എന്തിനായിരുന്നു ആ കൊലപാതകം?

HIGHLIGHTS
  • എന്തുകൊണ്ടാണ് കൊലപാതകത്തിനു ദുഃഖവെള്ളിയാഴ്ച തന്നെ നിങ്ങൾ തിരഞ്ഞെടുത്തത്?
  • നിങ്ങൾക്കിവരെ അറിയില്ല, അവർ നിങ്ങൾക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല, പിന്നെ എന്തിനാണിതു ചെയ്തത്?
tulsa-oklahoma-murders-2012
SHARE

ഇതുപോലൊരു ദുഃഖവെള്ളിയാഴ്ച, ഒക്‌ലഹോമയിലെ ടൾസ പട്ടണം ശാന്തമായി ഉണർന്നു.

തീയതി കൃത്യം പറഞ്ഞാൽ 2012 ഏപ്രിൽ 6, പ്രഭാത സവാരി കഴിഞ്ഞ് ഒത്തുകൂടിയ കറുത്തവർഗക്കാരുടെ അടുത്തുകൂടി നീങ്ങിയ ചാരനിറമുള്ള വാൻ വശത്തേക്ക് ഒതുക്കി നിർത്തി വെളുത്തവർഗക്കാരായ 2 പേർ ഇറങ്ങി നടന്നു. അസ്വാഭാവികമായി ഒന്നും തോന്നിയില്ല.

പൊടുന്നനെ തുടർച്ചയായി നിറയൊഴിക്കുന്ന ശബ്ദം കേട്ട് എല്ലാവരും നടുങ്ങി.

പേടിപ്പിക്കുന്ന കഥകൾ പരന്നു.

ദുഃഖവെള്ളിയാഴ്ച 100 പേരെ കൊല്ലുമെന്നു കൂട്ടുകാരോടു പന്തയം വച്ച 2 ഭ്രാന്തന്മാർ ഇറങ്ങിയെന്നായിരുന്നു ഒരു കഥ. അവർ 5 പേരെ വെടിവച്ചു, അതിൽ 3 പേർ തൽക്ഷണം മരിച്ചു. ബാക്കി 95 പേരെ കണ്ടെത്താൻ അവർ നിറതോക്കുകളുമായി നഗരം ചുറ്റുന്നു. ഓരോ കൊലപാതകത്തിനു ശേഷവും വേഷം മാറിയാണ് അടുത്ത കൊല.

പൊലീസിന്റെ കണ്ണുവെട്ടിക്കാനുള്ള മറിമായം അറിയാവുന്ന ദുർമന്ത്രവാദികളാണ് ഇവരെന്നായിരുന്നു മറ്റൊരു കഥ. പട്ടണത്തിൽ റോന്തു ചുറ്റുന്ന പൊലീസിന് അവരെ കണ്ടെത്താൻ കഴിഞ്ഞില്ല.

നിമിഷ നേരം കൊണ്ടു ടൾസ പട്ടണം നടുങ്ങി വിറച്ചു. ജനങ്ങൾ സ്വന്തം വീടുകളിൽ പോലും സുരക്ഷിതരല്ലെന്ന തോന്നലുണ്ടായി.

സ്ത്രീകളും കുട്ടികളുമായി പലരും സുരക്ഷിതമെന്നു തോന്നുന്ന വീടുകളിൽ ഒത്തുകൂടി, സ്വന്തമായി തോക്കുള്ളവർ കാവൽ നിന്നു. ആയുധമേന്തിയ ചില യുവാക്കൾ കൊലയാളികളെത്തേടി ഇറങ്ങി.

തെരുവിൽ പല വംശജരുണ്ടായിട്ടും അവർ എന്തുകൊണ്ടാണു കറുത്തവർഗക്കാരെ മാത്രം വെടിവച്ചത്?

വംശീയ സ്പർധ വളർത്തി ടൾസയിൽ കലാപമുണ്ടാക്കി പട്ടണത്തെ വരുതിയിൽ നിർത്താനുള്ള ലഹരി മാഫിയയുടെ നീക്കമായും ചിലരിതിനെ വിശേഷിപ്പിച്ചു. മരണം തൊട്ടുമുന്നിൽ നിൽക്കുന്ന പോലൊരു ഭീതി പട്ടണത്തെ മൂടി. 

ഫെഡറൽ പൊലീസിന്റെ രഹസ്യാന്വേഷണ സംഘം 2 പേരെ പിടികൂടി.

