മഴച്ചിന്തുകൾ, വീണ്ടും ഒരു മഴക്കാലം!

malayalam-short-story-by-hajara-ameer
Representative image. Photo Credit: Sujay_Govindaraj/istockphoto.com
SHARE

ഇടവപ്പാതിയും തുലാവർഷവുമായി  ഒരു കൊല്ലത്തിന്റെ ഏതാണ്ട് ആറുമാസക്കാലം   കേരളത്തിന് മഴക്കാലമാണ്.അത് പണ്ടത്തെ കഥ. ഇപ്പോൾ കാലം തെറ്റിയ മഴയും മഴയില്ലാക്കാലവുമൊക്കെയായി കാലാവസ്ഥ ആകെ മാറിയിരിക്കുന്നു. ഒരു പ്രായം ചെന്ന സ്ത്രീ, അവരുടെ അനുഭവം വച്ചിട്ടാവാം 'ഇപ്പോൾ കേരളത്തിന് രണ്ടു കാലമേയുള്ളു , പൊള്ളുന്ന വേനൽക്കാലം, തോരാത്ത പെരുമഴക്കാലം' എന്ന് പറയുകയുണ്ടായി.

2018 ലെ മഴ കേരളത്തെ പ്രളയത്തിലാക്കി. ഇപ്പോൾ മഴ വരുമ്പോൾ നമ്മൾ ആഹ്‌ളാദിക്കുകയല്ല, പേടിക്കുകയാണ്. ഈ മേയ് മാസം പകുതിയിൽ വന്ന മഴയിൽ വലിയ പ്രളയം വന്നില്ലെങ്കിലും നിരത്തുകളും പറമ്പുകളും വീടുകളും ചിലയിടങ്ങളിൽ വെള്ളത്തിൽ മുങ്ങി. പത്രങ്ങളിലും ചാനലുകളിലും സോഷ്യൽ മീഡിയയിലും കൊച്ചിയാകെ വെള്ളത്തിൽ മുങ്ങി എന്ന വാർത്തകളാണ് വന്നു കൊണ്ടിരുന്നത്. ഏറ്റവും കൂടുതൽ വെള്ളം പൊങ്ങിയ ഇടങ്ങളുടെ ചിത്രങ്ങൾ അവർ പ്രദർശിപ്പിക്കുകയും ചെയ്തു. ജനങ്ങൾ പരിഭ്രമിച്ചു. കൊച്ചി നഗരം വെള്ളത്തിനടിയിൽ എന്ന വാർത്ത കേട്ട ബന്ധുക്കളും സുഹൃത്തുക്കളും ദൂരെയിടങ്ങളിൽ നിന്ന് എന്നെ ഇടയ്ക്കിടെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു. 'നിങ്ങളുടെ അവിടെ വെള്ളം പൊങ്ങിയോ? കുഴപ്പമൊന്നുമില്ലല്ലോ അല്ലേ?'

'ഏയ് ഇല്ല. ഇവിടെയൊന്നും വെള്ളമില്ല. കുറെയിടങ്ങൾ വെള്ളത്തിലായി എന്നത് ശരിയാണ്. പക്ഷേ നഗരം മുഴുവൻ വെള്ളത്തിലായിട്ടൊന്നുമില്ല. വ്യാജ വാർത്തയാണ്.' ഈ മറുപടി കഷായം പോലെ നൂറ്റൊന്ന് ആവർത്തിക്കേണ്ടി വന്നു.

ഒരു ശരിയായ ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതാണ് നമ്മുടെ നഗരങ്ങളുടെ പ്രശ്നം.മഴകൊണ്ട് ഭൂമിയിൽ പതിക്കുന്ന ജലം ഭൂമിക്കടിയിലേക്ക് താഴുകയോ, ഒഴുകിപ്പോവുകയോ ചെയ്യുന്നില്ല. നഗരവികസനം കൊണ്ടുണ്ടായ പ്രതിസന്ധിയാണിത്. വികസന പദ്ധതികൾ ആവിഷ്ക്കരിച്ചത് ശരിയായ രീതിയിൽ അല്ലാത്തതു കൊണ്ടോ, പദ്ധതികൾ തന്നെ ഇല്ലാതിരുന്നതു കൊണ്ടോ ആവാം  വെള്ളം ചിലയിടങ്ങളിൽ കെട്ടി നിൽക്കുന്നു. വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ഭയാനക റിപ്പോർട്ടുകൾ പ്രചരിപ്പിച്ച് ജനങ്ങളെ ഭീതിയിലാക്കുകയല്ല മറിച്ച്  ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടത്. അത് ഭരണാധികാരികളുടെ ചുമതലയാണ്.

