കൊല്ലുന്ന പുസ്തകം

HIGHLIGHTS
  • നിയമപുസ്തകത്തിലേക്കു മുഖം കുത്തി, മരിച്ച നിലയിൽ അദ്ദേഹം കസേരയിൽ ഇരിക്കുന്നു
  • അഭിഭാഷകനുമായി സ്വത്തു തർക്കമുണ്ടായതാണു കൊലപാതകത്തിനു കാരണം.
 Advodate murder case
SHARE

അഭിഭാഷകൻ കേസ് പഠിക്കുകയാണ്, പിറ്റേന്നു വളരെ പ്രധാനപ്പെട്ട വാദമുണ്ട്. രാത്രി 11 നു സഹോദരി ഉറങ്ങാൻ പോകുമ്പോഴും അദ്ദേഹം ഔട്ട് ഹൗസിലെ ഓഫിസിൽ ഉണർന്നിരിപ്പുണ്ടായിരുന്നു.

പിറ്റേന്നു പുലർച്ചെ സംഭവം മാറി. നിയമപുസ്തകത്തിലേക്കു മുഖം കുത്തി, മരിച്ച നിലയിൽ അദ്ദേഹം കസേരയിൽ ഇരിക്കുന്നു.

തെക്കൻ ജില്ലയിലാണു സംഭവം. വർഷങ്ങൾക്കു ശേഷം കേസ് ഡയറിയിൽ ഇല്ലാത്ത പല സംഭവങ്ങളും പുറത്തുവന്ന കുറ്റാന്വേഷണ കഥയായതിനാൽ മരിച്ച അഭിഭാഷകന്റെ പേരു വെളിപ്പെടുത്തുന്നില്ല. അവിവാഹിതനായിരുന്നു അഭിഭാഷകൻ. വിധവയായ സഹോദരിയും അവരുടെ മകളുമാണ് ഒപ്പം താമസിക്കുന്ന അടുത്ത ബന്ധുക്കൾ.

ഇൻസ്പെക്ടർ സക്കറിയ, അദ്ദേഹത്തിന്റെ വിശ്വസ്തനായ കോൺസ്റ്റബിൾ നാണുപിള്ള എന്നിവരുടെ അന്വേഷണ മികവു തെളിയിക്കുന്ന ഈ കുറ്റാന്വേഷണ കഥ രേഖപ്പെടുത്തിയതു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ കെ.രമേശൻ നായരുടെ ഓർമക്കുറിപ്പുകളിലാണ്.

മധ്യവയസ്സു പിന്നിട്ട അഭിഭാഷകന്റെ മരണം ഹൃദയ സ്തംഭനം മൂലമാണെന്നു വിശ്വസിക്കാനാണു നാട്ടുകാരും വീട്ടുകാരും കൂടുതൽ താൽപര്യം കാണിച്ചത്. സംശയത്തിന്റെ നിഴൽ ബന്ധുക്കളുടെ മേൽവീഴാനുള്ള സാധ്യത സഹോദരിയെയും മരുമകളെയും പറഞ്ഞു മനസ്സിലാക്കിയ ഇൻസ്പെക്ടർ സക്കറിയ മൃതദേഹം പോസ്റ്റ്മോർട്ടം ടേബിളി‍ൽ എത്തിച്ചു.

നിയമപുസ്തകത്തിലേക്ക് അമർന്ന മുഖത്തിന്റെ ഭാഗത്തു ചെറിയ കരിവാളിപ്പും ചുറ്റും നീല നിറവുമുണ്ടായിരുന്നു.

പോസ്റ്റ്മോർട്ടം  കഴിഞ്ഞു, സംശയിച്ച പോലെ വിഷം ഉള്ളിലെത്തിയായിരുന്നു മരണം. കൊലപാതകത്തിനോ ആത്മഹത്യക്കോ സാധ്യത?

ആത്മഹത്യ ചെയ്യാൻ പ്രത്യേകിച്ചൊരു കാരണം കണ്ടെത്താൻ കഴിഞ്ഞില്ല.

