ഓരോ കുടുംബത്തിലെയും ഓരോ വിശേഷ സംഭവവും ഓരോ ഉത്സവങ്ങളാണ്. അതാണ് നമ്മൾ മലയാളികളുടെ ഒരു രീതി. ഒരു വിവാഹം, ഒരു കുഞ്ഞിന്റെ ഇരുപത്തെട്ട്, വയസ്സായ ഒരാളുടെ ഷഷ്ടിപൂർത്തി (സപ്തതി, നവതി എന്തുമാകാം) ,വീടിന്റെ പാലുകാച്ചൽ അങ്ങനെ എത്രയോ വിശേഷങ്ങൾ നമ്മൾ കൊണ്ടാടുന്നു.
ഈ ചടങ്ങുകളിൽ ക്ഷണിക്കപ്പെട്ടു വരുന്നവർ എത്തുന്നത് അവയിൽ പങ്കു കൊള്ളാൻ മാത്രമല്ല. എല്ലാവരും കൂടി ഒരു ഒത്തുകൂടൽ തന്നെയാണ് ഈ ഉത്സവങ്ങളുടെ പ്രധാന ആകർഷണം. ബന്ധു മിത്രാദികൾക്ക് തമ്മിൽ കാണാനും സംസാരിക്കാനും, ചിലപ്പോൾ വർഷങ്ങളായി തമ്മിൽ കാണാത്തവരായിരിക്കും, ഉള്ള ഒരവസരമാണ് ഈ ആഘോഷങ്ങൾ.
അതുപോലെ തന്നെയാണ് മരണവും. മരണം ഒരാഘോഷമല്ല. എന്നാലും ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരുമെല്ലാം അവിടെ ഒത്തു കൂടും. ഈ ഭൂമിയിൽ നിന്ന് യാത്രയാകുന്ന ആളിനെ അവസാനമായി ഒന്ന് കാണണം. ദുഃഖാർത്തരായ ബന്ധുക്കളെ ആശ്വസിപ്പിക്കണം. ശവമടക്ക് കഴിഞ്ഞാൽ പിന്നെ സീൻ മാറും. പിന്നെ കണ്ടുമുട്ടലുകളും സംസാരവും ഒക്കെ തന്നെ. എത്രയോ നാളായി തമ്മിൽ കാണാൻ പറ്റാതിരുന്നവരുടെ ഒരു കൂടിച്ചേരലിന് ഒരവസരം കിട്ടുകയാണ്. പൊതുവെ ആഘോഷപരിപാടികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ് എന്റെ പതിവ്. ആൾക്കൂട്ടങ്ങൾ എനിക്കത്ര പഥ്യമല്ല. സ്ഥിരം കുശലാന്വേഷണങ്ങളും എനിക്ക് മടുപ്പാണ്. (മരണത്തിനു പിന്നെ പോയല്ലേ പറ്റൂ.) എന്നു വച്ച് സംസർഗ്ഗ ശീലമില്ലാത്ത (അൺ സോഷ്യബിൾ) ആയ ഒരു മൊശട ഒന്നുമല്ല ഞാൻ.ആളുകളെ കാണാനും പരിചയപ്പെടാനും സംസാരിക്കാനുമൊക്ക താത്പര്യവുമുണ്ട്. പോകണം, പോയേ തീരൂ, പോകാതിരിക്കാനാവില്ല എന്നൊക്കെയുള്ള പരിപാടികൾക്ക് പോകാറുണ്ട്. അപ്പോഴൊക്കെ ഉത്സാഹത്തോടെ പെരുമാറുകയും ചെയ്യും. (ആഘോഷങ്ങളെ കുറിച്ചാണ് മരണത്തെക്കുറിച്ചല്ല ഇത്രയും പറഞ്ഞത്.) അങ്ങനെ രണ്ടു പരിപാടികൾക്ക് ഈയിടെ പോകാനിടയായി.
