മഞ്ജുവിന്റെ രാവുകൾ

Mail This Article
സ്ത്രീകളെ വർണ്ണിക്കാൻ പൂക്കളെയും നിലാവിനെയും സുഗന്ധങ്ങളേയുമൊക്കെയാണ് കവികൾ കൂട്ട് പിടിക്കുന്നത്. വൈരൂപ്യത്തെ ഉപമിക്കാൻ ചിലപ്പോൾ ഇരുട്ടും മുള്ളുകളും കല്ലുമൊക്കെ ഉപാധി കളാകാറുണ്ട്. എന്നാൽ മഞ്ജു എന്ന സ്ത്രീയെ അഹങ്കാരവും ധിക്കാരവും അധികപ്രസംഗവും കൂട്ടിക്കുഴച്ച് മെനഞ്ഞെടുത്തതാണെന്ന് അവളെ പരിചയപ്പെടുന്ന ആരും പറഞ്ഞുപോകും. പക്ഷേ, അവളുടെ കഥ മുഴുവൻ കെട്ടു കഴിഞ്ഞാൽ അവളുടെ സ്വഭാവഗുണങ്ങൾ സഹിക്കാനാവാത്തവർക്ക് പോലും ദയ തോന്നിപ്പോകും. പക്ഷേ ഒട്ടും താമസിയാതെ ആ ദയയെ പിച്ചി ചീന്തി കാറ്റിൽ പറത്തും മഞ്ജുവിന്റെ പെരുമാറ്റം.
രണ്ടോ മൂന്നോ വീടുകളിൽ പണിയെടുത്താണ് മഞ്ജു കഴിയുന്നത്. എന്ന് വച്ച് അവൾക്ക് കഷ്ടപ്പാടാണെന്നൊന്നും കരുതരുത്. ജോലിക്ക് ആളെക്കിട്ടാൻ പ്രായമുള്ള ഇക്കാലത്ത്, ഭാര്യക്കും ഭർത്താവിനും ജോലിക്ക് പോകേണ്ട സാഹചര്യത്തിൽ കേട്ടാൽ ഞെട്ടുന്ന ശമ്പളം കൊടുത്താണ് ആ വീട്ടുകാർ മഞ്ജുവിനെ നിർത്തിപ്പൊരുന്നത്. പണികൾ നന്നായി ചെയ്യും. കള്ളമേയില്ല. വീട് വിശ്വസിച്ച് ഏൽപ്പിക്കാം. പക്ഷേ മിണ്ടാൻ പാടില്ല. എന്തെന്ന് ചോദിച്ചാൽ കുന്ത് എന്നേ മഞ്ജു പറയൂ. പടവലങ്ങ വയ്ക്കാൻ പറഞ്ഞാൽ പാവയ്ക്ക വയ്ക്കും. ഇന്ന് മീൻ മതി എന്ന് പറഞ്ഞു പോയാൽ മഞ്ജു ചിക്കനെ വായിക്കൂ. എല്ലാം അവളുടെ സൗകര്യം പോലെ. എന്നാലെന്താ, വീട്ടുകാർ ഒന്നുമറിയേണ്ട. സമയത്ത് എല്ലാം റെഡി.
ഇനി കഥ കേൾക്കണ്ടേ? മഞ്ജുവിന് ഒരു മകനും മകളുമുണ്ട്. മകൻ ഉണ്ടായ ശേഷമാണ് അവൾക്കൊരു ഭർത്താവിനെ കിട്ടിയത്. അയാൾക്ക് അവളെക്കാൾ ഒരുപാട് പ്രായക്കൂടുതൽ ഉണ്ട്. മറ്റൊരു സ്ത്രീയുടെ ഭർത്താവ്. അവർക്ക് മക്കളും ഉണ്ടായിരുന്നു. ചോദിച്ചാൽ യാതൊരു കുറ്റ ബോധവുമില്ലാതെ മഞ്ജു പറയും. "അയാൾക്ക് ഭാര്യയുണ്ടോ, കുടുംബമുണ്ടോ അതൊന്നും എനിക്ക് വിഷയമല്ല. എന്റെ അടുത്തേക്ക് വന്നു, ഞാനിങ്ങ് പിടിച്ചെടുത്തു. ഇനി വിറ്റ് കൊടുക്കുന്ന പ്രശ്നമേയില്ല."മഞ്ജുവിന്റെ നാക്കിനെയും തല്ലിനെയും പേടിച്ച് ആ സ്ത്രീയും മക്കളും സ്ഥലം വിട്ടു. പല തൊഴിലുകൾ ചെയ്തു പണം കൊണ്ടുവരുന്ന അയാളെ വിട്ടു കളയാൻ പറ്റുമോ? മഞ്ജു ചോദിക്കുന്നു.
