എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്?

HIGHLIGHTS
  • കോടതി വിട്ടയച്ച മൂഞ്ഞേലി സന്തോഷിനെയാണ് ആദ്യം വേട്ടയാടിയത്
  • 5 മാസങ്ങൾക്കു ശേഷമാണു ജോഷിയെ വധിച്ചത്
joshi-murder-case
SHARE

2004 സെപ്റ്റംബർ നാലിന് അങ്കമാലിയിൽ നടന്ന ജോഷിയുടെ കൊലപാതകത്തിന് കാരണമെന്ത്? പ്രതി ഡേവിസിനെ പിടികൂടാൻ കഴിയാത്തത് എന്തുകൊണ്ട്? 

പൊലീസിന്റെ കുറ്റാന്വേഷണ രീതികളെക്കുറിച്ചു വ്യക്തമായ അറിവും ബോധ്യവുമുള്ള  പൊലീസുകാരൻ കുറ്റം ചെയ്താൽ എന്താകും അന്വേഷണത്തിന്റെ സ്ഥിതി?

രണ്ടു സാധ്യതകളാണുള്ളത്– ഒന്ന്: ചിലപ്പോൾ എളുപ്പം പിടിക്കപ്പെടും. 

കുറ്റകൃത്യത്തിനു ശേഷം ഒരു പൊലീസുകാരൻ എങ്ങനെ ചിന്തിക്കും? തെളിവുകൾ നശിപ്പിക്കാൻ എന്തെല്ലാം ചെയ്യും? ഏതു വഴി കടന്നുകളയും? ഇതെല്ലാം അന്വേഷണ ഉദ്യോഗസ്ഥനായ മറ്റൊരു പൊലീസുകാരനു വേഗം മനസ്സിലാകും.

രണ്ട്: അന്വേഷണ ഉദ്യോഗസ്ഥന്റെ രീതികളെക്കുറിച്ചു വ്യക്തമായി അറിയാവുന്ന അയാളെ പിടികൂടാൻ ഏറെ ബുദ്ധിമുട്ടേണ്ടി വരും.അങ്കമാലിയിൽ സംഭവിക്കുന്നത് ഈ രണ്ടാമത്തെ സാധ്യതയാണ്.

ഏഴാറ്റുമുഖം വള്ളിക്കാക്കുടി ജോഷിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഡൽഹി പൊലീസിൽ കോൺസ്‌റ്റബിളുമായിരുന്ന ഏഴാറ്റുമുഖം ഇഞ്ചയ്‌ക്ക പാലാട്ടി ഡേവിസിനെ കണ്ടെത്താൻ ലോക്കൽ പൊലീസിനും ക്രൈംബ്രാഞ്ചിനും ഇതുവരെ കഴിഞ്ഞിട്ടില്ല.

joshi-murder-case1

2004 സെപ്‌റ്റംബർ 4 നു രാവിലെ 9.45 നു മുന്നൂർപ്പിള്ളി പൊക്കം ജംക്‌ഷനിലാണു ജോഷി വെടിയേറ്റു മരിച്ചത്. 15 വർഷം കഴിഞ്ഞിട്ടും ഡേവിസ് പിടികിട്ടാപ്പുള്ളിയാണ്.

ഫ്ലാഷ് ബാക്ക്:

1985 മാർച്ച് മാസം, ഡേവിസിന് അന്ന് 8 വയസ്സാണു പ്രായം. പിതാവ് പവിയാനോസ് തൊഴിലാളി സംഘടനാ പ്രവർത്തകനായിരുന്നു.രാഷ്ട്രീയ എതിരാളികൾ പവിയാനോസിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയതിനു ഡേവിസും അമ്മയും ദൃക്സാക്ഷികളായിരുന്നു.

കുറ്റപത്രത്തിലുണ്ടായിരുന്ന 5 പ്രതികളിൽ ജോഷി ഉൾപ്പെടെ 4 പേരെ വിചാരണക്കോടതി വിട്ടയച്ചു. പിതാവിന്റെ കൊലപാതകത്തിൽ ഡേവിസ് പ്രതികാരം ചെയ്യുമെന്നുറച്ചപ്പിച്ച കാര്യം മറ്റാരും അറിഞ്ഞില്ല. പഠനം പൂർത്തിയാക്കി ഡേവിസ് ഡൽഹി പൊലീസിൽ ജോലിനേടി. സഹോദരിയുടെ വിവാഹം നടത്തിയ ശേഷമാണു പിതാവിനെ വധിച്ച കേസിൽ കോടതി വിട്ടയച്ചവരെ തേടി ഡേവിസ് തോക്കുമായി ഇറങ്ങിയത്.

