മനസ്സിൽ പെയ്യുന്ന മഴയോർമ്മകൾ

Mail This Article
വീണ്ടുമൊരു മഴക്കാലം! ഇടവപ്പാതി മഴ ഇങ്ങനെ പെയ്തു തുടങ്ങുമ്പോൾ മഴയിൽ കളിച്ചതും, കുളിച്ചതും ,രസിച്ചതും വീണ്ടുമോർക്കാതിരിക്കാൻ ആവുമോ? മഴയെക്കുറിച്ച് പാടാത്ത കവികളോ എഴുതാത്ത എഴുത്തുകാരോ ഉണ്ടോ?എന്നാൽ ഞാൻ പറയാൻ പോകുന്നത് വളരെ വിചിത്രമായ ഒരനുഭവമാണ്. ഇടവപ്പാതി മഴ ഒരതിഥിയായി വീട്ടിൽ വന്നു കുറെ ദിവസം കൂടെ താമസിക്കുന്നത് അത്യപൂർവമായ കാര്യം തന്നെയാണ്.
വർഷങ്ങൾക്കു മുൻപ് നടന്ന കഥയാണ്... കോട്ടയത്ത് ജോലികിട്ടി, രണ്ടു മക്കളുമായി ഞാനെത്തുമ്പോൾ താമസിക്കാൻ അതിമനോഹരമായ ഒരു ചെറിയ വീട് കിട്ടി. ഒരു നിരയായി മൂന്നു മുറികളെ ഉള്ളൂ. അതിലൊന്നിൽ കട്ടിലുകളും മേശയും അലമാരകളുമൊക്കെയിട്ട് ഇരിക്കാനും കിടക്കാനും മക്കൾക്ക് പഠിക്കാനുമുള്ള ഇടമായി ഞങ്ങൾ ക്രമീകരിച്ചു.അടുത്ത മുറി ഭക്ഷണം കഴിക്കാനും ടിവി കാണാനും. മൂന്നാമത്തേത് വൃത്തിയുള്ള ചെറിയ ഒരു അടുക്കള. അവിടെ നിന്ന് ചെറിയ ഒരു ഇടനാഴി. അതിന്റെ അറ്റത്ത് ഒരു ബാത്ത്റൂം. ഉമ്മറത്ത് വീടിന്റെ മൊത്തം നീളത്തിൽ ഒരു വരാന്ത. അരമതിൽ. ഒരേ അകാലത്തിൽ ചെറിയ തൂണുകൾ. നന്നേ ചരിഞ്ഞ ഓടിട്ട മേൽക്കൂര. ഒരു കളിവീടു പോലെ ആ ഗൃഹം ഞങ്ങളെ ആകർഷിച്ചു. തകർന്നു വീണ സ്വപ്നത്തിന്റെ ചില്ലുകൾ പെറുക്കിക്കൂട്ടി പുതിയ സ്വപ്‌നങ്ങൾ നെയ്ത് ഞനാണ് ആ കളിവീട് വാങ്ങി താമസം തുടങ്ങി.
വീട് ഇമ്മിണി വലിയ ഒരു കൂട്. എന്നാൽ ഉള്ളിൽ ഗ്യാസ്, ഫ്രിഡ്ജ്, മിക്സി, ടിവി അങ്ങനെ അത്യാവശ്യ സുഖസൗകര്യങ്ങൾ ഉണ്ട്. നല്ല ഭക്ഷണം, നല്ല വസ്ത്രങ്ങൾ, സാമാന്യം നല്ല ജോലി, നന്നായി പഠിക്കുന്ന മക്കൾ! കഷ്ടകാലം തീർന്നു എന്ന് ഞാൻ ആശ്വസിച്ചു.
