സ്ഥിര നിക്ഷേപത്തിന്റെ പലിശ സേവിങ്സ് അക്കൗണ്ടിൽ

opinion-column-investor-savings-bank-acount-interest
SHARE

റിസർവ് ബാങ്ക് പലിശ നിരക്കുകൾ താഴ്ത്തിയതിനു ചുവടുപിടിച്ച് ബാങ്കുകളും നിക്ഷേപ– വായ്പാ പലിശ നിരക്കുകൾ താഴ്ത്തി. ഇതോടെ സേവിങ്സ് ബാങ്ക് (എസ്ബി) അക്കൗണ്ടുകളിലെ നിക്ഷേപത്തിന് പലിശ നിരക്ക് നാമമാത്രമായി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടിന് 2.75 ശതമാനമാണ് വാർഷിക പലിശ നിരക്ക്.

കുറഞ്ഞ പലിശയുടെ പേരിൽ സേവിങ്സ് ബാങ്ക് അങ്ങനെ എഴുതിത്തള്ളാൻ വരട്ടെ. അൽപമൊന്നു ശ്രദ്ധിച്ചാൽ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ ബാക്കി കിടക്കുന്ന തുകയ്ക്ക് സ്ഥിരനിക്ഷേപത്തിന്റെ വായ്പ നേടാം. മിക്ക ബാങ്കുകളും ഇതിന് ഉതകുന്ന നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. പല പേരുകളിൽ അറിയപ്പെടുന്ന സ്വീപ് ഇൻ ഫിക്സഡ് ഡിപ്പോസിറ്റുകളാണ് അത്. എസ്ബി അക്കൗണ്ടിൽ നിശ്ടിത പരിധിക്കു മുകളിലുള്ള പണം സ്വമേധയാ സ്ഥിര നിക്ഷേപമായി മാറുകയാണ് സ്വീപ് ഇൻ ഫിക്സഡ് ഡിപ്പോസിറ്റിൽ. അതേ സമയം സേവിങ്സ് അക്കൗണ്ടിന്റെ എല്ലാ സ്വാതന്ത്ര്യവുമുണ്ടുതാനും.

എങ്ങനെ തുടങ്ങാം

എസ്ബി അക്കൗണ്ട് തുറക്കുമ്പോൾ തന്നെ ഈ ഓപ്ഷൻ തിരഞ്ഞെടുക്കാം. അല്ലാത്തവർക്ക് നേരിട്ട് ബാങ്ക് ബ്രാഞ്ചിൽ എത്തി ഫോം പരിപ്പിച്ചു നൽകിയോ ചില ബാങ്കുകളിൽ ഇന്റർനെറ്റ്– മൊബൈൽ ബാങ്കിങ്ങിലൂടെയൊ സ്വീപ് ഇൻ എഫ്ഡി സ്കീം തിരഞ്ഞെടുക്കാം. ചില ബാങ്കുകളിൽ നിശ്ചിത പരിധിക്കു മുകളിലുള്ള തുക നേരിട്ട് എഫ്ഡിയാക്കി മാറ്റുമ്പോൾ ചിലതിൽ ഇന്റർനെറ്റ്– മൊബൈൽ ബാങ്കിങ്ങിലൂടെ തുക നിക്ഷേപകൻ തന്നെ മാറ്റിയിടണം.

ഉദാഹരണത്തിന് എസ്ബിഐയിൽ സേവിങ്സ് ബാങ്ക് പ്ലസ് അക്കൗണ്ടിൽ 35,000 രൂപയ്ക്കു മുകളിലുള്ള തുക 1000 രൂപയുടെ ഗുണിതങ്ങളായി സ്ഥിരനിക്ഷേപമായി മാറും. ഫെഡറൽ ബാങ്കിലാണെങ്കിൽ തുക ആയിരത്തിന്റെ ഗുണിതങ്ങളായി മൊബൈൽ ബാങ്കിങ്ങിലൂടെ നിക്ഷേപകൻതന്നെ മാറ്റണം. ഈ തുകയ്ക്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശ ലഭിക്കും.

എസ്ബി അക്കൗണ്ട് പോലെ തന്നെ

ആവശ്യം വരുമ്പോൾ അതിനു തക്ക തുക എസ്ബി അക്കൗണ്ടിൽ ശേഷിച്ചിട്ടില്ലെങ്കിൽ സ്ഥിര നിക്ഷേപത്തിലെ പണം  സ്വമേധയാ എസ്ബി അക്കൗണ്ടിലേയ്ക്കു മാറി നിക്ഷേപകനു ലഭിക്കും. അതായത് സ്ഥിരനിക്ഷേപത്തിന്റെ എല്ലാ ആനുകൂല്യങ്ങളും സേവിങ്ക് ബാങ്കിന്റെ സൗകര്യങ്ങളോടെ ലഭിക്കുമെന്നു ചുരുക്കം. 

നിബന്ധനകൾ ശ്രദ്ധിക്കുക

ഓരോ ബാങ്കും സ്വീപ് ഇൻ നിക്ഷേപങ്ങൾക്ക് വ്യത്യസ്ത നിബന്ധനകളാണ് നിഷ്കർഷിക്കാറ്. നിക്ഷേപ രീതി തിരഞ്ഞെടുക്കും മുമ്പ് ഇത് മനസ്സിലാക്കിയിരിക്കണം. എത്ര തുകയ്ക്കു മുകളിലാണ് സ്ഥിര നിക്ഷേപമായി മാറുന്നത് എന്നറിയണം. 1000 രൂപ മുതൽ 30000 രൂപവരെ പല പരിധിയുണ്ടാകും. അക്കൗണ്ട് ബാലൻസ് അതിനു മുകളിൽ വരുമ്പോൾ മാത്രമേ സ്ഥിര നിക്ഷേപത്തിലേയ്ക്ക് തുക നീങ്ങൂ.

മറ്റൊന്ന് മിനിമം ബാലൻസാണ്. ഇതു ബാങ്കുകൾ തമ്മിൽ വ്യത്യാസമുണ്ടാകും. നഗര –ഗ്രാമ വ്യത്യാസവും ചില ബാങ്കുകൾ നിഷ്കർഷിക്കാറുണ്ട്. തുക മിനിമം ബലൻസിനു താഴെപോകുമ്പോൾ പെനാൽറ്റി ഈടാക്കുമോ എന്ന് അറിയണം. ചില ബാങ്കുകൾ കാലാവധിയെത്താതെ സ്ഥിരനിക്ഷേപത്തിൽനിന്ന് എസ്ബി അക്കൗണ്ടിലേയ്ക്ക് പണം നീക്കുന്നതിന് ചാർജ് ഈടാക്കും. ഇതും അറിഞ്ഞിരിക്കണം. 

സ്ഥിരനിക്ഷേപത്തിൽനിന്ന് പി‍ൻവലിക്കാവുന്ന തുകയ്കക്ക് ചില നിബന്ധനകൾ ബാങ്കുകൾ വയ്ക്കും. ഒരു രൂപയുടെ ഗുണിതമെന്നോ, നൂറിന്റെ ഗുണിതമെന്നോ, ആയിരത്തിന്റെ ഗുണിതമെന്നോ ഒക്കെയാകും അത്. ഏറ്റവും കുറഞ്ഞതാവുമ്പോൾ നിക്ഷേപകന് നേട്ടം. കാരണം കൂടുതൽ തുക സ്ഥിരനിക്ഷേപത്തിൽ തുടരാൻ ഇത് സഹായിക്കും. 

നികുതി ബാധ്യത

പ്രതിവർഷം 10000 രൂപ വരെയുള്ള എസ്ബി അക്കൗണ്ട് പലിശയ്ക്ക് നികുതിയില്ല. എന്നാൽ സ്ഥിരനിക്ഷേപത്തിൽനിന്നുള്ള പലിശയ്ക്ക് നികുതി നൽകണം. അതിനാൽ ഉയർന്ന നികുതി സ്ലാബിലുള്ളവർക്ക് വലിയ നികുതി ബാധ്യതയ്ക്കും വഴിവയ്ക്കും.

English Summary : Sweep-in deposit account gives higher interest than savings account

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.