വാതമോ? അതും കുറുന്തോട്ടിക്ക്.....

sida
SHARE

ആരാലും ശ്രദ്ധിക്കാതെ നമ്മുടെ പാതയോരങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരു കുറ്റിച്ചെടി..കുറുന്തോട്ടി.കേരളത്തിലെ ആയുർവേദ ശാലകളിലേക്ക് മരുന്നിനായി പ്രതിവർഷം രണ്ടു ലക്ഷം ടൺ കുറുന്തോട്ടി വേരുകളാണ് വേണ്ടതെന്നാണ് ഏകദേശ കണക്ക്. എന്നിട്ടും കുറുന്തോട്ടിയെ വേരോടെ പിഴുതെറിയാൻ മനപൂർവം അല്ലെങ്കിൽ പോലും മലയാളികൾ മടിച്ചില്ല. മാത്രമല്ല, കുറന്തോട്ടിയെ മരുന്നിന് വേരോടെ പിഴുതെടുക്കുകയാണ് ചെയ്യുന്നത്. അതോടെ ഒരു ചെടിയുടെ  അന്ത്യം ആകുകയും ചെയ്യും. ഇതു നട്ടു പിടിപ്പിക്കാനോ , പരിരക്ഷിക്കാനോ ഇപ്പോഴും ആസുത്രിതമായ ശ്രമം ഇല്ല.

ആദിവാസികൾക്കും നാട്ടുമ്പുറങ്ങളിലെ പാവപ്പെട്ടവർക്കും അന്നം ഉറപ്പാക്കിയിരുന്ന ഒരു ജോലിയായിരുന്നു കുറുന്തോട്ടി വേരു ശേഖരിക്കൽ. ഇതു കെട്ടുകളാക്കി നാട്ടു മരുന്നു കടകളിൽ എത്തിച്ചാൽ അത്യാവശ്യം നിത്യചെലവിനുള്ള വരുമാനം കിട്ടുമായിരുന്നു. ആയുർവേദത്തിൽ വാത രോഗത്തിനുള്ള മരുന്നിലെ പ്രധാന ഘടകം  കുറുന്തോട്ടിയാണ്. അതാണ് മലയാളത്തിൽ ‘കുറുന്തോട്ടിക്കും വാതം ’ എന്നൊരു പ്രയോഗം തന്നെ ഉണ്ടായത്. ബലാരിഷ്ടം, ക്ഷീരബല, ഞവരക്കിഴി എന്നിവയിലെ മുഖ്യ ഘടകവും കുറുന്തോട്ടി തന്നെ.

സംസ്കൃതത്തിൽ ‘ബല’  എന്നാണ് കുറുന്തോട്ടി അറിയപ്പെടുന്നത്. ഗുണം അറിഞ്ഞു നൽകിയ പേര്. നവംബർ മാസത്തിലാണ് കുറുന്തോട്ടി പൂക്കുന്നത്. ചെറിയ കായും പൂവും ആണ് ഇതിനുള്ളത്. വേനൽക്കാലത്ത് കായകൾ ഉണങ്ങി മണ്ണിൽ വീണ് കിടക്കും.  പുതുമഴയോടെ മുളപൊട്ടി പുതിയ ചെടികൾ ഉണ്ടാവും. ഇതാണ് കുറന്തോട്ടിയുടെ സാധാരണ പ്രജനന രീതി. വഴിയോരങ്ങൾ ടൈൽസിടുകയും ചെത്തി മിനുക്കുകയും ചെയ്തതൊടെ കുറുന്തോട്ടി ഇപ്പോള്‍ അപൂർമായി തുടങ്ങിയിട്ടുണ്ട്. തരിശ് കിടക്കുന്ന സ്ഥലങ്ങൾ കുറവാകുകയും ചെയ്തതോടെ ഇതിന്റെ ലഭ്യത കുറഞ്ഞു. നാടൻ കർഷകർക്കാകട്ടെ കുറുന്തോട്ടി വെറുതെ വളം വലിച്ചെടുക്കുന്ന ഒരു പാഴ്ചെടിയായിരുന്നു ഇതുവരെ.

ഇപ്പോൾ പതുക്കെ ചിത്രം മാറുകയാണ്. വാണിജ്യാടിസ്ഥാനത്തിൽ കുറുന്തോട്ടി കൃഷിക്ക് കേരളത്തിൽ തുടക്കമിട്ടു കഴിഞ്ഞു. തൃശൂരിലെ മറ്റത്തൂരിൽ രണ്ടര ഏക്കറിൽ‍ തുടങ്ങിയ ഈ സംരഭം ഇപ്പോൾ 50 ഏക്കറിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.ഒരു സഹകരണ സംഘമാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. ആയുർവേദ മരുന്നു കമ്പനികൾ കിലോക്ക് 90 രൂപ നിരക്കിൽ ഇതു ശേഖരിക്കാമെന്നുള്ള ധാരണ പ്രകാരമാണ് കൃഷി. പച്ചില വളവും ജൈവ വളവും ഉപയോഗിച്ചാണ് കൃഷി. 

സ്വഭാവികമായി വളർന്നിരുന്ന കുറുന്തോട്ടിയുടെ മഹിമ കൃഷി ചെയ്യുന്ന കുറുന്തോട്ടിക്കും ഇപ്പോൾ ലഭ്യമാകുന്ന കുറുന്തോട്ടിക്കും കിട്ടുന്നില്ലെന്നു വിദഗ്ധർ പറയുന്നു.

ഇംഗ്ളീഷില്‍ COUNTRY MALLOW    എന്നും ശാസ്ത്രത്തില്‍ SIDA CORDIFOLIALINN, SIDA RETUSA 

എന്നീ പേരുകളിലും ആണ്, വെറും 1.2 മീറ്റര്‍ ശരാശരി ഉയരത്തില്‍ വളരുന്ന കുറുന്തോട്ടി അറിയപ്പെടുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ILAKAL PACHA
SHOW MORE
FROM ONMANORAMA