ജേക്കബ് കാൾ ഇംഗ്ലണ്ട് (19) , ആൽവിൻ ലീ വാട്സ്(33). കൊലനടത്തിയത് അവരാണെന്നു ദൃക്സാക്ഷികൾ മൊഴി നൽകി. നിരീക്ഷണ ക്യാമറകൾ തെളിവും.  ഇരുവരും കുറ്റം സമ്മതിച്ചു. ഒരുവഴക്കും അവരുമായുണ്ടായിട്ടില്ല.

പ്രതികളെ രണ്ടുപേരെയും മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെയാണു ചോദ്യം ചെയ്തത്.

എന്തുകൊണ്ടാണ് കൊലപാതകത്തിനു ദുഃഖവെള്ളിയാഴ്ച തന്നെ നിങ്ങൾ തിരഞ്ഞെടുത്തത്?

ആൽവിൻ: അന്നു ദുഃഖവെള്ളിയാഴ്ചയായിരുന്നോ?

ജേക്കബ്: വ്യാഴാഴ്ചയാണെങ്കിൽ എത്ര നന്നായിരുന്നു?

വെടിയേറ്റത് 5 പേർക്കാണ്. അവരിൽ 3 പേർ ഇതിനകം കൊല്ലപ്പെട്ടു അറിയാമോ?

ആൽവിൻ: അറിയില്ല, എണ്ണിയില്ല.

ജേക്കബ് : വ്യാഴാഴ്ചയാണെങ്കിൽ എത്ര നന്നായിരുന്നു.....

നിങ്ങൾക്കിവരെ അറിയില്ല, അവർ നിങ്ങൾക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല, പിന്നെ എന്തിനാണിതു ചെയ്തത്?

ആൽവിൻ: അതു ചെയ്തില്ലെങ്കിൽ ശരിയാവില്ല.

ജേക്കബ്: വ്യാഴാഴ്ചയാണെങ്കിൽ എത്ര നന്നായിരുന്നു.

എന്താണു നിങ്ങൾ വ്യാഴാഴ്ച, വ്യാഴാഴ്ചയെന്നു മാത്രം പറഞ്ഞു കൊണ്ടിരിക്കുന്നത്?

ആൽവിൻ: അന്ന് ഇവന്റെ പപ്പയുടെ ഓർമദിവസമായിരുന്നു. 2010 ഏപ്രിൽ 5 നാണ് അദ്ദേഹം വെടിയേറ്റു മരിച്ചത്. ഇപ്പോൾ മരിച്ചവരുടെ അതേ മുഖവും നിറവുമായിരുന്നു കൊലയാളിക്ക്.

ജേക്കബ്: അവരെല്ലാം ബന്ധുക്കളായിരിക്കും. മുഖച്ഛായ്ക്കു സാമ്യമുണ്ടായിരുന്നു.

ജേക്കബിന്റെ സഹോദരിയുടെ ഫോൺ വന്നിട്ടാണു പിതാവ് കാൾ ഇംഗ്ലണ്ട് മകളുടെ താമസ സ്ഥലത്തെത്തിയത്. മകളുടെ സുഹൃത്തുമായി അടിപിടികൂടിയ പേണൽ ജഫേഴ്സനെന്നയാൾ വീടിന്റെ വാതിൽ ചവട്ടിപ്പൊളിക്കാൻ ശ്രമിച്ചു. പേണൽ തോക്കെടുത്തു കാളിനെ വെടിവച്ചു കൊന്നു. കാളിന്റെ മകൻ ജേക്കബിന് അന്നു 17 വയസ്സാണു പ്രായം. അന്നു മുതൽ ജേക്കബ് വല്ലാതെ മാറിയെന്ന് അയൽക്കാർ പൊലീസിനു മൊഴി നൽകി. മുഖത്തു വല്ലായ്മയാണ് എപ്പോഴും. ആരുമായും അടുക്കില്ല .എല്ലാവരെയും അവിശ്വാസം. പിതാവിനെ കൊലപ്പെടുത്തിയ പേണൽ ജഫേഴ്സനെ പോലുള്ളവരെ വല്ലാത്ത ഭയമായിരുന്നു ആദ്യം. പിന്നീടതു വെറുപ്പായി. പിന്നീടു പകയും.

ജേക്കബിന്റെ അതേ വികാരം പങ്കിടാൻ ആൽവിനെ പ്രേരിപ്പിച്ച ഘടകം അന്വേഷണ സംഘത്തിനു കണ്ടെത്താൻ കഴി‍ഞ്ഞിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