കറിവേപ്പില പോലെ

curry-leaf
SHARE

മലയാളത്തിലെ ഒരു പഴഞ്ചൊല്ലാണിത്. കറിക്ക് മണവും ഗുണവും നൽകാൻ ചേർക്കുന്ന ഇലയാണ് കറിവേപ്പില... ഉപയോഗം കഴിഞ്ഞാൽ ഇത് എടുത്തു കളയുന്ന രീതിയാണ് പൊതുവെയുള്ളത്. അതുകൊണ്ടാണ് കാര്യം കഴിയുമ്പോൾ പുറന്തള്ളുന്ന അവസ്ഥയിൽ ‘കറിവേപ്പില പോലെ’ എന്ന പ്രയോഗം ചിരപ്രതിഷ്ഠ നേടിയത്. കറിവേപ്പില കറിയിൽനിന്നു എടുത്തുകളയേണ്ട കാര്യമില്ല, അതും ഭക്ഷ്യയോഗ്യമാണ്. മാത്രമല്ല ഒട്ടേറെ ഗുണങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട് എന്നതാണ് അടുത്തകാലത്തെ പഠനങ്ങൾ.

കൊളസ്ട്രോളും, ക്യാൻസറും  വരാതിരിക്കാനും മുടി കൊഴിച്ചിൽ തടയാനും മുടി വളരാനും കറിവേപ്പില അത്യുത്തമം എന്നാണ് ആയുർവേദ ശാസ്ത്രം പറയുന്നത്. കാഴ്ച ശക്തി കൂട്ടാനും ഗ്യാസ് സംബന്ധമായ രോഗങ്ങളെ ചെറുക്കാനും കറിവേപ്പിലയ്ക്ക് കരുത്തുണ്ടത്രേ. വീടായാൽ ഒരു കറിവേപ്പ് വേണം എന്നാണ് നാട്ടു നടപ്പ്. ജീവിതം വില്ലകളിലേക്കും ഫ്ളാറ്റുകളിലേക്കും ചേക്കേറിയപ്പോഴും കറിവേപ്പിലയെ തള്ളിക്കളയാൻ മലയാളി തയ്യാറല്ല. അതാണല്ലോ, ചെടിച്ചട്ടികളിൽ അവർ വിജയകരമായി കറിവേപ്പ് വളർത്തുന്നത്. വിദേശത്തു പോകുന്നവർ കറിവേപ്പില ഉണക്കി പോളിത്തീൻ ബാഗുകളിലാക്കി കൊണ്ടു പോകാറുണ്ട്. ചില രാജ്യങ്ങൾ ഇതു നിരോധിച്ചപ്പോൾ വാർത്തയായിരുന്നു. 

തുളസിക്ക് കേരളീയ വീടിനു മുന്നിലാണ് സ്ഥാനമെങ്കിൽ കറിവേപ്പ് ആഡ്യഭാവത്തിൽ അടുക്കളപ്പുറത്താണ് നിൽപ്. എല്ലാ മണ്ണിലും കറിവേപ്പ് വളരില്ല. നല്ല നീർ വാർച്ചയുള്ള മണ്ണിൽ വളരുന്ന കറിവേപ്പ് ഇപ്പോൾ കേരളത്തിൽ പലയിടത്തും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. തമിഴ്നാട്ടിൽ ഇതു വ്യാപകമായി നേരത്തെ തന്നെ കൃഷി ചെയ്തിരുന്നു. കേരളത്തിലേക്കുള്ള കറിവേപ്പിലയിൽ കീടനാശിനി പ്രയോഗമുണ്ടെന്നുള്ള വാർത്തകൾ ഏറെ ഭീതിയോടെയാണ് മലയാളി കേട്ടത്. ഗൾഫിലേക്ക് കറിവേപ്പില വൻതോതിൽ കയറ്റുമതി ചെയ്യുന്നുണ്ട്. 

ചുരുക്കി പറഞ്ഞാൽ കറിവേപ്പില ഒഴിവാക്കി മലയാളിക്ക് കറിയില്ല. ശ്രീലങ്കയാണ് കറിവേപ്പിന്റെ തറവാട് എന്നു പറയുന്നു. ഇന്ത്യ, ചൈന, നൈജീരിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും കറിവേപ്പില കൃഷിയുണ്ട്. MURRAYA KOENGII എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ILAKAL PACHA
SHOW MORE
FROM ONMANORAMA