മകനുണ്ടായതിനെക്കുറിച്ചും മഞ്ജുവിനുണ്ട് ഒരു കഥ പറയാൻ. അവളുടെ അമ്മ അത്ര നല്ല ഒരു ജീവിതമല്ലത്രേ നയിച്ചിരുന്നത്. മഞ്ജു വിനെയും നാലഞ്ചു കൂടപ്പിറപ്പുകളെയും വളർത്താൻ അവർക്കത് വേണ്ടി വന്നു. അങ്ങനെ അവരുടെ സന്ദർശകരിൽ ആരോ ഒരാൾ...അതാണെന്ന് പോലും അവൾക്കറിയില്ല. എപ്പോഴാണെന്നറിയില്ല. ഉറങ്ങുമ്പോഴായിരിക്കും. ഏതോ മയക്കു മരുന്ന് തന്നിട്ടുണ്ടാവാം. എന്താണ് നടന്നതെന്ന് അവൾക്കറിയില്ല. ഗർഭിണിയാണെന്ന് മനസ്സിലാക്കാനുള്ള പ്രായം പോലും അന്നവൾക്കുണ്ടായിരുന്നില്ല. അമ്മ അറിഞ്ഞപ്പോഴേയ്ക്കും അബോർഷന്റെ സമയം കഴിഞ്ഞിരുന്നു. പ്രസവിക്കുകയേ മാർഗ മുണ്ടായുള്ളു. അങ്ങനെ ഒന്നുമൊന്നു മറിയാതെ മഞ്ജു അമ്മയായി. സ്വന്തം അമ്മയും ഇതിനു കൂട്ടു നിന്നോ എന്ന സംശയം കൊണ്ട് അവൾ അവരെ വെറുത്തു. അമ്മയുടെ ജീവിതം അനുകരിക്കൂല്ല എന്നുറപ്പിച്ചു. അങ്ങനെ അവൾക്ക് ഭർത്താവും മകളും ഉണ്ടായി.
യാതൊരു കൂസലുമില്ലാതെ മഞ്ജു ഈ കഥ പറയുമ്പോൾ 'അവളുടെ രാവുകൾ 'എന്ന ചലച്ചിത്രത്തിലെ നായികയുടെ വാക്കുകൾ ഞാൻ ഓർത്തുപോയി. 'തെരുവു തെണ്ടികളുടെ കൂടെകിടന്ന് ഉറങ്ങിയിരുന്നു. എപ്പോഴാണ് ചീത്തയായത് എന്നറിയില്ല.' (വാക്കുകൾ ഇങ്ങനെ തന്നെ ആയിരുന്നോ എന്നുറപ്പില്ല. ഓർമയിൽ നിന്ന് എഴുതുന്നതാണ്. പക്ഷേ ആശയം ഇതു തന്നെ. അതിലെ നൊമ്പരം അന്നേ മനസ്സിൽ പതിഞ്ഞതാണ്.)
മഞ്ജുവിന്റെ മകൻ വളർന്നു പോയി. രണ്ടാനച്ഛനുമായി പൊരുത്തപ്പെടാൻ കഴിയാതെ അവൻ കൂട്ടു കൂടി അലഞ്ഞു നടക്കും. പൈസ ചോദിക്കാൻ മാത്രമേ അവൻ അമ്മയെ സമീപിക്കാറുള്ളു. മഞ്ജു വിനെപ്പോലെ തന്റെടിയും ധിക്കാരിയുമായ മകളും അവൾക്കൊരു പ്രശ്നം തന്നെ. മഞ്ജുവിന്റെ നാവിനെയും പണിയെടുത്തു തഴമ്പിച്ച മക്കളെയും ഭയന്ന് വയസ്സനെങ്കിലും ഭർത്താവും കൂടെയുണ്ട്. അധിക്ഷേപിക്കാനുംഅപമാനിക്കാനും മടിക്കാതെ അയൽക്കാർ. അങ്ങനെയങ്ങനെ മഞ്ജു ഇങ്ങനെയായി. ആരോടും വഴക്കിടും. ജീവിതം ഒരു യുദ്ധമാണവൾക്ക്. നൂറു ശതമാനം സാക്ഷരതയും സ്ത്രീകൾക്ക് എല്ലാത്തിനും സംവരണവുമുള്ള നമ്മുടെയീ കേരളാമെന്ന സ്വർഗ്ഗ രാജ്യത്തിൽ ഇങ്ങനെ എത്രയോ സ്ത്രീ ജന്മങ്ങൾ!