ഇപിഎഫിൽ കൈവയ്ക്കണോ കോവിഡ് കാലത്ത്; ചിന്തിക്കണം, രണ്ടല്ല മൂന്നുവട്ടം

opinion-how-to-withdraw-from-epf-if-you-need-money--due-to-coronavirus
SHARE

ലോക്‌ഡൗണിനെ തുടർന്നുള്ള സാമ്പത്തിക ആഘാതത്തിനു പരിഹാരമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ‌(ഇപിഎഫ്)നിന്ന് പണം പിൻവലിക്കാൻ സർക്കാർ പ്രത്യേക അനുമതി നൽകിയതോടെ തുക പിൻവലിക്കാൻ വലിയ തള്ളിക്കയറ്റമായിരുന്നു. ഓൺലൈനായും ഓഫിസുകളിലൂടെയും പണം പിൻവലിക്കാൻ അവസരം ലഭിച്ചു.

ഏപ്രിൽ 10 വരെയുള്ള കാലയളവിനുള്ളിൽ 1.37 ലക്ഷം ഇപിഎഫ് വരിക്കാർക്ക് 280 കോടിയോളം രൂപ ഈ സ്കീമിൽ വിതരണം ചെയ്തെന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ വ്യക്തമാക്കിയിട്ടുണ്ട്. അത്യാവശ്യത്തിനാണോ ഇപിഎഫ് തുക പിൻവലിച്ചത്? ഇന്നത്തേക്കാൾ വലിയ ആവശ്യം ഭാവിയിൽ ഉണ്ടാകാമെന്ന് ചിന്തിച്ചിരുന്നോ? തിരിച്ചടയ്‌ക്കേണ്ടതില്ല എന്ന ഒറ്റക്കാരണമാണോ പണം പി‍വലിക്കാൻ പ്രേരിപ്പിച്ചത്?

മൂന്നുവട്ടം ചിന്തിക്കണം

ഇപിഎഫ് ഒരു ആജീവനാന്ത നിക്ഷേപമാണെന്നിരിക്കെ അതിൽനിന്ന് പണം പിൻവലിക്കുന്നതിനു മുമ്പ് മൂന്നുവട്ടം ചിന്തിക്കണം. ദീർഘകാല നിക്ഷേപത്തിലൂടെയും കൂട്ടുപലിശയിലൂടെയും റിട്ടയർമെന്റ് കാലത്തിനുവേണ്ടി സ്വരുക്കൂട്ടുന്ന, അല്ലെങ്കിൽ കാത്തുസൂക്ഷിക്കേണ്ട നിക്ഷേപം. ഇതിൽനിന്നു പണം പിൻവലിക്കേണ്ടിവരുമ്പോൾ അത് അത്യത്യാവശ്യത്തിനു വേണ്ടി മാത്രമാകണം.

നേരത്തെ പിൻവലിക്കപ്പെടുന്ന ചെറിയ തുകപോലും ദീർഘകാലത്തിൽ വലിയ നേട്ടമാകും ഇല്ലാതാക്കുക. ബാങ്ക് നിക്ഷേപം പോലെ പെട്ടെന്നു ലളിതമായി പിൻവലിക്കാനാകില്ലെന്നതിനാലാണ് അധികമാളുകളും ഇപിഎഫിൽ കൈവയ്ക്കാത്തത്. തുക പിൻവലിക്കുന്നതിനും കർശന നിബന്ധനകളുണ്ട്, നടപടിക്രമങ്ങളുണ്ട്, പിന്നെ അത്യാവശ്യം ചുവപ്പുനാടയുമുണ്ട്. റിട്ടയർമെന്റ് കാല സമ്പാദ്യമെന്ന നിലയിൽ ആളുകൾ പെട്ടെന്നു ചാടിവീഴാതിരിക്കാൻ നടപടികൾ അൽപം സങ്കീർണമാക്കിയതാണെന്നു വേണമെങ്കിൽ കരുതാം. നിശ്ചിത ആവശ്യങ്ങൾക്കുവേണ്ടി മാത്രമാണ് പിൻവലിക്കൽ അനുവദിക്കുക.

എന്നാൽ അടുത്തകാലത്തായി ഇത്തരം തടസ്സങ്ങളൊക്കെ കുറഞ്ഞു വരികയാണ്. പണം പിൻവലിക്കാൻ ഓൺലൈനിൽ സൗകര്യമായി. എന്നാലും മറ്റു നിബന്ധനകൾ തുടരുന്നു. എന്നാൽ ഇവയെല്ലാം ഒഴിവാക്കിയാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ തുക പിൻവലിക്കാൻ അവസരം നൽകിയിരിക്കുന്നത്.