ഒന്ന് അച്ഛന്റെയും അമ്മയുടെയും 'ആണ്ട്' (മരണം കഴിഞ്ഞ് ഒരു വർഷം തികയുമ്പോൾ നടത്തുന്ന ചടങ്ങ്) ഒരുമിച്ചു നടത്തുകയാണ് അവരുടെ മക്കൾ. അടുത്തടുത്ത തീയതികളിലാണ് രണ്ടുപേരുടെയും ആണ്ടു തികയുന്നത്. ഒരുമിച്ചങ്ങു നടത്തിയാൽ അവർക്കും ക്ഷണിക്കപ്പെടുന്നവർക്കും സൗകര്യമാവും. വളരെ അടുപ്പമുള്ള കുടുംബക്കാരാണ്. അവിടെയുള്ള എല്ലാവരെയും ഞാനറിയും. എന്നെയും അവർ എല്ലാവരും അറിയും. അങ്ങനെ ഞാൻ പോയി. വളരെ സന്തോഷത്തോടെയാണ് അവർ എന്നെ സ്വീകരിച്ചത്. മരണച്ചടങ്ങുകൾ പോലെയല്ല വാർഷികം. അച്ഛനമ്മമാർ എത്ര വയസ്സായവരാണെങ്കിലും നഷ്ടമാകുമ്പോൾ മക്കൾക്ക് സങ്കടം തന്നെയാണ്. മരണദിവസം ആ ദുഃ ഖം ഉണ്ടാവും. വാർഷികമാകുമ്പോഴേയ്ക്ക് എല്ലാവരും അതുമായി പൊരുത്തപ്പെട്ടിരിയ്ക്കും. മരിച്ചവരെ ഓർക്കുക എന്നതാണ് വാർഷികം നടത്തുന്നതിന്റെ ഉദ്ദേശം. എല്ലാവരും ഒന്ന് ഒത്തുകൂടുകയുമാവാം. ചടങ്ങുകൾ നടത്തിയില്ലെങ്കിൽ ക്ഷണിച്ചില്ലെങ്കിൽ ആരും വരികയില്ല. എല്ലാവർക്കും തിരക്കുകളും പ്രാരാബ്ധങ്ങളും ചുമതലകളുമല്ലേ? പണ്ടത്തെപ്പോലെ ബന്ധുക്കളെ ഇടയ്‌ക്കൊന്ന് സന്ദർശിക്കുന്ന പതിവൊക്കെ നിലച്ചു പോയിരിക്കുന്നു. ക്ഷണിച്ചാൽ പിന്നെ വരാതിരിക്കാനാവില്ലല്ലോ.
പിന്നെപ്പോയത് ഒരു വയസ്സു ചെന്ന അമ്മയുടെ 99 തികയുന്ന പിറന്നാൾ ആഘോഷത്തിന്! മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ ചേർന്ന് ഗംഭീരമായി ആഘോഷിക്കുന്നു.ഇത് കേട്ടപ്പോൾ മിലി എന്നോടു ചോദിച്ചു.
''അയ്യോ അടുത്തവർഷം ആഘോഷിച്ചാൽ പോരായിരുന്നോ സെഞ്ച്വറി അടിച്ചിട്ട്."
"അതിനു മുൻപ് പുള്ളിക്കാരി അങ്ങു പോയാലോ. ഇപ്പോൾ തൊണ്ണൂറ്റി ഒൻപത് തികഞ്ഞിരിക്കുകയല്ലേ. അത് ആഘോഷിക്കുന്നതാണ് നല്ലത്.'' ഞാൻ പറഞ്ഞു. പലവഴിക്ക് പല ബന്ധങ്ങളുണ്ട് ഞങ്ങൾക്ക് ആ കുടുംബവുമായി. പോകേണ്ടത് തന്നെ. ഞങ്ങൾ കുടുംബത്തോടെ പോയി.