കോടതി വിട്ടയച്ച മൂഞ്ഞേലി സന്തോഷിനെയാണ് ആദ്യം വേട്ടയാടിയത്. വെടിയേറ്റ സന്തോഷ് ഓടി രക്ഷപ്പെട്ടു. 5 മാസങ്ങൾക്കു ശേഷമാണു ജോഷിയെ വധിച്ചത്.

‘‘ഞാൻ വീണ്ടും വരും കണക്കുകൾ ഇനിയും തീർക്കാനുണ്ട്’’ സംഭവ സ്ഥലത്തു നിന്നു കടക്കും മുൻപു ഡേവിസ് പറഞ്ഞ ഈ വാക്കുകൾ ഇന്നും പലർക്കും പേടി സ്വപ്നമാണ്.

പിതാവിന്റെ കൊലയ്ക്കു പകരം ചോദിക്കാൻ സ്വന്തം ജീവിതം ഉപേക്ഷിച്ച് ഒരാൾ ഇറങ്ങിയാൽ അയാളെക്കാൾ അപകടകരമായ മറ്റൊരു ഭീഷണിയില്ല.

പ്രതികാരം  ഒരു മാനസികാവസ്ഥ

ജോഷി വധക്കേസുമായി ബന്ധപ്പെട്ട ദൃക്സാക്ഷി മൊഴി മാത്രം മതി ഡേവിസിന്റെ വൈരാഗ്യത്തിന്റെ കാഠിന്യം തിരിച്ചറിയാൻ.

‘‘നെഞ്ചിലേക്കു 3 തവണ വെടിയുതിർത്ത ശേഷം കത്തികൊണ്ടു തുരുതുരാകുത്തി. താടി പിടിച്ചുയർത്തിയ ശേഷം വിട്ടു, മുക്കിനു താഴെ വിരലുകൾ വച്ചു ശ്വാസമുണ്ടോയെന്നു നോക്കി. മരണം ഉറപ്പാക്കിയ ശേഷം കൊല്ലപ്പെട്ടയാളുടെ വാഹനമെടുത്തു സ്ഥലം വിട്ടു.’’

പിടിക്കപ്പെട്ടു വിചാരണ നേരിട്ടാൽ പൊലീസുകാരൻ കൂടിയായ ഡേവിസിനു വിചാരണക്കോടതി വധശിക്ഷ വരെ നൽകിയേക്കാവുന്ന കുറ്റമാണു ചെയ്തത്.സ്വന്തം പിതാവു കൺമുന്നിൽ കൊല്ലപ്പെടുന്നതു നിസ്സഹായനായി നോക്കി നിൽക്കാൻ ഇടവന്ന ആദ്യ കുട്ടിയല്ല ഡേവിസ്.

ഇങ്ങനെയൊരാൾ  4 വഴികൾ സ്വീകരിക്കാം

1 പൊലീസിനെയും കോടതിയെയും വിശ്വസിച്ചു അന്വേഷണത്തോടും പ്രോസിക്യൂഷനോടും സഹകരിക്കാം. പ്രതികളെ കോടതി വിട്ടയച്ചാൽ മേൽ കോടതിയിൽ അപ്പീൽ സമർപ്പിക്കാം. വിധിയെന്തായാലും അതിനോടു സമരസപ്പെട്ടു ജീവിക്കാം. ചിലർ പ്രതികളോടു പൊറുക്കും. മറ്റു ചിലർ അമർഷവുമായി ശേഷ ജീവിതം തീർക്കും. ഭൂരിപക്ഷം കേസുകളിലും ഇതാണു സംഭവിക്കുന്നത്.

joshi-murder-case2

2.  പ്രതികളെ അവരുടെ ജീവിത കാലം മുഴുവൻ വെറുക്കും. അവരെയും ബന്ധുക്കളെയും ബുദ്ധിമുട്ടിക്കാൻ ലഭിക്കുന്ന മുഴുവൻ അവസരവും വിനിയോഗിക്കും. സ്വയം പ്രതികാരം ചെയ്യാതെ അതു ചെയ്യാൻ മറ്റൊരാളെ വാടകയ്ക്കെടുക്കും.