സ്കൂൾ തുറന്നു. മഴയും വന്നു. സ്കൂൾ വിട്ടു കുട്ടികളും ഞാനും (ഞാനും അന്നൊരു സ്കൂളിൽ പഠിപ്പിക്കുകയായിരുന്നു) മഴ നനഞ്ഞൊലിച്ചാണെത്തുക. വീടിനുള്ളിലെ സുഖകരമായ ഊഷ്മളതയിൽ ഒതുങ്ങി, ചൂടുള്ള ഭക്ഷണം കഴിച്ച് ഇരിക്കുമ്പോൾ, പുറത്തു പെയ്യുന്ന മഴയുടെ സംഗീതവും വീടിനു ചുറ്റുമുള്ള പറമ്പും മുൻപിലെ ചെറിയ റോഡും അവിടെയെല്ലാം നിറഞ്ഞു കവിഞ്ഞ് പുഴയൊഴുകുന്ന മഴവെള്ളക്കിലുക്കവും ഞങ്ങൾക്ക് പ്രിയങ്കരമായിരുന്നു.പതിവുപോലെ മഴയിൽ കുതിർന്നു വന്ന ഒരു സായാഹ്നത്തിൽ ഈറൻ മാറും മുൻപേ എന്റെ മകൾ വീണ്ടും മഴയിലയ്ക്കിറങ്ങിയോടി (അവൾ അന്ന് കുട്ടിയാണ്) ഇതെന്താ എന്ന് നോക്കാൻ ഞാനും പുറത്തേയ്ക്കിറങ്ങി. "നോക്കൂ അമ്മേ, ചേട്ടനിന്നും മഴ നനഞ്ഞു." ഒരു പരസ്യ വാചകം പോലെ അവൾ വിളിച്ചു പറഞ്ഞു.എന്റെ മകൻ കുടയില്ലാതെ മഴയിലൂടെ ഓടി വരുന്നുണ്ടായിരുന്നു. ഞങ്ങൾ പുറത്തേയ്‌ക്കോടി. ഗേറ്റിനടുത്തു വച്ച് അവനെ പിടികൂടി. "കുടയെടുക്കരുത് കേട്ടാ" എന്നും പറഞ്ഞ് ഒരു തമാശ. പെട്ടെന്ന് വല്ലാത്തൊരു കാറ്റും ഒരു മുഴക്കവും. ഞങ്ങൾ തിരിഞ്ഞു നോക്കി. കണ്ട കാഴ്ചയോ? വീടിനു പിന്നിൽ ചേർന്ന് നിന്നിരുന്ന ഒരു കമുക് വലിയ ശബ്ദത്തോടെ വീടിനു പുറത്തേയ്ക്ക് വീഴുന്നു. കൃത്യം നടുക്ക് വച്ചോടിഞ്ഞ് മുൻവശത്തേയ്ക്ക് മറിഞ്ഞു വീണു, വീടിന്റെ മേൽക്കൂര മുഴുവൻ തകർക്കണമെന്ന് വാശിയുള്ളതു പോലെ. സ്തബ്ധരായി ഞങ്ങൾ നോക്കി നിന്നു, ഒരു നേരിയ ശബ്ദം പോലും പുറപ്പെടുവിക്കാനാകാതെ. ഞങ്ങളെ മൂന്നുപേരെയും സുരക്ഷിതരായി പുറത്തിറക്കിയിട്ട് വീട് തകർക്കാൻ തോന്നിയ ദുർവിധിക്ക് ലക്ഷോപലക്ഷം നന്ദി പറയുകയായിരുന്നു ഞാനപ്പോൾ.!
ഇനിയിപ്പോൾ എന്ത് എന്നത് വലിയ ചോദ്യമായി. തൊട്ടടുത്ത ഒരു വീടു പണി നടക്കുന്നുണ്ട്. അവിടത്തെ പണിക്കർ ഓടിയെത്തി. മഴയാണെങ്കിൽ പെയ്തു കൊണ്ടേയിരിക്കുന്നു. എങ്ങനെയോ അവർ ആ കമുക് വലിച്ചു മാറ്റി. വീടിന്റെ മുകൾ ഭാഗത്ത് മേൽക്കൂര വലിയൊരു വൃത്തമായി പൊളിഞ്ഞു പോയിട്ടുണ്ട്. വീടിനകത്ത് മഴ പെയ്യുന്നു. മുകളിൽ കയറാനോ താത്ക്കാലികമായി എന്തെങ്കിലും ചെയ്യാനോ കഴിയുമായിരുന്നില്ല.
പ്രതിസന്ധികളിൽ കറുത്ത് നേടുന്ന ഒരു മനസ്സ് കൂടി എനിക്കുണ്ടെന്ന് വീണ്ടും ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്. കുട്ടികളെയും കൂട്ടി ഞാൻ വീടിനകത്തു കയറി. "നമ്മൾ ജീവിക്കും ഏതു സാഹചര്യത്തിലും." ഞാൻ അവരോടു പറഞ്ഞു. അവർ തലയാട്ടി സമ്മതിച്ചു. പൊട്ടി വീണ ഓടുകളും കഴുക്കോലിന്റെയും സീലിങ്ങിന്റെയും വലിയ അഷ്നങ്ങളും കുറെയൊക്കെ എടുത്ത് ഞങ്ങൾ പുറത്തിട്ടു. മഴയേൽക്കാത്ത ചുമരരികിലേയ്ക്ക് കട്ടിലുകൾ നീക്കിയിട്ടു. മേൽക്കൂരയില്ലാത്ത ആ വീട്ടിൽ മഴയോടൊപ്പം ഒരാഴ്ചയിലധികം ഞങ്ങൾ രസകരമായി കഴിഞ്ഞു എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. പക്ഷേ അനുഭവിച്ചാലേ അരിയൂനത്തിന്റെ രസം. കേവലം മുപ്പത്തഞ്ചു വയസുള്ള ഒരമ്മയും പതിന്നാലു വയസ്സുള്ള മകനും ഏഴു വയസ്സുള്ള മകളും അടങ്ങിയ ആ കൊച്ചു കുടുംബത്തിന് മറ്റൊരു പോംവഴിയും അപ്പോഴില്ലായിരുന്നു.
