സ്ത്രീജനം പലവിധം

Mail This Article
ജീവിതസായാഹ്നത്തിലെത്തിയ ഒരമ്മ എന്നോട് പറഞ്ഞു - "ചെറുപ്പത്തിൽ ഞാൻ തികച്ചും ആരോഗ്യവതിയായിരുന്നു. എന്നാൽ എന്റെ ഭർത്താവ് അങ്ങനെ ആയിരുന്നില്ല. ഞങ്ങൾ തമ്മിൽ കണ്ട നാൾ തൊട്ടേ രോഗങ്ങളും ചികിത്സയും തന്നെ.എന്നാൽ വലിയ രോഗിയോന്നുമല്ല. പക്ഷേ ഇപ്പോഴും തലവേദന, തുമ്മൽ, പനി, തളർച്ച അങ്ങനെ ഓരോന്ന്. ഈ വൈരുദ്ധ്യം ഞങ്ങളുടെ ജീവിതത്തെ വളരെ ബാധിച്ചിരുന്നു. ഒരു യാത്ര പോകാൻ ഒരുങ്ങുമ്പോൾ, ഒരാഘോഷത്തിൽ പങ്കെടുക്കാൻ തുടങ്ങുമ്പോൾ ഒക്കെ അദ്ദേഹത്തിന്റെ അനാരോഗ്യം തടസ്സമാകും. തുടർന്ന് എല്ലാക്കാര്യത്തിലും പൊരുത്തക്കേട്. ഇപ്പോഴും വഴക്ക്. ഞങ്ങളുടെ ശാരീരിക ബന്ധത്തെപ്പോലും...
എന്തിനു പറയുന്നു. കുട്ടികൾ ഉണ്ടായി .പക്ഷേ അതും ആഗ്രഹിച്ചപോലെ ആശിച്ച സമയത്ത് ആയിരുന്നില്ല. എന്നിട്ടും ഞങ്ങൾ ഒരുമിച്ചു ജീവിച്ചു അറുപതിലേറെ വർഷങ്ങൾ. ഇപ്പോഴത്തെ പുതിയ തലമുറയ്ക്ക് ഇത് വിശ്വസിക്കാൻ തന്നെ പ്രയാസമായിരിക്കും.
സുന്ദരിയായ ഒരു മദ്ധ്യവയസ്ക്ക. അവർക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. ചെറുപ്പത്തിൽ അവർ വെളുത്ത് മെലിഞ്ഞ് സ്വർണക്കതിരുപോലെ ആയിരുന്നു. ആ സൗന്ദര്യത്തിൽ ഭ്രമിച്ചാണ് ഒരാൾ അവരെ വിവാഹം കഴിച്ചത്. അതോടെ ഭ്രമവും തീർന്നു. വർഷങ്ങൾ കഴിഞ്ഞു. രണ്ടുകുട്ടികൾ ഉണ്ടായിക്കഴിഞ്ഞിട്ടും അഴകും ആരോഗ്യവും ചെറുപ്പവും നഷ്ടപ്പെടാതെ സുന്ദരിയായിത്തന്നെ അവരിരിക്കെ ഭർത്താവ് പ്രഖ്യാപിച്ചു. വെളുത്തു മെലിഞ്ഞ ഉടലിനോട് അയാൾക്ക് താത്പര്യമില്ലത്രേ. കറുത്തു തടിച്ച സ്ത്രീകൾ അയാളിൽ കാമമുണർത്തുന്നുവെന്ന്. ഭാര്യയെ അവഗണിച്ചുകനായാൽ അത്തരം സ്ത്രീകളെ തേടിപ്പോകുന്നത് പതിവായി.അവർ കുട്ടികളുമായി സ്വന്തം വീട്ടിലേയ്ക്കു മടങ്ങി. ഒരു തടിച്ചിയെ സ്വന്തമാക്കി അയാൾ ജീവിതം തുടർന്നു.
വൈരുദ്ധ്യങ്ങളുമായി പൊരുത്തപ്പെട്ടു പോകണം. തെറ്റുകുറ്റങ്ങൾ ക്ഷമിച്ചും മറന്നും ജീവിതം മുന്നോട്ടു കൊണ്ടുപോകണം. എന്തും സഹിക്കണം. ഇതൊക്കെയാണ് ഓർമ വച്ചനാൾ മുതൽ പെൺകുട്ടികൾ കേൾക്കുന്ന ഉപദേശങ്ങൾ. ഇതൊരിക്കലും സാധ്യമല്ലെന്നും നിവൃത്തികേടു കൊണ്ട് സഹിച്ചു പോകുന്നതാണെന്നും തുറന്നു പറയുന്നവരുണ്ട്. 'പെൺകുട്ടികൾക്ക് വേണ്ടി മാത്രമാണോ ഈ ഉപദേശങ്ങൾ? ആൺകുട്ടികൾക്കുമാകരുതോ ഇത്തരം സഹനങ്ങൾ' എന്ന് ചോദിക്കുന്നു പുതിയ തലമുറ.
അങ്ങനെ സഹിച്ചു കിടക്കേണ്ട കാര്യമൊന്നുമില്ല എന്ന് ധൈര്യപൂർവം തീരുമാനമെടുക്കുന്ന സ്ത്രീകൾ ഇന്നത്തെ തലമുറയിൽ ഏറെയുണ്ട്. വിവാഹത്തിന്റെ പവിത്രതയെക്കുറിച്ച് ഭൂരിപക്ഷം ഉദ്‌ഘോഷിക്കുമ്പോഴും വിവാഹം എന്ന ആശയം തന്നെ തെറ്റാണെന്ന് വാദിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു.എന്തൊക്കെയായാലും ഒഴിച്ച് കൂടാനാവാത്ത ഒരാചാരം എന്ന നിലയിൽ തന്നെ വിവാഹം ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു. 'വിവാഹം കഴിച്ചു. രണ്ടു കുട്ടികളുമായി. ഒരു പ്രത്യേക സാഹചര്യത്തിൽ ദാമ്പത്യം വേണ്ടാന്ന് വച്ച് ഒരമ്മ മാത്രമായി മാറി' എന്ന് എന്നെക്കുറിച്ചു ഞാൻ പറഞ്ഞപ്പോൾ വിദ്യാസമ്പന്നയായ ഒരു യുവതി എന്നെ അഭിനന്ദിച്ചു. "നന്നായില്ലേ, ആ ജീവിതത്തിന്റെ സുഖവും ദുഃഖവും അറിയാൻ കഴിഞ്ഞു. മക്കളെയും കിട്ടി. ഇപ്പോഴിതാ സ്വതന്ത്രയാവുകയും ചെയ്തു." ആ യുവതി പിന്നീട് വിവാഹം കഴിച്ചു. മക്കൾ ഉണ്ടായി, ഏറെത്താമസിയാതെ വിവാഹമോചനം നേടി. ഇപ്പോഴും അവൾക്കു പറയാനാവുമോ - 'എല്ലാം അനുഭവിച്ചറിഞ്ഞു. മക്കളെ കിട്ടി. സ്വാതന്ത്ര്യം കിട്ടി' എന്ന് എന്തോ എനിക്കറിയില്ല. ചിന്തകളും അഭിപ്രായങ്ങളും കാലം കഴിയുമ്പോൾ മാറാം മാറാതിരിക്കാം. അല്ലേ?