3. മൂന്നാമത്തെ കൂട്ടരുടെ പ്രതിനിധിയാണു ഡേവിസ്. കൊലപാതകത്തിനു പ്രതികാരം ചെയ്യാൻ സ്വയം ഇറങ്ങി. അതിനു വേണ്ടി സ്വന്തം ജീവിതം പോലും ഹോമിക്കാൻ തയാർ. കൊല്ലപ്പെട്ട ബന്ധുവിനോടുള്ള ആഴത്തിലുള്ള സ്നേഹവും അയാളുടെ അഭാവം ജീവിതത്തിലുണ്ടാക്കിയ വിടവുമാണ് ഇത്തരം മാനസികാവസ്ഥയിലേക്ക് ഒരാളെ നയിക്കുന്നത്.

4. നാലാമത്തെ കൂട്ടർ ബന്ധുവിന്റെ കൊലപാതകത്തോടെ അതീവ ദുർബലരാകും പ്രതികാരത്തിനോ ഫലപ്രദമായ നിയമനടപടികൾക്കോ അവർക്കു ത്രാണിയുണ്ടാകില്ല. സമ്പത്തു കൊണ്ടോ സ്വാധീനം കൊണ്ടോ ശത്രു പ്രബലനാകുമ്പോളാണ് ഇങ്ങനെ സംഭവിക്കുന്നത്. കുറ്റവാളികളെ ദൈവം ശിക്ഷിക്കുമെന്ന വിശ്വാസത്തിൽ അഭയം പ്രാപിച്ച് അവരുടെ പതനത്തിനു വേണ്ടി നിശബ്ദരായി കാത്തിരിക്കും. അവർക്കുണ്ടാവുന്ന ചെറിയ വീഴ്ചകളിൽ പോലും ആശ്വാസം കണ്ടെത്തി ശേഷിക്കുന്ന ജീവിതം തീർക്കും.

ചില ഘട്ടങ്ങളിൽ ഇത്തരം കേസുകൾ സിനിമകളിൽ കാണുന്നതു പോലെ തലമുറകൾ കൈമറിഞ്ഞു പോകുന്ന പ്രതികാര പരമ്പരയാകും. ഓരോ കുറ്റകൃത്യത്തിലും തളർന്നു പോകുന്ന ഡേവിസിനെപ്പോലെ ഒരു കൊച്ചുകുട്ടി കാണും. അവരിൽ പലരും പ്രതികാരം ചെയ്യാൻ നേരിട്ട് ഇറങ്ങാത്തതു കൊണ്ട് അവരുടെ മുറിവുകൾ നമ്മൾ തിരിച്ചറിയുന്നില്ല. പവിയാനോസ് കൊല്ലപ്പെട്ടപ്പോൾ മുറിവേറ്റ ഡേവിസിനെ പോലെ ജോഷി കൊല്ലപ്പെട്ടപ്പോളും പലർക്കും മുറിവേറ്റു കാണില്ലേ?

ഏതു കുറ്റകൃത്യത്തിലും ഇരകളാകുന്ന മനുഷ്യരുടെ പ്രതികാര ദാഹം ഇല്ലാതാക്കാൻ ഒരു വഴിയേയുള്ളു. കാര്യക്ഷമമായ കുറ്റാന്വേഷണം. നീതിയുക്തമായ വിചാരണ, കുറ്റവാളിക്ക് അർഹിക്കുന്ന ശിക്ഷ.

പവിയാനോസ് വധക്കേസിലും തുടർന്നു ജോഷി വധക്കേസിലും അന്വേഷണം ദയനീയമായി പരാജയപ്പെട്ടതിന്റെ ഫലമാണു കുറ്റകൃത്യങ്ങളുടെ തുടർച്ചയ്ക്കും സമാധാനം നഷ്ടപ്പെട്ട കുറെ മനുഷ്യജീവിതങ്ങൾക്കും കാരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DETECTIVE
SHOW MORE
FROM ONMANORAMA