വിവാഹിതനല്ല എന്നതൊഴിച്ചാൽ വ്യക്തി ജീവിതത്തിൽ അദ്ദേഹം നേടാത്തതായി ഒന്നുമില്ല. സമ്പത്ത്, പ്രശസ്തി, തൊഴിൽ വിജയം... എല്ലാം നേടിയിട്ടുണ്ട്. നല്ല ആരോഗ്യവുമുണ്ട്. പിറ്റേന്നു വാദിക്കേണ്ട കേസിനായുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. കക്ഷിയുമായുള്ള അടുപ്പം കാരണം ഈ കേസ് വിജയിപ്പിക്കാൻ അദ്ദേഹത്തിനു പ്രത്യേക താൽപര്യവുമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ആത്മഹത്യയ്ക്കുള്ള സാധ്യത തള്ളിയായിരുന്നു പൊലീസിന്റെ നീക്കം.

പിന്നെ എന്താണു കൊലപാതകത്തിനുള്ള സാധ്യത ? വാദിക്കുന്ന കേസിലെ എതിർകക്ഷിയാണോ അത് ?

സർക്കാരിനെതിരായ സിവിൽക്കേസായിരുന്നു അത്, ആർക്കും വ്യക്തി വിരോധം തോന്നാനുള്ള വഴിയില്ല.

മോഷണ ശ്രമവും ബലപ്രയോഗവും ഉണ്ടായിട്ടില്ല. പിന്നെ ആര്? എങ്ങിനെ?

വക്കീൽ ഓഫിസ് വിശദമായി പരിശോധിക്കാൻ സക്കറിയയും നാണുപിള്ളയും വീണ്ടും എത്തി.

താക്കോൽ വാങ്ങിയ ശേഷം സഹോദരിയോട് അവർ തിരക്കി. വക്കീലിന്റെ സ്വത്തിന്റെ അവകാശിയാരാണ് ?

‘ഞാനും മകളുമാണ് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾ. പക്ഷെ ചേട്ടന്റെ സ്വത്തിൽ എനിക്ക് അവകാശമില്ല എന്റെ മകളുടെ പേരിലാണ് എഴുതിവച്ചിരിക്കുന്നത്, എല്ലാം അവൾക്കാണ്.’ സഹോദരി പറഞ്ഞു.

നാണുപിള്ള ഒന്ന് ഇരുത്തി മൂളുന്നതിനിടയിൽ സക്കറിയ മുറിയിൽ കടന്നു. അവസാനമായി അദ്ദേഹം വായിച്ച നിയമപുസ്തകം കയ്യിലെടുത്തു. പെട്ടെന്ന് അതു താഴെവച്ചു, പോക്കറ്റിൽ കരുതിയിരുന്ന കയ്യുറ ധരിച്ച ശേഷം പുസ്തകം വീണ്ടും എടുത്തു. മറിച്ചു നോക്കി. ചില പേജുകൾ തിരിച്ചറിയാൻ അതിൽ മൊട്ടുസൂചി കുത്തിവയ്ക്കുന്ന ശീലം അഭിഭാഷകനുണ്ടായിരുന്ന‌ു.

പ്രത്യേക രീതിയിൽ പേജിന്റെ മേൽഭാഗത്തു വലത്തേ മൂലയിൽ താഴെനിന്നു മുകളിലേക്കു ചരിച്ചാണു മൊട്ടുസൂചികൾ കുത്തിയിരിക്കുന്നത്. സഹോദരിയുടെ അനുവാദത്തോടെ പുസ്തകം കസ്റ്റഡിയിലെടുത്തു.

പുസ്തകം കണ്ട ഉടൻ സഹോദരി പറഞ്ഞു, ഇതടക്കം 4 പുസ്തകങ്ങൾ കഴിഞ്ഞ ദിവസം തപാലിൽ വന്നതാണ്. ഞാനാണു കവർ തുറന്നത്. അതിൽ അദ്ദേഹത്തിന്റെ സീൽ പതിക്കാൻ മറന്നു പോയിട്ടുണ്ട്. ഞാനതു ചെയ്തോട്ടെ?

പുസ്തകവുമായി സഹോദരി അകത്തേക്കു പോയി, അന്വേഷണ ഉദ്യോഗസ്ഥൻ പുറത്തു കാത്തുനിന്നു. സീൽ പതിച്ചു സഹോദരിയെത്തിയപ്പോൾ അദ്ദേഹം ചോദിച്ചു പുസ്തകങ്ങൾ പൊതിഞ്ഞിരുന്ന തപാൽ കവർ കിട്ടുമോ?