ഡ്രെയിനേജ് സിസ്റ്റം തകരാറിലായതിൽ ജനങ്ങളും ഉത്തരവാദികളാണ്. ഫ്ളാറ്റുകളുടെയും വീടുകളുടെയും മുറ്റങ്ങളും ഇടവഴികളുമെല്ലാം സിമന്റ് ടൈൽസും ഇന്റർലോക്കുമിട്ട് ഭംഗിയാക്കിയിരിക്കുകയല്ലേ? വെള്ളം ഭൂമിക്കടിയിലേയ്ക്ക് അരിഞ്ഞു പോകണമെങ്കിൽ മണ്ണുണ്ടാവണം. വെള്ളം ഒഴുകിപ്പോകാതെ മുറ്റങ്ങൾ നിറയും. പുറത്തേക്കൊഴുകിയാലോ, ഓടകളിൽ നിറയെ ജനം മാലിന്യങ്ങൾ വലിച്ചെറിഞ്ഞു നിറഞ്ഞ് വെള്ളം കെട്ടി നിൽക്കും. അത് റോഡിലേക്കൊഴുകിയാലോ? വെള്ളക്കെട്ട് തന്നെ. ഏറെ സമയത്തിന് ശേഷമാകും വെള്ളം വറ്റുന്നത്. നിറഞ്ഞു കവിഞ്ഞൊഴുകുന്ന റോഡുകളും ഓടകളും  കണ്ടാൽ പേടിക്കാതിരിക്കുമോ?

അത്യാവശ്യത്തിനു കൊച്ചിയിൽ വരേണ്ട ചിലർ യാത്ര മാറ്റിവച്ചു. അപൂർവം ചിലയിടങ്ങളിലേ വെള്ളമുള്ളൂ എന്നും വലിയ റോഡുകളിൽ പ്രശ്‌നമില്ലെന്നും അവരെ പറഞ്ഞു മനസ്സിലാക്കാൻ പാടുപെട്ടു. റിസ്‌ക്കെടുത്തെന്ന മട്ടിൽ വന്നു കഴിഞ്ഞപ്പോഴാണ് അവർക്കൊക്കെ മനസ്സിലായത്, വാർത്തകളുടെ അതിശയോക്തി പരത!

മഴക്കാലം പനിക്കാലമാണ് എന്ന ഭയമുണ്ട്. ഞങ്ങളുടെ കുട്ടിക്കാലത്തു മഴയുള്ളപ്പോൾ രാത്രി ചൂടുള്ള കഞ്ഞിയും പയറുമാണ് ആഹാരം. ഇത് കേട്ടതും കഞ്ഞി എന്ന് കേട്ടാൽ പനിയാണ് ഓർമ്മ വരിക എന്നൊരു സുഹൃത്ത് പറഞ്ഞു. പനി വരുമ്പോൾ മാത്രമാണ് അവർ കഞ്ഞി കുടിക്കാറുള്ളതത്രെ. ദഹിക്കാൻ എളുപ്പമുള്ളതും ഗുണമേറെയുള്ളതുമായ കഞ്ഞിയും പയറും എപ്പോൾ വേണമെങ്കിലും കഴിക്കാവുന്ന ഒരു പരമ്പരാഗത ഭക്ഷണമാണ് മലയാളിക്ക്. 

പനിയേയും മഴയേയും  തമ്മിൽ ബന്ധപ്പടുത്തേണ്ടതുണ്ടോ? സ്വയം കഴുകി വൃത്തിയാക്കാനുള്ള പ്രകൃതിയുടെ വഴിയാണ് മഴ. പനി  പിടിക്കുന്നത് മിക്കവാറും പുതു മഴ നനഞ്ഞാലാണ്. ആദ്യമഴയിൽ അന്തരീക്ഷത്തിൽ വേനൽക്കാലത്ത് കുമിഞ്ഞു കൂടുന്ന പൊടിയും അഴുക്കും രോഗാണുക്കളും പെയ്തിറങ്ങും. അതു  കൊണ്ട് ആ മഴ കൊണ്ടാൽ അസുഖങ്ങൾ വരാം. 'മഴ നനയരുത് പനി  പിടിക്കും' എന്ന് മുതിർന്നവർ കുട്ടികളെ പേടിപ്പിക്കാറുണ്ട്. മഴകൊണ്ടാൽ പനി വരും  എന്ന വിശ്വാസം മനസ്സിലുറച്ചിട്ടുള്ളതും  പനി  വരാൻ കാരണമായേക്കും. ഈ പനി  മനസികമാണ്. പ്രതിരോധശക്തിയുടെ കുറവും ശാരീരിക ദൗർബല്യങ്ങളും പനിക്ക് കാരണമായേക്കും. പിന്നെ വൈറസ്, ഫംഗസ്, ബാക്ടീരിയ ഇവ പെരുകുന്നതും മഴക്കാലത്താണ്. പലതരം രോഗങ്ങൾക്ക് ഇത് കാരണമാകും. കൃത്യമായി വ്യായാമം ചെയ്യുകയും ആഹാരക്രമം പാലിക്കുകയും  ചെയ്യുന്നവർക്കും ആരോഗ്യം ഉള്ളതു  കൊണ്ട് പനി  വരാനുള്ള   സാധ്യത കുറയുന്നു. രാവിലെയും വൈകിട്ടുമുള്ള നടത്തവും ഓട്ടവും മഴയത്തും തുടരുന്നവരുണ്ട്.  വ്യായാമത്തിലൂടെ ശരീരവും മനസ്സും കരുത്തുറ്റതാക്കുക എന്നതാണ് ഇവരുടെ രീതി.

വാർത്തകളുയർത്തുന്ന ഭയവും പനിപ്പേടിയുമൊക്കെ ഉപേക്ഷിച്ച് നമുക്ക് ഈ മഴക്കാലം ആസ്വദിക്കാം. എന്റെ വായനക്കാർക്ക് മനോഹരമായ ഒരു മൺസൂൺ കാലം ആശംസിക്കുന്നു.                 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS