പിങ്കു നിറമുള്ള പെണ്ണുണ്ടോ?

Mail This Article
നിറത്തിന്റെ പേരിൽ ഉള്ള അവഹേളനം ഒരു യുവതിയെ ആത്മഹത്യയിലേക്ക് നയിച്ച വാർത്ത രണ്ടു ദിവസമായി പത്രത്തിൽ കാണുന്നു. ആ വാർത്തയാണ് ഈ ലേഖനം എഴുതാൻ പ്രേരണയായത്. വിവാഹശേഷം ഏതാണ്ട് ഒരു മാസമേ യുവതി ഭർത്താവിന്റെ കൂടെ പൊറുത്തിട്ടുള്ളു. അത് കഴിഞ്ഞ് വിദേശത്തു പോയ അയാൾ ഫോണിൽ വിളിച്ച് നിറത്തിന്റെ പേരിൽ ആക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു എന്ന് യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നു. ഭർത്താവു മാത്രമല്ല അമ്മായിയമ്മയും അവളെ നിരന്തരം അവഹേളിച്ചിരുന്നു. ഗതികെട്ടാവും ആ യുവതി ജീവനൊടുക്കിയത്.
വെളുത്ത നിറത്തിന് ദാമ്പത്യജീവിതത്തിൽ ഇത്രയും സ്ഥാനമുണ്ടോ? മാത്രമല്ല അയാൾ വിവാഹത്തിന് മുൻപ് അവളെ കണ്ടിട്ടല്ലേ തീരുമാനിച്ചത്. അപ്പോൾ ഇരുണ്ട നിറമുള്ള അവളെ വേണ്ടാന്ന് വയ്ക്കാമായിരുന്നു. കടുത്ത ശിക്ഷ ആ അമ്മായിയമ്മയും അവരുടെ മകനും അർഹിക്കുന്നുണ്ട്. കോളേജിൽ പഠി ച്ചു കൊണ്ടിരുന്ന യുവതിക്ക് ഭർത്താവിനെ ഉപേക്ഷിച്ച് രക്ഷപ്പെടാമായിരുന്നില്ലേ? ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
നിറവുമായി ബന്ധപ്പെട്ട ഒരു തമാശക്കഥ ഓർമ്മവരുന്നു. എനിക്ക് പരിചയമുള്ള ഒരു യുവാവ്. കറുത്തിട്ടാണെങ്കിലും കണ്ടാൽ സുന്ദരൻ. ഉയരവും അല്പം കുറവാണ്. അവന് ആകെപ്പാടെ ഒരു അപകർഷതാബോധം. ഉന്നത വിദ്യാഭ്യാസമോ, ഭാരിച്ച ശമ്പളമോ അച്ഛനമ്മമാരുടെ അളവറ്റ സ്വത്തുക്കളോ അവന്റെ 'കോംപ്ലക്സ്' കുറച്ചില്ല. ഒടുവിൽ അവനു വിവാഹമാലോചിക്കുന്ന സമയമായി. പെണ്ണ് കാണാൻ നന്നായിരിക്കണം, നല്ല വിദ്യാഭ്യാസം വേണം. നല്ല തറവാട്, നല്ല സമ്പത്തിക സ്ഥിതി, നല്ല ജാതകം ഇതൊക്കെ വേണം. അവൻ കണ്ടിഷനുകൾ നിരത്തി. ഇതൊക്കെ എല്ലാ ചെറുപ്പക്കാരും പറയുന്നതല്ലേ? എല്ലാം ഒത്തു കിട്ടുമോ എന്നത് കണ്ടറിയണം. ആലോചനകൾ നടക്കുന്നതിനിടയ്‌ക്ക് പിന്നെയും വരുന്നു കണ്ടിഷനുകൾ പെണ്ണിന് ചെറുക്കനേക്കാൾ ഒരിഞ്ച് എങ്കിലും പൊക്കം കുറവായിരിക്കണം. പെണ്ണിന് നല്ല നിറമുണ്ടായിരിക്കണം. നാട്ടിലുള്ള ഉയരം കുറഞ്ഞ പെൺകുട്ടികളെ മുഴുവൻ അവൻ പോയിക്കണ്ടു. അഞ്ചടിയിൽ താഴെ മതി. പക്ഷേ അങ്ങനെയുള്ളവർ അവന്റെ മറ്റു കണ്ടിഷനുകൾക്കു യോജിക്കില്ല. എല്ലാം ശരിയായി വരുമ്പോൾ പെൺകുട്ടിക്ക് അല്പം ഉയരക്കൂടുതൽ.അന്വേഷണം തുടർന്ന് കൊണ്ടിരുന്നു. വീട്ടുകാർ മടുത്തു. ബ്രോക്കർമാർ തോറ്റു. ബന്ധുക്കളും സുഹൃത്തുക്കളും തളർന്നു. ഇടയ്ക്കിടെ അവൻ വിദേശത്തുനിന്നും വരുമ്പോഴൊക്കെ ഈ പരിപാടി തുടർന്നു.
ഇത്തവണ ലീവ് കഴിയും മുന്നേ നല്ലൊരു ആലോചന ഒരു സുഹൃത്ത് കൊണ്ട് വന്നു. ജാതകം ഉത്തമത്തിൽ പൊരുത്തം. എംഎസ്‌സിയും എംഫിലും പാസ്സായ കുട്ടി. ഫിസിക്സിൽ പിഎച്ച്ഡി ചെയ്യുന്നു. അച്ഛനും അമ്മയും ഉന്നത ഉദ്യോഗസ്ഥർ. നല്ല സാമ്പത്തികം. പൊക്കം അഞ്ചടിയിൽ താഴെ, കണ്ടാലും സുന്ദരി. എല്ലാവർക്കും തൃപ്‌തിയായി. പക്ഷേ പയ്യന് സമ്മതമല്ല. അച്ഛനും അമ്മയ്ക്കും ദേഷ്യം വന്നു. അവർ അവനെ ചോദ്യം ചെയ്തു. 'എന്താണ് ആ കുട്ടിക്കൊരു കുറവ്?' ഒട്ടും ദേഷ്യപ്പെടാതെ അവൻ പറഞ്ഞു. 'നിറം പോരാ.' കേട്ടിരുന്നവർ അന്തംവിട്ടു. 'നല്ല വെളുത്ത കുട്ടിയല്ലേ?' അമ്മ ചോദിച്ചു. 'അതുപോരാ. നല്ല പിങ്ക് നിറം തന്നെ വേണം.' അവൻ തറപ്പിച്ചു തന്നെ പറഞ്ഞു.
ഒരിക്കൽ ഞാനവിടെ ചെന്നപ്പോൾ അവന്റെ അമ്മ. കഥ മുഴുവൻ പറഞ്ഞു .ഞാൻ അമ്പരന്നു. 'എന്നാൽ പിന്നെ വിദേശത്തു തന്നെ നോക്കുകയാവും നല്ലത്. മലയാളി എത്ര വെളുത്താലും പിങ്ക് നിറമാവില്ല..." ഞാൻ പറഞ്ഞു. 'മേക്കപ്പ് ഇട്ട് കവിൾ അല്പം ചുമപ്പിക്കാം.' ഞാൻ ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു. 'ഒടുവിൽ അവനു കിട്ടി ഒരു സാധാരണ കുട്ടിയെ. 'നോക്കി നോക്കി മടുത്തു'. അവന്റെ അമ്മ പറഞ്ഞു. 'ഒരുവിധം ശരിയായപ്പോൾ അങ്ങ് നടത്തി.' 'പിങ്ക് നിറമുണ്ടോ പെണ്ണിന്?' ഞാൻ ചിരിച്ചു. ഒപ്പം അവന്റെ അമ്മയും.