അവർ പോയി ചവറ്റുകൊട്ട പരതി, ഭാഗ്യം തപാൽ കവർ അതിലുണ്ട്.

സക്കറിയ കവർ തിരിച്ചും മറിച്ചും നോക്കി അയച്ച പോസ്റ്റ് ഓഫിസിന്റെ മുദ്ര തെളിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ പുസ്തക ശാലയുടെ വിലാസം അതിലുണ്ട്. അങ്ങോട്ടു പുറപ്പെട്ടു. ഉടമയെ കണ്ടു ഇടപാടുകാർക്കു പുസ്തകങ്ങൾ തപാലിൽ അയയ്ക്കുന്ന ജീവനക്കാരനെ തിരക്കി. 24 വയസ്സുള്ള ചെറുപ്പക്കാരൻ. അഭിഭാഷകനു പുസ്തകം അയച്ചത് അയാളാണെന്നു ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ചെറുപ്പക്കാരന്റെ രൂപവും സംസാരവും ശ്രദ്ധിച്ച നാണുപിള്ള, ഇൻസ്പെക്ടർ സക്കറിയയെ മാറ്റി നിർത്തി അൽപനേരം സംസാരിച്ചു.

കട ഉടമയോടു പൊലീസാണെന്നു വെളിപ്പെടുത്തി അവർ ചെറുപ്പക്കാരനെയും കൂട്ടി അയാളുടെ വീട്ടിലേക്കു പുറപ്പെട്ടു.

അച്ഛനെ പുറത്തേക്കു വിളിക്കാൻ സക്കറിയ ആവശ്യപ്പെട്ടു.

അദ്ദേഹം നേരത്തെ മരിച്ചതായി അയാൾ പറഞ്ഞു, അപ്പോൾ അമ്മ പുറത്തു വന്നു.

മരിച്ച അഭിഭാഷകന്റെ പേരു പറഞ്ഞ്, അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണെന്നു പരിചയപ്പെടുത്തിയപ്പോൾ അമ്മയുടെ മുഖം വാടി.

അഭിഭാഷകനെ കൊലപ്പെടുത്തിയ കുറ്റത്തിനു മകനെ അറസ്റ്റ് ചെയ്യുകയാണെന്നു പറഞ്ഞപ്പോൾ അമ്മ പൊട്ടിക്കരഞ്ഞു.

മകൻ നിരപരാധിയാണെന്നും നിയമപുസ്തകത്തിൽ പൊട്ടാസ്യം സയനൈഡ് വിഷം പുരട്ടിയ മൊട്ടുസൂചി കുത്തിയതും പേജുകളിൽ വിഷം പുരട്ടി തപാൽ ഉരുപ്പടി പൊതിഞ്ഞു മകനെ ഏൽപ്പിച്ചതും അവരാണെന്ന് ഏറ്റു പറഞ്ഞ് അറസ്റ്റ് വരിച്ചു.

അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

കൊല്ലപ്പെട്ട അഭിഭാഷകന്റെ രഹസ്യ ഭാര്യയായിരുന്നു യുവാവിന്റെ അമ്മ. നാണുപിള്ള, പുസ്തകശാലയിലെ ചെറുപ്പക്കാരന്റെ രൂപത്തിലും സംസാരത്തിലും അഭിഭാഷകന്റെ ചെറുപ്പകാലം തിരിച്ചറിഞ്ഞതാണു കേസന്വേഷണത്തിനു വഴിത്തിരിവായത്.

അഭിഭാഷകനുമായി സ്വത്തു തർക്കമുണ്ടായതാണു കൊലപാതകത്തിനു കാരണം. വായിക്കുന്ന പുസ്തകത്തിന്റെ പേജുകൾ നാവിലെ ഉമിനീർ തൊട്ടു മറിക്കുന്ന അഭിഭാഷകന്റെ ശീലത്തെക്കുറിച്ച് ആ സ്ത്രീക്ക് നന്നായറിയാമായിരുന്നു. എന്നിട്ടും വിഷം പുരട്ടിയ മൊട്ടുസൂചി പേജിൽ തലതിരിച്ചു കുത്താനും അതിൽ വിരൽ തട്ടി മുറിവേൽപിച്ചു കൊലപ്പെടുത്താനും കാണിച്ച ‘അതിബുദ്ധി’യാണ് അവരെ കുടുക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