വിദ്യാലയം ഒരോർമ്മ

Govind Jangir-Shutterstock-school
Representative image. Photo Credit: Govind Jangir/Shutterstock.com
SHARE

ബാല്യകാലസ്മരണകളിൽ ഏറ്റവും നിറപ്പകിട്ടാർന്നത് സ്കൂൾ വിദ്യാഭ്യാസ കാലമാണ്, മിക്കവർക്കും. അങ്ങനെയല്ലാത്തവരും  ഉണ്ടാവും. ഞാനിവിടെ പറയുന്നത് എന്റെ ഓർമകളാണ്. 

തിരുവന്തപുരത്തിന് വളരെ അടുത്തുള്ള വക്കം എന്ന പഞ്ചായത്തിലാണ് എന്റെ അമ്മവീട് എന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. എന്റെ  തറവാടിനടുത്തുള്ള പ്രബോധിനി പ്രൈമറി സ്കൂളിലാണ് എന്റെ സ്കൂൾ ജീവിതം ആരംഭിച്ചത്. പുതിയകാവ് എന്ന സുബ്രമണ്യ സ്വാമിക്ഷേത്ര പരിസരത്തായതു  കൊണ്ട് 'പുതിയകാവ് സ്കൂൾ' എന്നാണ് ആ പള്ളിക്കൂടം അറിയപ്പെട്ടിരുന്നത്. ആ സ്കൂളിലെ അധ്യാപകരും ജീവനക്കാരുമെല്ലാം എന്റെ അമ്മ വീടുമായി പരിചയമുള്ളവരോ ബന്ധുക്കളോ ആയിരുന്നു. ആ ക്ഷേത്രം ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയതായിരുന്നു. സ്കൂൾ എസ് എൻ ഡി പി വകയും. ഞാൻ മാത്രമല്ല എന്റെ  തറവാട്ടിലെ മാത്രമല്ല, ആ പരിസരത്തുള്ള എല്ലാ വീടുകളിലെയും കുട്ടികൾ ചേർന്ന് പഠിച്ചത് ആ പ്രൈമറി സ്കൂളിൽ തന്നെയായിരുന്നു. രണ്ടു മൂന്നു തലമുറകളുടെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം പുതിയ കാവ് സ്കൂൾ ആയിരുന്നു. ഇന്നും ഞങ്ങൾ ആ പൂർവ്വവിദ്യാർത്ഥികൾ  ആ സ്കൂൾ കാലം ഒരു നൊസ്റ്റാൾജിയ ആയി ഓർക്കുന്നു.   (ഇന്നും നല്ല  രീതി യിൽ  തന്നെ  ആ സ്കൂൾ നടന്നു പോരുന്നു.  നാട്ടിൻ പുറത്തെ സാധാരണ സ്കൂളിൽ പഠിക്കാൻ മാത്രം കഴിവുള്ള കുട്ടികൾ ഉണ്ടല്ലോ.)

