റുപാടിലയിരുന്നില്ല. വിവാഹമോചനക്കരാറിൽ എനിക്കുള്ള നഷ്ടപരിഹാരം (ജീവനാംശം) ഒഴിവാക്കിയിരുന്നു. തരേണ്ടയാൾ ഒരുപാടു കാരണങ്ങൾ നിരത്തി അത് നിഷേധിച്ചപ്പോൾ ഞാനും അത് സമ്മതിക്കുകയാണുണ്ടായത്. കാരണം എന്നെ ഉപേക്ഷിക്കുന്ന അല്ലെങ്കിൽ ഞാൻ ഉപേക്ഷിക്കുന്ന ഒരാൾ എറിഞ്ഞു തരുന്ന ഭിക്ഷക്കാശിൽ ഞാൻ ജീവിക്കുകയോ? അത് എന്റെ ആത്മാഭിമാനത്തിനു ചേർന്നതല്ല.
ചുറ്റുമുള്ള ആളുകൾ വീണ്ടും ശബ്ദമുയർത്തി ആക്രോശിച്ചു. 'വിഡ്ഢി, പടു വിഡ്ഢി. കിട്ടാനുള്ളത് വാങ്ങാതെ ഇങ്ങു പൊന്നോ? പതിന്നാലു കൊല്ലം അയാളുടെ അടിമയായി കഴിഞ്ഞതല്ലേ? ഉണ്ടായിരുന്ന ജോലി അയാൾ കളയിച്ചതല്ലേ? ഒരു കോമ്പൻസേഷൻ തരേണ്ടതല്ലേ? വെറും കയ്യോടെ പോന്നിരിക്കുന്നു. അയാളെ അങ്ങ് ഫ്രീയാക്കി വിട്ടോ? നീ ഇത്ര മണ്ടിയോ? കാൽക്കാശിനു ഗതിയില്ല, എങ്ങനെ ജീവിക്കും?'
ഇതെല്ലം കേട്ട് അവമാനവും സങ്കടവും ദേഷ്യവും തോന്നി എങ്കിലും തോൽക്കാൻ ഞാൻ തയാറായിരുന്നില്ല. സ്വയം ഞാൻ ഉറപ്പിച്ചു. ഞാൻ ജീവിക്കും. തോറ്റുപോകും എന്ന് പറഞ്ഞെന്നെ തളർത്തുന്നവരുടെ മുന്നിൽ, നഷ്ടങ്ങളിൽ നിന്ന് കരകയറി ജീവിച്ചു കാണിച്ചു കൊടുക്കും.
ഒരു ജോലിക്ക് ശ്രമിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അപേക്ഷകൾ അയച്ചു. ഗൈഡുകൾ വാങ്ങി. പഠിച്ച് ടെസ്റ്റുകൾ എഴുതാൻ തുടങ്ങി. അപ്പോഴും വന്നു പരിഹാസക്കൂരമ്പുകൾ.' ഓ ഇനിയിപ്പോ ജോലിയൊന്നും കിട്ടുകയില്ല. ഉണ്ടായിരുന്നത് കളഞ്ഞതല്ലേ?' രാപ്പകലില്ലാതെ പഠിക്കുമ്പോൾ പിന്നെയും കേട്ടു ആക്ഷേപങ്ങൾ. 'ഓ ഒരു ക്ലാർക്ക് ജോലിക്ക് ഇത്രയും പഠിക്കണോ? ഐ എ എസ്സിനു പോലും ഇത്രയും വേണ്ടല്ലോ? ഇത്രയും കഷ്ടപ്പെട്ടിട്ട് ജോലി കിട്ടുമോ? കിട്ടിയില്ലെങ്കിലോ?' ഓരോ മുൾമുനകളും എനിക്ക് കൂടുതൽ വാശി കേറ്റുകയാണുണ്ടായത്.
ആ സമയത്ത് ഒരു പ്രൈവറ്റ് സി ബി എസ് സി സ്കൂളിൽ ജോലികിട്ടി. ചെറിയ ജോലി. വളരെ ചെറിയ ശമ്പളം. എന്നാലും അത് കിട്ടിയപ്പോൾ ഉണ്ടായ ആശ്വാസം വലുതായിരുന്നു. മക്കളുമായി ഒരു ചെറിയ വീട്ടിൽ അലോസരങ്ങളില്ലാതെ ജീവിക്കാൻ അതുപകരിച്ചു.
ഒടുവിൽ ചിരകാലാഭിലാഷമായ സർക്കാർ ഉദ്യോഗം എന്നെ തേടിയെത്തുക തന്നെ ചെയ്തു. പണ്ട് വലിയ സങ്കടത്തോടെ നഷ്ടപ്പെടുത്തേണ്ടി വന്ന അതേ ജോലി (കേരളാ യൂണിവേഴ്സിറ്റിയിൽ അസ്സിസ്റ്റന്റ്) തന്നെ മറ്റൊരിടത്ത് (മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ അസ്സിസ്റ്റന്റ്) പത്തു വർഷങ്ങൾക്കുശേഷം കിട്ടിയപ്പോഴുണ്ടായ അത്ഭുതം, ആഹ്‌ളാദം, അഭിമാനം ഇതൊന്നും പറഞ്ഞറിയിക്കാവതല്ല.
ജോലി കിട്ടി സുഖകരമായ ജീവിതം തുടങ്ങി ഒരു വർഷം കഴിഞ്ഞതും തോറ്റുപോകുമെന്ന ഭീഷണിയുമായി 1988ൽ കാൻസർ രോഗം എന്നെ പിടികൂടി. എനിക്കന്ന് വയസ്സ് 38.16 വയസ്സുള്ള മകൻ. 10 വയസ്സായ മകൾ. പണിപൂർത്തിയാകാത്ത പുതിയവീട്. ജീവിക്കണം ജീവിച്ചേ തീരൂ എന്ന തീവ്രമായ ആഗ്രഹവുമായി കീമോതെറാപ്പി എടുത്തു കൊണ്ടിരിക്കുമ്പോഴും നെഗറ്റീവ് സൂചനകൾ എന്റെ നേർക്കുവിട്ട് എന്നെ പരിപൂർണമായി തളർത്താൻ പലരും ശ്രമിച്ചു. 'ഓ അത് കാൻസറാണ്. രക്ഷപ്പെടുകയൊന്നുമില്ല. വയസ്സുകാലത്ത് അവളുടെ അച്ഛനുമമ്മയ്ക്കും ഇത് കാണേണ്ടി വന്നല്ലോ. ആ കുട്ടികളുടെ ഗതി എന്താകുമോ?'
അപ്പോഴും ഞാൻ ധൈര്യം കൈവിട്ടില്ല. എനിക്ക് ജീവിക്കണം. മക്കളെ വളർത്തി ഒരു കരയെത്തിക്കണം. ഈശ്വരാ ഒരു പത്തു വർഷം എനിക്ക് ആയുസ്സു നീട്ടി തരൂ. ഈ പ്രർത്ഥന ഞാൻ ഉരുവിട്ടു കൊണ്ടേയിരുന്നു. ചികിത്സയുടെ യാതനകൾ ഞാൻ ക്ഷമയോടെ നേരിട്ട്, ഞാൻ സുഖം പ്രാപിച്ചു. 18 വർഷങ്ങൾക്കുശേഷം വീണ്ടും ഒരിക്കൽ കൂടി കാൻസറിനോട് പൊരുതേണ്ടി വന്നു. അപ്പോഴും ഞാൻ ജയിച്ചു. ഒരു പൂവ് ചോദിച്ചാൽ ഒരു പൂങ്കാവനം തരുന്ന ഈശ്വരൻ പത്തു വർഷം ചോദിച്ച എനിക്ക് ആയുസ്സു നീട്ടി തന്നു. അങ്ങനെ ഇപ്പോൾ 35 വർഷം പിന്നിട്ടിരിക്കുന്നു.
എന്റെ ഈ ചിരി ആത്മവിശ്വാസത്തിന്റേതു തന്നെയാണ്.!
Content Highlights: Column | Opinion | Kadhayillamakal