മേൽക്കൂരയിലൂടെ ഇടതടവില്ലാതെ അകത്തേക്കൊഴുകുന്ന മഴയുടെ സാന്നിധ്യം. ഓവുകളിലൂടെയും വാതിലുകളിലൂടെയും പുറത്തേക്കൊഴുകിയിട്ടും വീട്ടിനകത്ത് മുട്ടറ്റം വെള്ളം. അപ്പോഴും വിധിയുടെ ഓരോ കരുതലുകൾ! ഭക്ഷണം പാകം ചെയ്യുന്ന ഇടം മഴ ഒഴിവാക്കിയിരുന്നു. കുട പിടിച്ചു മുറിക്കുള്ളിലൂടെ നടക്കുന്നത് ഞങ്ങൾക്ക് തമാശയായി.
രാവിലെ പതിവുപോലെ കുളിച്ചൊരുങ്ങി ഞങ്ങൾ അവരവരുടെ സ്കൂളുകളിലേക്ക് പോയി. വൈകുന്നേരം പനിനീർമഴയിൽ മുങ്ങി വെള്ളത്തിലാണ്ടു കിടക്കുന്ന ഞങ്ങളുടെ കളിവീട്ടിലേയ്ക്ക് മടങ്ങിയെത്തി.അത്യാവശ്യം ജോലികളും ഭക്ഷണവും കഴിഞ്ഞാൽ ഞങ്ങൾ കട്ടിലുകളിൽ കയറിയിരിക്കും. കുട്ടികൾ പഠിക്കുകയും ഞാൻ വായിക്കുകയും ചെയ്യും. പിന്നെ മുറിക്കുള്ളിലെ കായലിൽ കടലാസുതോണികളിറക്കും.പാട്ടുകൾ പാടും. തമാശകൾ പറഞ്ഞു പൊട്ടി ചിരിച്ചു രസിക്കും. പിന്നെ തണുത്തു വിറച്ച് മൂടി പ്പുതച്ചു കിടന്നുറങ്ങും.
ഒരാഴ്ച അങ്ങനെ കഴിഞ്ഞു... ഞങ്ങളുടെ കൂടെയുള്ള വാസം മഴയ്ക്ക് മടുത്തു കാണും. മഴ പതുക്കെ പിൻവാങ്ങാൻ തുടങ്ങി. എന്നാലും പായൽ പിടിച്ചു വഴുക്കുന്ന ഓടിന്റെയും കുതിർന്ന കഴുക്കോലുകളുടെയും മുകളിൽ കയറാൻ പണിക്കാർ ധൈര്യപ്പെട്ടില്ല. മഴമാറി വെയിൽ തെളിഞ്ഞു. അപ്പോഴും മേൽക്കൂര മേയാനായില്ല. തെളിഞ്ഞ ആകാശവും നക്ഷത്രങ്ങളും നോക്കി ഞങ്ങൾ ഇരുന്നു. ഇടയ്ക്ക് ഉറക്കത്തിൽ നിന്നുണരുമ്പോൾ പൊളിഞ്ഞ മേൽക്കൂരയും അതിലൂടെ ദൃശ്യമാകുന്ന ഒരു കീറാകാശവും നിർവചിക്കാനാവാത്ത ഒരനുഭൂതിയാണ് എനിക്ക് പകർന്നു തന്നിരുന്നത്. ദുഃഖമോ വേദനയോ നിരാശയോ അല്ല, ദുരനുഭവങ്ങളിലൂടെ അഗ്നിശുദ്ധി നേടുന്ന മനസ്സിന്റെ കരുത്ത്! അത് ഞാൻ അനുഭവിച്ചറിയുകയായിരുന്നു.
മേൽക്കൂര ശരിയാക്കി.ജീവിതം പഴയതുപോലെ ഒഴുകാൻ തുടങ്ങി. വേനലും വർഷവും വസന്തവും വന്നു പോയി. നല്ലൊരു പുതിയ വീട് പണിതു. കാലം പിന്നെയും കടന്നു പോയി. ഇന്നും മഴദിനങ്ങളിൽ ആ പഴയ മഴയോർമ്മകൾ മനസ്സിലേയ്ക്ക് ഓടിയെത്തും. എത്ര സുഖ സുന്ദരമായ കുളിരോർമ്മകൽ!