അന്നത്തെക്കാലത്തു ബർത്ത് സർട്ടിഫിക്കറ്റ് ഒന്നുമില്ല. അതുകൊണ്ടു ഞാൻ നാലു വയസ്സിൽ ഒന്നാം ക്ലാസ്സിൽ ചേർന്നു. അതിനു മുൻപ് പ്ലേ സ്കൂളോ കെ ജി ക്ലാസ്സുകളോ ഒന്നുമില്ല. നേരെ സ്കൂളിൽ ചേരുക എന്നതേയുള്ളു. മലയാളം മീഡിയം. ഭാഷ (മലയാളം) യും കണക്കും മാത്രമേ വിഷയങ്ങളായുള്ളു. അ, ആ എന്ന് അക്ഷരങ്ങളും 1, 2,3 എന്ന് അക്കങ്ങളും നേരെയങ്ങ്  പഠിപ്പിച്ചു  തുടങ്ങും. സ്കൂളിൽ ചേരുന്നതിനു മുൻപ് 'കുടിപ്പള്ളിക്കൂടം' എന്നവിടെ അറിയപ്പെട്ടിരുന്ന ഒരു ആശാൻ പള്ളിക്കൂടത്തിൽ കുറച്ചു നാൾ  പോയിരുന്നതു  കൊണ്ട്   എനിക്ക് അക്ഷരങ്ങൾ അറിയാമായിരുന്നു. സ്ലേറ്റും കേരളപാഠവലി എന്ന ടെക്സ്റ്റും മാത്രമേയുള്ളു. നോട്ട് ബുക്ക് ഒന്നുമില്ല. ഏതാണ്ട്  എഴുപതു കൊല്ലം മുൻപുള്ള കാര്യമാണ് പറയുന്നത്. ഇന്നത്തെ കുട്ടികളോട് ഇക്കാര്യം പറഞ്ഞാൽ അവർ വിശ്വസിക്കുകയില്ല. എൽ കെ ജി മുതൽ പുസ്തകച്ചുമടല്ലേ അവർക്കു ശീലം. ഒന്നാം ക്ലാസും രണ്ടാം ക്ലാസും മാത്രമേ ഞാനവിടെ പഠിച്ചുള്ളൂ. നൂറിൽ നൂറ് എന്ന് മാർക്കിട്ട സ്ലേറ്റു മായി ഇടവഴികളിലൂടെ കൂട്ടുകാരോടൊത്ത് വീട്ടിലേക്കോടിയത് ഇന്നും ഓർമ്മയുണ്ട്.

അക്കാലത്താണ് അച്ഛനുമമ്മയും സിറ്റിയുടെ ഹൃദയഭാഗത്ത് വീട് വച്ച് താമസമാക്കിയത്. അമ്മ വീട്ടിൽ നിന്ന് ഞാനും അവിടേയ്ക്ക് പറിച്ചു നടപ്പെട്ടു. അവിടെ മൂന്നാം ക്ലാസ്സു മുതൽ  പുതിയൊരു എൽ പി സ്കൂളിൽ പഠിത്തം ആരംഭിച്ചു. സ്റ്റാച്യു ജംഗ്ഷന്  അടുത്ത് ഒരു ചെറിയ റോഡിൽ സ്ഥിതി ചെയ്തിരുന്ന ഗവണ്മെന്റ് സ്കൂൾ. 'പുത്തൻ ചന്ത എൽ പി എസ്!' ലളിതമായ  ഒരു കൊച്ചു സ്കൂൾ. അഞ്ചാം ക്ലാസ്സു വരെ ഓരോ ഡിവിഷനെ ഉള്ളു. വെറുതെ ബെഞ്ചുകൾ നിരത്തിയിട്ടു  ക്ലാസുകൾ തിരിച്ചിരിക്കുന്നു. ക്ലാസ്സുകളിൽ വലിയ ശബ്ദ കോലാഹലമാണ്.  ഓരോ ക്ലാസ്സിലും നിറയെ കുട്ടികളുണ്ട്.  ഒരു ചന്ത തന്നെ. അന്നത്തെ അധ്യാപകർ എങ്ങനെ പഠിപ്പിച്ചോ ആവോ? എന്നാലും പഠിച്ചു. അന്ന് പഠിപ്പിച്ചിരുന്ന 'മരിയ ദത്താൾ' എന്ന ടീച്ചറിനെ ഇപ്പോഴും ഓർക്കുന്നു. അഞ്ചാം ക്ലാസ്സിൽ സയൻസും സോഷ്യൽ സ്റ്റഡീസും തുടങ്ങി. മലയാളം മീഡിയം കുട്ടികൾക്ക് ഇംഗ്ലീഷ് തുടങ്ങിയതും അഞ്ചാം ക്ലാസ്സിൽ ആയിരുന്നു. എല്ലാം പഠിപ്പിക്കുന്നത് ഒരു ടീച്ചർ തന്നെ. ഓരോ ക്ലാസ്സിനും ഓരോ ടീച്ചറെ ഉള്ളൂ. ഞാൻ മാത്രമല്ല ,എന്റെ അനിയത്തിമാരും അനിയനും അഞ്ചാം ക്ലാസ്സു വരെ പഠിച്ചത് ഈ സ്കൂളിൽ തന്നെ ആയിരുന്നു.  പിന്നീട് വലിയ സ്കൂളുകളിലേക്ക് മാറി.