കോവിഡ് 19 സ്കീം

മൂന്നുമാസത്തെ അടിസ്ഥാന ശമ്പളവും ഡിഎയും ചേർത്തുള്ളതിൽ കവിയാത്ത തുകയോ നിക്ഷേപത്തിന്റെ 75 ശതമാനമോ ഏതാണോ കുറവ് അത്രയും പിൻവലിക്കാം. തുക തിരിച്ചടയ്ക്കേണ്ടതില്ല.

പണം പിൻവലിക്കാൻ ഇപിഎഫ്ഒ വെബ്സൈറ്റിൽ പ്രത്യേക വിൻഡോ ഏർപ്പെടുത്തി. യുഎഎൻ (യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ) ബാങ്ക് അക്കൗണ്ടും ആധാറുമായി ലിങ്ക് ചെയ്യുന്നവർക്ക് ഓൺലൈനിൽ പണം പിൻവലിക്കാം. ഓൺലൈൻ സർവീസ് ക്ലെയിം ഫോം എന്ന ലിങ്ക് കിട്ടും. അത് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളുളള പേജിലേക്കു നയിക്കും. അക്കൗണ്ട് നമ്പർ വാലിഡേറ്റ് ചെയ്ത ശേഷം പിഎഫ് അഡ്വാൻസ് ഫോം 31 എടുത്ത് ‘കോവിഡ് കാരണം പണം പിൻവലിക്കുന്നു’ എന്ന ഓപ്ഷനെടുക്കാം. ബാങ്ക് പാസ്ബുക്കിന്റെയോ ചെക്കിന്റെയോ സ്കാൻ ചെയ്ത കോപ്പിയും വേണം. ഓൺലൈൻ അപേക്ഷകളിൽ മൂന്ന് ദിവസത്തിനകം തീർപ്പുണ്ടാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. പണം ബാങ്ക് അക്കൗണ്ടിലൂടെ ലഭിക്കും.

ഓഫിസുകളിൽനിന്നു ലഭിക്കുന്ന ഫോം പൂരിപ്പിച്ചു നൽകിയും പണം പിൻവലിക്കാം. ബാങ്ക് അക്കൗണ്ടും ആധാറും യുഎഎന്നുമായി ബന്ധിപ്പിച്ചവർക്കും അല്ലാത്തവർക്കും വ്യത്യസ്ത ഫോമുകളാണ്. രണ്ടാമത്തെ കൂട്ടർ തൊഴിലുടമയുടെ ഒപ്പും വാങ്ങണം. മറ്റു രേഖകളൊന്നും നൽകേണ്ടതില്ല.

കോവിഡ് 19 സ്കീമിനായി സർക്കാർ ഇപിഎഫ് നിയമത്തിൽ വരുത്തിയ ഭേദഗതി പ്രകാരം ഇത്തരത്തിൽ രാജ്യത്തോ ഏതെങ്കിലും സംസ്ഥാനത്തോ പ്രദേശത്തോ പകർച്ചവ്യാധികൾ ഉണ്ടാകുമ്പോൾ ഇത്തരത്തിൽ പണം പി‍ൻവലിക്കാൻ അവസരം ലഭിക്കും.

ആപ്പിലൂടെയും അപേക്ഷിക്കാം

ഇപിഎഫ്ഒയുടെ ഉമങ് മൊബൈൽ ആപ്പിലൂടെയും പണം പിൻവലിക്കാം.

നികുതി ഇല്ല

കോവിഡ്19 സ്കീമിൽ പിൻവലിക്കുന്ന ഇപിഎഫ് തുകയ്ക്ക് നികുതി ഈടാക്കില്ല.

അപേക്ഷയുടെ പുരോഗതി അറിയാം.

ഇ– സേവ പോർട്ടലിലൂടെ അപേക്ഷയുടെ പുരോഗതി അറിയാം. പോർട്ടലിൽ ലോഗിൻ ചെയ്ത് ഓൺലൈൻ സർവീസ് ടാബിൽ ട്രാക്ക് ക്ലൈം സ്റ്റാറ്റസ് ക്ലിക് ചെയ്താൽ പ്രോസസിങ് എവിടംവരെ എത്തി എന്നറിയാം.

English Summary : How to withdraw from EPF if you need money due to coronavirus?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.