അവിടെ എത്തുമ്പോൾ പുതിയ മുണ്ടും നേരിയതും ധരിച്ച്, കഴുത്തിലെ ചെറിയ മാലയ്ക്കു പുറമെ കല്ലു വച്ച ഒരു നെക്‌ലസ് കൂടി ഇട്ട്, നെറ്റിയിൽ ചന്ദനക്കുറിയുമായി ഒരുങ്ങിയിരിക്കുന്ന ആ അമ്മയെ കണ്ടപ്പോൾ അതിരറ്റ സന്തോഷം തോന്നി. ചെറിയ ഒരോർമ്മക്കുറവല്ലാതെ മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല. ജീവിച്ചാലിങ്ങനെ ജീവിക്കണം. ആരോഗ്യത്തോടെ സുഖത്തോടെ സന്തോഷത്തോടെ അവസാനം വരെ. ആ അമ്മയെ അഭിനന്ദിക്കുകായും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നതിനൊപ്പം പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ടാവും അവിടെ കൂടിയ എല്ലാവരും.
എന്നെ കണ്ടതും അടുത്തു വിളിച്ചിരുത്തി ആ അമ്മ പറഞ്ഞു. "ഇന്നിവിടെ ഓണാഘോഷമാണ്. മുറ്റത്ത് പന്തലൊക്കെ കണ്ടില്ലേ?"
"അത് കൊള്ളാം ഓണാഘോഷമൊന്നുമല്ല. അമ്മയുടെ പിറന്നാളാഘോഷമാണ്." ഞാൻ തിരുത്തി. "അതെയോ. ഞാനാണ് ഈ കുടുംബത്തിൽ ഇപ്പോൾ മൂത്തത്."
എന്നെ മനസ്സിലായിട്ടാണ് അടുത്ത് പിടിച്ചിരുത്തിയത് എന്നാണ് ഞാൻ കരുതിയത്. അല്ലെന്നു മനസ്സിലായതും ഞാൻ സ്വയം പരിചയപ്പെടുത്തി. എന്റെ അമ്മയുടെ പേര് പറഞ്ഞതും പുള്ളിക്കാരിക്ക് ഓർമ്മ വന്നു.
ബാല്യകാലം മുതൽ അടുത്തറിയാവുന്ന, എന്നാൽ വളരെ നാളായി കാണാത്ത ഒരുപാടുപേരെ അന്നവിടെ വച്ച് കാണാൻ കഴിഞ്ഞു. സന്തോഷപൂർവം മക്കളെയും മരുമക്കളെയും കൊച്ചു മക്കളെയും പരസ്പരം പരിചയപ്പെടുത്തി ആ ദിവസം അതിമനോഹരമാക്കാൻ കഴിഞ്ഞു. ഇങ്ങനെയൊരു സുവർണദിനത്തിന് കാ രണക്കാരിയായ ആ അമ്മയോടും എല്ലാവരെയും ക്ഷണിച്ചു വരുത്തി ആഘോഷമൊരുക്കിയ മക്കളോടും മനസ്സു കൊണ്ട് ഞാൻ ഒരുപാടു നന്ദി പറഞ്ഞു. ഞാൻ എന്റെ ദുഃഖങ്ങളെല്ലാം താത്ക്കാലത്തേയ്ക്ക് മനസ്സിൽ നിന്നൊഴിവാക്കി.
യാത്രപറയുമ്പോൾ ആ അമ്മയോട് ഞാൻ പറഞ്ഞു. "അടുത്തവർഷം വരാമേ. നമുക്ക് സെഞ്ച്വറി അടിക്കണ്ടേ." കാര്യം മനസ്സിലായില്ലെങ്കിലും ചിരിച്ചു കൊണ്ട് എനിക്ക് യാത്രാനുമതി നൽകി.
നൂറു തികയുമ്പോൾ ഒന്ന് കൂടി ആഘോഷിക്കണം. ആ അപേക്ഷ സൃഷ്ടി, സ്ഥിതി, സംഹാരകാരനായ ഈശ്വരനോടായിരുന്നു.
Content Highlights: Devi J S | Opinion | Column | Kadhayillamakal