കോട്ടൺ ഹിൽ ഗവണ്മെന്റ് ഗേൾസ് ഹൈ സ്കൂളിൽ ഞാൻ ആറാം ക്ലാസ്സിൽ ചേർന്നു. ഏഷ്യയിലെ ഏറ്റവും വലിയ സ്കൂളുകളിൽ ഒന്ന് എന്ന പേര് അന്ന് ആ സ്കൂളിന് ഉണ്ടായിരുന്നു. അന്നത് വെറുമൊരു നാടൻ പെൺപള്ളിക്കൂടം. പച്ചപ്പാവാടയും വെള്ള ബ്ലൗസുമാണ് യൂണിഫോം. നന്നായി പഠിപ്പിക്കും. കായികകലാമേളകളിലും ഒന്നാം സ്ഥാനം. ആറാം ക്ലാസ് മുതൽ പത്തു വരെ ഞാനവിടെ പഠിച്ചു. ഞാൻ ഒൻപതിലെത്തിയപ്പോൾ എന്റെ അനിയത്തിയും ആ സ്കൂളിൽ ചേർന്നു. എനിക്ക് സന്തോഷമായി. ഒരുമിച്ചു പോകാമല്ലോ. അയൽക്കാരികളും അടുത്ത കൂട്ടുകാരുമായ രണ്ടു  സഹോദരിമാർ. ഗിരിജയും റെജുലയും. അതെ പോലെ മറ്റു രണ്ടു സഹോദരിമാർ റാണിയും ഉഷയും. എല്ലാവരും കൂടി ഒരു സംഘമായാണ് സ്കൂളിലേയ്ക്ക് യാത്ര. അന്ന് റോഡിൽ ഇത്രയും വാഹന തിരക്കില്ല അതുകൊണ്ടു നടന്ന് സ്കൂളിൽ പോകാൻ പ്രയാസമുണ്ടായിരുന്നില്ല. വലിയ ബഹളങ്ങളില്ലാത്ത ശാന്ത സുന്ദരമായ ഒരു നഗരമായിരുന്നു അന്ന് തിരുവനന്തപുരം. തലസ്ഥാനത്തിന്റെ ഒരു ആർഭാടവുമില്ല. സ്കൂളിലേയ്ക്ക് രണ്ടു രണ്ടര കിലോമീറ്റർ ദൂരമുണ്ട്. സ്കൂൾ ബാഗിനും ഇന്നത്തെ ഭാരമില്ല. അതുകൊണ്ട് രാവിലെയും വൈകുന്നേരവുമുള്ള നടപ്പ് ഒരു ബുദ്ധിമുട്ടായി തോന്നിയില്ല. മാത്രമല്ല കൂട്ടുകാർ ചേർന്ന് വർത്തമാനവും ചിരിയും സിനിമാക്കഥകളുമൊക്കെയായി ഒരു ഉല്ലാസ യാത്രയായിരുന്നു അത്.

