ദാനശീലം

Mail This Article
ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ദാനശീല എന്റെ അമ്മയാണ്. അമ്മയെ കണ്ടുപഠിച്ച ഞങ്ങൾ മക്കളൂം ദാനശീലർ തന്നെ .എന്നാലും ഒരു ജോലിയും ചെയ്യാതെ ആരോഗ്യമുള്ള ചെറുപ്പക്കാരികളും ചെറുപ്പക്കാരൻമാരും ഒക്കത്തൊരു കുഞ്ഞുമായി ഭിക്ഷ തെണ്ടുന്നത് നഗരത്തിലെ സ്ഥിരം കാഴ്ചയാണ്.ട്രാഫിക്കിൽ വണ്ടി നിറുത്തിയാൽ, ലെവൽക്രോസിൽ കാ ത്ത് കിടക്കുമ്പോൾ ഒക്കെ ഇവർ പ്രത്യക്ഷപ്പെടും.കാറിന്റെ ഗ്ലാസിൽ മുട്ടിവിളിക്കും .ബൈക്കിലാണെങ്കിൽ അടുത്ത് വന്ന് തോണ്ടി ശല്യപ്പെടുത്തും. ഇവർ ഇടയ്ക്കിടെ വീടുകൾ തോറും കയറിയിറങ്ങി യാചിക്കുകയും ചെയ്യും.ഇവർക്ക് ഭിക്ഷ കൊടുക്കുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല.അവർ ഒരു പണിയും ചെയ്യാതെ നമ്മുടെ അദ്ധ്വാനത്തിന്റെ പങ്കിനായി കൈ നീട്ടുന്നു. അവരുടെ കയ്യിൽ ഒരു കുഞ്ഞുണ്ടെങ്കിൽ ഈ യാചന ഞാൻ പരിഗണിക്കില്ല. കാരണം കുട്ടികളെ മോഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കലാണത്.
കുട്ടികളെ കണ്ടാൽ മനസ്സലിഞ്ഞ് എന്തെങ്കിലും കൊടുക്കും എന്നത് കൊണ്ടല്ലേ പിഞ്ചുകുഞ്ഞുങ്ങളെ അവരുടെ അച്ഛനമ്മമാരുടെ അടുത്തുനിന്നും കവർന്നെടുത്ത് അംഗവൈകല്യം വരെ വരുത്തി ഭിക്ഷാടനത്തിനുപയോഗിക്കാൻ ദുഷ്ടന്മാർ തയാറാകുന്നത്. നമ്മൾ അതിനെ കഠിനമായി എതിർക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യേണ്ടതല്ലേ?
ഒരിക്കൽ വീട്ടുവാതിൽക്കൽ വന്നു നിന്ന് കൈനീട്ടിയ ഒരു യുവതിയോട് ഞാൻ പറഞ്ഞു. "നീ എനിക്കൊന്നു മുറ്റമടിച്ചു തരൂ. നിനക്ക് ഭക്ഷണവും പൈസയും തരാം." "കുഞ്ഞിരിക്കുന്നു എന്നവൾ പറഞ്ഞു. "ഇതാ വരാന്തയിൽ ഞാനൊരു പായിട്ടു തരാം കുഞ്ഞിനെ കിടത്ത് എന്നിട്ടു പണി ചെയ്യ്." അവൾ വയ്യെന്ന് തലയാട്ടി. "അപ്പോൾ ജോലി ചെയ്യാൻ വയ്യ അല്ലേ? കൈനീട്ടുന്നത് എളുപ്പമാണല്ലോ അല്ലേ?" ഞാൻ പറഞ്ഞു. അവൾ പെട്ടെന്ന് ഇറങ്ങിപ്പോയി.
വഴിയിൽ കാണുന്ന വൃദ്ധർക്കും രോഗികൾക്കുമൊക്കെ അഞ്ചു രൂപയോ പത്തുരൂപയോ കൊടുക്കുന്ന പതിവ് എനിക്കുണ്ട്. ഇത് കണ്ടിട്ട് ഒരിക്കൽ പ്രശസ്തയായ ഒരു എഴുത്തുകാരി എന്നോട് പറഞ്ഞു. "ദൈവം ശിക്ഷിച്ചവരാണിവർ. അവരെ സഹായിക്കുന്നത് ദൈവത്തിന് ഇഷ്ടമാവുകയില്ല.ഞാൻ അത്ഭുതപ്പെട്ടു. ഏതു മതത്തിലാണ് ദാനധർമ്മങ്ങൾ പാടില്ല എന്നനുശാസിക്കുന്നത്? കഴിവിനനുസരിച്ചേ ഞാൻ ദാനം ചെയ്യാറുള്ളൂ. അങ്ങനെയേ പാടുള്ളു എന്ന് സുഹൃത്തുക്കളെ ഉപദേശിക്കുകയും ചെയ്യാറുണ്ട്.
ഈയിടെ ഒരുദിവസം ചില സുഹൃത്തുക്കളും ഞാനും കൂടി ഒന്നടിച്ചു പൊളിക്കാൻ തീരുമാനിച്ചു. നഗരത്തിലെ വലിയ കടകളിൽ കയറി ചെറിയ ഷോപ്പിംഗ് നടത്തി. ഒരു തീയേറ്ററിൽ ഉച്ചപ്പടം കണ്ടു. പിന്നെ ഒരു ഹോട്ടലിൽ കയറി ഉഗ്രൻ ഭക്ഷണം കഴിച്ചു. പുറത്തിറങ്ങിയപ്പോഴാണ് ഞാൻ അയാളെ കണ്ടത്. കറുത്ത് മെലിഞ്ഞ രൂപം ഇരുകാലുകൾക്കും സ്വാധീനമില്ല. ഒരു പലകപ്പുറത്തിരുന്ന് തിരക്കേറിയ റോഡിലൂടെ നിരങ്ങി നിരങ്ങി നീങ്ങുന്നു. അയാളെ വർഷങ്ങളായി ഞാൻ കാണാറുള്ളതാണ്. പലപ്പോഴും ഭിക്ഷ കൊടുത്തിട്ടുമുണ്ട്.എന്റെകൂട്ടുകാർ അയാളെ ശ്രദ്ധിക്കാതെ മുന്നോട്ടു നീങ്ങി. ഒപ്പം ഞാനും. എന്റെ മനസ്സ് എരിയാൻ തുടങ്ങി. എത്ര പണമാണ് സന്തോഷിക്കാനായി ഞാനിന്നു ചെലവഴിച്ചത്! ഞാൻ തിരിഞ്ഞു നോക്കി .നിര ങ്ങൾ നിർത്തി അയാളും എന്നെ തിരിഞ്ഞു നോക്കുന്നു. കൂട്ടുകാരെ അമ്പരപ്പിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു ,അയൽക്കരികിലേയ്ക്ക്.ഒരു നൂറു രൂപ നോട്ട് അയാൾക്ക് നീട്ടി ഞാൻ ചോദിച്ചു. "ഈ തിരക്കേറിയ റോഡിൽ?" പൈസ വാങ്ങുന്നതിനിടയിൽ ദയനീയമായി എന്റെ മുഖത്തു നോക്കി അയാൾ തലയാട്ടി. "ജീവിക്കണ്ടേ എന്നാവും." ഈ തിരക്കിനിടയിൽ നിരങ്ങുന്നത് ശീലമായി "എന്നാണോ?" "ദേഹിയോട് ദേഹത്തിനുള്ള പ്രിയം എന്നുമാവാം." അമ്പരന്നു നിന്ന കൂട്ടുകാരുടെ അടുത്തേയ്ക്ക് ഞാൻ നടന്നു.