സ്കൂളാണെങ്കിലോ ഇത്രയും നല്ലൊരു സ്കൂൾ ലോകത്തുണ്ടാവില്ല. അത്ര മാത്രം നല്ല ടീച്ചേർസ്. നല്ല അച്ചടക്കവും ചിട്ടയും. പഠിത്തത്തിലും കളികളിലും കലാപരിപാടികളും എന്നും മുൻപന്തിയിൽ. അത് അന്ന് ഒരു ഒന്നൊന്നര സ്കൂൾ തന്നെ ആയിരുന്നു (ഇപ്പോൾ എങ്ങനെയാണോ അറിയില്ല. ഒരുപാടു പുതിയ സ്കൂളുകൾ ഇപ്പോൾ ഉണ്ടല്ലോ.)   ഹെഡ് മിസ്ട്രസ് ആയിരുന്ന ഭാനുമതിയമ്മ ടീച്ചർ, പിന്നീട് വന്ന ഹെഡ് ദാക്ഷായണിയമ്മ ടീച്ചർ , അദ്ധ്യാപികമാരായ രാധടീച്ചർ, ഇന്ദിര ടീച്ചർ, ജാനകിയമ്മ ടീച്ചർ, തങ്കമ്മ ടീച്ചർ ഇവരുടെയൊക്കെ മുഖം പോലും ഇന്നും ഓർമയുണ്ട്. നല്ല സ്ട്രിക്റ്റ് ആയിരുന്നെങ്കിലും കുട്ടികളുടെ സ്നേഹം പിടിച്ചു പറ്റിയിരുന്നവരാണ് ഈ അദ്ധ്യാപികമാർ. പാട്ടു ക്ലാസ്, ഡ്രായിങ്ങ്, തയ്യൽ, ക്രാഫ്റ്റ് അങ്ങനെ എല്ലാം പാഠ്യ പദ്ധതിയിൽ ഉണ്ടായിരുന്നു. ഞങ്ങൾ പഠിക്കുമ്പോൾ ലേഡി ടീച്ചേർസ് മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലും മെഷീൻ തയ്യൽ (പത്താം ക്ലാസ്സിൽ) പഠിപ്പിക്കാൻ ഒരു മാഷ് ഉണ്ടായിരുന്നു എന്നോർക്കുന്നു.

അന്ന് പ്രശസ്തരുടെ മക്കൾ - മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും - അന്നവിടെ  പഠിച്ചിരുന്നു. അച്യുതമേനോന്റെയും,  ഇ എം എസ്സിന്റെയും പെണ്മക്കളെ ഇപ്പോഴും ഓർമയുണ്ട്. ഇന്നത്തെ പ്രസിദ്ധ സിനിമാതാരമായ മല്ലികയും ഗായികയായ കെ.എസ്. ചിത്രയും ഞങ്ങളുടെ ജൂനിയർ ആയി അന്നവിടെ ഉണ്ടായിരുന്നു. അവരൊന്നും ഞങ്ങളെ ഓർക്കാൻ ഇടയില്ലെങ്കിലും ആ സ്കൂളിനെ മറക്കാൻ അവിടത്തെ പൂർവ്വ വിദ്യാർത്ഥിനികൾക്കാവില്ല  

വരാന്തയിൽ തൂണുകളുള്ള   ടിപ്പിക്കൽ ഒറ്റനില കെട്ടിടങ്ങളായിരുന്നു അന്നുണ്ടായിരുന്നത്. കുന്നായതിനാൽ പലതട്ടുകളിലായാണ് കെട്ടിടങ്ങൾ പരന്നു  കിടന്നിരുന്നത്. ഓരോ തട്ടിലേയ്ക്കും പടിക്കെട്ടുകൾ. നിറയെ മരങ്ങൾ. ഇന്ന് അത് പഴയ സിംപിൾ സ്കൂൾ അല്ല. ബഹു നിലക്കെട്ടിടങ്ങൾ, സ്കൂൾ ബസുകൾ, ഒരുപാടു കുട്ടികൾ, രാഷ്ട്രീയം, ഇലക്ഷൻ! സ്കൂൾ  ആകെ മാറിപ്പോയി. അതുവഴി ഒന്ന് കടന്നുപോയപ്പോൾ മാറ്റം ശ്രദ്ധിച്ചു .  തോന്നിയത് വല്ലാത്തൊരു ഗൃഹാതുരത്വമാണ്.                                                   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS